ടുലുനാടന്‍ കഥകള്‍. ടുലു റോസ് ടോണി എഴുതുന്ന കുറിപ്പുകള്‍ തുടരുന്നു

അതേ സമയം, ക്ലോഡിയസ് രാജാവിന്റെ പട്ടാള വ്യൂഹത്തിന്റെ കുതിരക്കുളമ്പടികള്‍ ഞങ്ങള്‍ കേട്ടു. 

വധൂ-വരന്മാരെ പുറക് വശത്തെ വാതിലിലൂടെ പറമ്പിലെത്തിച്ച്, അവിടെയുണ്ടായിരുന്ന ഒരു പൊട്ടക്കിണറ്റിലവരെ തള്ളിയിട്ട്, അവരെ ഒരു വിധം രക്ഷിച്ചുവെങ്കിലും എന്നെ സൈന്യം പിടി കൂടി.

പെണ്‍കുട്ടീ, ആണ്‍കുട്ടാ ഇവിടെ ശ്രദ്ധിക്കൂ... 

നിങ്ങള്‍ക്ക് ഞാനെന്നെ പരിചയപ്പെടുത്തി തരാം. 

എന്റെ പേര് വാലന്റയിന്‍. 300 വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോമില്‍ ജീവിച്ചിരുന്ന ഒരു പാതിരി ആണ് ഈ ഞാന്‍. എന്റെ പ്രധാന തൊഴില്‍ കല്യാണം കഴിപ്പിക്കലാണ്. എനിക്കോ കെട്ടാനൊത്തില്ല. എന്നാപ്പിന്നെ എല്ലാത്തിനേം പിടിച്ച് കെട്ടിപ്പിക്കാം. അങ്ങനെ അവരനുഭവിക്കണത് കാണുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം. എന്റെ പൊന്ന് മക്കളേ, അതൊന്നും വര്‍ണ്ണിക്കാന്‍ വാക്കുകള്‍ ഇല്ല. 

അങ്ങനെ കല്യാണങ്ങള്‍ നടത്തി, നല്ല ശാപ്പാടുമടിച്ച് ജീവിതം ലാവിഷായി പൊവുമ്പോഴായിരുന്നു ഇടിത്തീ വീണത് പോലെ അത് സംഭവിച്ചത്. 

റോം ഭരിക്കുന്ന ക്ലോഡിയസ് എന്ന പരമ ദുഷ്ടനായ രാജാവ് ഒരു അന്ത്യശാസനം ചെണ്ട കൊട്ടി അറിയിച്ചു. അല്ലേലും രാജ്യം ഭരിക്കുന്നവരൊക്കെ ഇങ്ങനെ തന്നെയാ. വെറുതേ ഓരോന്ന് വിളംബരിച്ച് കൊണ്ടിരിക്കും.

'ഠും ഠും ഠും... 
മാന്യമഹാ പ്രജകളേ... ഇതാ നിങ്ങള്‍ക്കായി പ്രഭുവിന്റെ കല്‍പ്പന.

പട്ടാള വിപുലീകരണത്തിനായി രാജ്യത്തിലെ ചെറുപ്പക്കാരെല്ലാവരും എത്രയും പെട്ടെന്ന് സൈന്യത്തില്‍ ചേരേണ്ടതായി അറിയിച്ച് കൊള്ളുന്നു. കല്‍പ്പനയെ എതിര്‍ക്കുന്ന പക്ഷം, എതിര്‍ക്കുന്നവരെ ഓടിച്ചിട്ട് പിടിച്ച് കഠിന ശിക്ഷകള്‍ക്ക് വിധേയരാക്കുന്നതുമായിരിക്കും. ഠും ഠും ഠും...'

ഇത് കേട്ട് രാജ്യത്തെ ചെറുപ്പക്കാരായ പുരുഷ കേസരികള്‍ ഭാര്യമാരെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി. 

കല്യാണം കഴിക്കാത്ത ചെറുപ്പക്കാര്‍ തങ്ങള്‍ക്ക് ഇനി കെട്ടാനൊക്കില്ലല്ലോ എന്നോര്‍ത്ത് കരയാന്‍ തുടങ്ങി.

ഇതറിഞ്ഞ ക്ലോഡിയസ് രാജാവ് മൂക്കത്ത് വിരല്‍ വെച്ചു. 

'ഹെന്ത് ഇത്രക്കും വലിയ പെണ്‍കോന്തന്മാരോ നമ്മുടെ പ്രജകള്‍? ചേയ്! നാണക്കേട് തന്നെ. രാജ്യം നന്നാവാന്‍ സമ്മതിക്കില്ലേടേയ്. '

കോപിഷ്ഠനായ രാജാവ് ഒരു വിളംബരം കൂടി നടത്തി. രാജ്യത്തെ പുരുഷന്മാര്‍ ഒരിക്കലും വിവാഹിതരാകാന്‍ പാടില്ല എന്നതായിരുന്നു ആ കല്‍പ്പന. 

ഇത് കേട്ട് പള്ളിയില്‍ മൂന്ന് പ്രാവശ്യം വിളിച്ച് ചൊല്ലി അടുത്ത ഞായറാഴ്ചക്ക് കല്യാണം കഴിക്കാന്‍ തയ്യാറായി നിന്നിരുന്ന അവറാനും ഇട്ടീരയും പള്ളിയിലേക്ക് കുതിച്ചു. 

തിരുരൂപത്തിന് മുന്നില്‍ മുട്ട്കുത്തി നിന്ന് ക്ലോഡിയസിനെ കുറ്റം പറഞ്ഞ് കൊണ്ട് നിന്നിരുന്ന എന്റെ മേലേക്കവര്‍ ആര്‍ത്തലച്ച് വീണു.

'അച്ചോ, പൊന്നച്ചോ... അച്ചനറിഞ്ഞാ കാര്യങ്ങള്? രാജാവ് ചതിച്ചച്ചോ, രാജാവ് ചതിച്ചു. ഞങ്ങളിനി എന്നാ ചെയ്യുമെന്റെ പൊന്നച്ചോ. സഹിക്കാന്‍ മേലച്ചോ.'

നിലത്ത് നിന്നും എഴുന്നേറ്റ് ഞാനവരെ ആശ്വസിപ്പിച്ചു.

'അവറാനേ, ഇട്ടീരേ നിങ്ങളിങ്ങനെ അസ്വസ്ഥരാകാതെ. എല്ലാറ്റിനും വഴി കര്‍ത്താവ് ഉണ്ടാക്കും.'

'ഓ പിന്നേ! കുറേ ഒണ്ടാക്കും. എല്ലാരും രാജാവിന്റെ കൂടെയാ അച്ചോ. ഞങ്ങടെ വിഷമം വല്ലോം അച്ചനറിയാവോ?'

'എന്താണവറാനേ, കെട്ടിയില്ലെങ്കില്‍ ഇപ്പോ എന്നതാ കുഴപ്പം? മകനേ ഇട്ടീരേ , സത്യത്തീ നീയൊക്കെ കെട്ടിയാല്‍ ദിവസോം യുത്തമാരിക്കും യുത്തം. അതേ സമയം പട്ടാളത്തീ ചേര്‍ന്നാല് കൊല്ലത്തില് മൂന്നോ നാലോ യുദ്ധം ചെയ്താല്‍ മതി. ചിലപ്പോ അത്രക്കൊന്നും വരത്തുമില്ല. ഒന്നില് തീരും.'

'ഹെന്ത്? യുദ്ധമോ?'

'അല്ല, നിങ്ങളേയ്.'

'അച്ചോയ്. അച്ചന്റച്ചനെ വിളിപ്പിക്കല്ല് കേട്ടാ.'- ഇട്ടീര പല്ല് കടിച്ചു.

'അല്ലാ ഞാനൊരു പ്രാസത്തിനങ്ങ് വെച്ച് കാച്ചിയതല്ല്യോടാ മക്കളേ.' - അവറാനില്‍ നിന്നും ഇട്ടീരയില്‍ നിന്നും ഒരു കൈയ്യകലം ഇട്ട് നിന്ന് ഞാന്‍ തുടര്‍ന്നു.

'ആഹ് ! ശരി. നിങ്ങളുടെ വിഷമം ഞാന്‍ മനസ്സിലാക്കില്ലെന്ന് വേണ്ട. നമുക്കൊരു കാര്യം ചെയ്യാം. ആരും അറിയാതെ സൂത്രത്തില്‍ ഞാന്‍ നിങ്ങളുടെ കല്യാണം നടത്തി തരാം.'

അവറാനും ഇട്ടീരയും ഷര്‍ട്ടിന്റെ കോളര്‍ കൊണ്ട് കണ്ണ് തുടച്ച് അച്ചനെ നോക്കി, വിശ്വാസം വരാതെ.

'ആന്ന്! ഞാന്‍ നടത്തി തരാം. പക്ഷേ, നിങ്ങള് കല്യാണം കഴിക്കുന്ന കാര്യം നിങ്ങളും ഞാനുമല്ലാതെ വേറൊരു ഈച്ച പോലും അറിയരുത്.'

'ഇല്ലച്ചോ ഇല്ല. ഞങ്ങള് കെട്ടണ കാര്യം ഞങ്ങടെ പെണ്ണുങ്ങളെ പോലും ഞങ്ങളറിയിക്കില്ല. സത്യമാണച്ചോ.' - അവറാനും ഇട്ടീരയും വികാരഭരിതരായി തേങ്ങി.

'നിങ്ങടെ പെണ്ണുങ്ങളറിയാതെ പിന്നെ നിങ്ങളെങ്ങെനെ കെട്ടും?'

'അതല്ലച്ചോ, അച്ചനല്ലേ പറഞ്ഞേ ആരോടും പറയരുത് എന്ന്.'

'ഔ! എടാ എടാ മണ്ടന്‍കൊണാപ്പികളേ, നീയൊക്കെ കെട്ടണത് തന്നെയാ രാജ്യത്തിന് ലാഭം. എന്റെ പേര് കൂടെ കളയാനെക്കൊണ്ട്. ഹോ !'- ഞാന്‍ ളോഹ വളച്ച് കുത്തി.

അങ്ങനെ അവറാന്റേയും ഇട്ടീരയുടേയും കല്യാണം അടുത്ത ദിവസം തന്നെ നടത്താന്‍ രഹസ്യമായി തീരുമാനിച്ചു. റോമന്‍ പട്ടണത്തില്‍ നിന്നും കിലോമീറ്ററുകള്‍ ഉള്ളിലേക്ക് നീങ്ങി ഉള്‍ഗ്രാമത്തിലുള്ള ഒരു കുടുസ്സ് മുറിയില്‍ വെച്ച് നടത്താമെന്ന ധാരണയില്‍ അവര്‍ പിരിഞ്ഞു.

ഞാന്‍ ഒരേ സമയം പരിഭ്രാന്തനും ആവേശഭരിതനും ആയിരുന്നു. ഇത്രയും നാള്‍ വലിയ പള്ളിക്കകത്ത് ഒരുപാടാളുകളുടെ സാന്നിദ്ധ്യത്തില്‍ നടത്തി വന്നിരുന്ന വിവാഹം എന്ന കൂദാശ, ഒരു ഇരുട്ട് മുറിയില്‍ മെഴുക് തിരി വെട്ടത്തില്‍ നടത്തേണ്ടി വരുന്നതിലെ ത്രില്‍ ക്ലോഡിയസ് രാജാവിന്റെ ആളുകള്‍ കണ്ട് പിടിക്കുമോ എന്ന ഭയം . സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റത്തിനൊടുവില്‍ ഞാന്‍ കൊന്തയെടുത്ത് പത്ത് സ്വര്‍ഗ്ഗസ്ഥനായ പിതാവങ്ങ് ചൊല്ലി നേരം വെളുപ്പിച്ചു. 

പിറ്റേന്ന്....

അവറാന് ത്രേസ്യാ കൊച്ചിനേയും ഇട്ടീരക്ക് അമ്മിണി പെണ്ണിനേയും കര്‍ത്താവിന്റെ നാമത്തില്‍ ഏല്‍പ്പിച്ച് കൊണ്ട് വിവാഹം മംഗളമായി നടന്നു. 

................

നാല് പേരും ഇരുട്ടത്ത് എന്റെ കൈ മുത്തിയതിന് ശേഷം പരസ്പരം ഉമ്മ വെക്കുവാന്‍ തുടങ്ങി. ഉമ്മവെക്കലോടുമ്മ വെക്കല്‍.

'നിന്നുമ്മ വെച്ച് കളിക്കാണ്ട് വേഗം എവിടേക്കേലും ഓടി പോകാന്‍ നോക്കിനെടാ.' - ഞാന്‍ കൊന്തയില്‍ മുറുക്കി പിടിച്ച് പറഞ്ഞു. 

അതേ സമയം, ക്ലോഡിയസ് രാജാവിന്റെ പട്ടാള വ്യൂഹത്തിന്റെ കുതിരക്കുളമ്പടികള്‍ ഞങ്ങള്‍ കേട്ടു. 

വധൂ-വരന്മാരെ പുറക് വശത്തെ വാതിലിലൂടെ പറമ്പിലെത്തിച്ച്, അവിടെയുണ്ടായിരുന്ന ഒരു പൊട്ടക്കിണറ്റിലവരെ തള്ളിയിട്ട്, അവരെ ഒരു വിധം രക്ഷിച്ചുവെങ്കിലും എന്നെ സൈന്യം പിടി കൂടി.

രാജാവിന്റെ ഉത്തരവ് ലംഘിച്ചതിന് ക്ലോഡിയസ് എന്നെ മരണം വരെ തൂക്കിക്കൊല്ലാനായി ജയിലിലേക്കയച്ചു. 

ജയിലില്‍ ഞാന്‍ സന്തോഷവാനായിരുന്നു. ഒരുപാടാളുകള്‍ എന്നെ കാണാനായി വരികയും റോസാപ്പൂക്കള്‍ തരികയും ചെയ്ത് പോന്നു. 

ഞാന്‍ ചെയ്തതിലെ ശരിയെ അവര്‍ അങ്ങനെ ഉറപ്പിച്ചു. അതെനിക്കുന്മേഷം നല്‍കി. 

അങ്ങനെ ജയിലില്‍ ഒരു ഹീറോ ആയി കഴിഞ്ഞ് കൂടി വന്നിരുന്ന സമയത്തായിരുന്നു അവളുടെ എന്‍ട്രി. എന്നെ കാണാന്‍ വന്നിരുന്ന അവള്‍ ദിവസവും എന്റെ കൂടെ കളിചിരികളുമായി സമയം പങ്കിട്ടു. 

ജയിലര്‍ ആയ മാര്‍ക്കോസ് പോലീസിന്റെ മകളായിരുന്നു അവള്‍!

'അച്ചോ, അച്ചനാണച്ചോ അച്ചന്‍! അച്ചന്‍ ഞങ്ങടെ വികാരി ആവണാരുന്നു' 

'അതെന്തിനാടി പെണ്ണേ, നിങ്ങടെ ഇടവകേല് ഗ്ലാമറുള്ള അച്ചന്മാരില്ലേ?'

'ഹ! അതല്ലച്ചോ. സീക്രട്ട് കല്യാണം നടത്തി തരാന്‍ ധൈര്യമുള്ള ഇടയന്മാരില്ലെന്നേ. അച്ചനാരുന്നേല് ഞങ്ങള് തകര്‍ത്തേനേ.'

'നിന്റെ കല്യാണം നടത്തി തരാനാണോ ഇത്രേം പുകഴ്ത്തല്‍? വേല കൈയിലിരിക്കട്ടേ.'

'അത് പിന്നേ.. അത് പിന്നേ.. പിന്നെ പറയാം.' - അവളോടി പോയി.

എന്നെ തൂക്കി കൊല്ലുന്ന ദിവസത്തില്‍ അവള്‍ക്കായി ഞാനൊരു കുറിപ്പെഴുതി, അവളുടെ സൗഹൃദത്തിനെ പറ്റിയും സ്‌നേഹത്തിനെ പറ്റിയും..

അവസാനം ഇതും എഴുതി :

'Love from your valentine.'

അതെഴുതിയ ദിവസം ഒരു ഫെബ്രുവരി 14 ആയിരുന്നു. അന്ന് മുതലാണ് വാലന്‍ൈറന്‍സ് ഡേ നിലവില്‍ വന്നത്. 

സ്‌നേഹത്തിന് വേണ്ടി നിലകൊണ്ട എനിക്ക് വേണ്ടി ഒരു ദിവസം. 

പ്രണയിക്കുന്നവരുടെ ദിവസം അല്ല, സ്‌നേഹിക്കുന്നവരുടെ ദിവസം ആണ് വാലന്‍ൈറന്‍സ് ഡേ.

യഥാര്‍ത്ഥ സ്‌നേഹം ഒരിക്കലും തോല്‍ക്കില്ല എന്നത് ഓര്‍മ്മിപ്പിക്കാനായി മാത്രം ഒരു ദിവസം. 

................

NB : അയ്‌നാണീ ഹഗ്ഗ് കിസ്സ് ചോക്‌ളേറ്റ് ലവ് എന്നൊക്കെ പറഞ്ഞ് നമ്മളീ കാട്ടി കൂട്ടണത്!