ദുബായ് എയർഷോയിൽ ഇന്ത്യൻ നിർമ്മിത തേജസ് യുദ്ധവിമാനം തകർന്നതിനെക്കുറിച്ചുള്ള ആഴത്തിലുള്ള വിശകലനമാണിത്. അപകടത്തിന്റെ സാധ്യമായ കാരണങ്ങൾ, എയർഷോകളിലെ വെല്ലുവിളികൾ, പൈലറ്റിന്റെ മരണം അന്വേഷണത്തെ എങ്ങനെ ബാധിക്കുമെന്നടക്കം എസ്.ബിജു ആഴത്തിൽ വിശകലനം ചെയ്യുന്നു

ഇന്ത്യയുടെ അഭിമാന പോർവിമാനമാണ് ദുബൈയിൽ ദൗർഭാഗ്യകരമായ അപകടത്തിൽ തകർന്ന് വീണ തേജസ്. ഇന്ത്യക്ക് എപ്പോഴും ആശ്രയിക്കാവുന്ന തദ്ദേശീയ യുദ്ധവിമാനം അത്യാവശ്യമാണെന്ന തിരിച്ചറിവിൽ 1980കളിൽ തുടങ്ങിയ പ്രയത്നമാണ് തേജസിൻ്റെ പിറവിയിലേക്ക് എത്തിയത്. ഈ വിമാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം അപകടമാണിത്. പൈലറ്റിന് രക്ഷപ്പെടാനാകാതെ പോകുന്ന ആദ്യത്തെ അപകടവും. എങ്കിലും ഇന്ത്യക്ക് പുറത്ത് ഒരു വ്യോമാഭ്യാസ പ്രകടനത്തിനിടെയാണ് ഈ അപകടമെന്നത് സംഭവത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. എന്തായിരുന്നു അപകടത്തിൻ്റെ കാരണമെന്നതടക്കം ഇനിയും അറിവായിട്ടില്ല. ഈ സാഹചര്യത്തിൽ തേജസ് വിമാനാപകടം ആഴത്തിൽ വിശകലനം ചെയ്യുകയാണ് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ എസ്.ബിജു.

തീക്കരുത്തായ തേജസ് അപകടവും ഇന്ത്യ തേടുന്ന ഉത്തരങ്ങളും

  1. യുദ്ധ വിമാനം അപകടത്തിൽപ്പെട്ടാൽ, പൈലറ്റ് രക്ഷപ്പെട്ടാൽ അത് കേവലം ഒരു മനുഷ്യ ജീവന്റെ ഉയർത്ത് എഴുന്നേൽപ്പ് മാത്രമല്ല, അതിനൊപ്പം ആ അപകട കാരണം മനസ്സിലാക്കിയെടുക്കാൻ ഉള്ള സാധ്യത കൂടി നിലനിറുത്തുന്നു എന്നത് കൂടിയാണ്. ഇത് ഭാവിയിലെ പിഴവുകൾ പരിഹരിക്കാനുള്ള വലിയൊരു അവസരം കൂടിയാണ്. നിർഭാഗ്യവശാൽ ദുബായ് തേജസ് അപകടത്തിൽ വൈമാനികൻ വീരമ‍ൃത്യു വരിച്ചിരിക്കുകയാണ്.
  2. അപകട കാരണം വിമാനത്തിന്റെ സാങ്കേതിക തകരാറാണോ അല്ല പൈലറ്റിന്റെ പിഴവോ എന്ന് അറിയേണ്ടതുണ്ട്. 2015ൽ തേജസ് വിമാനം ഇന്ത്യൻ പ്രതിരോധ സേനയുടെ ഭാഗമാകുന്നതിന് മുൻപോ പിൻപോ ഒരു തവണ മാത്രമാണ് അപകടമുണ്ടായത്. 2024 മാർച്ച് 12 ന് രാജസ്ഥാനിലെ ജയ്‌സാൽമീറിൽ പതിവ് പരിശീലന പറക്കലിനിടയിലാണ് തേജസ് വിമാനം ആദ്യമായി അപകടത്തിൽപെട്ടത്. അന്തർദേശീയ എയർഷോകളിൽ അടക്കം പലപ്പോഴും അപകടകരമായ അഭ്യാസം നടത്തിയ തേജസിന് അപ്പോഴൊന്നും അപകടം സംഭവിച്ചിട്ടില്ല. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനത്തിന്റെ കരുത്താണ് ഇത് കാട്ടുന്നത്.
  3. വിമാനം താഴോട്ടുള്ള കുതിപ്പ് കഴിഞ്ഞ ഉടനാണ് ദുബായിൽ തേജസ് അപകടം നടന്നത്. പൈലറ്റിന്റെ തലച്ചോറിലേക്ക് രക്തം ഇരച്ചു കയറി. അവർ തീരൂമാനം എടുക്കാൻ ഏറ്റവും ദുർബലരാകുന്ന അവസ്ഥയാണ് ഈ സമയം. എങ്കിലും ഇവിടെ വിമാനം തിരികെ കയറുന്നത് കാണാം. എന്നാൽ അപകടത്തിൻ്റേതായി ആദ്യം വന്ന അമച്വർ വീഡിയോകളിൽ അഹമ്മദ്ദാബാദിൽ എയർ ഇന്ത്യ വിമാനം ത്രസ്റ്റ് കിട്ടാതെ താഴോട്ടു ഇടിച്ച് വീണ് കത്തിയത് പോലെയാണ് തോന്നിച്ചത്. 2024ൽ തേജസ് വിമാനാപകടത്തിന് മുൻപ് സാങ്കേതിക പിഴവ് മനസ്സിലാക്കിയതിനാലാണ് പൈലറ്റിന് രക്ഷപ്പെടാനായത്. ഇവിടെ അതിനുള്ള സമയം ഉണ്ടായിരുന്നില്ലെന്ന് കണക്കാക്കണം. വിമാനം അത്രത്തോളം താഴ്ചയിലാണ് പറന്നത്. എയർ ഷോകളിൽ വിമാനം 500 മീറ്റർ വരെ താഴ്ന്ന് പറന്നാണ് അഭ്യാസം നടത്തുന്നത്. കാണികളെ ത്രസിപ്പിക്കാനും വിമാനത്തിന്റെ കരുത്തും അഭ്യാസ മികവും പ്രകടിപ്പിക്കാനാണിത്. പൈലറ്റിന് ഈ താഴ്ച്ചയിലും വേണമെങ്കിൽ ഇജക്റ്റ് ആകാൻ പരുവത്തിലാണ് തേജസ് വികസിപ്പിച്ചിരിക്കുന്നത്. വിമാനം മണിക്കൂറിൽ 900 കിലോമീറ്റർ വേഗതയിലാണ് പറക്കുന്നത്. അതായത് ഒരു നിമിഷത്തിൽ 250 മീറ്റർ വേഗം. അപകടം മനസ്സിലാക്കിയാലും എന്തെങ്കിലും ചെയ്യാൻ എത്രത്തോളം പരിമിതി ഉണ്ടന്ന് അറിയേണ്ടതുണ്ട്. മാത്രമല്ല, പൈലറ്റ് രക്ഷപ്പടാനോ വിമാനത്തെ രക്ഷപ്പെടുത്താനോ ശ്രമിച്ചാലും അതിനുള്ള സാധ്യത കുറവാണ്.
  4. സാധാരണ പരിശീലന പറക്കൽ പോലെയല്ല എയർഷോകളിൽ. അപകട സാധ്യത കണ്ടാലും പൈലറ്റുമാർ അപൂർവമായേ സ്വയ രക്ഷക്ക് ശ്രമിക്കാറുള്ളൂ. വളരെയേറെ വിലപിടപ്പുള്ള മറ്റ് വിമാനങ്ങളും മറ്റ് അസറ്റുകളുമടക്കം ധാരാളം വസ്തുക്കളെ അത് നശിപ്പിക്കാനുള്ള സാധ്യത ഏറെയുള്ളതിനാലാണിത്. മാത്രമല്ല വി.വി.ഐ.പി കൾ അടക്കം ഏറെ മനുഷ്യരുടെ സാനിധ്യം കൂടിയുള്ള സ്ഥലമാണത്.
  5. എയർഷോകളിൽ, പ്രത്യേകിച്ച് രാജ്യത്തിന് പുറത്തുള്ളവയിൽ വായു സേന സാധാരണ പരിശീലന പറക്കലിന് അപ്പറമുള്ള അഭ്യാസങ്ങൾ ചെയ്യാറുണ്ട്. രാജ്യത്തിന്റെ കരുത്തിന്റെ പ്രകടനം കൂടിയായിട്ടാണ് അത്തരം എയർഷോകളെ വായു സേന കാണുന്നത്. ഒരു വ്യാപാര സാധ്യത തേടിയുള്ള പ്രദർശനം കൂടിയാണിത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസിനെ മറ്റ് മിത്ര രാജ്യങ്ങൾക്ക് വിൽക്കാനുള്ള ഒരു ദീർഘകാല പദ്ധതി കൂടിയാവാമിത്.
  6. സാധാരണയായി വിമാന അപകടങ്ങൾക്ക് നാല് കാരണങ്ങളാണ് ഉള്ളത്. സാങ്കേതികം, കാലാവസ്ഥ, പക്ഷിയിടിക്കൽ, മനുഷ്യസഹജമായ പിഴവ്. മനുഷ്യസഹജമായ പിഴവ് എന്ന് വച്ചാൽ അത് പൈലറ്റിന്റെ പിഴവ് മാത്രമല്ല. വിമാനം ഉണ്ടാക്കിയവരുടെ പാളിച്ച മുതൽ, പൈലറ്റിന് നിർദ്ദേശം നൽകിയവർ, വിമാനത്തെ ബാഹ്യമായി നിയന്ത്രിച്ച കൺട്രോളർമാർ ഇവരുടെയെല്ലാം പിഴവുകൾ മനുഷ്യരുടെ ഭാഗത്തുനിന്നുള്ള പിഴവുകളാണ്. ഇതിൽ ഏതെങ്കിലും ഒരു ഘടകത്തിന് പിഴവ് വന്നാലും മറ്റുള്ളവ വിമാനങ്ങൾക്ക് സുരക്ഷ നൽകും . എന്നാൽ ഒന്നിലധികം ഘടകങ്ങൾ പിഴക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്.
  7. വിമാന പരിശീലനം വലിയ ചെലവേറിയ കാര്യമാണ്. അതിനാൽ സിമുലേറ്ററുകൾ ഉപയോഗിച്ചാണ് പൈലറ്റുമാർ പ്രാഥമിക -തുടർ പരിശീലനങ്ങൾ നൽകുന്നത്. എത്ര ശ്രമിച്ചാലും നേരിട്ടുള്ള പറക്കലുകൾക്ക് തുല്യമാകില്ല സിമുലേറ്ററുകൾ. അതേസമയം പുതിയ വെല്ലുവിളികൾ നിരന്തരം പരിശീലിക്കുന്ന വൈമാനികർക്ക് സിമുലേറ്ററുകൾ നൽകി കൊണ്ടിരിക്കും. ദുബായിൽ അപകടത്തിന് ഇരയായ തേജസ് വിമാനത്തിലെ പൈലറ്റ് വളരെ ദീർഘമായി പരിശീലനം നേടിയ ആളാണ്.
  8. യാത്രാ -ചരക്ക് വിമാനങ്ങൾക്ക് ഒട്ടറേ സുരക്ഷാ ഘടകങ്ങളുണ്ട്. ഏറെക്കുറേ ഓട്ടോ പൈലറ്റിങ്ങിൽ പറക്കുന്നവയ്ക്ക് അപകട സാധ്യത കുറവാണ്. എന്നാൽ യുദ്ധവിമാനങ്ങൾ ആക്രമണത്തിനും പ്രതിരോധത്തിനും വേണ്ടിയാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രാഥമികമായി യുദ്ധവിമാനങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് അവയുടെ സുരക്ഷക്കോ പൈലറ്റിനെ രക്ഷിക്കാനോ വേണ്ടിയല്ല. മറിച്ച് ശത്രുവിന് നാശമുണ്ടാക്കാൻ വേണ്ടിയാണ്.
  9. ഏതു സങ്കീർണ്ണമായ സാഹചര്യം നേരിടാനുള്ള മനക്കരുത്തും പരിശീലനവും ലഭിച്ചിട്ടുള്ളവരാണ് യുദ്ധ വൈമാനികർ. ഇന്ത്യ പങ്കാളിയായ ബഹിരാകാശ ദൗത്യങ്ങളിൽ ഇതുവരെ പങ്കെടുത്തിട്ടുള്ള രാകേഷ് ശർമ്മയും ശുഭാൻശു മിശ്രയും ഇന്ത്യൻ വ്യോമസേനാ പൈലറ്റുമാരാണ്.
  10. ഇന്ത്യയുടെ പ്രധാന ആക്രമണ വിമാനങ്ങളായ മിഗ് 21 ഈയിടെ വിടവാങ്ങിയ ശേഷം നാം പകരം വയക്കുന്നത് തേജസിനെയാണ്. ദുബായിലെ അപകടം അതിന് താത്കാലികമെങ്കിലും വെല്ലുവിളിയാണ്. വായുസേനയുടെ ഡയറക്ടറേറ്റ് ഓഫ് ഫ്ളൈറ്റ് സേഫ്റ്റി അപകടകാരണം അന്വേഷിക്കും. വിമാനത്തിനൊപ്പം പൈലറ്റും നഷ്ടമായി എന്നത് അന്വേഷണത്തിന് വെല്ലുവിളിയാണ്. ഇപ്പോൾ യുദ്ധവിമാനങ്ങളുടെ എല്ലാ ഡാറ്റയും തത്സമയം റെക്കോഡ് ചെയ്യുന്നുണ്ട്. എന്നാൽ ഡാറ്റാ റെക്കോഡറുകൾ സുരക്ഷിതമായി കണ്ടെടുക്കണം. ഇപ്പോൾ തത്സമയം തന്നെ ഡാറ്റാ പുറത്തുള്ള സെർവറുകളിൽ റെക്കോഡ് ചെയ്യുന്നുണ്ട്. ഇവിടെ അത് സംഭവിച്ചിട്ടുണ്ടോ എന്നത് അറിയേണ്ടിയിരിക്കുന്നു. അപകട കാരണം വ്യോമേസേന കൃത്യമായി അന്വേഷിക്കും. പക്ഷേ അതൊന്നും നാം അറിയണമെന്നില്ല. കാരണം സൈനിക വിശദാംശങ്ങൾ പൊതുജന മദ്ധ്യത്തിൽ സമർപ്പിക്കാനുള്ളതല്ല.