Asianet News MalayalamAsianet News Malayalam

ആത്മഹത്യയെക്കാള്‍ ആഴമേറിയ അതിജീവനശ്രമങ്ങള്‍!

ഉള്‍മരങ്ങള്‍. റിനി രവീന്ദ്രന്‍ എഴുതുന്ന കോളം തുടരുന്നു. 
 

suicides  loneliness and covid times Ulmarangal a column by Rini Raveendran
Author
Thiruvananthapuram, First Published May 31, 2021, 5:43 PM IST

ലോകത്തേറ്റവും ആരാധകരുള്ള ചിത്രകാരനാണ് വിന്‍സന്റ് വാന്‍ഗോഗ്. അദ്ദേഹവുമായി നിരന്തരം കത്തിടപാടുകള്‍ നടത്തിയിരുന്ന സഹോദരന്‍ തിയോയെ ലോകമറിയും. മറ്റ് രണ്ട് സഹോദരിമാരെയും. എന്നാല്‍, നീണ്ട കാലം മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്ന, ഇളയ സഹോദരി വില്ലെമിനയെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഇത് വില്‍ വാന്‍ഗോഗിന്റെ അതിജീവന കഥയാണ്, ഒപ്പം, സമാന അവസ്ഥകളില്‍ മരണവുമായി മറ്റു ചിലര്‍ നടത്തിയ അതിജീവന പോരാട്ടങ്ങളുടെയും. 

 

suicides  loneliness and covid times Ulmarangal a column by Rini Raveendran

 

വാന്‍ഗോഗിന്റെ നിറം നീലയല്ല, മഞ്ഞയാണ് -കത്തുന്ന മഞ്ഞ. നീല വില്ലെമിനയുടെ നിറമാണ്. വാന്‍ഗോഗിന്റെ ഇളയ സഹോദരി വില്‍ വാന്‍ഗോഗിന്റെ നിറം. ഏകാന്തതയുടെ നിറമാണത്, മതിഭ്രമങ്ങളുടെ നിറം. ഓര്‍മ്മകളുടെയും മറവിയുടെയും ഇടയിലെ അകലങ്ങളില്‍ കൂടിയും കുറഞ്ഞും പടരുന്ന നീല.

വാന്‍ഗോഗിന്റെ മൂന്ന് സഹോദരിമാരില്‍ ഒരാളായിരുന്നു വില്ലെമിന ജാക്കോബോ വാന്‍ ഗോഗ്. ലോകപ്രശസ്തനായ ചിത്രകാരന്റെ അറിയപ്പെടാത്ത സഹോദരി. അത്രയ്ക്ക് സജീവമായൊരു ജീവിതം നിര്‍ജീവമായിപ്പോയൊരു കഥയാണത്. അതിനിടയില്‍ അവര്‍ കുടിച്ച കയ്പ്പുകളുണ്ട്. 79 വയസ്സു വരെ മരണവുമായി നടത്തിയ ഒളിച്ചുകളികളുടെ ത്രില്ലുകളുണ്ട്. ആത്മാഹുതിയിലേക്ക് കുരുക്കിടാതെ നീട്ടിവെപ്പിച്ച വിഷാദനേരങ്ങളുണ്ട്.

വാന്‍ഗോഗിനെ പോലെ ആയിരുന്നില്ല അവള്‍.

വാന്‍ഗോഗ് വരച്ചു, വേദനിച്ചു, പ്രേമിച്ചു, കാമിച്ചു, ചെവി മുറിച്ച് കൊടുത്തുവെന്ന കഥയിലെ നായകനായി, ഒടുവില്‍, തനിക്കുനേരെത്തന്നെ നിറയൊഴിച്ചു. 

വില്ലെമിനയാവട്ടെ, വരച്ചില്ല, എഴുതിയില്ല, നീണ്ട 40 കൊല്ലക്കാലം സ്വയം കലഹിച്ചിട്ടും ആത്മഹത്യ ചെയ്തില്ല. പ്രേമിക്കാതെ, കാമിക്കാതെ അവള്‍ ജീവിതത്തിലേറെ പങ്കും കഴിഞ്ഞത് എര്‍മെലോയിലെ ഒരു മാനസികാരോഗ്യകേന്ദ്രത്തിലാണ്.

വിഷാദത്തിന്റെയും ആത്മഹത്യാചിന്തകളുടെയും ഏകാന്തതയുടെയും ഉന്‍മാദത്തിന്റെയും കിണറ്റില്‍ കഴിയേണ്ടി വന്നിട്ടും, 79 വയസ്സുവരെ സ്വയംഹത്യയെ പിടിച്ചുവെച്ചു വില്‍. എന്നാലോ, വരച്ചും പാഞ്ഞുനടന്നും ഉന്‍മാദത്തെ കലയിലേക്ക് പരിവര്‍ത്തനം ചെയ്തും ജീവിതാനന്ദങ്ങള്‍ അറിഞ്ഞും ജീവിച്ച വാന്‍ഗോഗാവട്ടെ, 37 വയസ്സിനുള്ളില്‍ മരണത്തിനു കീഴടങ്ങി. വാന്‍ഗോഗിനു കിട്ടാത്ത 42 വര്‍ഷങ്ങളുടെ ജീവിതം വില്ലിനു ലഭിച്ചു. അതില്‍ 39 വര്‍ഷവും മനോരോഗ ചികില്‍സാലയത്തിലെ ഏകാന്തതയിലുറഞ്ഞതായിട്ടും വില്‍, കൊളുത്തിവലിക്കുന്ന മരണാസക്തിയ്ക്ക് കീഴടങ്ങിയില്ല.  

.............................

Read more: ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

suicides  loneliness and covid times Ulmarangal a column by Rini Raveendran
Memory of the Garden at Etten. വാന്‍ഗോഗിന്റെ അമ്മയും വില്ലിയുമാണ് ഈ ചിത്രത്തില്‍

 

അഭയകേന്ദ്രത്തിലെ മരണം

വാന്‍ഗോഗ് സഹോദരിമാരില്‍ മൂത്തവള്‍ അന്ന, സഹോദരന്‍ തിയോയുടെ ഭാര്യയ്ക്ക് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു, 'വില്‍ ആരോടും മിണ്ടുന്നില്ല. ദിവസവും രാവിലെ പൂമുഖത്ത് ഒരേസ്ഥലത്ത് തന്നെ ഇരിക്കുന്നു. ചിലപ്പോള്‍ നേഴ്‌സുമാര്‍ക്ക് വേണ്ടി ഇരുന്ന് തുന്നുന്നു. രാവിലെ ഒരു നടത്തത്തിന് പോകാം എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിരസിക്കുന്നു.' മാനസികാരോഗ്യത്തെ നിര്‍ണയിക്കാന്‍ ഇത്രയൊക്കെ ചികില്‍സാ സൗകര്യങ്ങളൊന്നും നിലവിലില്ലാത്ത കാലമായിരുന്നു അത്. ഒട്ടും സുഖകരമല്ലാത്ത സാഹചര്യങ്ങളില്‍, ചിത്തരോഗാശുപത്രിയുടെ വിജനതയില്‍ ഉറഞ്ഞുപോവലായിരുന്നു അന്നത്തെ കാലത്തെ ഏക പരിഹാരം.

ആ സമയത്ത് വില്ലെമിന വായിച്ച ഒരേയൊരു പുസ്തകം എലിസബത്ത് ബാരറ്റ് ബ്രൗണിംഗ് എഴുതിയ 'ഒറോറ ലീ' ആയിരുന്നു. കവിതയിലെഴുതിയ ഒരു നോവല്‍. നോവലെന്ന് വിളിക്കപ്പെട്ട കവിത. സത്യത്തില്‍, അത് ഒരുവളുടെ ആത്മഗതങ്ങളായിരുന്നു. പത്തു പുസ്തകങ്ങളിലായി പീഡാകരമായ ബാല്യകൗമാരങ്ങളെക്കുറിച്ച് പറയുന്ന ഒരു പുസ്തകം.

കുറേ കാലങ്ങള്‍ ഏകാന്തതയില്‍ കഴിഞ്ഞപ്പോഴാണ് കാര്യങ്ങള്‍ വീണ്ടും വഷളായത്. വില്‍ ഭക്ഷണം കഴിക്കാതെയായി, ആരോടും മിണ്ടാതെയായി. അവസാനകാലത്ത് ഭക്ഷണം നല്‍കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വന്നു. ഒടുവില്‍ അഭയകേന്ദ്രത്തില്‍ കിടന്ന് മരിച്ചു. നാല്‍പത് കൊല്ലക്കാലത്തെ ചികിത്സയ്ക്കും ചെലവിനും വേണ്ടിവന്ന തുക ചെറുതല്ല. വാന്‍ഗോഗ് ഒരിക്കല്‍ വില്ലെമിനയ്ക്ക് സമ്മാനിച്ച പെയിന്റിംഗ് വിറ്റാണ് ആ പണം കണ്ടെത്തിയത്, അതും മരണശേഷം മാത്രം. വില്‍ അതൊരിക്കലും അറിഞ്ഞുകാണില്ല -അപ്പോഴേക്കും അവളുടെ മനസ് ഈ ലോകവുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നു.

വാന്‍ഗോഗിന്റെ ആത്മഹത്യ വില്ലിനെ ഏറെ അലട്ടി എന്ന് പറയപ്പെടുന്നു. സഹോദരന്റെ മരണമാണോ വില്ലെമിനയുടെ മാനസികനില കൈവിട്ടുപോകാന്‍ പെട്ടെന്നുള്ള കാരണമായത് എന്നത് വ്യക്തമല്ല. ജോലിക്ക് പോവുകയും അവിടെയുള്ള കാര്യങ്ങളില്‍ സജീവമായി ഇടപെടുകയും ചെയ്തിരുന്ന ഒരു ഫെമിനിസ്റ്റായിരുന്നു വില്ലെമിന എന്ന് കരുതപ്പെടുന്നു. പിന്നീട്, എവിടെവച്ചാവും അവള്‍ക്ക് മനസ് കൈവിട്ടുപോയിട്ടുണ്ടാവുക?

 

.....................................

Read more: എല്ലാ തെറികളും പെണ്ണില്‍ച്ചെന്ന്  നില്‍ക്കുന്ന കാലം!

suicides  loneliness and covid times Ulmarangal a column by Rini Raveendran
നോവല്‍ റീഡര്‍. വാന്‍ഗോഗിന്റെ ഈ ചിത്രം വില്ലിനെ കുറിച്ചാണ്.

 

ആ കുഞ്ഞുവീട്ടിലെ ഏകാന്തതാമസക്കാരി


വില്ലെമിനയെ കുറിച്ച് അറിയുന്നതിനും ഏറെ മുമ്പ്, ഏകാന്തതയെ കുറിച്ചോര്‍ക്കുന്നേരം ഓര്‍മ്മയില്‍ വന്നിരുന്നൊരു സ്ത്രീയുണ്ട്. അവര്‍ തനിച്ചായിരുന്നു താമസം. ഒറ്റമുറി വലിപ്പം മാത്രമുള്ള ഒരു ചെറിയ വീട്. അതിനകത്ത് തന്നെ അടുക്കളയും വരാന്തയും കിടപ്പുമുറിയും. കാണാനൊട്ടും ആകര്‍ഷകയല്ലാത്ത സ്ത്രീ. നാട്ടുകാരാരും അവരെ അധികമൊന്നും ഗൗനിച്ചില്ല. അവരേറെനേരവും തനിച്ചായിരുന്നു. അതുവഴി കടയില്‍ പോയിക്കൊണ്ടിരുന്ന കുട്ടികളോട് ചില്ലറകള്‍ നീട്ടിക്കൊണ്ട് അവര്‍ 'ബീഡി വാങ്ങിത്തരുമോ' എന്ന് ചോദിച്ചു. വേറെന്തെങ്കിലും വാങ്ങിത്തരുമോ എന്ന് ചോദിച്ചതായി അറിവില്ല. ബാക്കിവരുന്ന പൈസക്ക് മുട്ടായി വാങ്ങാനുള്ള അനുവാദമുണ്ട്. അതിന് കോഫീബൈറ്റുകള്‍ വാങ്ങി. തിരികെ വരുമ്പോള്‍ ബീഡി അവരുടെ കയ്യില്‍ കൊടുത്ത് ഒന്നും മിണ്ടാതെ ഒറ്റ ഓട്ടമാണ്. ലുങ്കിയും ബ്ലൗസുമിട്ട് വീടിന്റെ കുഞ്ഞുവരാന്തയിലിരിക്കുന്ന അവരുടെ രൂപമോര്‍ക്കുമ്പോഴെല്ലാം ലോകത്തിലെ ഏറ്റവും ഏകാകിയായ സ്ത്രീ എന്ന് ഇപ്പോള്‍ മനസിലൊരാന്തലുണ്ട്. അവര്‍ക്ക് സുഹൃത്തുക്കളുണ്ടായിരുന്നതായി ഓര്‍മ്മയില്ല. ആരും കൂടെപ്പാര്‍ത്തിരുന്നതും കണ്ടിട്ടില്ല.

നാട്ടിലെ രാത്രികള്‍ക്ക് രണ്ടുതരം നിറമായിരുന്നു. ഒന്ന്,  -നിലാവ് കുടിച്ചുവീര്‍ത്ത നീല. രണ്ട്, മഴയേറ്റ് തളിര്‍ത്ത പച്ചനിറം.

അവര്‍ക്കും വീടിനും നീലനിറമായിരുന്നു. ചുറ്റുമുള്ള വീടുകള്‍ക്കിടയില്‍ അത് മറ്റൊരു ലോകമായി, ഒറ്റപ്പെടലിന്റെ തുരുത്തായി. കാര്യങ്ങളോ, കാരണങ്ങളോ എഴുതിവയ്ക്കാതെ, ആരോടും ഒന്നും പറയാതെ ഒരുദിവസം അവര്‍ ആത്മഹത്യ ചെയ്തു.

അവരുടെ രൂപം സ്വപ്‌നത്തില്‍ വരുമെന്ന് ഭയന്നിരുന്നു, അന്ന്. സ്വപ്‌നത്തിലാകെ അന്നു രാത്രി കോഫീബൈറ്റുകള്‍ നിറഞ്ഞു. ചിത്രശലഭങ്ങളെപ്പോലെ അവ നീലിച്ച രാത്രികളില്‍ പാറിനടന്നു. 

എന്തിനായിരുന്നു അവര്‍ ആത്മഹത്യ ചെയ്തതെന്ന് അന്ന് ഏറെ ചിന്തിച്ചു. ഒരു പിടിയും കിട്ടിയില്ല. ഏകാന്തതയെ കുറിച്ചും ജീവിക്കാനും മരിക്കാനുമുള്ള ആഗ്രഹങ്ങള്‍ക്കിടയില്‍ പെട്ട് ശ്വാസംമുട്ടുന്ന മനുഷ്യരെ കുറിച്ചും അറിയാനുള്ള പ്രായം അന്നുണ്ടായിരുന്നില്ല. എന്നാല്‍, ഇന്നാലോചിക്കുമ്പോള്‍, മുന്നിലോടി വരുന്നത് അവരുടെ ആത്മഹത്യയല്ല.  ആത്മഹത്യ വരെയുള്ള ദിവസങ്ങള്‍ നീട്ടിവെച്ച് അവര്‍ ജീവിച്ച ഏകാന്തജീവിതമാണ്. മരണത്തില്‍നിന്നുള്ള അവരുടെ കുതറലുകളായിരിക്കും ആ ബീഡികള്‍. അതിനാശ്രയിക്കുന്ന കുഞ്ഞികളുമായുള്ള ഇടപെടല്‍ പോലും അതിജീവനത്തിനുള്ള അവരുടെ മാര്‍ഗമായിരിക്കാം. ആത്മഹത്യയല്ല, അതിനു പ്രേരിപ്പിക്കുന്ന മാനസികവും സാമൂഹ്യവുമായ പരിതസ്ഥിതികളെ അതിജീവിച്ച് നടത്തുന്ന കുതറലുകളാണ് ഇപ്പോള്‍ കാര്യമായി തോന്നുന്നത്.
 

 

.............................

Read more:

suicides  loneliness and covid times Ulmarangal a column by Rini Raveendran
Read more: അതുകൊണ്ട്, എനിക്കൊരു മുറിവേണം 
...............................................

 

കൂട്ടിന് കലയില്ലാത്ത മനുഷ്യരുടെ വികാരങ്ങള്‍

ചിലനേരങ്ങളില്‍ ഏകാന്തത ശൂന്യത തന്നെയാണ് എന്ന് മനുഷ്യര്‍ക്ക് അറിവില്ലാത്തതല്ല. എന്നിട്ടും, ചിലരത് തെരഞ്ഞെടുക്കുന്നു -ഒറ്റക്കിരിക്കാന്‍ മാത്രം ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നു -നേരോ നുണയോ. എന്നാല്‍, ചിലര്‍ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ഏകാന്തതയില്‍ ഉപേക്ഷിക്കപ്പെടുകയാണ്. ചിലരാകട്ടെ താനെന്താണെന്നും തനിക്ക് എന്താണ് വേണ്ടതെന്നുമുള്ള ആശയക്കുഴപ്പത്തിലും സ്വത്വപ്രതിസന്ധിയിലും പെട്ടുപോകുന്നു. കല വികാരങ്ങളുടെകൂടി പ്രകടനങ്ങളാകുമ്പോള്‍ അത് കയ്യിലുള്ളവര്‍ ഏകാന്തതയ്ക്കും മതിഭ്രമത്തിനും നിറം നല്‍കാന്‍ ശ്രമിക്കുന്നു -അവര്‍ ചിത്രകാരന്മാരാകുന്നു, വാന്‍ഗോഗിനെ പോലെ. ചിലര്‍ അക്ഷരങ്ങളെ കൂട്ടുപിടിക്കുന്നു. എഴുത്തില്‍ ഒളിച്ചിരിക്കുന്നു. അപ്പോഴും, കൂട്ടിന് കലയില്ലാത്ത മനുഷ്യരുടെ വികാരങ്ങള്‍ ഐസിലിട്ട് വയ്ക്കപ്പെടുന്നു -ജീവിതത്തെ മരവിക്കാന്‍ വിട്ടുകൊടുക്കേണ്ടി വരുന്ന ഹതഭാഗ്യരായ ജീവികള്‍.

സില്‍വിയ പ്ലാത്ത് 'ബെല്‍ ജാര്‍' എന്ന പുസ്തകത്തില്‍ എഴുതുന്നു, 'ഏകാന്തത എന്നില്‍ വിഷാദം നിറച്ചു. അത് ഏകാന്തതയുടെ മൗനമായിരുന്നില്ല. മറിച്ച് എന്റേത് തന്നെയായിരുന്നു'.  

വിക്ടോറിയ ലൂക്കോസ് എന്ന പേരിലാണ് സില്‍വിയ പ്ലാത്ത്, 'ബെല്‍ ജാര്‍' എഴുതിയത്. കാരണം, അതവരുടെ ആത്മകഥയോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നു. ഉന്മാദങ്ങളും വേദനകളും ഉടനീളം പകര്‍ത്തപ്പെട്ട നോവലിലെ എസ്തറെന്ന പ്രധാന കഥാപാത്രത്തിന് എഴുത്തുകാരിയുടെ തന്നെ മുഖമാണ്. ഓരോ വട്ടവും പ്രണയത്തിലേക്കും കാമത്തിലേക്കും ചെല്ലുവാനാഗ്രഹിക്കുമ്പോള്‍ പോലും അതിനേക്കാള്‍ വേഗത്തില്‍ തന്നിലേക്ക് തന്നെ പിന്‍വാങ്ങുന്ന എസ്തറിനെ നോവലില്‍ കാണാം -പിന്‍വാങ്ങലുകള്‍ കുഴിയാന നടത്തങ്ങളാവുന്നു, കുഴികുഴിച്ച് കുഴികുഴിച്ച് സ്വയം ഇറങ്ങിപ്പോവുന്നവര്‍.

മിടുക്കിയായിരുന്നിട്ടും സ്‌കോളര്‍ഷിപ്പ് നേടിയവളായിരുന്നിട്ടും ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന എസ്തറിനെയാണ് പുസ്തകത്തില്‍ കാണാവുന്നത്. അതിനവള്‍ തെരഞ്ഞെടുക്കുന്ന വഴികള്‍ വായനക്കാരനെ മൂര്‍ച്ചയുള്ള കത്തിയെന്ന പോലെ ആകെ വരഞ്ഞു നീറ്റലിലുപേക്ഷിക്കും. ദിവസങ്ങള്‍ക്ക് ശേഷമാണ് അവളെ കണ്ടെത്തുന്നത്. മരിക്കാന്‍ പോകുന്നതിന് തൊട്ടുമുമ്പ് അമ്മയ്ക്കായി അവളൊരു കുറിപ്പ് എഴുതുന്നുണ്ട്, മങ്ങിയ ഒരു നീലക്കവറില്‍. അത് ഇങ്ങനെ: 'ഞാനൊരു നീണ്ട നടത്തത്തിന് പോവുകയാണ്.'

ഈ നോവല്‍ എഴുതി അധികം വൈകും മുമ്പ് തന്നെ പ്ലാത്ത് ആത്മഹത്യ ചെയ്തു.

'ആത്മഹത്യ ചെയ്യിപ്പിക്കുന്നതരം എഴുത്തുകളാ'ണ് സില്‍വിയ പ്ലാത്തിന്റേത് എന്ന് പറയാറുണ്ട്. ആത്മഹത്യയുടെ എഴുത്തുകാരിയാണ് അവരെന്നും. എന്നാല്‍, ബെല്‍ജാര്‍ വീണ്ടും വായിക്കുമ്പോള്‍, ഞാനോര്‍ക്കുന്നത്,  എസ്തറിന്റെ കുതറലുകളെക്കുറിച്ചു തന്നെയാണ്. നീട്ടിവെക്കപ്പെട്ട മരണത്തിന്റെ നാവുനീട്ടലുകള്‍ക്കു മുന്നിലൂടെ അവള്‍ നടന്ന നടത്തങ്ങള്‍. അവസാനം അവള്‍ നടന്ന നീണ്ട നടത്തത്തേക്കാള്‍ തീവ്രമായിരിക്കണം, മരണത്തില്‍നിന്നും അതിജീവിക്കാന്‍ അവള്‍ നടന്ന കുറിയ നടത്തങ്ങള്‍ 

 

suicides  loneliness and covid times Ulmarangal a column by Rini Raveendran

ഒറ്റമുറി ജീവിതത്തിന്റെ കൊറോണക്കാലം

എന്തു കൊണ്ടായിരിക്കാം, ചിന്തയിലെ ഈ മാറ്റങ്ങള്‍? ആത്മഹത്യയില്‍നിന്നും അതിജീവനത്തിലേക്കുള്ള മനസ്സിന്റെ ഈ വേലിചാടലുകള്‍?

ആത്മാഹുതിയെ കാല്‍പ്പനികവല്‍കരിക്കുന്ന ചിന്തകള്‍ക്ക് നിയതമായ എളുപ്പവഴികളുണ്ട്. എന്നാല്‍, അതില്‍നിന്നും അതിജീവനത്തിന്റെ ശ്വാസോച്ഛാസങ്ങള്‍ വായിച്ചെടുക്കുന്നതാവട്ടെ ഒട്ടും എളുപ്പമല്ല. അതിനു ജീവരക്തം തിളച്ചുമറിയേണ്ടി വരും. പ്രലോഭനീയമായ മരണത്തിന്റെ മുഖത്തേക്ക് ജീവിതത്തിന്റെ വാതില്‍ വലിച്ചടക്കേണ്ടി വരും.  അതിനു കഴിയുമ്പോള്‍, ആത്മഹത്യ നീട്ടിവെക്കാനുള്ള അതിജീവനതന്ത്രങ്ങള്‍ കൂടിയായിരിക്കും നാം വായിച്ചെടുക്കുന്നത്.

എനിക്കുതോന്നുന്നു, കൊവിഡായിരിക്കണം ആ മായാജാലക്കാരന്‍. വിഷാദത്തേക്കാള്‍ തീവ്രമായ ആധികള്‍ തന്ന മഹാമാരി. അതായിരിക്കണം, ആത്മഹത്യകള്‍ മാത്രം കാണുകയും അതിനുമുമ്പുള്ള അതിജീവനം കാണാതിരിക്കുകയും ചെയ്യുന്ന മനസ്സിന്റെ തടവറകളെ ഭേദിപ്പിക്കാന്‍ പ്രേരിപ്പിച്ചിരിക്കുക.

മഹാമാരിക്കാലത്ത് എത്രയെത്രപേരാണ് വിഷാദത്തിലേക്കും ഏകാന്തതയിലേക്കും വഴുതിയത്. കാരണം പലതാവാം. ഒട്ടേറെപ്പേരെ വൈറസ് ആക്രമിച്ചു. വീട്ടിലെ ഒറ്റമുറിയിലേക്ക് അവരുടെ ജീവിതം ചുരുങ്ങിപ്പോയി. ഈ വ്യാധിയുടെ പ്രത്യേകത തന്നെ അതായിരുന്നു. ഒരാള്‍ക്കും കൂട്ടിരിക്കാന്‍ പോലും പറ്റാത്ത രോഗം. പ്രായമായ പലരും സ്‌നേഹിച്ചവരാരും അടുത്തില്ലാതെ തന്നെ മരണത്തിന് കീഴടങ്ങി.

എന്തെങ്കിലും രോഗം വരുമ്പോള്‍, നമ്മുടെ പ്രിയപ്പെട്ടവര്‍ അടുത്തിരുന്നു തമാശകള്‍ പറഞ്ഞിരുന്നു. 'പഴയതിലും ഊര്‍ജ്ജത്തോടെ നീ നമ്മളിലേക്ക് തിരികെ വരാതെ പിന്നെ' എന്ന് ആത്മവിശ്വാസമായിരുന്നു. ഐസിയുവില്‍ പോലും ആരെങ്കിലുമൊക്കെ വന്നുപോകുമായിരുന്നു. എന്നാല്‍ കൊറോണ, രോഗികളെ ഒറ്റക്കാക്കി. അവരുടെ ഏകാന്തതയും വിഷാദവും പനിമണങ്ങളും ആ മുറികളില്‍ വെന്തു. ഒരുപക്ഷേ, ഇത്രയധികം ആളുകള്‍ ഒറ്റയായിപ്പോവുന്നതിന്റെ വേദനകളറിഞ്ഞ ഒരു മഹാമാരി നാം കണ്ടുകാണില്ല.

അതുകൊണ്ടായിരിക്കണം, വില്ലെമിനയുടെ അതിജീവന വഴികളിലേക്ക് വീണ്ടും ചെന്നെത്തിയത്. അവള്‍ മരിച്ചതും ഒരു മെയ് മാസത്തിലായിരുന്നല്ലോ. 1941 മെയ് 17 -ന് 79 -ാമത്തെ വയസില്‍. അവളുടെ ഒറ്റയാവലിന്റെ, മൗനത്തിന്റെ നാല്‍പത് വര്‍ഷങ്ങള്‍, തകര്‍ന്നുപോയ മാനസികാരോഗ്യം. ഇന്നാണെങ്കില്‍ ചികിത്സിക്കാമായിരുന്ന അവസ്ഥയായിരുന്നിരിക്കും അവള്‍ക്ക്. പക്ഷേ, അന്നതൊന്നും വേണ്ടപോലെ ചികിത്സിക്കപ്പെട്ടില്ല. അവളുടെ ഉള്ളിലും സഹോദരനെ പോലെ നിറങ്ങളുണ്ടായിരുന്നിരിക്കുമോ എന്നാലോചിച്ചിട്ടുണ്ട്. പക്ഷേ, അവസാനകാലം വരെ ഉള്ളിലെന്തെന്ന് പറയാതെ അവളൊരൊറ്റ നീലമരമായി.

ചോദിക്കാതെ വയ്യ, പ്രിയപ്പെട്ട വില്‍ മൗനത്തിലായിരുന്ന അക്കാലമെല്ലാം നിന്റെ മനസിലെന്തായിരുന്നു?
നീട്ടിവെക്കപ്പെട്ട മരണത്തിന്റെ, അതിജീവനകാലത്ത്, നീയെങ്ങനെയാണ് സ്വയം ആവിഷ്‌കരിച്ചിരുന്നത്?

വാന്‍ഗോഗ് ഒരിക്കല്‍ പറഞ്ഞത്രെ,

'A great fire burns within me, but no one stops to warm themselves at it, and passers-by only see a wisp of smoke' (ഒരു തീ ഉള്ളില്‍ കത്തിയെരിയുന്നുണ്ടാവാം. പക്ഷേ, അതിന്റെ ചൂടുകായാന്‍ ഒരാളുമെത്തുന്നില്ല. യാത്രക്കാര്‍ ഒരു പുകച്ചുരുളുയരുന്നതേ കാണുന്നുള്ളൂ. അതവഗണിച്ച് അവര്‍ കടന്നു പോകുന്നു -വാന്‍ഗോഗ്)

Read more: ഈ ശാലീനതയ്ക്ക് എന്തൊരു ഭാരമാണ്! 

Follow Us:
Download App:
  • android
  • ios