യുദ്ധമെങ്കില്‍ യുദ്ധം സമാധാനമെങ്കില്‍ സമാധാനം എന്ന് പറഞ്ഞ് അലാസ്കയ്ക്ക് പോയ ട്രംപ്, പുടിനെ കണ്ട് കൈ കൊടുത്ത് മടങ്ങിവന്നു. യുക്രൈയ്നില്‍ ഇനി എന്ത് എന്ന ചോദ്യം പഴയത് പോലെ ബാക്കിയായി. വായിക്കാം ലോകജാലകം.
റഷ്യയിൽ നിന്ന് അമേരിക്ക വാങ്ങിയതാണ് അലാസ്ക. പക്ഷേ, I WANT A CEASEFIRE TODAY' എന്നാണ് അലാസ്കയിലേക്കുള്ള യാത്രാമധ്യേ ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. വേറെയും പലതും പറഞ്ഞിരുന്നു. കൂടിക്കാഴ്ച തുടങ്ങി രണ്ട് മിനിറ്റിനകം പുടിന്‍റെ മനസിലെന്തെന്ന് താനറിയും യുദ്ധാവസാനമല്ല പുടിന്‍റെ ഉദ്ദേശമെങ്കിൽ ഇറങ്ങിപ്പോരും. സംയുക്ത വാർത്താ സമ്മേളനമുണ്ടാവില്ല, താൻ മാത്രം സംസാരിക്കും. റഷ്യക്ക് മേൽ കടുത്ത നടപടി. ഇതൊക്കെയാണ് അമേരിക്കൻ പ്രസിഡന്‍റ് പറഞ്ഞത്. കടക വിരുദ്ധമാണ് നടന്നത്. ചർച്ച 3 മണിക്കൂർ നീണ്ടു. വെടിനിർത്തലുണ്ടായില്ല. സംയുക്ത വാർത്താ സമേമളനം നടന്നു.
പുടിന് മുന്‍തൂക്കം
അലാസ്കയുടെ ചരിത്രത്തിനും യുക്രൈയ്ന്‍റെ വർത്തമാനത്തിനും ഇടയിൽ ഒരു പാലമിട്ടാണ്, അലാസ്ക തന്നെ ചർച്ചക്കുള്ള വേദിയായി തെരഞ്ഞെടുത്തത്. റഷ്യയുടെതായിരുന്ന അലാസ്ക അമേരിക്ക വാങ്ങി. അമേരിക്കൻ - റഷ്യൻ അതിർത്തികൾ മാറ്റി വരച്ച സ്ഥിതിക്ക് എന്തുകൊണ്ട് റഷ്യക്ക് യുക്രൈയ്ൻ കൈക്കലാക്കി, അതിർത്തികൾ മാറ്റിവരച്ചുകൂടാ എന്ന ചോദ്യം പുടിന്, അവിടെ ഉന്നയിക്കേണ്ടി വന്നില്ല. പുടിന് പലതായിരുന്നു ഗുണം. റഷ്യയുടെ കൈയ്യകലത്താണ് അലാസ്ക. യൂറോപ്പും യുക്രൈയ്നും അവിടെ നിന്ന് വളരെയകലെ. ശത്രുരാജ്യങ്ങളുടെ മുകളിൽ കൂടി പറക്കണ്ട റഷ്യൻ പ്രസിഡന്‍റിന്. അതും നേട്ടം. അലാസ്ക തിരിച്ചു പിടിക്കണമെന്ന് വാദിക്കുന്ന റഷ്യക്കാർക്കും സന്തോഷം. വേറൊന്നു കൂടിയുണ്ട്, യൂറോപ്യൻ യൂണിയനിലെ ഏത് രാജ്യത്തിറങ്ങിയാലും പുടിൻ അറസ്റ്റിലാവാനുള്ള സാധ്യതയുണ്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ടാണ് കാരണം. യുക്രൈയിനിലെ കുട്ടികളെ തട്ടിക്കൊണ്ട് പോയതിനാണ് വാറന്‍റ്. അതിന് ശേഷം പുടിൻ ഹേഗ് കോടതി അംഗങ്ങളല്ലാത്ത രാജ്യങ്ങളിലെ പോയിട്ടുള്ളൂ. മംഗോളിയ, ചൈന , വടക്കൻ കൊറിയ തുടങ്ങിയവർ.

അലാസ്കയിലെ തയ്യാറെടുപ്പുകൾ പലതിന്‍റെയും സൂചകമായി നിരീക്ഷകർ കണ്ടു. ചുവന്ന പരവതാനി, വേദിയിൽ 'PURSUING PEACE' എന്ന വാക്കുകൾ, ചുവന്ന പരവതാനിക്ക് ചുറ്റും അമേരിക്കൻ യുദ്ധ വിമാനങ്ങൾ, സമാധാനമെങ്കിൽ അങ്ങനെ, അതല്ലെങ്കിൽ യുദ്ധം എന്ന് വ്യക്തമാക്കുകയാണ് എന്നൊക്കെയായിരുന്നു ട്രംപ് വ്യാഖ്യാനം. പുടിനെ ട്രംപ് സ്വീകരിക്കും എന്ന് നേരത്തെ തന്നെ ക്രെംലിൻ പറയുന്നുണ്ടായിരുന്നു. പൊതുവേ സ്ക്രിപ്റ്റഡ് പരിപാടികൾ അംഗീകരിക്കാത്ത ട്രംപ് ഇത്തവണ സ്ക്രിപ്റ്റിൽ നിന്ന് കടുകിട വ്യതിചലിച്ചില്ല. വിമാനമിറങ്ങി വന്ന പുടിനെ സ്വീകരിക്കാൻ ട്രംപ് താഴെ കാത്തുനിന്നു. അന്താരാഷ്ട്ര സമൂഹത്തിലെ ഒറ്റപ്പെടുത്തൽ എന്ന ഘോഷമെല്ലാം ആ ഒരൊറ്റ ദൃശ്യത്തിൽ തന്നെ തീർന്നു. ഹസ്തദാനം ചെയ്തു. ചരിത്രപരം എന്ന് റഷ്യൻ ടെലിവിഷൻ വിശേഷിപ്പിച്ചു. ഉറ്റ സുഹൃത്തുക്കളെപ്പോലെ ഇരുവരും ചിരിച്ചു, സംസാരിച്ചു. അധികം ചിരിച്ചു കാണാത്ത പുടിനും ചിരിച്ചു. പിന്നെ പോഡിയത്തിലെത്തി രണ്ടുപേരും ഫോട്ടോയ്ക്ക് പോസ് ചെയ്തു.
അടച്ചിട്ട കാറിൽ രണ്ട് പേർ
യുദ്ധം അവസാനിപ്പിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യം കേൾക്കുന്നില്ലെന്ന് ചെവി ചൂണ്ടിക്കാട്ടി പുടിൻ ആംഗ്യം കാണിച്ചു. ശേഷം, ട്രംപിന്‍റെ ലിമൂസിനിൽ കയറി രണ്ട് പേരും പോയി. കാറിന്‍റെ ജനാലച്ചില്ലിൽ കൂടി കണ്ട പുടിന്‍റെ ചിരിയിലും പടിഞ്ഞാറിന്‍റെ ഒറ്റപ്പെടുത്തൽ, കാറ്റിൽ പറന്നതിന്‍റെ പരിഹാസമായിരുന്നുവെന്നാണ് വ്യാഖ്യാനം. കാറിന് മുകളിൽ അമേരിക്കൻ യുദ്ധ വിമാനം അകമ്പടി സേവിച്ചു.
ട്രംപ് അലാസ്കയിലിറങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു പ്രധാന മാറ്റം വൈറ്റ്ഹൗസ് അറിയിച്ചിരുന്നു. കൂടിക്കാഴ്ചയിൽ ദ്വിഭാഷികൾ മാത്രം എന്ന് നേരത്തെ അറിയിച്ചിരുന്നത് മാറ്റി, രണ്ട് വിദേശകാര്യ മന്ത്രിമാരും ഉപദേഷ്ടാക്കളും പങ്കെടുക്കും എന്നായി. മുമ്പ് ട്രംപും പുടിനും ഒറ്റക്ക് സംസാരിച്ചിരുന്നു. ജർമ്മനിയിൽ നടന്ന അത്തരം ഒരു ചർച്ചക്ക് ശേഷം, ട്രംപ് തന്‍റെ ദ്വിഭാഷിയോട് നോട്സ് കളഞ്ഞേക്കാൻ ആവശ്യപ്പെട്ടു. ഇത്തവണ കാറിൽ രണ്ട് പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഉപദേഷ്ടാക്കളുമില്ല, ദ്വിഭാഷി പോലുമില്ല.
MASTER OF PERSUASION, അങ്ങനെയാണ് വിദേശ മാധ്യമ പ്രവർത്തകർ പുടിനെ വിശേഷിപ്പിക്കുന്നത്. വേഗത്തിൽ, നിർത്താതെ സംസാരിക്കുന്നതാണത്രെ പുടിന്‍റെ രീതി. എതിർകക്ഷിക്ക് പ്രതികരിക്കാൻ സമയം കൊടുക്കില്ല. ഉപദേഷ്ടാക്കൾ പോലും അമ്പരക്കുന്ന പ്രസ്താവനകളാണ് ട്രംപിന്‍റെ മാസ്റ്റർപീസ്. ട്രംപിനെ കാണും മുമ്പ് തന്നെ, യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്‍റെ ഇടപെടലുകളെ പുടിൻ പ്രശംസിച്ചിരുന്നു. ഒരു മുഴം മുന്നേ എറിഞ്ഞതാണ്.
ട്രംപിന്‍റെ സ്വപ്നവും വീഴ്ചയും
റഷ്യയുടെ സാമ്പത്തിക സ്ഥിതി മോശം, അതുകൊണ്ട് ഉപരോധങ്ങൾ താങ്ങില്ല, യുദ്ധം അവസാനിപ്പിക്കും എന്നൊക്കെ ക്രെംലിനോട് അടുത്ത വൃത്തങ്ങൾ തന്നെ സൂചിപ്പിച്ചിരുന്നു. ചർച്ചയുടെ പൂർണ വിവരങ്ങൾ അറിയാത്തിടത്തോളം വെറുതെയായെന്ന് വേണം വിചാരിക്കാൻ. എന്തായാലും ട്രംപോ യൂറോപ്പോ പ്രതീക്ഷിച്ചൊരു അവസാനമല്ല ഉണ്ടായിരിക്കുന്നത്. സമധാനദൂതൻ, ധാരണകളുടെ രാജാവ് എന്നൊക്കെ അറിയപ്പെടാനുള്ള ട്രംപിന്‍റെ ആഗ്രഹത്തിനും ചിറക് വച്ചില്ല.

അലാസ്കയിലേക്ക് പോകുന്ന വഴി കിഴക്കൻ റഷ്യയിലെ മഗദനിലിറങ്ങി, രണ്ടാം ലോക മഹായുദ്ധത്തിലെ റഷ്യൻ - അമേരിക്കൻ കൂട്ടുകെട്ട് ഓർമ്മിപ്പിക്കുന്ന സ്മാരകത്തിൽ റഷ്യൻ പ്രസിഡന്‍റ് ആദരാഞ്ജലി അർപ്പിച്ചു. സോവിയറ്റ് - അമേരിക്കൻ പൈലറ്റുമാർ ഹസ്തദാനം ചെയ്യുന്നതാണ് സ്മാരകം. ചർച്ച മണിക്കൂറുകൾ നീണ്ടു. 6, 7 എന്നൊക്കെ ക്രെംലിൻ പറഞ്ഞെങ്കിലും മൂന്ന് മണിക്കൂറിൽ അവസാനിച്ചു.
ട്രംപ്, പുടിനെ ആദരിച്ച് ഇരുത്തുമ്പോൾ തന്നെ യുക്രൈയ്നിൽ മരണമണി മുഴങ്ങി. റഷ്യൻ വ്യോമാക്രമണത്തിന്‍റെ മുന്നറിയിപ്പ്. പുടിൻ യുദ്ധം അവസാനിപ്പിക്കില്ലെന്ന് സെലൻസ്കി പറഞ്ഞു. ട്രംപും പുടിനും മാത്രം ഒന്നും പറഞ്ഞിട്ടില്ല. വളരെ പ്രയോജനകരം, ലക്ഷ്യത്തിൽ എത്തിയില്ല, ഉടൻ എത്തുമെന്ന് മാത്രമാണ് ട്രംപ് പറഞ്ഞത്. അതും അസാധാരണമാണ്. എന്തും വിളിച്ച് പറയുന്ന അമേരിക്കൻ പ്രസിഡന്‍റ് അതിലും പുടിന്‍റെ വഴി തന്നെ പിന്തുടർന്നു. യുക്രൈയ്ന്‍റെ പ്രദേശങ്ങൾ റഷ്യക്ക് വിട്ടുകൊടുക്കുന്നത് ചർച്ചയായോ എന്ന ഫോക്സ് ന്യൂസിന്‍റെ ചോദ്യത്തിന് മാത്രം ട്രംപ് പറഞ്ഞത് അതൊക്കെ ചർച്ചയായി എന്നാണ്. യുക്രൈയ്നുമായി സംസാരിക്കണം, ധാരണയുണ്ടാക്കണമെന്നും കൂട്ടിച്ചേർത്തു.
പരിഹാരം കാണാത്ത ചർച്ചകൾ
സ്വന്തം പ്രദേശങ്ങൾ വിട്ടുകൊടുക്കില്ലെന്ന് യുക്രൈയ്ൻ പ്രസിഡന്‍റ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. യുക്രൈയ്ന്‍റെ സമ്മതമില്ലാത്ത ഒരു ധാരണയും തങ്ങളും അംഗീകരിക്കില്ലെന്ന് യൂറോപ്പും. സെലൻസ്കിയും പുടിനും തമ്മിലൊരു കൂടിക്കാഴ്ച നടക്കും, അതാണ് തന്‍റെ ഉദ്ദേശം എന്നൊക്കെ ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴും ഫോക്സ് ന്യൂസിനോട് അത് പറഞ്ഞു. വാർത്താസമ്മേളനത്തിൽ പറഞ്ഞില്ല. സാധാരണ ഇത്തരം കൂടിക്കാഴ്ചകൾക്ക് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ ട്രംപാണ് ആദ്യം സംസാരിക്കുന്നത്. ഇത്തവണ പുടിനാണ് സംസാരിച്ചത്. അലാസ്ക അമേരിക്കയുടെതാണെങ്കിലും പുടിന്‍റെ പെരുമാറ്റത്തിൽ അത് തങ്ങളുടെ സ്വന്തം എന്ന മട്ടായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉടനെ കാണാം, വീണ്ടും എന്ന ട്രംപിന്‍റെ വാക്കുകളോട്, അടുത്ത കൂടിക്കാഴ്ച റഷ്യയിൽ എന്നാണ് പുടിൻ ഇംഗ്ലീഷിൽ പറഞ്ഞത്. സെലൻസ്കിയുടെ പേര് പറഞ്ഞുമില്ല. റഷ്യക്ക് മേൽ ഉപരോധമുണ്ടാവുമോയെന്ന ഫോക്സ് ന്യൂസിന്‍റെ ചോദ്യത്തിന് രണ്ടോ മൂന്നോ ആഴ്ചക്കകം അത് പരിഗണിക്കുമെന്നാണ് ട്രംപിന്‍റെ മറുപടി. കടുത്ത പ്രത്യാഘാതം എന്ന വാക്കൊക്കെ അമേരിക്കൻ പ്രസിഡന്‍റ് മറന്നുപോയി.


