പ്രസിഡന്‍റിന്‍റെ ആഗ്രഹം സാധിപ്പിച്ച് കൊടുക്കാന്‍ തന്നെയാണ് വൈറ്റ് ഹൗസിന്‍റെ തീരുമാനവും. 

200 മില്യന്‍റെ ബാൾറൂം (Ballroom) നിർമ്മിക്കാൻ ഒരുങ്ങുകയാണ് വൈറ്റ് ഹൗസ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ആഗ്രഹമാണ്. വൈറ്റ് ഹൗസിന്‍റെ പുതുക്കിയ ഈസ്റ്റ് വിംഗിനോട് ചേർന്നായിരിക്കും ബാൾറൂം. പണം ട്രംപും അജ്ഞാതരായ മറ്റുചിലരും നൽകും എന്നാണ് അറിയിപ്പ്. ട്രംപിന്‍റെ ആഗ്രഹം ഇപ്പോൾ തുടങ്ങിയതല്ല. 2016 -ൽ ബരാക് ഒബാമ പ്രസിഡന്‍റായിരുന്ന കാലത്തേ തുടങ്ങിയതാണ്. അന്ന് 100 മില്യൻ നൽകാമെന്ന് പറഞ്ഞെങ്കിലും ഒബാമ നിരസിച്ചു.

90,000 ചതുരശ്ര അടി. 650 പേരെ ഉൾക്കൊള്ളും. അതാണ് പുതിയ ബോൾറൂം എന്നാണ് വക്താവ് കാരോളൈൻ ലീവിറ്റ് അറിയിച്ചത്. 2029 -ൽ ട്രംപ് ഇറങ്ങും മുമ്പ് പണി തീരുമെന്നാണ് നിഗമനം. വൈറ്റ് ഹൗസിലെ ചടങ്ങുകളൊക്കെ ഇപ്പോൾ നടക്കുന്നത് ഈസ്റ്റ് റൂമിലാണ് (East Room). 200 പേരെ ഉൾക്കൊള്ളാനേ പറ്റു ഇവിടെ. പുതിയ ബാൾറൂം പൂർത്തിയായാൽ പിന്നെ ഔദ്യോഗിക അത്താഴ വിരുന്നുകൾക്കും മറ്റ് വലിയ ചടങ്ങുകൾക്കും വൃത്തികെട്ട ടെന്‍റ് വലിച്ചു കെട്ടേണ്ടി വരില്ല എന്നാശ്വസിക്കുന്നു ലീവിറ്റ്. ടെന്‍റുകളോട് ട്രംപിനും താൽപര്യമില്ല. ഇതുവെരെയുള്ള പ്രസിഡന്‍റുമാർ ബോൾറൂമുകളിൽ തിളങ്ങിയവരല്ല, അതുകൊണ്ടാണ് ഇല്ലാതെ പോയത്. താൻ അങ്ങനെയല്ല എന്നാണ് പ്രസിഡന്‍റിന്‍റെ പക്ഷം. റിയൽ എസ്റ്റേറ്റ് വ്യവസായിയായ പ്രസിഡന്‍റിന്‍റെ സംഭാവന തന്നെയാവും എന്തായാലും. പിറന്നാളിന് ഏറ്റവും വലിയ സൈനിക പരേഡും 400 മില്യന്‍റെ പുതിയ ജെറ്റും ഇതിനകം ട്രംപ് സാക്ഷാത്കരിച്ച സ്വപ്നങ്ങളാണ്. അതിനൊപ്പം മറ്റൊന്ന് കൂടിയാവുന്നു.

(വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലേവിറ്റ് പുതിയ ബാൾ റൂമിനെ കുറിച്ച് പ്രസ് കോണ്‍ഫ്രന്‍സ് നടത്തുന്നു.)

സെപ്തംബറിൽ തുടങ്ങും പുതിയ നിർമ്മാണം. ഷാൻഡ്ലിയറുകളും അലംകൃതമായ തൂണുകളും ഒക്കെയുണ്ടാവും പുതിയ ആഘോഷ മുറിക്ക്. കാലാകാലമായി പ്രസിഡന്‍റുമാരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് വൈറ്റ് ഹൗസിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അത് വൈറ്റ് ഹൗസ് കമ്മിറ്റി പ്രതിനിധി സമ്മതിക്കുന്നു. പക്ഷേ, മാറ്റങ്ങൾ എപ്പോഴും വൈറ്റ് ഹൗസിന്‍റെ ചരിത്ര പ്രാധാന്യം ബഹുമാനിച്ച് കൊണ്ടാണ്. പാരമ്പര്യം മനസിൽ വച്ചുകൊണ്ടുള്ള മാറ്റം തന്നെയായിരിക്കും ഇത്തവണയും എന്നാണ് വൈറ്റ് ഹൗസ് കമ്മിറ്റിയുടെ പ്രതീക്ഷ.

ട്രംപ് നേരത്തെയും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് രണ്ട് വലിയ കൊടിമരങ്ങൾ, ഓവൽ ഓഫീസിൽ നിറയെ സ്വർണവർണമുള്ള അലങ്കാരപ്പണികൾ, പ്രസിദ്ധമായ റോസ് ഗാർഡനിൽ ബുൾഡോസർ കയറ്റി, ഇടിച്ച് നിരപ്പാക്കി കല്ലിട്ടത്, ഇതൊക്കെ ട്രംപിന്‍റെ സംഭാവനയാണ്. 150 വ‌‌‌ർഷമായി വലിയ ചടങ്ങുകൾ നടത്താൻ സ്ഥലമില്ലാതെ വിഷമിച്ചിരുന്നു എല്ലാവരും, ഈ പ്രശ്നം ഭാവി സർക്കാരുകൾക്ക് വേണ്ടി പരിഹരിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. അമേരിക്കൻ ജനതയ്ക്ക് വേണ്ടിയാണ് ഈ പുതിയ ബോൾറൂം നിർമ്മിക്കുന്നതെന്ന് വൈറ്റ് ഹൗസിന്‍റെ ഔദ്യോഗിക സൈറ്റും അവകാശപ്പെടുന്നു.