അവധിക്കാലങ്ങളില്‍ സഞ്ചാരിയായി, പാചകക്കാരിയായി, വായനക്കാരിയായി, കഥ കേള്‍ക്കാനും പറയാനും പഠിച്ച് വളര്‍ന്ന് വളര്‍ന്ന് അവധിയില്ലാത്ത സ്ത്രീയായി മാറി.   

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.


ഒറ്റമരമെന്ന മട്ടില്‍ ഒട്ടിച്ചേര്‍ന്ന് വളരുന്ന വലിയ കുടംപുളിമരവും പ്ലാവും. വെയിലിറ്റ് പോലും കടന്നുവരാത്ത തണലിടം. അവിടെയായിരുന്നു അവധിക്കാല കളികളത്രയും. ചോറും കളിയും അച്ഛനും അമ്മയും കളിയും ഒക്കെയായിരുന്നു പ്രധാനം. ചിരട്ടയും ചണവും കൊണ്ട് ത്രാസ് ഉണ്ടാക്കി ഇലകളും പൂക്കളും കായ്കളും പലചരക്കുകളായി നിറച്ച കടയും കളിയിലെ പ്രധാനയിടമായിരുന്നു. ഒട്ടുമിക്കപ്പോഴും അച്ഛനും അമ്മയും ആകുന്നത് കുഞ്ഞനിയനും അനിയത്തിയും. ഞാനാണ് കളിവീട്ടിലെ പാചകക്കാരി. ചിരട്ടയില്‍ മണ്ണ് ചോറ് ആക്കി ചെമ്പരത്തിപ്പൂവിതള്‍ പിഴിഞ്ഞ് എണ്ണ ഉണ്ടാക്കി. വിവിധ ഇലകള്‍ അരിഞ്ഞുകൂട്ടി പലയിനം തോരനുകള്‍. 

ഒറ്റയ്ക്ക് വലിയ പറമ്പില്‍ ചുറ്റി നടക്കുമ്പോള്‍ പല രാജ്യങ്ങള്‍ കാണുന്ന തോന്നലായിരുന്നു മനസ്സില്‍. 
പറമ്പിന്റെ ഒരറ്റത്ത് അയല്‍പക്കക്കാരുടെ സര്‍പ്പക്കാവ്. ഇത്തിരി നടന്ന് വയലിറമ്പ് കടന്ന് എത്തുമ്പോള്‍ കുടുംബത്തിലെ സര്‍പ്പക്കാവ്. ചൂരല്‍ വള്ളിയും താന്നിയും പിന്നെ പേര് അറിയാത്ത ഒത്തിരി മരങ്ങളും. ചുറ്റും വെള്ളമണല്‍. അവധിക്കാലത്തിന് മുല്ലപ്പൂവിന്റെയും മാങ്ങാച്ചുനയുടെയും മണമായിരുന്നു. മൂവാണ്ടന്‍ മാവും വെള്ളം കൊള്ളി മാവും അവധിക്കാലത്തിന്റെ മുന്നൊരുക്കമെന്ന മട്ടില്‍ നിറയെ പൂത്തു കനികളുമായി കാത്തു നില്‍ക്കാറുണ്ട്.

അമ്പഴത്തിന്റെ അച്ചാര്‍ നുണയാന്‍ അക്കയുടെ വീട്ടിലേക്കൊരു സന്ദര്‍ശനമുണ്ടായിരുന്നു. ഈ ചുറ്റിത്തിരിയലുകള്‍ അവധിക്കാലത്ത് മാത്രം സാധിക്കുന്ന ആഘോഷങ്ങള്‍ ആയിരുന്നു. എന്നാലും, അവധിക്കാലത്തിനായി അത്രയും കാത്തിരിക്കാറുണ്ടായിരുന്നു എന്ന് പറയാനാവില്ല. സ്‌കൂള്‍ ദിനങ്ങള്‍ അത്രയേറെ മനോഹരമായിരുന്നു. സ്‌കൂളിലെ കൂട്ടുകാരികളെ അത്രകണ്ട് പിരിഞ്ഞിരിക്കേണ്ടി വരാറില്ല. തൊട്ടടുത്തുള്ളവരൊക്കെ അങ്ങോട്ടുമിങ്ങോട്ടും വീടുകള്‍ കയറിയിറങ്ങി കളിക്കാറുണ്ട്. 

പഴയ നോട്ടുബുക്കിന്റെ താളുകള്‍ തുന്നിക്കെട്ടി പുതിയ ബുക്കുകള്‍ തയ്യാറാക്കിയിരുന്നു. സൂക്ഷിച്ചു വെച്ചിരിക്കുന്ന ബാലരമയുടെ കെട്ടുകള്‍ പൊടിതട്ടിയെടുത്ത് വീണ്ടും വായിച്ചു തുടങ്ങും. എന്റെ ബാലരമ വാങ്ങി പകരം ബാലമംഗളവും പൂമ്പാറ്റയും നല്‍കുന്ന കൂട്ടുകാരെ നോക്കിയിരിക്കുന്ന അവധിക്കാലം. സ്‌കൂളിലെ വായനശാലയില്‍ നിന്ന് അമ്മ എടുത്തു തരുന്ന പല പുസ്തകങ്ങളും അഞ്ചാം ക്ലാസുകാരിയുടെ ചിന്തയ്ക്ക് അപ്പുറം ആണെങ്കിലും വായിച്ചു തീര്‍ക്കുന്നതില്‍ മുഷിപ്പ് തോന്നിയിട്ടില്ല. കൃഷ്ണായനവും മഹാഭാരത കഥകളുമൊക്കെ ദൂരദര്‍ശനിലെ പുരാണ കഥകളെക്കാള്‍ മിഴിവോടെ മനസ്സില്‍ നിറയ്ക്കാന്‍ ഒഴിവു കാലത്തിന് പറ്റിയിരുന്നു. വരും ക്ലാസിലെ പുസ്തകങ്ങള്‍ എന്തെങ്കിലും വായിച്ചു നോക്കിക്കൂടെ എന്ന് അമ്മയിലെ അധ്യാപിക ചോദിക്കാറുണ്ടെങ്കിലും കേട്ടമട്ട് കാണിക്കാതെ വളപ്പൊട്ടുകളുടെയും പുളിങ്കുരുവിന്റെയും ശേഖരം നിരത്തി കളിയില്‍ പരിശീലനം ഉറപ്പാക്കിയിരുന്നു. 

അവധിക്കാലത്തിന്റെ ആഘോഷമായിരുന്നു ബാലവേദി. പല വീട്ടുമുറ്റങ്ങളില്‍ പല സ്‌കൂളുകളിലെ കുട്ടികളെ ഒരുമിച്ചുകൂട്ടി പാട്ടുകളിലൂടെയും കളികളിലൂടെയും മറക്കാത്ത അറിവുകള്‍ പകര്‍ന്നു തന്ന നാട്ടിലെ വലിയ ചേട്ടന്മാരായ ബാലവേദി സാറന്മാര്‍. നീലാകാശം മേല്‍പ്പുരയാക്കിയ ഭൂമിയിലെ പല നിറമുള്ള പൂവുകള്‍ എല്ലാം പൂവാണെന്നും പലവഴി ഒഴുകും പുഴകളില്‍ എല്ലാം ജലം ആണെന്നും പല ഭാഷയും പല ജാതിമതങ്ങളുമായി ഒഴുകുന്ന മാനവ നദിയും ഒന്നാണെന്ന് പാടി പഠിപ്പിച്ചു നല്ല പാഠങ്ങള്‍ തന്ന അവധിക്കാലങ്ങള്‍ .

സ്‌കൂള്‍ അടച്ചതിന്റെ തൊട്ടടുത്ത ദിവസം ഒപ്പം താമസിക്കാന്‍ അപ്പച്ചിയുടെ സമപ്രായക്കാരിയായ മകള്‍ എത്തുന്നത് അവധിക്കാലങ്ങളുടെ നിറവാണ്. ഉടുപ്പുകള്‍ പരസ്പരം മാറിമാറി ധരിച്ചും ഒരുമിച്ച് ഉണ്ടും ഉറങ്ങിയും കുളിച്ചും അവധി ദിനങ്ങള്‍. കഥകള്‍ പറഞ്ഞുപറഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോള്‍ പങ്കുവെക്കുന്നത് രണ്ട് നാടുകളുടെ, നാട്ടുകാരുടെ കഥകളായിരുന്നു. അവധിക്കാലത്തിന്റെ ഒടുക്കം അവള്‍ മടങ്ങുമ്പോള്‍ നടകല്ലില്‍ നിന്ന് കരയുന്ന ഞാനും മുറ്റത്തുനിന്ന് റോഡിലേക്ക് എത്താനുള്ള നീളന്‍ മണ്‍ വഴിയില്‍ വിങ്ങി കരഞ്ഞ് തിരിഞ്ഞുനോക്കി നടക്കുന്ന അവളും അവധിക്കാലം തീര്‍ന്നെന്ന് ഓര്‍മിപ്പിക്കുന്നു. അങ്ങനെ അവധിക്കാലങ്ങളില്‍ സഞ്ചാരിയായി, പാചകക്കാരിയായി, വായനക്കാരിയായി, കഥ കേള്‍ക്കാനും പറയാനും പഠിച്ച് വളര്‍ന്ന് വളര്‍ന്ന് അവധിയില്ലാത്ത സ്ത്രീയായി മാറി.

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം