വാഴപ്പൂവിന്റെ തേനും അമ്പലക്കുളത്തിലെ താമരയും കുളക്കടവില്‍ ആര്‍ത്തലച്ചു നില്‍ക്കുന്ന ആറ്റുവഞ്ചിയും രാത്രിയില്‍ ടെറസ്സില്‍ നിന്നു കാണുന്ന ആകാശത്തെ അത്ഭുതവിളക്കുകളുമെല്ലാം ചേര്‍ത്ത് ഞാന്‍ അവരുടെ മായികലോകത്തിലെ മന്ത്രവാദിനിയായി. 

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

നാലാം ക്ലാസ് വരെ അവധിക്കാലം എന്നാല്‍ അച്ഛന്റെ തറവാടാണ്. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍, അതൊരു  മാന്ത്രികപ്പുരയായിരുന്നുവെന്ന് തോന്നും. അമ്മാമ്മ മാത്രമാണ് സാധാരണ ആ വീട്ടിലുണ്ടാവുക. സ്‌കൂള്‍ അടച്ച് അവധിയാഘോഷത്തിന് കുട്ടികള്‍ എത്തുന്നതോടെ അതൊരു മാന്ത്രികലോകമായി മാറും. ചേട്ടന്മാരുടെയും ചേച്ചിമാരുടെയും ജാലവിദ്യയില്‍ ഞങ്ങള്‍ ചെറിയ കുട്ടികള്‍ ആവാഹിയ്ക്കപ്പെടും. 

ആഹ്ലാദാരവങ്ങള്‍ നിറഞ്ഞ ആ മന്ത്രവാദപ്പരയിലെ വാസം രസകരമായിരുന്നു. വെട്ടുകല്ലിന്റെ കൂറ്റന്‍ മതിലിനടുത്തെത്തിയാല്‍ ഞൊടിയിടയില്‍ അതിനു മേലെയെത്തി അല്പം ഉരുണ്ട മതില്‍പ്പരപ്പിലൂടെ നിലതെറ്റാതെ നടക്കും. മാതളനാരങ്ങ പറിച്ചിടും. പേരക്കൊമ്പിലിരുന്ന് കാലാട്ടി ആടും. പ്രിയൂര്‍മാവിന്റെ ഏറ്റവും ഉയര്‍ന്ന കൊമ്പില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടുമ്പോള്‍ കാല്‍ നീട്ടി ചില്ലകള്‍ തൊടും. കുറച്ചുസമയമെടുത്തു, മുതിര്‍ന്നവര്‍ക്കൊപ്പം ഞങ്ങള്‍ ഈ പ്രാവീണ്യം നേടിയെടുക്കാന്‍. 

വലിയ പടിപ്പുരയുടെ താഴെ, ചിറയില്‍ കയറു പിരിയ്ക്കുന്നവര്‍ തൊണ്ടു നനച്ചിടുന്ന തോടുകള്‍ക്കിടയിലൂടെ ഞങ്ങള്‍ മത്സരിച്ച് സൈക്കിള്‍ ചവിട്ടി. ചിലപ്പോഴൊക്കെ തോട്ടിലേക്ക് ഉരുണ്ടുപോയി. അവിടെനിന്നും ഉയിര്‍ത്തെഴുന്നേറ്റ് വരുന്ന  കുട്ടിച്ചാത്തന്മാരെ നോക്കി, പടിക്കെട്ടിലെ മന്ത്രവാദക്കളത്തിന്റെ ഇങ്ങേയറ്റമിരുന്ന് ഞങ്ങള്‍ കുട്ടിപ്പട കൗതുകം പൂണ്ടു.

മന്ത്രവാദിനിയുടെ കൈപ്പുണ്യത്തിന്റെ കലവറയായിരുന്നു അടുത്ത ആവേശം. വേനലവധിയ്ക്കു വേണ്ടി പ്രത്യേകം ഒരുക്കിയ ഉപ്പേരിയും അരിയുണ്ടയും മറ്റ് വറവുകളും ഉണ്ടായിരുന്നു അവിടെ. ചീനഭരണികളിലെ ഉപ്പിലിട്ടതും കടുമാങ്ങയും കല്‍ച്ചട്ടിയിലെ മാമ്പഴപുളിശ്ശേരിയും ലോകത്തെന്തിനെയും വെല്ലുവിളിയ്ക്കുന്നത്ര രുചികരമായിരുന്നു .

മുതിര്‍ന്നവരുടെ കളിക്കളമായി മാറിയ തെക്കേ അതിരിലെ വലിയ കുളത്തില്‍ ഞങ്ങള്‍ കൈ കാലിട്ടടിച്ചു. ചെറിയേട്ടന്റെയോ കുഞ്ഞമ്മായിയുടെയോ തോളില്‍ തൂങ്ങി. എങ്ങനെയൊക്കെയോ നീന്താന്‍ പഠിച്ച് ഞങ്ങളും പരല്‍മീനുകളെപ്പോലെ നീന്തിത്തുടിച്ചു.

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കഥയാകെ മാറി. അമ്മാമ്മയുടെ മരണം. അതോടെ,  ആ മന്ത്രവാദപ്പുരയുടെ പടിപ്പുരയടഞ്ഞു. ബാല്യം നിറഞ്ഞുതൂകിയ അവധിക്കാല അദ്ധ്യായങ്ങള്‍ എന്നേക്കുമായി ആരോ വലിച്ചടച്ചു. 

 


 
ഹാംലിന്‍ നഗരത്തിലെ കുഴലൂത്തുകാരി

അമ്മയുടെ വീട്ടിലെ മധ്യവേനലവധിക്കാലം തീര്‍ത്തും വ്യത്യസ്തമായിരുന്നു. ചെറിയമ്മയുടെയും മാമന്റെയും മക്കളെ ഹാംലിന്‍ നഗരത്തിലെ കുഴലൂത്തുകാരനെ പോലെ ഞാന്‍ പെട്ടെന്ന് തന്നെ മയക്കിയെടുത്തു. തോര്‍ത്തില്‍ പെട്ട വരാല്‍ കുഞ്ഞുങ്ങളെ കുളക്കരയില്‍ കുഴികുത്തി വെള്ളം നിറച്ച് ഞങ്ങള്‍ അതിലേയ്ക്കിട്ടു. പിന്നീട് ആ മീനുകളെ തിരിച്ചൊഴുക്കി. 

കുളവും ഊഞ്ഞാലുമെല്ലാം ഒഴിവുകാലവേദികളിലെ ഒഴിച്ചുകൂടാനാവാത്ത ഇടങ്ങളാണല്ലോ. മാറിമാറി ഊഞ്ഞാലാട്ടി ഞാന്‍ തളരുമ്പോഴൊക്കെ തളരാത്ത അവരുടെ പൊട്ടിച്ചിരികള്‍ ഉള്ളില്‍ വീണ്ടും ഉന്മേഷം നിറച്ചു. കുളത്തിനു ചുറ്റുമുള്ള ഇഞ്ചിപ്പുല്ലിനിടയിലെ തുമ്പികളെ പിടിയ്ക്കുന്നതില്‍ ഏറ്റവും ഇളയവന്‍ ഗോപുവാണ് പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നത്. ചൂണ്ടയില്‍ കോര്‍ത്ത മണ്ണിരകളുമായി കുളക്കരയില്‍ നിരന്നിരിയ്ക്കുമ്പോഴും ഞാന്‍ കൊടുത്ത ആത്മവിശ്വാസത്തില്‍ ആ മുഖങ്ങള്‍ വാടിയില്ല. ഏതെങ്കിലുമൊരു ചൂണ്ടക്കൊളുത്തൊന്നനങ്ങിയാല്‍ ആര്‍മാദത്തിന്റെ ആര്‍പ്പുവിളികള്‍ ഒരേ സ്വരത്തിലുയരും. രാത്രിയില്‍ ജനലിന്റെ തടിച്ച അഴികളിലൂടെ കടന്നു വന്ന മിന്നാമിനുങ്ങുകളെ കുപ്പിയിലാക്കി ഞങ്ങള്‍ ഒരു ഗന്ധര്‍വ്വലോകം ഒരുക്കി. അന്നേരം, ചുറ്റിലുമുള്ള മുഖങ്ങളിലും കുഞ്ഞു മിന്നാമിനുങ്ങുകള്‍ തിളങ്ങി. 

രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ അകലെയല്ലാതെ ഇരമ്പുന്ന കടല്‍ കാതുകളിലെത്തും. ചീവീടുകളുടെ സ്വരവും അമ്മൂമ്മയുടെ നേര്‍ത്ത മൂളിപ്പാട്ടും ഒരുക്കിയ പശ്ചാത്തല സംഗീതത്തില്‍ വായിച്ചതും കേട്ടതും സ്വയം ഉണ്ടാക്കിയതുമായ കഥകളിലൂടെ ഞാന്‍ അവരെ ഉറക്കുന്ന ചെപ്പടിവിദ്യക്കാരിയായി. കുഞ്ഞടയ്ക്കകള്‍ വളര്‍ന്നു അടയ്ക്കാമരങ്ങള്‍ ആയപ്പോള്‍ അവരോടൊപ്പം മടല്‍ബാറ്റുമെടുത്തു ക്രീസിലിറങ്ങി. കപില്‍ ദേവും രവിശാസ്ത്രിയും ഞങ്ങളുടെ ബാറ്റിന്‍തുമ്പില്‍ വിരുന്നെത്തി. 

മായികലോകത്തിലെ മന്ത്രവാദിനി

കൗമാരത്തിന്റെ രണ്ടാംഘട്ടത്തിലെ അവധിക്കാലങ്ങളില്‍ അബുദാബിയില്‍യില്‍ നിന്നും എത്തുന്ന ചേച്ചിയുടെ കുരുന്നുകള്‍ക്ക് വിസ്മയലോകം തീര്‍ക്കല്‍ അനായാസമായിരുന്നു. വാഴപ്പൂവിന്റെ തേനും അമ്പലക്കുളത്തിലെ താമരയും കുളക്കടവില്‍ ആര്‍ത്തലച്ചു നില്‍ക്കുന്ന ആറ്റുവഞ്ചിയും രാത്രിയില്‍ ടെറസ്സില്‍ നിന്നു കാണുന്ന ആകാശത്തെ അത്ഭുതവിളക്കുകളുമെല്ലാം ചേര്‍ത്ത് ഞാന്‍ അവരുടെ മായികലോകത്തിലെ മന്ത്രവാദിനിയായി.