അമേരിക്കയിലെ മിനിയാപൊളിസിൽ കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി നടന്ന ICE റെയ്ഡുകൾ യുഎസ് പൗരന്മാരുടെ മരണത്തിൽ കലാശിച്ചു. ഇത് രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്കും ട്രംപ് ഭരണകൂടത്തിന് കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്കും കാരണമായി.
അമേരിക്കയിലെ മിനിയാപൊളിസിൽ കുടിയേറ്റ നിയമങ്ങൾ നടപ്പാക്കുന്നതിന്‍റെ പേരിൽ ആരംഭിച്ച നടപടികൾ ഇപ്പോൾ രാജ്യവ്യാപകമായ രാഷ്ട്രീയ – സാമൂഹിക പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ആദ്യം അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച Immigration and Customs Enforcement (ICE) റെയ്ഡുകൾ പിന്നീട് യുഎസ് പൗരന്മാരെയും ബാധിച്ചതോടെ, നഗരത്തിൽ കടുത്ത പ്രതിഷേധവും സംഘർഷവുമാണ് പടർന്നത്.
രണ്ട് മരണങ്ങൾ
ബോർഡർ പട്രോളിന്‍റെ സഹകരണത്തോടെ നടന്ന റെയ്ഡുകൾ തുടക്കത്തിൽ നിയമവിരുദ്ധ താമസക്കാരെ കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും, താമസസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലുമുള്ള പരിശോധനകൾ വ്യാപകമായതോടെ സാധാരണ പൗരന്മാരും തടയലുകൾക്കും ചോദ്യം ചെയ്യലുകൾക്കും ഇരയായി. ഇതോടെ ICE -ന്‍റെ പ്രവർത്തന രീതികൾക്കെതിരെ ശക്തമായ വിമർശനങ്ങളും ഉയർന്നു.
ഈ പശ്ചാത്തലത്തിലാണ് ICE നടപടിക്കിടെ റെനീ ഗുഡ് എന്ന യുഎസ് പൗര കൊല്ലപ്പെട്ട സംഭവം നഗരത്തെ നടുക്കിയത്. അതിന് പിന്നാലെ നടന്ന മറ്റൊരു പ്രതിഷേധത്തിനിടെ അലക്‌സ് പ്രെറ്റി എന്ന യുവാവിന്‍റെ വെടിവയ്പ്പ് മരണം സ്ഥിതിഗതികളെ പൂർണമായി മാറ്റിമറിച്ചു. അലക്‌സ് പ്രെറ്റിയുടെ മരണം പുറത്തുവന്നതോടെ ICE -ന്‍റെ തന്ത്രങ്ങൾക്കെതിരായ ജനകീയ രോഷം പൊട്ടിത്തെറിച്ചു. 'നിയമസംരക്ഷണത്തിന്‍റെ പേരിൽ നിരപരാധികൾ കൊല്ലപ്പെടുന്നു' എന്ന ആരോപണം വ്യാപകമായി ഉയർന്നു.

(റെനീ ഗുഡ്, അലക്‌സ് പ്രെറ്റി)
പ്രതിഷേധങ്ങൾ
ഇരു സംഭവങ്ങളും മിന്നിയാപൊളിസിൽ വൻതോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചു. പിന്നാലെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി ICE നടപടികൾക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. പ്രതിഷേധങ്ങൾ സമാധാനപരമായിരുന്നെങ്കിലും, നഗരത്തിന്‍റെ പല ഭാഗങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ സർക്കാർ ഓഫീസുകൾക്കും ഫെഡറൽ കെട്ടിടങ്ങൾക്കും കനത്ത സുരക്ഷ ഏർപ്പെടുത്തി. ഈ പ്രതിഷേധങ്ങളുടെ പ്രതിഫലനം മറ്റ് അമേരിക്കൻ നഗരങ്ങളിലേക്കും പടർന്നു കയറി.
സർക്കാറിന് വിമർശനം
സംഭവങ്ങൾക്ക് പിന്നാലെ ട്രംപ് ഭരണകൂടം കടുത്ത വിമർശനത്തിന് വിധേയമായി. ആഭ്യന്തര സുരക്ഷാ മേധാവി ക്രിസ്റ്റി നോമും വൈറ്റ് ഹൗസിലെ സീനിയർ ഉപദേശകൻ സ്റ്റീഫൻ മില്ലർറും ICE നടപടികളെ ന്യായീകരിച്ചെങ്കിലും, പൊതുജനാഭിപ്രായവും സിവിൽ അവകാശ സംഘടനകളുടെ കടുത്ത വിമർശനവും ഭരണകൂടത്തെ പ്രതിരോധത്തിലാക്കി. പ്രത്യേകിച്ച് അലക്‌സ് പ്രെറ്റിയുടെ വെടിവയ്പ്പ് മരണമാണ് ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ നയങ്ങൾക്ക് എതിരായ ശക്തമായ തിരിച്ചടിയായി മാറി.

പാർട്ടിക്കുള്ളിൽ നിന്നും വിമർശനം
റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ നിന്നുതന്നെ ആശങ്കകളും വിമർശനങ്ങളും ഉയർന്നതോടെ, വൈറ്റ് ഹൗസ് നിലപാട് മൃദുവാക്കാൻ നിർബന്ധിതമായി. വർധിച്ച സമ്മർദ്ദത്തിന്‍റെ പശ്ചാത്തലത്തിൽ, ഡേണാൾഡ് ട്രംപ് സംഘർഷം കുറയ്ക്കുന്ന പ്രസ്താവന പുറത്തിറക്കി. മിന്നിയാപൊളിസിലെ ICE പ്രവർത്തനങ്ങൾ പുനഃപരിശോധിക്കുമെന്നും അവിടത്തെ നേതൃത്വത്തിൽ മാറ്റം വരുത്തുമെന്നും പ്രഖ്യാപിച്ചു. പ്രാദേശികതലത്തിൽ പുതിയ നേതൃത്വത്തെ നിയമിക്കുകയും ഫീൽഡ് ഓപ്പറേഷനുകളിൽ കൂടുതൽ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും നടപ്പാക്കുകയും ചെയ്യുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
സർക്കാറിന് നിർണ്ണായകം
മിന്നിയാപൊളിസിൽ നടന്ന ഈ സംഭവങ്ങൾ, അമേരിക്കയിലെ കുടിയേറ്റ നയങ്ങൾ എത്രത്തോളം സങ്കീർണ്ണവും സംഘർഷഭരിതവുമാണെന്നതിന്‍റെ ശക്തമായ ഉദാഹരണമായി മാറിയിരിക്കുകയാണ്. മിനിയാപൊളിസിലെ ജനങ്ങൾ സമാധാനം ആവശ്യപ്പെടുന്നു. സർക്കാർ സുരക്ഷാ നടപടികളുടെ ഭാഗമായി, മനുഷ്യർ കൊല്ലപ്പെടുന്നത് ജനാധിപത്യ മൂല്യങ്ങളുടെ ധ്വംസനമാണെന്ന് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നിയമസംരക്ഷണവും മനുഷ്യാവകാശങ്ങളും തമ്മിലുള്ള തുലനം എവിടെയാണെന്ന ചോദ്യം ഉന്നയിക്കുന്ന ഈ പ്രതിസന്ധി, ട്രംപ് ഭരണകൂടത്തിനും രാജ്യത്തിന്‍റെ രാഷ്ട്രീയ ഭാവിക്കും നിർണായക പരീക്ഷണമായി തുടരുകയാണ്.


