Asianet News MalayalamAsianet News Malayalam

നാടന്‍ പെണ്ണും മോഡേണ്‍ പെണ്ണും; ഒരു പെണ്ണുകാണല്‍ കഥയിലെ അപ്രതീക്ഷിത ട്വിസ്റ്റ്!

 ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

tulunadan kathakal humour column by tulu rose tony
Author
First Published Mar 4, 2024, 6:14 PM IST

കുറച്ച് കഴിഞ്ഞ് ഒരു കാര്‍ എന്റെ മുന്നില്‍ വന്ന് നിന്നു.  ദൈവമേ ! എത്തിപ്പോയ്. ഡോര്‍ തുറന്നകത്ത് കയറിയതും ഞാന്‍ ഞെട്ടി. എന്റെ രൂപം കണ്ട് ചെക്കനും ഞെട്ടി. ഞെട്ടല്‍ പരസ്പരം പുറത്ത് കാണിക്കാതെ ഞങ്ങള്‍ ചിരിച്ചു.

tulunadan kathakal humour column by tulu rose tony


അന്ന് ഞാനെഴുന്നേറ്റതേ ഒരു കല്യാണ മണി എന്റെ നെറുകുംതലയില്‍ അടിക്കുന്ന ശബ്ദം കേട്ട് കൊണ്ടാണ്. 

അതെ അവസാനം എന്റെ സമയവും അടുത്തിരിക്കുന്നു. മനസ്സ് പറയുന്നു, 'ടുല്വോ, നീ തീര്‍ന്നെടീ തീര്‍ന്നു!'

എഴുന്നേറ്റ് കുറച്ച് കഴിഞ്ഞതും വീട്ടില്‍ നിന്നും ഫോണ്‍. 

'ഹലോ, നീ എഴുന്നേറ്റാ?'

'ആ, എണീറ്റു. എന്താ എണിക്കണ്ടേ?'

'അതേയ്, ഒരാലോചന വന്നിട്ടുണ്ട്.'

'ആഹാ, ഞാനൊന്നാലോചിക്കട്ടെ ആലോചിക്കണോന്ന്.'

'എന്താന്ന്?'
'അല്ലാ, എനിക്ക് കെട്ടാറായോ എന്ന് ഞാനൊന്നാലോചിക്കട്ടേന്ന്.'

'നീ ആലോചിച്ചവിടെയിരുന്നോ. ഞങ്ങളിത് ഓക്കെ പറയാന്‍ പോവ്വാ.'

'അയ്, നിക്ക് നിക്ക്. എന്താ ചെക്കന്റെ പേര്?'

'ഹഹഹഹഹഹഹഹ'

'അത്ര വളിച്ച പേരാണോ ഇങ്ങനെ കിടന്നിളിക്കാന്‍?'

'ഹേയ്, അതല്ലെടീ. ടോണീന്നാ പേര്.'

'ങ്‌ഹേ! ടോണീന്നോ, അപ്പച്ചന്റെ പേര് തന്ന്യാ? ശ്ശെ എന്നാ വേണ്ടെന്ന് വെച്ചോ.'

'ങേ അതെന്താ, നിന്റപ്പച്ചന്റെ പേരിന് എന്താ ഒരു കുറവ്?'

'കുറവൊന്നൂല്ല്യ കൂടുതലായിരിക്കും, അഹങ്കാരം! ടോണി എന്ന് പേരുള്ളവരൊക്കെ അഹങ്കാരികളായിരിക്കും. രണ്ടഹങ്കാരികള്‍ തമ്മില്‍ ചേര്‍ന്നാല്‍ ശരിയാവില്ല. അത് മാത്രല്ല, എനിക്കെന്റെ പേരിന്റെ വാലില് ടോണീന്നിനി വേണ്ട. വേറെ നല്ല സ്‌റ്റൈലന്‍ പേര് വേണം.'

ഫോണ്‍ അമ്മയില്‍ നിന്നും അപ്പച്ചനിലേക്ക് കൈമാറിയത് ഞാനറിഞ്ഞില്ല.

'പിന്നെ നിനക്കേത് പേരാ വേണ്ടേ?'

'അത് പിന്നെ അപ്പച്ചാ, ഈ ടോണി നമുക്ക് ഒന്ന് പോരേ?'

അപ്പച്ചന്‍ മുറുക്കമുള്ള ശബ്ദത്തില്‍ ഒന്ന് മൂളി.

'ഏതായാലും നിന്നെ കാണാന്‍ വരും ചെക്കന്‍. ബാക്കിയൊക്കെ പിന്നെ.'

കുന്തം!

ഇതാണീ അപ്പച്ചന്റെ ഒരു കുഴപ്പം. വെട്ടൊന്ന് മുറി രണ്ട്. വെറുതെയങ്ങ് കേറി വിറപ്പിക്കും.

 

Also Read: ദൈവമേ, അവളുടെ മൂക്ക് പഴുക്കണേ..., അതായിരുന്നു അന്നെന്റെ ഏക പ്രാര്‍ത്ഥന!

 

ആഹ് എന്തായാലും വരട്ടെ! ഒന്ന് കണ്ട് നോക്കാം. പേടിപ്പിച്ച് വിട്ടേക്കാം. എനിക്കാണെങ്കില്‍ പെണ്ണുകാണല്‍ എന്ന പരിപാടി അത്ര വശവുമില്ല. 

ഈ പെണ്ണുകാണല്‍ തകര്‍ത്ത് തരിപ്പണമാക്കി കൊടുക്കണം. എന്താണെങ്കിലും എനിക്ക് ടോണി എന്ന് പേരുള്ള ഒരാളെ വേണ്ട, തീരുമാനിച്ചു.

ഇതേ സമയം വീട്ടില്‍ വേറൊരു നാടകം അരങ്ങേറുന്നുണ്ടായിരുന്നു. ബ്രോക്കറും അമ്മയും തമ്മിലായിരുന്നു അത്. 

ബ്രോക്കര്‍ : അതേയ്, ചെക്കനിത്തിരി ഫാഷനിഷ്ടള്ള കൂട്ടത്തിലാ.

അമ്മ: ആ, അതിപ്പോ എന്റെ മോളും ഒട്ടും കുറവില്ല.

ബ്രോക്കര്‍ : അല്ലാ, അത് പിന്നേയ് ചെക്കന് ജീന്‍സൊക്കെ ഇടണതാ ഇഷ്ടം.

അമ്മ : ചെക്കന്‍ ജീന്‍സിട്ടോട്ടെ. മുണ്ടുടുക്കാന്‍ ഞങ്ങള് നിര്‍ബന്ധിക്കില്ല.

ബ്രോക്കര്‍ : ങ്‌ഹേ!

അമ്മ : ഹും 

ബ്രോക്കര്‍ : അതല്ല, പെണ്‍കുട്ടി ജീന്‍സിടണതാ ചെക്കനിഷ്ടം ന്ന്. ഇവിടുത്തെ കുട്ടി ബാംഗ്ലൂരിലൊക്കെ ആയതോണ്ട് ജീന്‍സൊക്കെ ഇടുവല്ലോ അല്ലേ?

അമ്മ : ഉറങ്ങുമ്പോ അല്ല.

ബ്രോക്കര്‍ : അത് ഓക്കേ. കുട്ടിയോടൊന്ന് പറയണേ, ചെക്കന്‍ വരുമ്പോ മോഡേണായിട്ട് ചെല്ലാന്‍.

 

Also Read: കുടിനിര്‍ത്താന്‍ പട്ടിമൂത്രം ചേര്‍ത്ത കാപ്പി, സംഗതി സക്‌സസ്, ഞാന്‍ ഗ്യാരണ്ടി!

 

ഈ ഒരു സംഭാഷണത്തിന് ശേഷം അമ്മ നേരെ എന്നെ വിളിക്കുന്നു. 

'എടീ, നീയൊരു കാര്യം അറിഞ്ഞാ?'

'ഇല്ല, എന്താ?'

'ആ ചെക്കനില്ലേ ടോണി, കല്യാണാലോചന വന്ന? അവനും നിന്നേ പോലെയാത്രേ.'

'അതെന്താ, ഭയങ്കര ബുദ്ധിയാണോ?'

'പൊന്ന് മോളേ, ഇങ്ങനത്തെ വളിപ്പൊന്നും നീയാ ചെക്കനോട് പോയി പറയല്ലേട്ടാ. അവന്‍ കരഞ്ഞ് പോകും.'

'ഓ നിങ്ങളൊക്കെ വല്യ തമാശക്കാര് '

'അതൊക്കെ പോട്ടെ. എടീ ടുലൂ, ചെക്കന്‍ ഭയങ്കര മോഡേണ്‍ ആണത്രേ. അതോണ്ട് നീ...'

'അതോണ്ട് ഞാന്‍ നാടനാവണോ?'

'ആയ്  പിന്നേം അതേ വളിപ്പ്.'

'ആഹ്! ചെക്കന്‍ മോഡേണായിട്ട്? ബാക്കി പറ.'

'അല്ല ചെക്കനേ മോഡേണായത് കൊണ്ട് നീ ജീന്‍സും ടോപ്പും ഇട്ട് പോയാ മതിയെന്നാ പറഞ്ഞത്.'

'ആര് പറഞ്ഞു, ചെക്കനോ?'

'അല്ല, ബ്രോക്കറ്.'

'എന്നാ പിന്നെ അയാള് അയാടെ മോളെ കെട്ടിച്ച് കൊടുത്തോട്ടെ '

'ഹ നീ ചൂടാവാതെ. ചെക്കനതാ ഇഷ്ടമെങ്കില്‍ നീയങ്ങനെ പൊക്കോ. നീയിടാത്ത വേഷം ഒന്നുമല്ലല്ലോ.'

'ഞാനെനിക്ക് തോന്നിയതിടും. ചെലപ്പോ...'

'ഉം?'

'ഞാനൊന്നാലോചിക്കട്ടേന്നേ'

ഞാന്‍ ഫോണ്‍ വെച്ചു.

ഞാനിരുന്ന് ആലോചിച്ചു. എങ്ങനെ ആയിരിക്കും പെണ്ണ് കാണല്‍? എവിടെ വെച്ചായിരിക്കും പെണ്ണ് കാണല്‍? എന്തൊക്കെ പറയണം, എന്തൊക്കെ പറയരുത്..! ഹോ ഒരു പ്രബന്ധം തന്നെ ഇതിനെ പറ്റി തയ്യാറേക്കേണ്ടി വരും.

പിറ്റേ ദിവസം വീണ്ടും ദേ അമ്മ ഫോണില്‍ :

അമ്മ : എടീ നീ തീരുമാനിച്ചാ? 

ഞാന്‍ : എന്ത്?

അമ്മ : ജീന്‍സിട്ട് പോകാന്‍..!?

ഞാന്‍ : വേറൊരു പണീമില്ലേ? ദേ, അധികം കളിച്ചാല് ഞാന്‍ ഉടുപ്പിടാതെയങ്ങ് പോകുമേ. 

അമ്മ : അയ്യോ, ചതിക്കരുത്. ആ ചെക്കനെ കൊലക്ക് കൊടുക്കരുത്.

 

Also read: അവര്‍ ആലിംഗനത്തോടാലിംഗനം, ദൈവമേ, സീനത്ര വെടിപ്പല്ല!

 

പിന്നേയും ഫോണ്‍ കട്ട്. 
ഞാന്‍ വളരെ സീരിയസ്സായി ഈ ചെക്കനെ പറ്റി ചിന്തിക്കാന്‍ തുടങ്ങി. 
ഇങ്ങേര് ആള് കൊള്ളാമല്ലോ. മോഡേണായ പെണ്ണുങ്ങളെ മാത്രേ ഇഷ്ടപ്പെടൂ? ചുരിദാറിട്ട് ചെന്നാല് നോക്കില്ലേ! ആഹ! എന്നാലതൊന്നറിയണമല്ലോ... കല്യാണം കഴിച്ചില്ല, അതിന് മുന്നേ ഓര്‍ഡര്‍. ജീന്‍സിടണം പോലും! ഒരു പത്ത് പാഠം പഠിപ്പിക്കണം ചെക്കനെ. അല്ലാതെ ഇനി രക്ഷയില്ല. ഇനി മേലില് അങ്ങേര് പോലും ജീന്‍സിടരുത്..!

അങ്ങനെ ആ സുദിനം എത്തി. രാവിലെ തന്നെ ജീന്‍സ് റിമൈന്‍ഡര്‍ വിളിച്ചു. വിനയത്തോടെ ഞാന്‍ നിന്ന് മൂളിക്കൊടുത്തു. 

'നീയിടില്ലേടീ?'

'ഇടാം അമ്മച്ചീ.'

'സത്യായിട്ടും?'

'ഉം ന്ന്. ദേ ഇടുവാ.'

'ഉം. ഡീസന്റായി സംസാരിക്കണം. കേട്ടല്ലോ.'

'അത് പിന്നെ പറയാനുണ്ടോ!'

'ഉം ശരി.'

അലമാരയില്‍ നിന്നും ഏറ്റവും പഴയ ഒരു കറുപ്പ് ചുരിദാര്‍ ഞാന്‍ എടുത്തു. ചുരിദാറിട്ട്, ഷോളിട്ട്, പൊട്ട് വെച്ച്, മുടി പിന്നിയിട്ട് ഞാനെന്നെ നോക്കി. 

ആഹ സൂപ്പര്‍! 
നല്ല തനി നാടന്‍ ഇനം!

അന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് ബാങ്കിന് മുന്നില്‍ ഞാന്‍ കാത്ത് നിന്നു.
ഈശ്വരാ, ഭഗവാനേ എല്ലാം ഭംഗിയായി നശിപ്പിച്ച് തരണേ.

ഞാന്‍ എന്ന തന്നെയൊന്ന് നോക്കി. ചെറുതായി ഒരു വിറയുണ്ടോ? 
ഹേയ്, തോന്നലാ. 

കുറച്ച് കഴിഞ്ഞ് ഒരു കാര്‍ എന്റെ മുന്നില്‍ വന്ന് നിന്നു. 
ദൈവമേ ! എത്തിപ്പോയ്. ഡോര്‍ തുറന്നകത്ത് കയറിയതും ഞാന്‍ ഞെട്ടി. എന്റെ രൂപം കണ്ട് ചെക്കനും ഞെട്ടി. ഞെട്ടല്‍ പരസ്പരം പുറത്ത് കാണിക്കാതെ ഞങ്ങള്‍ ചിരിച്ചു.

'ഹായ്'

'ഹലോ'

'ഞാന്‍ ടോണി.'

ആഹ ഞാനും വിടില്ല.

'ഞാന്‍ റോസ്.'

തീര്‍ത്തും സൈലന്‍സ്. ഹോ അണ്‍സഹനീയം!

ചെക്കന് എന്തെങ്കിലുമൊക്കെ ചോദിച്ചൂടേ? ഞാനായിട്ട് തുടങ്ങണോ? 
ഞാന്‍ തുടങ്ങി.

'എത്രയാ ഹൈറ്റ്?

'സിക്‌സ്'

'വെയ്.... '

'ഹ് എന്താ?' 

'ഏയ് ഒന്നുമില്ല.'

'റോസ് നമുക്കേതെങ്കിലും റെസ്റ്ററന്റില്‍ പോയിരുന്ന് മിണ്ടാം.'

'ഓ ഓക്കേ.'

കാര്‍ നേരെ M.G. റോഡിലേക്ക് വിട്ടു. അവിടെ ഒരു റെസ്റ്ററന്റിന് മുന്നില്‍ കാര്‍ നിന്നപ്പോള്‍ ഞങ്ങളിറങ്ങി. 

നടന്ന് പോകുമ്പോള്‍ ഞാന്‍ ചെക്കനെ നല്ല പോലെ ഒന്ന് നോക്കി.

നല്ല പൊക്കം, അതിനനുസരിച്ച് തടി, ചുരുണ്ട മുടി, ഇരുനിറം ആകെ മൊത്തം ഒരു ആനച്ചന്തം. 

ശ്ശോ! ജീന്‍സിട്ട് വന്നാ മതിയാരുന്നു. 

ഒരു മേശക്കപ്പുറവും ഇപ്പുറവുമായി ഞങ്ങളിരുന്നു. വീണ്ടും ഞാനിളിച്ചു. സത്യമായും എന്റെ ചിരി ബോറായിരുന്നു.

'എന്താ വേണ്ടേ റോസ്?'

'ബിരിയാ..... അല്ല ജ്യൂസ് മതി.'

'കഴിക്കാന്‍?'

'ജ്യൂസ് മാത്രം മതി.'

എവിടെ പോയാലും മെനു മുഴുവന്‍ നോക്കിയിട്ട് ബിരിയാണി പറയുന്നതാണ് എന്റെ ശീലം. ഒരു സുഖം!

'ഞാന്‍ വിചാരിച്ചു റോസ് കുറച്ച് മോഡേണായിരിക്കും എന്ന്, ചുരിദാറൊക്കെ ഇട്ടാണല്ലോ.'

'ഞാന്‍ ഒരു നാടനാ.'

'റോസിന് ഞാനുമായി പൊരുത്തപ്പെടുവാന്‍ പറ്റുമോന്നറിയില്ല. കാരണം, എന്റെ തോട്ട്‌സ് ഡിഫറന്റാണ്.'

'എന്റേം.'

'എങ്ങനെ?'

'അത് പിന്നെ, എനിക്ക് കുക്കിങ്ങ് ഇഷ്ടല്ല. പിന്നെ വീട്ട് പണിയാണേല് ഒട്ടും ഇഷ്ടല്ല. സാധാരണ പെണ്ണുങ്ങളുടെ പോലെയേ അല്ല ഞാന്‍. ഭയങ്കര ഡിഫറന്റാ.'

'---'

'പിന്നെ ദ്വേഷ്യം വന്നാല് എന്തേലുമൊക്കെ എറിഞ്ഞ് പൊട്ടിക്കണം. പേടിക്കണ്ട, എറിഞ്ഞ് പൊട്ടിക്കുന്നതോടെ എന്റെ ദ്വേഷ്യം പോകും. പിന്നെ ഞാന്‍ ലവബിള്‍ ആകും.'

'---'

'പിന്നെ പറയുമ്പോ എല്ലാം പറയണമല്ലോ. എന്നെ പറ്റി ഒല്ലൂര് അന്വേഷിച്ചാല് അത്ര നല്ല അഭിപ്രായൊന്നും കിട്ടില്ല.?'

ഞെട്ടി, ശരിക്കും ഞെട്ടി.

'ഹേ പേടിക്കണ്ട. എന്റെ പ്രേമം ഒരു ആകാശവാണി ആയിരുന്നു.'

'എന്ത്?'

'നാട്ടീ മൊത്തം പാട്ടായിരുന്നൂന്ന്. പിന്നെ പ്രേമം പൊളിഞ്ഞു. അതൊക്കെ ഒരു തെറ്റാണോ..? സ്വാഭാവികം. അതിനാണീ നാട്ടാര് ഓരോന്ന് ഇല്ലാത്തത് പറയണത്. ഹും '

ജ്യൂസ് വന്നതും ഞങ്ങള്‍ രണ്ട് പേരും മല്‍സരിച്ച് ജ്യൂസ് കുടിച്ചു. അതിലും ഞാന്‍ ജയിച്ചു. ഞാന്‍ ഫസ്റ്റ്! 

മ്മളോടേയ്! 

'ഇനി ടോണി പറ.'

'നമുക്ക് പോയാലോ?'

'ങ്‌ഹേ! അതെന്താ, ഒന്നും പറയാനില്ലേ?'

'കാണാനാണല്ലോ വന്നത്. കണ്ടു! ഇനി സംസാരം പിന്നെ.'

'എന്നെ കണ്ടിട്ടെന്താ അഭിപ്രായം, നല്ലതല്ലേ?'

'പിന്നേ...'

ഞങ്ങള്‍ എണീറ്റു. തിരിച്ച് ഹോസ്റ്റലിലില്‍ എന്നെ ഇറക്കിയതിന് ശേഷം ചെക്കന്‍ പോയി. 

ഞാന്‍ നേരെ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു. 

'അതേയ്, ഇത് വേണ്ട ട്ടാ. ശരിയാവില്ല.'

'അതെന്താ?'

'ഹോ ചെക്കന് ഭയങ്കര ജാഢയാ. എനിക്ക് ചേരില്ല.'

'ഉം നോക്കട്ടെ അവരെന്താ പറയണേന്ന്.'

'അവര് പറയണത് എന്തിനാ നോക്കണേ? ഞാന്‍ പറയണത് നോക്കിയാ മതി.'

വീണ്ടും ഞാനറിയാതെ ഫോണ്‍ അപ്പച്ചന്റെ കൈയിലായി.

'എന്താ ടുലൂ?'

'അല്ലപ്പച്ചാ, ഇതേയ് വേണ്ട.'

'ഉം ഓക്കെ. വെച്ചോ.'

ഇതേ സമയം ചെക്കനും ഫോണിലായിരുന്നു, ചെക്കന്റെ അമ്മയുമായി. 

'ആ കുട്ടി വേണ്ട'

'അതെന്താ, നീയതിനെ കെട്ടിയാ മതി.'

'ഏയ് അതൊരു നാടന്‍ കുട്ടിയാ. പാവമാന്ന് തോന്നുന്നു. ഞാനുമായിട്ടതിന് അഡ്ജസ്റ്റ് ചെയ്യാനൊന്നും പറ്റില്ല.'

 

ശേഷം സ്‌ക്രീനില്‍...

ആദ്യരാത്രിയില്‍ ചെക്കന്റെ ചോദ്യം:

'നീയെന്തിനാ അന്ന് ചുരിദാറിട്ട് വന്നെ?'

'മനപ്പൂര്‍വ്വം ഇട്ടതാ.'

'എന്തിന്?'

'വെറുതെ, ഒന്ന് പറ്റിക്കാന്‍. ഒരു രസം' 

'അല്ലാതെ അനുസരണ ഇല്ലാത്തോണ്ടല്ല?'

വീണ്ടും നല്ല ഒരു ഇളിയോടെ ലൈറ്റ്‌സ് ഓഫ്.

 

ശുഭം.

എനിക്കെന്റെ പേരിന്റെ പുറകില്‍ അപ്പച്ചന്റെ പേര് വെക്കാനാ യോഗം. ഞാനെത്ര വിചാരിച്ചാലും അതൊട്ട് മാറുകയുമില്ല. അതാണ് ജീവിതം! 

 

ടുലുനാടന്‍ കഥകള്‍:  ഇവിടെ ക്ലിക്ക് ചെയ്താല്‍ ഒരു രസമൊക്കെ ഉണ്ടാവും!

Follow Us:
Download App:
  • android
  • ios