ബാലഭൂമിയിയെും ബാലരമയിലെയും കഥാപാത്രങ്ങളുടെയും മഹാഭാരതം, ശക്തിമാന്‍ സീരിയലുകളിലെ അഭിനേതാക്കളുടെയുമൊക്കെ ചിത്രങ്ങള്‍ ശേഖരിക്കുക ആവേശകരമായിരുന്നു.
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
രണ്ട് സഹോദരന്മാരും ഞാനും തമ്മില്‍ വല്യ പ്രായവ്യത്യാസമുണ്ടായിരുന്നു. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് അവര്‍ കോളേജില്‍. പഠനത്തിനൊപ്പം ട്യൂഷന്‍ പഠിപ്പിക്കല്‍.
വീട്ടില്‍ ട്യൂഷന് വരുന്ന കുട്ടികളായിരുന്നു എന്റെ കളിക്കൂട്ടുകാര്‍. അവരെയൊന്ന് കളിക്കാന്‍ കിട്ടുന്നതാവട്ടെ വേനല്‍ അവധിക്കും. വാര്‍ഷിക പരീക്ഷയുടെ അവസാന നാളുകളില്‍ പരീക്ഷയെക്കാള്‍ കൂടുതല്‍ മനസ്സിലുണ്ടാവുക അവധിയെയും കളികളെയും കുറിച്ചുള്ള ചിന്തകളായിരുന്നു.
ഞങ്ങള്‍ എല്ലാവരും ഒത്തുകൂടുന്നത് ആണ്‍പള്ളിക്കുടത്തിലെ മൈതാനത്തിലായിരുന്നു. അവിടെയുള്ള ചാമ്പയും മാവുമൊക്കെ ആ വൈകുന്നേരങ്ങളില്‍ ഞങ്ങളെ കാത്തുനില്‍ക്കും. മാവിലും ചാമ്പയിലും ഒക്കെ വലിഞ്ഞു കയറി പഴങ്ങള്‍ പറിച്ച്, കല്ലില്‍ ചതച്ച്, ഉപ്പും മുളകും ചേര്‍ത്ത് രുചിക്കും, പിന്നെ കളികളാണ്. കളിവീട് ഉണ്ടാക്കലും മണ്ണപ്പം ചുടലും മാത്രമല്ല, മാത്രമല്ല വലിയ ക്ലാസിലെ കുട്ടികള്‍ ഭീമന്‍ പന്തുമായി വരുമ്പോള്‍ ഫുട്‌ബോള്‍ കളിക്കാനും കൂടുമായിരുന്നു. പിന്നീട് ഓട്ടം അക്കരെ തോട്ടിന്‍ കരയിലേക്കാണ്. പരലുപിടിച്ചും മുങ്ങാംകുഴിയിട്ടും ആര്‍ത്തുല്ലാസം. മേളം കഴിഞ്ഞ് സന്ധ്യയാവുമ്പോള്‍ മനസ്സില്ലാ മനസ്സോടെ വീട്ടിലേക്കുള്ള മടക്കം. അന്നൊന്നും മീനമാസ ചൂട് ഇത്ര കണ്ട് ഭീകരമായിരുന്നില്ല എന്ന് ഇപ്പോള്‍ തോന്നുന്നു.
ഇന്നില്ലാത്ത വലിയൊരു സൗഭാഗ്യം 90-കളിലെ കുട്ടികളായ ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. കണ്ണുനട്ടിരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഇല്ലാത്തതിനാല്‍ അന്ന് പരസ്പരം സംസാരിക്കാനും കേള്‍ക്കാനും സമയമുണ്ടായിരുന്നു. കളി കഴിഞ്ഞു വരുമ്പോള്‍ അമ്മ ഉമ്മറത്ത് വിളക്ക് കൊളുത്തി വെച്ചിരിക്കും; ഞങ്ങള്‍ ഒരുമിച്ച് നാമം ചൊല്ലും. അതിനു ശേഷം അമ്മ രാമായണകഥകള്‍ പറഞ്ഞു തരും. കഥ കേട്ടിരിക്കുമ്പോള്‍ എന്റെ കണ്ണ് വഴിവക്കിലേക്കായിരിക്കും. ദൂരേന്ന് ഒരു ടോര്‍ച്ച് വെട്ടം വരുന്നോ എന്ന നോട്ടം. പതിവ് സന്ധ്യാ സവാരിക്ക് ശേഷം വീട്ടില്‍ മടങ്ങി എത്തുമ്പോള്‍ ദൂരെ നിന്നും പപ്പാ എന്റെ പേര് വിളിക്കും. എന്തെങ്കിലുമൊരു പലഹാരപ്പൊതിയും കൈയിലുണ്ടാകും. പഴംപൊരിയോ, വടയോ ആയിരിക്കും ചിലപ്പോള്‍. അല്ലെങ്കില്‍ കപ്പലണ്ടി മുട്ടായിയോ, കോലപ്പമോ. എന്തായാലും എന്തെങ്കിലും ഒരു പൊതി കൈയില്‍ കാണും. ഞങ്ങള്‍ മൂന്നുപേരും അത് വീതിച്ചെടുക്കും.
ആകാശവാണിയുടെ സ്ഥിരം ശ്രോതാവായിരുന്നു പപ്പാ. അതിരാവിലെയുള്ള സംസ്‌കൃത വാര്‍ത്ത കേട്ടാണ് ഞങ്ങളുടെ ദിവസം തുടങ്ങുന്നത്. സന്ധ്യ കഴിഞ്ഞാല്‍ കൊതുകിനെ അകറ്റാന്‍ വലിയ നെരിപ്പോടില്‍ കുന്തിരിക്കം കത്തിച്ച് ഉമ്മറത്ത് വയ്ക്കും. പിന്നെ കസേരയിട്ട് കട്ടനും റേഡിയോയുമായി ഞങ്ങളും പപ്പായ്ക്ക് കൂട്ടുചെല്ലും. അന്നത്തെ റേഡിയോ നാടകങ്ങള്‍ ഇന്നും ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്നു. പട്ടാളത്തില്‍ നിന്ന് വിരമിച്ചശേഷം പപ്പാ ഞങ്ങളുടെ തന്നെ സ്ഥലത്ത് പച്ചക്കറികളും മറ്റും കൃഷി ചെയ്യുമായിരുന്നു.
എന്നെ സംബന്ധിച്ച് വേനലവധിയുടെ വരവ് വിളംബരം ചെയ്യുന്നത് ഞങ്ങളുടെ പറങ്കിമരങ്ങളായിരുന്നു. അവ പൂത്തു തുടങ്ങുമ്പോള്‍ അവധിക്കാലം അടുത്തു എന്ന് മനസ്സ് ആഹ്ലാദിക്കും. പിന്നെ മേടത്തിനു മുന്നേ ചിരിച്ചു നില്‍ക്കുന്ന കൊന്ന പൂക്കളും, മാപ്പൂക്കളും. ആദ്യദിനം മുതല്‍ പപ്പായുടെ കൂടെ ഞാനും പറങ്ങാ പഴങ്ങള്‍ ശേഖരിക്കുവാന്‍ അതിരാവിലെ എഴുന്നേറ്റു പോകും. കണ്ണിമാങ്ങകള്‍ പെറുക്കി അമ്മയ്ക്ക് കൊടുക്കും. അമ്മയത് ഉപ്പിലിട്ട് വലിയ ഭരണിയില്‍ സൂക്ഷിക്കും. സ്‌കൂള്‍ തുറന്നാല്‍ ഒരു വര്‍ഷത്തേക്ക് ചോറ്റു പാത്രത്തില്‍ ചോറിനൊപ്പം ഉണ്ടാവുക അതായിരിക്കും. പപ്പായ്ക്ക് കിട്ടുന്ന കശുവണ്ടി ഒരു പാത്രത്തിലും എനിക്ക് കിട്ടുന്ന കശുവണ്ടികള്‍ മറ്റൊന്നിലും ശേഖരിച്ച് വയ്ക്കും. ബുധനും ശനിയും നടക്കുന്ന തടിയൂരിലെ ചന്തയ്ക്ക് അത് വിറ്റ് കിട്ടുന്ന കാശില്‍ ഒരു വീതം എനിക്കും തരും. വിഷുക്കൈനീട്ടമായി കിട്ടുന്ന ചെറിയ നാണയങ്ങള്‍ ശേഖരിച്ച് തെള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ കൊല്ലംതോറും നടന്നുവരുന്ന വൃശ്ചിക വാണിഭത്തില്‍ കണ്‍മഷിയോ പൊട്ടോ കുപ്പിവളകളോ വാങ്ങാന്‍ കാത്തിരിക്കും.
പിന്നെയുള്ള അവധിക്കാല ഓര്‍മ്മ, അന്നൊക്കെ കിട്ടിയിരുന്ന സ്റ്റിക്കറുകളുടെയും ടാറ്റുകളുടെയും ശേഖരമായിരുന്നു. ബാലഭൂമിയിയെും ബാലരമയിലെയും കഥാപാത്രങ്ങളുടെയും മഹാഭാരതം, ശക്തിമാന്‍ സീരിയലുകളിലെ അഭിനേതാക്കളുടെയുമൊക്കെ ചിത്രങ്ങള്‍ ശേഖരിക്കുക ആവേശകരമായിരുന്നു. സ്വന്തം ശേഖരത്തില്‍ ഇല്ലാത്ത കഥാപാത്രങ്ങളെ സ്വന്തമാക്കാന്‍ അടുത്ത കൂട്ടുകാരുടെ സഹായം തേടും. നമ്മുടെ കൈയില്‍ അധികമുള്ളത് അവര്‍ക്കു കൊടുക്കും. ഒരുതരം ബാര്‍ട്ടര്‍ സമ്പ്രദായം.
'മഞ്ഞുതുളളി നെറുകയില്‍ ചൂടി
കുഞ്ഞു പൂവൊന്നു മുറ്റത്തു നിന്നു
പിച്ചവയ്ക്കുന്ന പിഞ്ചുകുഞ്ഞപ്പോള്‍
കൊച്ചു പൂവിനെ നോക്കിച്ചിരിച്ചു'
ആ മഞ്ഞുകണങ്ങളെ നെറ്റിയില്‍ ചൂടി ഇന്നും എന്റെ അങ്കണത്തില്‍ പുഞ്ചിരിച്ചു നില്‍ക്കുകയാണ് വേനലവധിക്കാലം
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം