ഉമ്മറത്തോ മറ്റോ അവനെ കണ്ടാലുടന്‍ ഞാന്‍ പുളിമരച്ചുവട്ടില്‍ രണ്ടു കറക്കം കറങ്ങി തിരിച്ചോടും. അവനില്ലെങ്കില്‍ അടുക്കള വഴിയോ കോലായ വഴിയോ അകത്തേക്ക് കേറും.

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

വളരെ ചെറുപ്പത്തിലേ ഉമ്മാന്റെ വീട്ടിലേക്ക് പറിച്ചു നടപ്പെടുകയും ഉമ്മുമ്മക്കും ഉപ്പുപ്പാക്കുമൊപ്പം ജീവിതം ഒരു പ്രത്യേക താളത്തില്‍ ഓടിക്കൊണ്ടിരിക്കുകയും ചെയ്ത കുട്ടക്കാലം. ടി വി പോലുമില്ലാത്തൊരു യാഥാസ്ഥിക മുസ്ലിം തറവാട്ടില്‍ ഉമ്മുമ്മക്കും ഉപ്പുപ്പാക്കും ഒപ്പം അക്കാലങ്ങളില്‍ ഒറ്റപ്പെട്ടു പോയോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നു തന്നെയാണുത്തരം. ഒരു ബാലരമ പോലും സ്വന്തമായി വാങ്ങിയിട്ടില്ലെങ്കിലും വായിക്കാന്‍ പഠിപ്പിച്ച കുട്ടിക്കാലമായിരുന്നു അത്.

ഉച്ചയൂണ് കഴിഞ്ഞാല്‍ അസര്‍ നമസ്‌കാരത്തിന് മുന്നോടിയായി ഉമ്മുമ്മയൊന്ന് ഉറങ്ങും. ഉറങ്ങുകയാണോ അതോ വെറുതെ കിടക്കുകയാണോ എന്ന് തിരിച്ചറിയാനാവാത്ത വിധം ഉപ്പുപ്പായും. ഞാനപ്പോള്‍ പതിയെ എണീറ്റ് പുറത്തിറങ്ങി 'തങ്ങളെ വീട്ടിലോട്ട്' നടക്കും. തങ്ങളെ വീടെന്നാല്‍ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഒരു വീട്. ഒരു കയറ്റമത്രയും കയറണം. മുറ്റത്തൊരു വലിയ പുളിമരം. അവിടെ നാട്ടിലേറ്റവും കുറിയ ഒരുമ്മയും നീണ്ടു മെലിഞ്ഞൊരു മകനുമാണുള്ളത്. ശരീരപ്രകൃതം കൊണ്ടാണോ അതോ പേരാണോ എന്നറിയില്ല, ഞങ്ങള്‍ നാട്ടുകാര്‍ ആ ഉമ്മയെ പ്രായഭേദമന്യേ 'ചെറീത്' എന്ന്  സ്‌നേഹപൂര്‍വ്വം വിളിച്ചു പോന്നു. ഞങ്ങളുണ്ടാക്കുന്നതിലും ഞങ്ങള്‍ക്ക് കിട്ടുന്നതിലുമൊരു പങ്ക് നല്‍കി.

ചെറീതിന്റെ മകന്‍ എന്നെക്കാള്‍ മൂന്ന് വയസ്സിനു മൂത്തതായിരുന്നു. യത്തീമായ തങ്ങളുട്ടിക്ക് ചെറിയ തുക നല്‍കുക വഴി ജീവിതത്തില്‍ ബര്‍കത്തുണ്ടാകുമെന്നത്  വിശ്വാസവും അപരനെ സഹായിക്കുന്നത് നാടിന്റെ സംസ്‌കാരവുമായതിനാല്‍ ജാതിമത ഭേദമന്യേ നേര്‍ച്ചയായും അല്ലാതെയും ചെറീതിന്റെ മകന് സഹായ തുകകള്‍ കിട്ടിയിരുന്നു. പഠിക്കാന്‍ അത്ര സമര്‍ത്ഥനല്ലെങ്കിലും നാട്ടുകാര്‍ നല്‍കുന്ന ഇത്തരം സ്‌നേഹത്തുകകളെല്ലാം ബാലരമയും ബാലഭൂമിയും അടക്കമുള്ള പുസ്തകങ്ങള്‍ വാങ്ങാനാണ് അവനുപയോഗിച്ചത്. ഈ പുസ്തകങ്ങളായിരുന്നു തങ്ങള് വീട്ടിലേക്കുള്ള എന്റെ യാത്രയുടെ ലക്ഷ്യവും.

മധ്യവയസ്സില്‍ പ്രാര്‍ത്ഥന പോലെ ലഭിച്ച ഏക മകന്‍ കിട്ടുന്ന പൈസയെല്ലാം വീട്ടില്‍ തരാതെ പുസ്തകങ്ങള്‍ വാങ്ങി നശിപ്പിക്കുന്നതില്‍ ചെറീതിന് ചെറുതല്ലാത്ത അമര്‍ഷമുണ്ടായിരുന്നു. പുസ്തകങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതില്‍ മകനും താത്പര്യമുണ്ടായിരുന്നില്ല. അക്കാലത്ത് സ്‌കൂളിലും മദ്രസയിലുമെല്ലാം ഒന്നാംസ്ഥാനക്കാരി ആയതിന്റെ പരിഗണനയാകാം എനിക്ക് മാത്രം ചെറീത്, മകനില്ലാത്ത സമയത്ത് വരണമെന്നും മകന്‍ തിരിച്ചു വരും മുമ്പേ മടക്കി തരണമെന്നുമുള്ള കരാറോടെ പുത്തന്‍ മണം മാറാത്ത പുസ്തകങ്ങള്‍ തന്നു.

ഉമ്മറത്തോ മറ്റോ അവനെ കണ്ടാലുടന്‍ ഞാന്‍ പുളിമരച്ചുവട്ടില്‍ രണ്ടു കറക്കം കറങ്ങി തിരിച്ചോടും. അവനില്ലെങ്കില്‍ അടുക്കള വഴിയോ കോലായ വഴിയോ അകത്തേക്ക് കേറും. മണ്ണ് പുതച്ച തണുപ്പുള്ള നിലത്തിരുന്ന് അടുപ്പിലൂതുന്ന ചെറീത് 'ചായ വേണോ' എന്ന് ചോയിക്കും. ഞാന്‍ ചായ കുടിക്കില്ലാന്ന് നൂറാവര്‍ത്തി പറയും. ചെറീത് ചിരിക്കും. 

ഉടുത്തിരിക്കുന്ന മിനുസമുള്ള പുള്ളിത്തുണിയുടെ വക്കുകൊണ്ട് കണ്ണ് തുടച്ച് ഓനിക്കൊല്ലം ജയിക്കൂലെന്ന് ചോയിക്കും. തങ്ങളുട്ടി ഇന്റെ ക്ലാസ്സിലല്ലാന്ന് ഞാനും ചിരിക്കും. അലക്കാത്ത വസ്ത്രങ്ങളുടെയും അടുക്കിപ്പെറുക്കാത്ത സാധനങ്ങളുടെയും നനവുള്ള മണ്ണിന്റെയും മണമുള്ള വീട്ടില്‍ മകനൊളിപ്പിച്ചു വെച്ച പുത്തന്‍ പുസ്തകം തെരയുന്ന ചെറീതിനൊപ്പം ഞാനാ വീടാകെ നോക്കി കാണും. തണുപ്പിനൊപ്പം അടച്ചിട്ട മുറികള്‍. പഴകിയ മണം. മാറാല. പ്രാവിന്റെ കുറുകല്‍. നീണ്ട മിനുമിനുത്ത ഉമ്മറം. അടച്ചുറപ്പില്ലാത്ത വീട്. വര്ഷങ്ങളായിട്ട് ആരും കയറി ചെല്ലാത്ത കോണിപ്പടികള്‍. പല വിധ മണങ്ങള്‍ക്കിടയില്‍ നിന്നും പുത്തന്‍ മണം പേറുന്ന പുസ്തകം നീട്ടി 'വേഗം കൊണ്ട് വരണമെന്നും ഇന്നെ ചീത്ത കേള്‍പ്പിക്കരുതെന്നും' ചെറീത് ചെറിയ ഒച്ചയില്‍ പിന്നെയും പറയും. 

ഞാന്‍ ഒരൊറ്റയോട്ടത്തിന് വീട് പിടിക്കും. തീരും വരെ വായിച്ച് അതേ ഓട്ടത്തിന് തിരിച്ചു കൊടുക്കാന്‍ പോകുമ്പോള്‍, കുന്നു കയറി വരുന്ന എന്നെയും കാത്ത് പിടിക്കപ്പെട്ട കുറ്റവാളിയെ പോലെ നില്‍ക്കുന്ന ചെറീതിനെ കാണാം. എന്റെ തല വട്ടം കണ്ടാല്‍ അകത്തേക്ക് കേറി പോകുന്ന മോനും ഉമ്മറത്തു തന്നെ കാണും. 

ഒരുളുപ്പുമില്ലാതെ ഞാന്‍ പിറ്റേ ദിവസവും കുന്നു കേറും. ചെറീതെനിക്ക് പുസ്തകം തരും. അവധിക്കാലം തീരുന്നിടം വരെ ഒരാവര്‍ത്തന വിരസതയുമില്ലാതെ ഇക്കളി തുടര്‍ന്ന് കൊണ്ടേ ഇരിക്കും. പുസ്തകങ്ങള്‍ ഒളിപ്പിച്ചു വെച്ച് മടുത്ത മകനും അവശതക്കും അമര്‍ഷത്തിനുമിടയിലും അയലത്തെ പെണ്‍കുട്ടിക്ക് വേണ്ടി അതെടുത്തു കൊടുക്കുന്ന ചെറീതും പുക മണവും പുളിമരവും ഉള്ള വീടും. ഓര്‍മയിലെ പല വേനലവധിക്കാലത്തിനും ഇത്രയേ ഉള്ളൂ ഓര്‍ക്കാന്‍.

ഉമ്മവീട്ടിനപ്പുറത്ത് കയറ്റം കേറി ചെല്ലുന്നിടത്ത് ഇന്നാ വീടില്ല. ചെറീതുമില്ല. വീടിനു തെക്ക് പുളി മരം ബര്‍കത്താണെന്ന ചൊല്ലിനെ പരീക്ഷിക്കാനെന്നവണ്ണം പുളി മരം മാത്രം മുറിക്കാതെ വെച്ചിട്ടുണ്ട്.

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം