ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കോളം. Tulunadan kathakal A column on humour and satire by Tulu Rose Tony
എനിക്ക് പ്രേമിക്കണം, എനിക്ക് പ്രേമിക്കണം എന്നൊരൊറ്റ ചിന്തയേ പിന്നെ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, കാസറ്റ് തന്ന ചേട്ടനോട് ഒരു തരിമ്പും പ്രണയമൊട്ട് തോന്നിയതുമില്ല. ദൈവമേ! ആ ചേട്ടന്‍ വിളിക്കുമ്പോള്‍ എന്ത് പറയും?

ഡിഗ്രി സെക്കന്റ് ഇയറിന് പഠിക്കുമ്പോഴാണ് ഈസ്റ്റ് കോസ്റ്റ് വിജയന്‍ 'നിനക്കായ്' എന്ന ആല്‍ബം ഇറക്കുന്നത്. ഒരു വമ്പന്‍ ഹിറ്റായിരുന്നു അത് അക്കാലത്ത്. എല്ലാവരും 'നിനക്കായ്' കേട്ട് പ്രേമിക്കാന്‍ കയറ് പൊട്ടിച്ച് നില്‍ക്കുന്ന സമയം.
പ്രേമിച്ചിരുന്നവരും പ്രേമിക്കാത്തവരും ഇത് വരെ ഒരു ലൈന്‍ സെറ്റാകാത്തവരുമായ തരുണീമണികളും തരുണന്മാരും 'നിനക്കായ്' ആല്‍ബത്തിലെ ഓരോ വരികളും നെഞ്ചില്‍ ചേര്‍ത്ത് കിടന്നുറങ്ങിയിരുന്ന കാലം.
അതിലെ ഓരോ പാട്ടും അത്രക്ക് പ്രേമസുരഭിലമായിരുന്നു.

'നിനക്കായ് ദേവാ പുനര്‍ജനിക്കാന്‍
ഇനിയും ജന്മങ്ങള്‍ ഒന്ന് ചേരാന്‍..
അന്നെന്റെ ബാല്യവും കൗമാരവും
നിനക്കായ് മാത്രം പങ്ക് വെക്കാന്‍..
ഞാന്‍..പങ്ക് വെക്കാം'
ഇതാണ് ആ ആല്‍ബത്തില്‍ ആദ്യത്തെ പാട്ടിന്റെ വരികള്‍.
ഹോ! എന്താ ഒരു ഫീല്‍
കാര്യമിങ്ങനെ ഒക്കെ ആയിരുന്നുവെങ്കിലും എനിക്കന്നേ വരെ ആ കാസറ്റ് ഒന്ന് സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. പ്രണയത്തിനും പ്രണയപാട്ടുകള്‍ക്കും എതിരായിരുന്ന ഒരു അപ്പച്ചനും അമ്മയും ചേട്ടനും എനിക്കുമുണ്ടായിരുന്നു, മറ്റെല്ലാ പെണ്‍കുട്ടികളെയും പോലെ.
പ്രണയം തലക്ക് പിടിച്ച് ഭ്രാന്ത് ആയിരുന്ന എനിക്ക്, ഇങ്ങനത്തെ പാട്ടുകളും കൂടി കേട്ടാല്‍ കണ്ട ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോകുമോ എന്നൊരു പേടി അവര്‍ക്കും ഇല്ലാതിരുന്നില്ല. പേടിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് ഞാനും ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു. കാരണം, ഞാനൊരു തെറ്റില്ലാത്ത പ്രേമരോഗി ആയിരുന്നു.
ഇതിനെല്ലാമിടയില്‍ ഞങ്ങള്‍ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ താഴെ താമസിച്ചിരുന്നവരുടെ ഒരു ബന്ധു ചേട്ടന്‍ സ്ഥിരം അവിടേക്ക് വരുമായിരുന്നു.
ആദ്യമെല്ലാം സാധാരണ സംസാരങ്ങള്‍ ആയിരുന്നുവെങ്കിലും, പിന്നെ പിന്നെ ആ ചേട്ടന്റെ നോട്ടത്തിലും ഭാവത്തിലും എന്തൊക്കെയോ മാറ്റങ്ങള്‍ എനിക്ക് മനസ്സിലായി തുടങ്ങി. പതിയെ, ആ ചേട്ടന്‍ വരുന്ന സമയങ്ങളില്‍ ഒന്നുമറിയാത്തത് പോലെ മുറ്റത്ത് കറങ്ങി നടക്കുക, പട്ടിയെ മുള്ളിക്കാന്‍ കൊണ്ട് പോകുക , ഇതിനിടയില്‍ ഒരു കള്ള നോട്ടം കൊണ്ട് ആ ചേട്ടനെ വീണ്ടും പ്രേമാതുരനാക്കുക എന്നീ വക കലാ പരിപാടികളില്‍ ഞാന്‍ മുഴുകി.
ഒരു ദിവസം എനിക്കൊരു ഫോണ്‍ വന്നു. അപ്പുറത്ത് ആ ചേട്ടനായിരുന്നു.
'ഹ....ലോ'
ഞാന്‍ ശബ്ദത്തില്‍ അങ്ങേയറ്റം മൃദുത്വം കലര്‍ത്തികൊണ്ട് തിരിച്ചും ഹലോ പറഞ്ഞു.
'എന്നെ മനസ്സിലായോ?'
'ഉം'
'എനിക്ക്...'
' എന്താ ചേട്ടന്‍ വിളിച്ചേ?'
'അത്...ഒരു കാര്യം ചോദിക്കാനായിരുന്നു.'
'എന്തേ?'
' ഞാനൊരു സാധനം തന്നാല്‍ ടുലു അത് വാങ്ങുമോ?'
ങ്‌ഹേ! കര്‍ത്താവേ വല്ല ഉമ്മയെങ്ങാനും ആവോ?'
ഹേയ്! ഇത്ര വേഗം ഉമ്മയൊന്നും വരില്ല!? ഞാന്‍ സ്വയം ആശ്വസിപ്പിച്ചു.
'എന്താ ചേട്ടാ?'
'ഒരു ഗിഫ്റ്റായി കണ്ടാല്‍ മതി. വേറെയൊന്നും വിചാരിക്കണ്ട. ടുലുവിനെ ഓര്‍ത്ത് വാങ്ങിയതാ.'
മൈ ഗ്വാഡ് എന്താണെന്ന് ഒന്ന് പറയൂ മനുഷ്യാ, എന്നെയിങ്ങനെ തീ തീറ്റിക്കാതെ.
' എന്താന്ന് പറയാവോ?'
' അത് ഒരു ആല്‍ബം ആണ്.'
' ങ്‌ഹേ! എനിക്കെന്തിനാ ആല്‍ബം? അതിലൊട്ടിക്കാന്‍ എന്റെ ഫോട്ടോസ് ഒന്നുമില്ലല്ലോ''
' ശ്ശേ! ആ ആല്‍ബം അല്ല. ഇത് പാട്ടുകളാണ്. ടുലു അതൊന്ന് കേട്ടിട്ട് എന്നോട് അഭിപ്രായം പറയാമോ?'
' പാട്ടോ...കാസറ്റ് ആണോ?'
' ഉം, അതെ. തരട്ടേ?'
ഓ ഒരു കാസറ്റ് തരാനായിരുന്നോ ഇത്രേം വിക്കിയത് വെറുതേ ഒരുമ്മ പ്രതീക്ഷിച്ചു. ആ പോട്ടെ പാട്ടെങ്കില്‍ പാട്ട്
പിറ്റേ ദിവസം ചേട്ടന്‍ താഴേക്കെത്തുന്നതിന് മുന്നേ നല്ലൊരു ഉടുപ്പൊക്കെയിട്ട് ഞാന്‍ തോട്ടത്തിലിറങ്ങി. പറമ്പിലെ ഒള്ള തേങ്ങയും മാങ്ങയും എണ്ണി നിന്നു. കള്ളത്തരം മനസ്സിലുള്ളത് കൊണ്ട് 'ചേട്ടന്‍ വന്നില്ല്യേ' എന്ന് താഴത്തെ വീട്ടുകാരോട് ചോദിക്കാനും ഒരു മടി.
അങ്ങനെ അന്നുണ്ടായിരുന്ന എല്ലാ കൊതുകുകള്‍ക്കും എന്റെ ചോര ഫ്രീ ആയി കുടിക്കാന്‍ കൊടുത്തു കൊണ്ട് ഞാനവിടെ തേരാ പാര നടന്നു.
പെട്ടെന്ന്....
ആ ശബ്ദം..
ചേട്ടന്റെ കാറിന്റെ ശബ്ദം...
ഔ! കുളിര് വന്നു കേട്ടിട്ട്
ചേട്ടന്‍ കാറില്‍ നിന്നുമിറങ്ങി എന്നെ നോക്കി ഒന്ന് ചിരിച്ച് വരാന്തയിലേക്ക് പോയി. വരാന്തയിലാണ് എന്റെ അമ്മയും താഴത്തെ വീട്ടിലെ അമ്മാമ്മയും വൈകുന്നേരത്തെ സമ്മേളനം.
'ങാഹ! നീയിന്നെന്താടാ നേരം വൈക്യേ?' - അമ്മ ചോദിച്ചു.
'കമ്പനീല് കൊറച്ച് പണീണ്ടാരുന്നു ചേച്ച്യേ.' - ചേട്ടന്‍
ഞാനാണെങ്കില്‍ ശ്രദ്ധയാകര്‍ഷിക്കാന്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു നടന്നു കാലും കഴച്ചു. കോണിപ്പടിയുടെ ഇടയിലുള്ള ഒരു തൂണിന് മറഞ്ഞ് നിന്ന് കൊണ്ട് ചേട്ടനെ ഞാന്‍ കൈയും കലാശവും കാട്ടി മയക്കാന്‍ നോക്കി.
'ശൂ... ശൂ..'
ചേട്ടന്‍ ഒന്നുമറിയാത്ത ഒരു പൊട്ടനെ പോലെ തിരിഞ്ഞ് നോക്കി, പിന്നേയും പൊട്ടനേ പോലെ തന്നെ തിരിഞ്ഞുമിരുന്നു.
ശ്ശോ! ഇതെന്തൊരു കഷ്ടപ്പാട്.
എത്ര നേരം ഞാനിവിടെ കൊതുകിനെ തീറ്റ കൊടുത്ത് നില്‍ക്കും?
എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി.
പെട്ടെന്ന് അമ്മാമ്മ മാലാഖയായി മാറി.
'നീയിരിക്കെടാ. ഞാന്‍ പോയി ചായ എടുത്തോണ്ട് വരാം.'
ഹോ! സമാധാനം! ഒരു കുരിശ് പോയി.
ഇനി അടുത്തത് എന്റെ അമ്മക്കുരിശ്! ചേട്ടനോട് വര്‍ത്തമാനം തന്നെ വര്‍ത്തമാനം!
ഇവരിത് എന്നും കാണുന്നതല്ലേ, ഇതിനും മാത്രം വിശേഷമെവടന്ന് കിട്ടുന്നോ..എനിക്ക് ചവിട്ടി കുത്തി പോകാന്‍ തോന്നി.
അപ്പോഴാണ് അകത്ത് ഫോണ്‍ അടിച്ചത്. ഹാവൂ! അമ്മാമ്മയില്ലാത്തത് കൊണ്ട് അമ്മ അകത്തേക്ക് പോകും, ഉറപ്പ് .
അതേ പോലെ തന്നെ അമ്മ പോയി, കൂടെ എനിക്കൊരു വാണിങ്ങും.
'ടീ പെണ്ണേ, പോയിരുന്നു പഠിച്ചേടീ.'
'ങ്ഹാ'
അമ്മയും പോയ ഉടനെ ഞാനോടി വരാന്തയിലേക്ക് കയറി.
'താ താ...എവിടെ? വേഗം താ'
ചേട്ടന്‍ പോക്കറ്റില്‍ നിന്നും ഒരു ഗിഫ്റ്റ് പാക്കറ്റെടുത്ത് എനിക്ക് തന്നു. ഒരു കാമുകിക്ക് കൊടുക്കുന്നത് പോലെ.
അതെനിക്കിഷ്ടമായില്ലെങ്കിലും, പാട്ട് കേള്‍ക്കാനുള്ള ആവേശത്തില്‍ ഞാനതും വാങ്ങി മുകളിലേക്കോടി.
പിങ്ക് നിറമുള്ള പേപ്പറൊക്കെ ചന്നം പിന്നം കീറി കാസറ്റ് പുറത്തെടുത്തു.
കാസറ്റിന്റെ പുറത്ത് 'നിനക്കായ്' എന്ന് എഴുതിയിരിക്കുന്നത് കണ്ടു.
കേള്‍ക്കാന്‍ ആഗ്രഹിച്ച പാട്ടുകളാണ് ഉള്ളം കൈയില്‍.സന്തോഷം കൊണ്ട് ഒന്നൂടെ താഴെ പോയി ചേട്ടനെ ഉമ്മ വെക്കാന്‍ തോന്നി. പക്ഷേ, ഒട്ടും പരിഷ്‌കാരമില്ലാത്ത ഒരു ജനതക്കിടയിലാണ് ഞാന്‍ ജീവിക്കുന്നത് എന്ന ബോധം എന്നെ ഉമ്മ ഉദ്യമത്തില്‍ നിന്നും വിലക്കി.
ഞാന്‍ ആക്രാന്തത്തോടെ കാസെറ്റ്, പ്ലെയറില്‍ വെച്ചു.
ആദ്യം തന്നെ ഒരു ആമുഖം, അതും നല്ല കരുത്തുള്ള ശബ്ദത്തില്‍!
ഔ പിന്നേം കുളിര്!
ഒറ്റയിരുപ്പിന് മുഴുവന്‍ പാട്ടുകളും കേട്ട് തീര്‍ത്തു. വീണ്ടും വീണ്ടും കേട്ടു. ഓരോ പ്രാവശ്യവും കേള്‍ക്കുമ്പോഴും ഓരോരോ കാമുകന്മാരുടെ മുഖം തെളിഞ്ഞ് വരും.
എന്നാലുമിങ്ങനേമുണ്ടോ ഒരു പാട്ട്! എന്നെ വല്ലാതെയങ്ങ് പിടിച്ച് കുലുക്കി കളഞ്ഞു.
അതില്‍ 'ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം, എനിക്കെപ്പെഴോ തോന്നിയൊരിഷ്ടം..' ഈ പാട്ടൊക്കെ കേട്ട് 'സ്വതവേ ദുര്‍ബല; ഇപ്പോള്‍ ഗര്‍ഭിണീം' എന്ന ചൊല്ല് ഏറെക്കുറെ ഞാന്‍ അര്‍ത്ഥവത്താക്കി.
എനിക്ക് പ്രേമിക്കണം, എനിക്ക് പ്രേമിക്കണം എന്നൊരൊറ്റ ചിന്തയേ പിന്നെ എനിക്കുണ്ടായിരുന്നുള്ളൂ. പക്ഷേ, കാസറ്റ് തന്ന ചേട്ടനോട് ഒരു തരിമ്പും പ്രണയമൊട്ട് തോന്നിയതുമില്ല.
ദൈവമേ! ആ ചേട്ടന്‍ വിളിക്കുമ്പോള്‍ എന്ത് പറയും?
എന്നെ കാസറ്റിലൂടെ പ്രൊപ്പോസ് ചെയ്തതാണെന്ന് ഏത് പട്ടിക്കും പൂച്ചക്കും അറിയാനൊക്കും.
ഞാനെന്ത് പറയുമെന്റെ ഈശോയേ.., ഒരു തലതെറിച്ച വഴിയെനിക്ക് കാണിച്ച് തരേണമേ...!
പിറ്റേ ദിവസമെത്തി.
ചേട്ടന്റെ വിളി!
'ഹലോ ടുലൂ...'
'ആഹ്! ചേട്ടനാരുന്നോ? എന്താ വിളിച്ച്?'
അപ്പുറത്ത് നിശബ്ദത!
എന്നില്‍ നിന്നും അത്തരമൊരു പ്രതികരണം ആവില്ലല്ലോ പ്രതീക്ഷിക്കുക
'ഹലോ ഹലോ ചേട്ടാ, കട്ടായോ? കേള്‍ക്കുന്നില്ലേ?'
ഞാന്‍ തകര്‍ത്തഭിനയിച്ചു, ഒന്നും സംഭവിക്കാത്തത് പോലെ.
'ഹലോ ടുലൂ..' - ഇത്തവണ ശബ്ദം തീരെ പതിഞ്ഞിരുന്നു.
' ആഹ്, പറ'
' അത് പിന്നെ, പാട്ട് കേട്ടോ...?'
' ഏത് പാട്ട്? ഓ..ഇന്നലെ തന്നത് ലേ'
' അതെ, കേട്ടോ നീ?'
' അ- ആ കേട്ടു കേട്ടു. മുഴുവനും കേട്ടില്ല. എനിക്ക് ബോറടിച്ചു. അപ്പോ ഞാന്‍ നിര്‍ത്തി.'
കംപ്ലീറ്റ് നിശബ്ദത
'ചേട്ടാ, അതിലെ ആദ്യത്തെ പാട്ട് കൊള്ളാം കേട്ടോ. ചേട്ടന്‍ കല്യാണം കഴിക്കുമ്പോള്‍ പെണ്ണിന് പാടിക്കൊടുക്കാം.'
/ക്ണിക്/
അപ്പുറത്ത് ഫോണ്‍ വെച്ച ശബ്ദം കേട്ടപ്പോള്‍ എനിക്ക് വിഷമൊന്നും വന്നില്ല, പകരം സന്തോഷം തോന്നി.
ആ കാസറ്റ് ഇനി എന്റെ ആണല്ലോ.
എന്നുമെന്നും 'നിനക്കായ്' കേട്ടുറങ്ങാമല്ലോ. പുതിയ ആരെയെങ്കിലും എനിക്ക് പ്രേമിക്കാന്‍ തോന്നിയാല്‍ ആ കാസറ്റെടുത്ത് കൊടുക്കാമല്ലോ.
ഇന്നും, വര്‍ഷമിത്ര കഴിഞ്ഞിട്ടും എനിക്കേറ്റവും ഇഷ്ടമുള്ള ആല്‍ബങ്ങളില്‍ ഒന്നാമത് നില്‍ക്കുന്നതാണ് ' നിനക്കായ്'
'ഒന്നിനുമല്ലാതെ എന്തിനാ തോന്നിയൊരിഷ്ടം..
എനിക്കെപ്പെഴോ തോന്നിയൊരിഷ്ടം..'
സംശയം: ഒന്നിനുമല്ലാതെ അങ്ങനെ വെറുതേയൊക്കെ ഇഷ്ടം തോന്നുമോ, ങ്‌ഹേ?


