അമേരിക്ക പ്രഖ്യാപിച്ച വ്യാപാര യുദ്ധത്തിന് മറുപടിയായി ചൈന അപൂർവ ധാതുക്കളുടെ കയറ്റുമതിയും സോയാബീൻ ഇറക്കുമതിയും നിർത്തിവെച്ചു. ഇത് അമേരിക്കയെ സമ്മർദ്ദത്തിലാക്കിയതിന് പിന്നാലെ നടന്ന ഷീ - ട്രംപ് കൂടിക്കാഴ്ചയിൽ ചൈനയുടെ മേധാവിത്വം വ്യക്തമായിരുന്നു. 

രു കയറ്റുമതി, ഒരു ഇറക്കുമതി. അമേരിക്ക വ്യാപാര യുദ്ധം പ്രഖ്യാപിച്ചപ്പോൾ ചൈന ഒന്നിന്‍റെ കയറ്റുമതിയും ഒന്നിന്‍റെ ഇറക്കുമതിയും നിർത്തിവച്ചു. അമേരിക്കയ്ക്ക് ഉണ്ടായ ആഘാതം ചെറുതായിരുന്നില്ല. അത് നികത്താനായിരുന്നു ഷീ - ട്രംപ് കൂടിക്കാഴ്ച . വൻവിജയം, ശുഭപ്രതീക്ഷ എന്നാണ് ട്രംപിന്‍റെ പ്രതികരണം. പക്ഷേ, ചൈനീസ് പ്രതികരണത്തിൽ അത്രക്ക് ഉത്സാഹമില്ല. ധാരണയിലൊന്നും ഒപ്പിട്ടിട്ടില്ല. ഉദ്യോഗസ്ഥതലത്തിൽ മാസങ്ങളായി നടന്നുവരുന്ന ചർച്ചകൾ തുടരാനാണ് തീരുമാനം. അപ്പോഴും ചിലതിൽ വഴങ്ങാൻ ചൈന തയ്യാറായിട്ടില്ല. അപൂർവ്വ ധാതുക്കളാണ് ചൈനയുടെ ട്രംപ് കാർഡ്. അത് വിട്ടൊരു കളി ബീജിംഗിനില്ല. എങ്കിലും ശത്രുപക്ഷത്ത് നിന്ന രണ്ട് ഭീമൻമാർ തമ്മിൽ സംസാരിച്ചത് ആഗോളവ്യാപാര വാണിജ്യരംഗത്തിന് ആശ്വാസമാണ്.

ജപ്പാൻ

ഷീ ജിങ്പിങ് - ട്രംപ് കൂടിക്കാഴ്ച നടന്നത് തെക്കൻ കൊറിയൻ നഗരമായ ബുസാനിലാണ്. ജാപ്പനീസ് പ്രധാനമന്ത്രിയുമായും തെക്കൻ കൊറിയൻ പ്രസിഡന്‍റുമായുമുള്ള ട്രംപിന്‍റെ കൂടിക്കാഴ്ചകൾക്ക് ശേഷമായിരുന്നു ഷീ - ട്രംപ് കൂടിക്കാഴ്ച. ആദ്യത്തേത് രണ്ടും ട്രംപിനിഷ്ടപ്പെട്ട വഴിക്കാണ് പോയത്. ജാപ്പീസ് പ്രധാനമന്ത്രി സനേ തകൈച്ചി, ട്രംപിനെ നൊബേൽ സമാധാന സമ്മാനത്തിന് നോമിനേറ്റ് ചെയ്തു. പകരം ട്രംപ് ജപ്പാന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രിയെ വാരിക്കോരി പ്രശംസിച്ചു. ഷിൻസോ ആബേയുടെ വലതുപക്ഷ രാഷ്ട്രീയത്തിന്‍റെ പിൻഗാമിയായ തകൈച്ചിയോട് ട്രംപിനും താൽപര്യം കൂടുന്നത് സ്വാഭാനികം. ജപ്പാനും അമേരിക്കയും തമ്മിൽ അപൂർവ ധാതുക്കളിൽ ധാരണയുമായി.

(തെക്കൻ കൊറിയൻ പ്രസിഡന്‍റ്, ലീ ജെയ് മ്യുങ് ട്രംപിന് അത്താഴ വിരുന്നൊരിക്കിയപ്പോൾ)

തെക്കൻ കൊറിയ

പിന്നെ അമേരിക്കൻ പ്രസിഡന്‍റ് എത്തിയത് തെക്കൻ കൊറിയയിൽ. പ്രസിഡന്‍റ് ലീ ജെയ് മ്യുങ് (Lee Jae Myung) ട്രംപിന് നൽകിയത് ഒരു സ്വർണ കിരീടം. മെനുവിൽ ഉൾപ്പെടുത്തിയത് ട്രംപിന്‍റെ നേട്ടങ്ങൾ സൂചിപ്പിക്കുന്ന പേരുകൾ നൽകിയ വിഭവങ്ങൾ. Thousand Island Salad, Korean Platter of Sincerity, Peacemaker's Dessert, അത്താഴവിരുന്നിൽ വിയറ്റ്നാം, ഓസ്ട്രേലിയ, കാനഡ, തുടങ്ങിയ രാഷ്ട്രമേധാവികൾക്ക് നൽകിയത് ട്രംപിന്‍റെ മകൻ എറിക് ട്രംപിന്‍റെ വൈനറിയിലെ പ്രത്യേക വീഞ്ഞ്. പ്രസിഡന്‍റ് ട്രംപ് അതെല്ലാം നന്നായി ആസ്വദിച്ചു.

ചൈനയുടെ മേധാവിത്വം

ഇതിനെല്ലാം കടകവിരുദ്ധമായിരുന്നു ചൈനീസ് പ്രസിഡന്‍റിന്‍റെ പെരുമാറ്റം. ബുസാനിലെ വ്യോമതാവളത്തിലായിരുന്നു കൂടിക്കാഴ്ച. വ്യാപാരയുദ്ധത്തിന്‍റെ തുടക്കത്തിലേ ചൈന സ്വീകരിച്ചത് പകരത്തിന് പകരം നയമാണ്. ട്രംപിന്‍റെ ചുങ്കം ചുമത്തലിനോട് ചൈനയുടെ പ്രതികരണം ആദ്യമേ കടുത്തതായിരുന്നു. ഒരു കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി, അപൂർവധാതുക്കളുടെ കയറ്റുമതി. ഒരു ഇറക്കുമതി നിർത്തി വച്ചു, സോയാബീൻ. അപൂർവധാതുക്കളാണ് ചൈനയുടെ ശക്തി. 90 ശതമാനവും ചൈനയുടെ വകയാണ്. സോയാബീൻ ഇറക്കുമതി നിർത്തിയ നടപടി കൊണ്ടത് ട്രംപിന്‍റെ റിപബ്ലിക്കൻ സംസ്ഥാനങ്ങൾക്കാണ്. അവിടത്തെ കർഷക‍ർ വലഞ്ഞു.

ഇതിൽ രണ്ടിലേയും ഇളവുകളാണ് അമേരിക്ക ലക്ഷ്യമിട്ടത്. അത് നടന്നു. അമേരിക്കൻ പ്രസിഡന്‍റ് ചുങ്കം 10 ശതമാനം കുറവ് വരുത്താൻ സമ്മതിച്ചു. അതിനുപകരം ട്രംപിന്‍റെ ഏറ്റവും വലിയ ആശങ്കയായ ഫെന്‍റനിൽ കടത്ത് നിയന്ത്രിക്കാമെന്ന് ചൈന സമ്മതിച്ചു. അത് നേരത്തെതന്നെ നടപ്പാക്കിത്തുടങ്ങിയിരുന്നു. ഇതോടെ ചുങ്കത്തിൽ 20 ശതമാനത്തിന്‍റെ കുറവ് വരും. ചൈനീസ് ഉത്പന്നങ്ങൾക്ക് ഇനി അമേരിക്കൻ വിപണിയിൽ വില കുറയും. മറ്റൊരു ട്രംപിയൻ ലക്ഷ്യം വ്യാവസായിക നിർമ്മാണം അമേരിക്കയിലേക്ക് മാറ്റുക എന്നതായിരുന്നു. അമേരിക്കൻ നിർമ്മാണരംഗത്ത് കോടികൾ നിക്ഷേപിക്കാമെന്ന് കമ്പനികൾ സമ്മതിച്ചുകഴിഞ്ഞു. വ്യാപാരക്കമ്മി നികത്തുക മറ്റൊരു ലക്ഷ്യം. അതിലും ധാരണയായി. ടിക് ടോക് ആയിരുന്നു മറ്റൊരു സംഘർഷ മേഖല. ചർച്ച തുടരാനാണ് തീരുമാനം.

(ട്രംപ് - ഷി കൂടിക്കാഴ്ച)

യുഎസിന്‍റെ അടിയറവ്

പക്ഷേ, ഏതാണ്ടൊരു അടിയറവ് പറയലായിരുന്നു കൂടിക്കാഴ്ച തന്നെയെന്നാണ് ഒരു പക്ഷം. കൂടിക്കാഴ്ച ചൈന സ്ഥിരീകരിച്ചത് തലേദിവസം. ആരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത് എന്ന് അതോടെ വ്യക്തമായി. ഷീയുടെ ചെവിയിൽ ട്രംപ് രഹസ്യം പറയാനാഞ്ഞു. കണ്ണു ചിമ്മാതെ ഷീ നിന്നു. അത്തരം രഹസ്യം പറച്ചിലുകൾ ബീജിംഗിന് താൽപര്യമില്ലാത്ത കാര്യമാണ്. അൺസ്ക്രിപ്റ്റഡ്, തയ്യാറെടുപ്പുകളില്ലാത്ത ഒന്നിലും ചൈന ഇടപെടില്ല. ട്രംപിനാണെങ്കിൽ അൺസ്ക്രിപ്റ്റഡ് ആണിഷ്ടവും. ഷീയെ കാറിനടുത്തുവരെ ട്രംപ് അനൂഗമിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഷീയെ വള‌ഞ്ഞു കൊണ്ടു പോയതോടെ ഒറ്റക്കായ അമേരിക്കൻ പ്രസിഡന്‍റ്, സ്വന്തം കാർ കണ്ടുപിടിക്കാൻ തിരിച്ചുനടന്നു. ഈ കൂടിക്കാഴ്ചക്ക് മാസങ്ങൾക്ക് മുമ്പുതന്നെ ഉദ്യോഗസ്ഥതല ചർച്ചകൾ തുടങ്ങിയിരുന്നു.

പക്ഷേ, ചൈന ഒന്നിലും അത്രക്ക് വിട്ടുകൊടുത്തില്ല. അപൂർവധാതുക്കളിലെ ഉദാരവിപണി നയത്തിൽ വാക്കുനൽകിയെങ്കിലും ചൈന അത് നടപ്പാക്കിയിട്ടില്ല. മറിച്ച് നിയന്ത്രങ്ങൾ കടുപ്പിച്ചു. കടുപ്പിച്ച നിയന്ത്രണങ്ങൾ മാത്രം പിൻവലിക്കാനാണ് ചൈന ഇപ്പോൾ സമ്മതിച്ചിരിക്കുന്നത്. എല്ലാം പിൻവലിക്കില്ല. ടിക് ടോക്കിലും ധാരണയായില്ല. ചൈന നൽകുന്ന വാക്കുകൾ പാലിക്കാറില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് നേരത്തെ ആരോപിച്ചിട്ടുണ്ട്. ഫെന്‍റാനിൽ കടത്തിൽ നേരത്തെയുണ്ടായ തീരുമാനങ്ങൾ അത്രക്ക് നടപ്പാക്കിയിട്ടില്ല. പക്ഷേ, നടപടികളെടുക്കുന്നുണ്ട്. കരിഞ്ചന്തയിലും ഇടപെട്ടു. അത് വിജയം. പക്ഷേ, വേണ്ടത്ര കരുത്തില്ല എന്നാണ് ട്രംപിന്‍റെ പക്ഷം. ചുങ്കം ആയുധമാക്കിയ ട്രംപ് അതിന് ചൈനയെ മുട്ടുകുത്തിക്കാനുള്ള കരുത്തില്ലെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് ഈ കൂടിക്കാഴ്ചയിൽ കൂടുതൽ വ്യക്തമായി. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളുമായും ട്രംപ് ഫെന്‍റാനിൽ തർക്കത്തിലാണ്. പക്ഷേ, അവർക്ക് ഇളവുകൾ നൽകിയിട്ടില്ല. അവരാണെങ്കിൽ ചെറിയ തോതിലെ ഫെന്‍റാനിൽ കടത്തിലും നടപടികളെടുത്തിട്ടുമുണ്ട്.

ഇനി വാൽക്കഷണമാണ്. ഈ ചർച്ച കൊണ്ടൊന്നും അമേരിക്ക - ചൈന ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കണ്ടെന്നാണ് നിരീക്ഷകപക്ഷം. മത്സരം അത്രക്കാണ്. എല്ലാ മേഖലകളിലും. ട്രംപ് കാർഡ് ചൈനയുടെ കൈയിലാണെന്നും പറയേണ്ടിവരും. ആര് തോറ്റു ആര് ജയിച്ചു എന്നൊന്നും പറയാനാവില്ലെങ്കിലും തൂക്കക്കുടുതൽ ചൈനയുടെ ഭാഗത്തെന്നാണ് വിലയിരുത്തൽ.