വേനലവധി കഴിഞ്ഞ് ഞങ്ങള്‍ തിരിച്ച് പോകുമ്പോള്‍, വണ്ടി വളവ് തിരിഞ്ഞങ്ങകലെയായാലും രണ്ടു കൈകള്‍ അപ്പോഴും ഉയര്‍ത്തികൊണ്ട് ഞങ്ങളെ യാത്ര അയക്കുന്നുണ്ടാകും.

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം


അമ്മൂമ്മയുടെ വീടും, ചുറ്റി നടന്ന വലിയ പറമ്പും, ഓടി കിതച്ചെത്തുമ്പോള്‍ തണല്‍ തന്നിരുന്ന വമ്പന്‍ മരങ്ങളുമൊക്കെയാണ് എന്റെ വേനലവധി ഓര്‍മ്മകള്‍. സ്‌കൂള്‍ അടക്കുന്ന അവസാന ദിവസം. ഇനി കുറെ നാള്‍ പഠിക്കുകയേ വേണ്ടാന്നുള്ള എന്റെയും ചേച്ചിയുടെയും സമാധാനം. അതിലും ഏറെയായിരുന്നു ഞങ്ങളെ കാത്തിരുന്നു കിട്ടുന്ന അമ്മൂമ്മയുടെയും അമ്മാവന്റെയും ആവേശം. 

ആ കൊച്ചു ഗ്രാമത്തിലെ വലിയ പറമ്പിന് നടുവിലൊരു വീട്. അവിടെ അമ്മാവനും അമ്മൂമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേനലവധിയായാല്‍ പുളിയന്‍ പുളിഞ്ചിയും, കട്ടുറുമ്പുകള്‍ കാത്തുസൂക്ഷിക്കുന്ന ചാമ്പക്കയും, പൊട്ടി വീഴുന്ന ചക്കയും, ഊര്‍ന്ന് ഒലിക്കുന്ന മാങ്ങയും ഒക്കെ നിറയും. പറമ്പിന്റെ അങ്ങേ അറ്റത്ത് സുബൈദ താത്ത ഒളിച്ചു കൊണ്ടുകെട്ടുന്ന ആട്ടിന്‍കുട്ടിയോടൊത്ത് കളിച്ചതും, സായിപ്പന്‍ നെല്ലിയുടെ ഏറ്റവും മുകളിലത്തെ കൊമ്പില്‍ നിന്ന് നെല്ലിക്ക ചോദിച്ചതും, മഴയത്ത് കളിവഞ്ചിയുണ്ടാക്കിയതും മനോഹരമായ ഓര്‍മകളാണ്. 

അവധിക്കാലമായാല്‍ അമ്മാവനുമൊത്ത് മേളയ്ക്ക് പോകുന്നത് പതിവായിരുന്നു. അവിടെ കണ്ണിലിടം പിടിക്കാത്ത സാധനങ്ങള്‍ ഒന്നുമില്ലായിരുന്നു. എന്നാലും ഞാനും ചേച്ചിയും ഒന്നും ആവശ്യപ്പെട്ടതായി ഓര്‍മയില്ല. എല്ലാം കണ്ടുകണ്ട് നടക്കുന്നത് പോലും സുന്ദരമായിരുന്നു. ഞങ്ങള്‍ എന്ത് പറഞ്ഞാലും അമ്മാവന്‍ വാങ്ങി തരുമെന്നറിഞ്ഞിട്ടും എന്തുകൊണ്ടോ ആഗ്രഹങ്ങളെല്ലാം ഉള്ളിലൊതുക്കി. ഒന്നും ആവശ്യപ്പെട്ടില്ല. അത് അച്ഛന്‍ പഠിപ്പിച്ച ശീലമാകാം, അല്ലെങ്കില്‍ ഇഷ്ടമുള്ളവര്‍ ഒപ്പമുള്ളതിനേക്കാള്‍ വലിയ സമ്മാനം ഒരു മേളയിലും ലഭിക്കില്ല എന്ന ചിന്തയില്‍ നിന്നാകാം. അന്ന് അമ്മാവന് ജോലിയുണ്ടോ എന്നത് എനിക്കോര്‍മ്മയില്ല. കൈയില്‍ എത്രത്തോളം ഞങ്ങള്‍ക്കുവേണ്ടി ചിലവാക്കാനുണ്ടോയെന്ന് ചിന്തിക്കുവാനുള്ള പ്രായവും എനിക്ക് അന്നില്ല. എങ്കിലും എപ്പോഴൊക്കെയോ മനസ്സ് പറഞ്ഞിട്ടുണ്ടാകണം- സ്‌നേഹത്തോടെ നല്‍കുന്ന എത്ര ചെറിയ സമ്മാനവും വലുതാണെന്ന്. അത് തന്നെയാണ് ഈ കാലമത്രയുo അടിത്തറ തെറ്റാതെ ഞാന്‍ വിശ്വസിച്ചു പോകുന്നതും.


അമ്മൂമ്മയുടെ വീടിന് അന്ന് ഓട് കൊണ്ടുള്ള മേല്‍ക്കൂരയായിരുന്നു. മഴ പെയ്താല്‍ ചിലയിടങ്ങള്‍ േചാരും. ചോര്‍ച്ചയുളളയിടങ്ങളില്‍ പാത്രങ്ങള്‍ അടുക്കും. അമ്മൂമ്മയെ സഹായിക്കുകയാണെന്ന മട്ടില്‍ ഞങ്ങളും ഒപ്പം കൂടും. പിന്നെ മഴയിലും, പാത്രങ്ങളിലുമൊക്കെ കുളിച്ചും കളിച്ചും രസിക്കുമായിരുന്നു. അന്നത്തെ എന്റെ ദിവസങ്ങള്‍ക്ക് മഴയുടെ നനവ് മാത്രമായിരുന്നില്ല, ഉപ്പ് മാങ്ങയുടെ മണവും നാരങ്ങ മിഠായിയുടെ മധുരവും ഉണ്ടായിരുന്നു. ഇനിയും പറഞ്ഞാല്‍ മതിവരാത്ത, കഴിച്ചാല്‍ കൊതി തീരാത്ത ഒന്നായിരുന്നു അമ്മൂമ്മയുടെ ആഹാരം. ഇടയ്‌ക്കൊക്കെ ഞാന്‍ ആലോചിക്കാറുണ്ട്- പാത്രം നിറയെ മനസ്സറിഞ്ഞ് അമ്മൂമ്മ വിളിമ്പിയിരുന്ന സ്‌നേഹം പോലെ എന്നെ ആരെങ്കിലും അളവ് നോക്കാതെ സ്‌നേഹിക്കുമോയെന്ന്. ഇപ്പോഴും, പുതുമഴയില്‍ മണ്ണ് നനയുമ്പോള്‍ മണ്ണ് വാരി തിന്നാന്‍ മുതിര്‍ന്ന ബാല്യത്തിലേക്ക് ഞാന്‍ പോകും. അമ്മൂമ്മയുടെ കൂടെ ജീവിച്ചിരുന്ന ചുരുക്കം ദിവസങ്ങളിലായിരിക്കണം ഞാന്‍ ഹൃദയം തുറന്ന് ചിരിച്ചതും, മനസ്സറിഞ്ഞ് ഉല്ലസിച്ചതും. അന്ന് പെയ്‌തൊഴിഞ്ഞ മഴയുടെ കുളിര്‍മയാണ് ഇന്നും ഹൃദയത്തെ താലോലിക്കുന്നത്.

എന്റെ പ്രായത്തിലുള്ള മറ്റ് കുട്ടികളും, എന്റെ കൂട്ടുകാരും പോയത് പോലെ ഒരോ സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് എനിക്കും ആഗ്രഹമുണ്ടായിരുന്നു. എന്തുകൊണ്ടോ അപ്പോഴൊന്നും അങ്ങനെയുള്ള യാത്രകള്‍ നടന്നില്ല. പലപ്പോഴായി മുടങ്ങിപ്പോയ അത്തരം ചെറിയ ആഗ്രഹങ്ങള്‍ പിന്നീട് ആഗ്രഹിക്കുവാന്‍ പോലും ഞാന്‍ മറന്നുപോയിട്ടുണ്ട്. അങ്ങനെയൊക്കെയുള്ള ജീവിതത്തിന്റെ ഏതോ ഒരു ഘട്ടത്തിലാണ് മറ്റുള്ളവരുടെ പ്രതിസന്ധിക്കൊത്ത് പെരുമാറാന്‍ ഞാന്‍ പഠിച്ചത്. ഓരോ വേനലവധി അവസാനിക്കുമ്പോഴും ഹൃദയത്തില്‍ വലിയൊരു ഭാരവുമേന്തിയാണ് തിരികെ പോകാറുള്ളത്. ചെറിയ ആഗ്രഹങ്ങള്‍ക്ക് വലിയ സമ്മാനങ്ങള്‍ തന്ന്, ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കുവാനുള്ള മധുരമേറിയ ബാല്യമാണ് ഞാന്‍ ജീവിച്ച് തീര്‍ക്കുന്നതെന്നറിഞ്ഞിരുന്നെങ്കില്‍, എത്ര ദൂരം തിരിഞ്ഞ് നടന്നാലും അവിടേക്ക് എത്തില്ലായെന്നുള്ള തിരിച്ചറിവുണ്ടായിരുന്നെകില്‍; ശകാരിക്കുമെന്ന് കരുതി മാറിനിന്ന മഴ ഞാന്‍ നനയുമായിരുന്നു, ക്ഷീണിക്കുമെന്ന് കരുതി കുട പിടിച്ച വെയിലില്‍ ഞാന്‍ തളരും വരെ കളിക്കുമായിരുന്നു.

ഇനിയും വരാമെന്നുള്ള ഉറപ്പിലാണ് ഓരോ വേനലാവധിയും അവസാനിക്കുന്നത്. ഇന്ന്, ഞാന്‍ ഓടി നടന്ന പറമ്പും കൂടെ കളിച്ച ആട്ടിന്‍കുട്ടിയും സായിപ്പന്‍ നെല്ലിയും ഒന്നും വിടെയില്ല. ജീവിതം വെട്ടിച്ചുരുക്കപ്പെട്ടപ്പോഴും, ആരുമറിയാതെ എന്റെ കൈയില്‍ അമ്മുമ്മ തിരുകിയ നൂറുരൂപ നോട്ടിന്റെ സ്‌നേഹവും, അമ്മാവന്‍ വാങ്ങിതന്ന കടയിലെ ഏറ്റവും നല്ല മിഠായിയുടെ മധുരവും മരണമില്ലാത്ത ചാരിതാര്‍ഥ്യമാണ്. അവസാനം, വേനലവധിയും കഴിഞ്ഞ് ഞങ്ങള്‍ തിരിച്ച് പോകുമ്പോള്‍, വണ്ടി വളവ് തിരിഞ്ഞങ്ങകലെയായാലും രണ്ടു കൈകള്‍ അപ്പോഴും ഉയര്‍ത്തികൊണ്ട് ഞങ്ങളെ യാത്ര അയക്കുന്നുണ്ടാകും.