Asianet News MalayalamAsianet News Malayalam

ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിമാരെയും കലിപ്പന്മാരെയും കാത്തിരിക്കുന്ന കാന്താരികളുടെ ലോകം എത്ര ഭയാനകം!

ഒരിക്കലേറ്റവുമധികം സ്‌നേഹിച്ചിരുന്ന രണ്ടുപേര്‍ തന്നെ പിന്നീടേറ്റവും വലിയ ശത്രുക്കളാവുന്നത് എന്തുതരം വൈരുധ്യമാണ്. നമുക്കാണ് അവനെ/അവളെ ഏറ്റവും അധികം അറിയാവുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഒട്ടും അറിയാത്തതുപോലെ നടിക്കുന്നത്.

ulmarangal column by rini raveendran
Author
Thiruvananthapuram, First Published Jul 31, 2021, 7:36 PM IST

 ഉള്ളിനുള്ളില്‍ തറഞ്ഞുപോയ ഓര്‍മ്മകള്‍, മനുഷ്യര്‍. ഒട്ടും പ്രശസ്തരല്ലാത്ത, എവിടെയും അടയാളപ്പെടുത്തപ്പെടാത്ത, എടുത്തുപറയാന്‍ പ്രത്യേകതകളൊന്നുമില്ലാത്ത, എളുപ്പത്തില്‍ ആരാലും മറന്നുപോവുന്ന മനുഷ്യര്‍. പക്ഷേ, ചിലനേരം അവര്‍ ജീവിതംകൊണ്ട് കാണിച്ചുതന്ന പാഠങ്ങള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വേദനകളായിട്ടുണ്ട്, ചിലര്‍ ആശ്ചര്യമായിട്ടുണ്ട്, എത്ര അനായാസമായാണ് അവര്‍ ജീവിതം ജീവിച്ചു തീര്‍ക്കുന്നതെന്ന് ആദരവോടെ നോക്കിപ്പോയിട്ടുണ്ട്. അവരൊക്കെ കൂടിയാണ് ആഹാ, ലോകം ജീവിക്കാന്‍ കൊള്ളാവുന്ന ഒരിടമാണല്ലോ എന്ന തോന്നലുണ്ടാക്കുന്നത്. അങ്ങനെ പലപ്പോഴായി വന്നുപോയ മനുഷ്യരെയോര്‍ത്തെടുക്കാനുള്ള, എഴുതിവയ്ക്കാനുള്ള ശ്രമമാണ് 'ഉള്‍മരങ്ങള്‍'.  

 

ulmarangal column by rini raveendran

 

'ഞാന്‍ തെറ്റുകാരിയാണോ' എന്ന ചോദ്യത്തോടെയവള്‍ പൊട്ടിക്കരഞ്ഞു.

പ്രേമം തകര്‍ന്നതാണ്. അവളാണ് പതിയെ പിന്മാറിയത്. എട്ടൊമ്പത് വര്‍ഷത്തെ പ്രണയം. വളരെ വലിയ കാലയളവ് തന്നെയാണ്. ഒരുമിച്ച് ജോലി ചെയ്യവേ തുടങ്ങിയ സൗഹൃദം, പ്രണയം, യാത്രകള്‍. ഇരുവീട്ടുകാര്‍ക്കും ബന്ധത്തിലെതിര്‍പ്പു പോലുമില്ല. എന്നിട്ടുമെന്തിന് പിരിഞ്ഞതെന്ന ചോദ്യത്തിന് അവളുടെ ഒരേയൊരുത്തരം തന്നെ ധാരാളം, 'എനിക്കവനെ പേടിയാണ്. ദേഷ്യം വന്നാല്‍ കണ്ണ് കാണില്ല. കുറേ ശ്രമിച്ചുനോക്കി. പറ്റുന്നില്ല.'  

കുഞ്ഞേ, നമ്മില്‍ നമുക്ക് മാത്രം പൂര്‍ണാവകാശം ഉണ്ടായിരിക്കുക എന്നത് ഒരിക്കലും തെറ്റല്ല. വളരെ കുറച്ചുപേരില്‍ മാത്രമുണ്ടാകുന്ന തിരിച്ചറിവ് മാത്രമാണത്. ഒരാള്‍ പൂര്‍ണമായും അയാളായിരിക്കാന്‍ നടത്തുന്ന ത്യാഗം പോലുമായിരിക്കാം ഒരുപക്ഷേ വേര്‍പിരിയലുകള്‍. ഇതിലപ്പുറം എന്താണ് അവളോട് പറയുക? ഫോണിന്റെ അങ്ങേത്തലയ്ക്കല്‍ നിര്‍ത്താതെയുള്ള കരച്ചില്‍ കേള്‍ക്കാം. ജീവിതകാലം മുഴുവനും കരയാതിരിക്കുവാന്‍ ഇന്നല്‍പം കരഞ്ഞാലും കുഴപ്പമില്ലെന്ന് നിശ്ശബ്ദയായി.

'വെള്ളമടിച്ചു കോണ്‍തിരിഞ്ഞു പാതിരായ്ക്ക് വീട്ടില്‍ വന്നു കേറുമ്പോള്‍ ചെരിപ്പൂരി കാലുമടക്കി ചുമ്മാ തൊഴിക്കാനും തുലാവര്‍ഷരാത്രികളില്‍ ഒരു പുതപ്പിനടിയില്‍ സ്‌നേഹിക്കാനും, എന്റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും, ഒടുവില്‍ ഒരുനാള്‍ വടിയായി തെക്കേപ്പറമ്പിലെ പുളിയന്‍ മാവിന്റെ വിറകിനടിയില്‍ എരിഞ്ഞുതീരുമ്പോള്‍ നെഞ്ച് തല്ലി കരയാനും എനിക്കൊരു പെണിനെ വേണം... പറ്റുമെങ്കില്‍ കേറിക്കോ' എന്ന് പറയുമ്പോള്‍ 'എന്നാ ബാ പൂവാം' എന്ന് പറയുന്ന പെണ്ണിനെയാണ് ഭൂരിഭാഗം ആണുങ്ങളും ഇന്നും കാത്തിരിക്കുന്നത് എന്നത് എത്ര അപമാനകരമായ സത്യമാണ്. ഹിറ്റ്‌ലര്‍ മാധവന്‍ കുട്ടിയാങ്ങളമാരെയും അച്ചുവേട്ടനെപ്പോലെയുള്ള കലിപ്പന്മാരെയും കാത്തിരിക്കുന്ന കാന്താരികളുടെ ലോകം -എത്ര ഭയാനകം ആണത്.

.....................................

Read more: എല്ലാ തെറികളും പെണ്ണില്‍ച്ചെന്ന്  നില്‍ക്കുന്ന കാലം!

ulmarangal column by rini raveendran

Read more: അതുകൊണ്ട്, എനിക്കൊരു മുറിവേണം 
...............................................

എത്രയെത്ര വീഡിയോകളാണ് നാം ദിവസേന കാണുന്നത്. 'ഷാള് കൊണ്ട് മാറ് ഒന്നുകൂടി മറയ്ക്കൂ' എന്ന് പറയുന്ന ആങ്ങളമാര്‍, ആണ്‍സുഹൃത്തിനോട് സംസാരിച്ചാല്‍ കാമുകിയുടെ കവിളത്തടിക്കുന്നവര്‍, ആണത്ത'ത്തിന്റെ നിഴലിനടിയില്‍ ആത്മനിര്‍വൃതിയോടെ ചിരിക്കുന്ന പെണ്‍കുട്ടികള്‍. നമ്മുടെ ജനപ്രിയ സിനിമകളടക്കം ഇവിടെ ഓരോന്നും പെണ്ണിനോട് പറയുന്നത് 'ഇതാണ് സ്‌നേഹം' എന്നാണ്. ഓരോ വീട്ടിലും പറയുന്നത്, 'ദേ നിന്നെക്കൊള്ളാഞ്ഞിട്ടാണ് അവളിങ്ങനെ നടക്കുന്നത്' എന്നാണ്. ആ ആത്മവിശ്വാസത്തിലാണ് ഇവിടുത്തെ പുരുഷന്മാരെല്ലാം പെണ്ണിന് നേരെ കയ്യോങ്ങുന്നതും അതും കടന്ന് വെടിയുതിര്‍ത്ത് ജീവനെടുക്കുന്നതും.

ഇനിയും നമുക്ക് ഇതിലൊന്നും പങ്കില്ല എന്ന് മാത്രം പറയരുത്. വീട്ടില്‍ വച്ച്, വിദ്യാലയങ്ങളില്‍ വച്ച്, സൗഹൃസദസുകളിലും സമൂഹത്തിലും വച്ച് എന്തെങ്കിലും സമത്വത്തിന്റെ പാഠം നാം നമ്മുടെ ആണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നുണ്ടോ എന്ന് ആത്മവിശകലനം ചെയ്യേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു.

അവളെ കുറിച്ച് കൂടി പറയാതെ വയ്യ.

ഹൈസ്‌കൂള്‍ കാലം തൊട്ടേ അറിയാവുന്ന പെണ്‍കുട്ടിയാണ്. സുന്ദരി. ഇഷ്ടം പോലെ പ്രണയങ്ങള്‍. യൗവനത്തിലും കൗമാരത്തിലുമെല്ലാം അതിന്റേതായ കുസൃതികള്‍. എന്നിട്ടും വിവാഹം കഴിഞ്ഞ് പൊടുന്നനെ അവളെ എവിടെയും കാണാതെയായത് അത്ഭുതപ്പെടുത്തി. കൂട്ടുകാരുടെ ഇടയിലില്ല. വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലോ, സാമൂഹികമാധ്യമങ്ങളിലോ ഇല്ല. ഒരിക്കലൊരു പെണ്‍കുട്ടി പറഞ്ഞു, 'അവളുടെ ഭര്‍ത്താവിന് ഭയങ്കര സംശയമാണ്. എപ്പോള്‍ വിളിച്ചാലും കിട്ടണം. ഇല്ലെങ്കില്‍ ദേഷ്യമാണ്. പക്ഷേ, അതുപോലെ സ്‌നേഹവുമുണ്ട്. നല്ല പണവുമുണ്ട്.'

അവളുടെ വിവാഹം കഴിഞ്ഞ് എത്രയോ വര്‍ഷങ്ങളായി. പ്രിയപ്പെട്ട പെണ്‍കുട്ടീ, നീയിന്നും ആ കാഞ്ചനക്കൂട്ടില്‍ തന്നെയാണോ എന്നോര്‍ക്കുമ്പോഴെല്ലാം വേദനിക്കുന്നു.

ആരും സ്‌നേഹിക്കാത്തത്രയും ഞാന്‍ നിന്നെ സ്‌നേഹിച്ചില്ലേ?
നിനക്ക് ഞാനെന്തെല്ലാം തന്നു. എന്നിട്ടും?
വേറെ ആരാടീ നിന്നെ ഇങ്ങനെ സ്‌നേഹിക്കുന്നത്?
നിനക്ക് എനിക്കൊപ്പം എന്തിന്റെ കുറവായിരുന്നു?
നാട്ടുകാരുടെ മുഖത്ത് ഞാനെങ്ങനെ നോക്കും?

അവളെ ചീത്ത വിളിക്കാനും, തല്ലാനും, ഇനിയെന്റെ പിന്നാലെ വരരുത് എന്ന് പറയുമ്പോള്‍, പറ്റാവുന്നിടത്തെല്ലാം കേറിച്ചെന്ന് അവളെ വേദനിപ്പിക്കാനും അപമാനിക്കാനും അവളെ ഇല്ലാതാക്കാനും സ്‌നേഹം, കരുതല്‍ തുടങ്ങി  എന്തെല്ലാം പദങ്ങളാണ്?

അത് സ്‌നേഹമായിരുന്നോ?

നിങ്ങളൊരുമിച്ച് ഒരുപാട് സ്വപ്നം കണ്ടുകാണും. ജനിക്കുന്ന കുഞ്ഞിന് മഴയെന്നോ വെയിലെന്നോ പുഴയെന്നോ പേര് ചൊല്ലി വിളിക്കണമെന്ന് കൊതിച്ചുകാണും. പാട്ടുപാടിത്തന്ന് അവന്‍ നിങ്ങളെ ഉറക്കുകയും കഥ പറഞ്ഞുതന്ന് അവള്‍ നിങ്ങളെ ചിരിപ്പിക്കുകയും ചെയ്തു കാണും. നിങ്ങളുടെ 'ടു ഡു ലിസ്റ്റി'ല്‍ ഒരുമിച്ച് മാത്രമേ കാണൂവെന്ന് എഴുതിച്ചേര്‍ത്ത ദേശങ്ങളുണ്ടാകും. അതിനാല്‍ത്തന്നെ പരസ്പരം പിരിയേണ്ടതോര്‍ക്കുമ്പോള്‍ നെഞ്ച് പൊട്ടിപ്പോയെന്നിരിക്കും. പക്ഷേ, ഒരുനിമിഷനേരത്തേക്കെങ്കിലും നിങ്ങളിലൊരാള്‍ക്ക് മറ്റൊരാളെ ഭയം തോന്നിയെങ്കില്‍ പിന്നീടങ്ങോട്ട് സ്‌നേഹത്തേക്കാളുപരി ആ ഭയമാവും നമ്മെ ഭരിക്കുന്നത്. ഭയമുള്ളിടത്ത് പിന്നെയുണ്ടാവുന്നത് വിധേയത്വം മാത്രമാണ്. ഒരുപോലെ അവകാശങ്ങളുള്ള രണ്ട് വ്യക്തികളിലൊരാള്‍ മറ്റൊരാളെ ഭയക്കുന്നുണ്ട് എങ്കില്‍ ദയവായി, അവര്‍ക്കിടയിലുള്ളതിനെ സ്‌നേഹം എന്ന് വിളിക്കരുത്. അത് സ്‌നേഹമല്ല. ഒരാള്‍ക്കൊരാളെ കയ്യടക്കി വയ്ക്കാനുള്ള ആഗ്രഹം മാത്രമാണ്.

ഒരിക്കലേറ്റവുമധികം സ്‌നേഹിച്ചിരുന്ന രണ്ടുപേര്‍ തന്നെ പിന്നീടേറ്റവും വലിയ ശത്രുക്കളാവുന്നത് എന്തുതരം വൈരുധ്യമാണ്. നമുക്കാണ് അവനെ/അവളെ ഏറ്റവും അധികം അറിയാവുന്നത്. എന്നിട്ടും എന്തുകൊണ്ടാണ് ഒട്ടും അറിയാത്തതുപോലെ നടിക്കുന്നത്. ഓര്‍ത്ത് നോക്കൂ, സമാധാനമായി പിരിഞ്ഞ രണ്ടുപേര്‍, രണ്ടുലോകങ്ങളില്‍ സന്തോഷത്തോടെ ജീവിക്കുന്നു എന്നത് എത്ര സമാധാനമാണ്. സ്‌നേഹത്തോടെ പിരിഞ്ഞ രണ്ടുപേര്‍, അവര്‍ക്കിടയിലെ അപ്പോഴും നഷ്ടപ്പെടാത്ത സൗഹൃദങ്ങള്‍.

ആ രാജ്യം എപ്പോഴും സ്വപ്നം കാണാറുണ്ട്. അവനും അവളും വലിയ ജോലി നേടിയിരിക്കാം. അവര്‍ ഒരുപക്ഷേ അച്ഛനോ അമ്മയോ മുത്തച്ഛനോ മുത്തശ്ശിയോ ആയേക്കാം, അല്ലെങ്കില്‍ അവര്‍ക്കിഷ്ടപ്പെട്ട ഏകാന്തജീവിതം നയിക്കുകയാവാം. അവരുടെ ജീവിതം ഒരുപാട് ഒരുപാട് മാറിയിട്ടുണ്ടാകാം. അപ്പോഴും ഒരു സന്തോഷവാര്‍ത്തയുണ്ടാകുമ്പോള്‍ ആദ്യം വിളിച്ച് അവനോടോ അവളോടോ പറയാവുന്ന സൗഹൃദം സൂക്ഷിക്കാന്‍ എന്തുകൊണ്ടാവും നമുക്ക് കഴിയാതെ പോകുന്നത്?

അവളെന്റെയാണ് എന്ന് അവനും, അവനെന്റെയാണ് എന്ന് അവളും പറയുന്നുണ്ടാകാം. പക്ഷേ, ഒരു മനുഷ്യനൊരിക്കലും പൂര്‍ണമായി അയാളുടേത് പോലുമായിരിക്കാനാവാത്തത്ര ചെറിയ ജീവിതമാണ് നമ്മുടേത്. കണ്ണടച്ച് തുറക്കുമ്പോഴേക്ക് ബാല്യവും കൗമാരവും യൗവനവും കടന്നുപോകും. വെറുപ്പിന്റെ കയ്പുനീര് കുടിച്ച് തള്ളിവിടുന്ന ദിനങ്ങളെക്കാള്‍ സ്‌നേഹത്തിന്റെ വീഞ്ഞ് കുടിച്ച് ആനന്ദത്തിലാവുന്ന മനുഷ്യരാവണ്ടേ നമുക്ക്.

വെറുപ്പോടെ, പകയോടെ പിന്തുടര്‍ന്നില്ലാതാക്കുന്നത് സ്‌നേഹമല്ല. വെറും 'അമ്മാവന്‍ സിന്‍ഡ്രോം' മാത്രമാണ്. സ്‌നേഹത്താലല്ല, ഒരുതരി സ്‌നേഹമില്ലായ്മയില്‍ മാത്രമേ കത്തിയെടുക്കാന്‍, പെട്രോളൊഴിക്കാന്‍, വെടിയുതിര്‍ക്കാന്‍ നമുക്ക് കൈപൊങ്ങൂ.

..............................

Read more:

ulmarangal column by rini raveendran

Read more: ആണുങ്ങള്‍ക്ക് അറിഞ്ഞുകൂടാത്ത ചില പെണ്‍രഹസ്യങ്ങള്‍...!

.............................

അല്ലെങ്കില്‍ തന്നെയും സ്‌നേഹം എന്ന പദത്തിന് തനിച്ചൊരു നിലനില്‍പ്പൊന്നുമില്ല. അത് പരസ്പരമുള്ള ബഹുമാനമാണ്, ഒരാള്‍ക്ക് മറ്റൊരാളെ ഉപാധികളൊന്നുമില്ലാതെ തന്നെ ചേര്‍ത്തു നിര്‍ത്താനാവുന്ന വികാരത്തിന്റെ പേരാണത്. ആ വികാരം ഇല്ലാതെയാവുമ്പോള്‍ ചെയ്യാനാവുന്നത് ഇറങ്ങിപ്പോവുക എന്നത് മാത്രമാണ്. പിന്തുടരാതിരിക്കുക എന്നത് മിനിമം മാന്യതയാണ്. എല്ലാവരും സ്‌നേഹത്തില്‍ മാത്രമായിരിക്കുന്നത് സംഭവിക്കാനേ സാധ്യതയില്ലാത്ത ഒരു 'ഐഡിയല്‍ ലോകം' ആയിരിക്കാം. എന്നാലും കുറച്ചുകൂടി മെച്ചപ്പെട്ട ഒരു ലോകം സ്ത്രീകള്‍ അര്‍ഹിക്കുന്നുണ്ട്. അതിന് ക്ലാസെടുത്തുകൊടുക്കേണ്ടത് പെണ്‍കുട്ടികള്‍ക്കല്ല, ഇവിടുത്തെ ആണ്‍കുട്ടികള്‍ക്കും പുരുഷന്മാര്‍ക്കുമാണ്.

എങ്കിലേ, ഈ ലോകത്തില്‍ സ്‌നേഹം അവസാനിക്കാതെയിരിക്കൂ, ഏറ്റവും പ്രിയപ്പെട്ടവരായിരുന്നവര്‍ എക്കാലവും ഏറ്റവും പ്രിയപ്പെട്ടവരായിത്തന്നെ ഉള്ളില്‍ കുടിയിരിക്കൂ. രണ്ടുവഴികളിലാണെങ്കിലും അവനെ/അവളെ/അവരെ ഓര്‍ക്കുമ്പോള്‍ സ്‌നേഹാധിക്യം കൊണ്ട് നമ്മുടെ കണ്ണ് നിറയൂ. അവര്‍ സന്തോഷമായിട്ടിരിക്കുന്നുണ്ടാവണേ എന്ന ചൊല്ല് ഉള്ളിലുണ്ടാവൂ.

സ്വയം നിറയുകയെന്നല്ലാതെ സ്‌നേഹത്തിന് മറ്റൊരര്‍ത്ഥമില്ലെന്ന് പറഞ്ഞത് 'പ്രവാചകനി'ല്‍ ഖലീല്‍ ജിബ്രാനാണ്. പ്രേമത്തിന് ആ ഒറ്റൊരര്‍ത്ഥം മാത്രമേയുള്ളൂ -പ്രേമം. നിങ്ങളുടെ ഹൃദയം മുറിഞ്ഞ് ചോരവാര്‍ന്നാല്‍ പോലും മറ്റൊരു ജീവിയെ മുറിപ്പെടുത്തരുത് എന്ന കരുണയുടെ വാക്ക് കൂടിയാണത്.

കാരണം, ഓരോ മനുഷ്യനും ഓരോ ലോകമാകുന്നു. അവരിലൂടെ കടന്നുപോവുന്നതെന്തെന്ന് ഒരിക്കലും നാമറിയുന്നു പോലുമില്ല. അതുകൊണ്ട്, ചേര്‍ത്തുപിടിക്കുന്നത് മാത്രമല്ല സ്‌നേഹം, അവരെ പോകാന്‍ അനുവദിക്കുന്നത് കൂടിയാണ്. അമിതമായി കാല്‍പനികവല്‍ക്കരിച്ച് ദയവായി ഒരു കൊലയാളിയെ നിങ്ങള്‍ കാമുകനെന്നും അവന്റെ പ്രവൃത്തിയെ സ്‌നേഹമെന്നും വിളിക്കരുത്. സ്‌നേഹം സ്‌നേഹമായി മാത്രമിരിക്കട്ടെ.  

Read more: ഈ ശാലീനതയ്ക്ക് എന്തൊരു ഭാരമാണ്! 

Follow Us:
Download App:
  • android
  • ios