ഊഞ്ഞാലേല്‍ ഇരിക്കുന്നത് കടക്കാരനാ. ബാക്കി ഉള്ളോരു സാധനം മേടിക്കാന്‍ വരുന്നൊരും. ഒരു ഒരു മണിക്കൂറോളം ഞങ്ങടെ ഊഞ്ഞാല കട സൂപ്പറായി ഓടി. ഞങ്ങള്‍ മാറി മാറി കടക്കാരും ആയി. പക്ഷേ പെട്ടന്നാണത് സംഭവിച്ചത്..

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.

 

'പൊന്നൂ, എത്ര തവണ ഞാന്‍ വിളിച്ചു. ഒന്ന് എണീറ്റെ എന്റെ കൊച്ചേ. പള്ളീല് പോണോന്ന് പറഞ്ഞ് കിടന്ന പെണ്ണാ.'


'അപ്പിടി തണുപ്പും മഞ്ഞുവാ ചാച്ചാ. ഇനി നാളെ പോകാ.'

'ഇന്ന് ഒരു പണി ഉണ്ട്. ഞാന്‍ പോകുവാ. ഇന്നലത്തെ പോലെ കുരുത്തക്കേട് ഒന്നും കാണിച്ച് വെച്ചേക്കല്ല് കേട്ടോ. ഒരു വീപ്പ വെള്ളവാ നീ ഒക്കെ കൂടെ മഴ ഒണ്ടാക്കി മറിച്ചു കളഞ്ഞേ'

'ഞാന്‍ ഇന്ന് ഒന്നിനും ഇറങ്ങൂല്ലന്നെ'

'അങ്ങനെ ആണേ നിനക്ക് കൊള്ളാ. തള്ളേടെ കയ്യീന്ന് മേടിച്ചു കൂട്ടുമ്പോ തടഞ്ഞു നിര്‍ത്താന്‍ ഇന്ന് ഞാന്‍ ഇല്ല,  കേട്ടല്ലോ'

'ഞാന്‍ താഴെ ചിന്ന അമ്മച്ചിടെ അടുത്തേക്ക് പൊക്കോളാ' 

'എന്നാലും പിള്ളേരേം കൂട്ടി അടങ്ങി ഇരിക്കല്ല് കേട്ടോ'

'ഓഹ്, ഞാന്‍ ഒന്നും ചെയ്യൂല ചാച്ചാ. ചാച്ചന്‍ പൊക്കോ'

'പിന്നെ എന്റെ പൊന്നുമോളെ എനിക്കറിയില്ലേ. കൂട്ടിനു അവധി ആഘോഷിക്കാന്‍ വാനര പടയും കൂടെ ആയപ്പോ പൂത്രി ആയി. ഞാന്‍ പൂവാ. പിള്ളേരെ നോക്കിക്കോണേ'

'ചാച്ചാ വരുമ്പോ പാല്‍ബണ്‍ വാങ്ങിച്ചോണ്ട് വന്നേ....'

ലാസ്റ്റ് പറഞ്ഞത് അപ്പന്‍ കേട്ടോ ആവോ. പിള്ളേര് ഉള്ളോണ്ട് എന്തേലും കൊണ്ടൊരാണ്ട് ഇരിക്കൂല്ല..

അപ്പന്‍ പോയി ഒരു സെക്കന്‍ഡ് കണ്ണൊന്നു അടച്ചതേ ഉള്ള്. പൊറത്തൂന്ന് അമ്മേടെ കലാപം കേട്ടാണ് കണ്ണ് തുറന്നെ.

'ആ പിള്ളേര് വരെ എണീറ്റ്. എന്നിട്ടും ഇവുടുത്തെ മുതുക്കിക്ക് പൊങ്ങാന്‍ നേരം ആയിട്ടില്ല. വെയില് മൂട്ടില്‍ അടിച്ചാലും അവള്‍ അറിയൂല്ല.'

അത് വരെ അടുത്ത് കൂതീം കുത്തി കിടന്നോണ്ടിരുന്ന കുരുപ്പുകളെ തപ്പി നോക്കീപ്പോ ആട് കിടന്നിടത്തു പൂട പോലും ഇല്ല. ഇനിയും കിടന്നാ തല്ല് ഉറപ്പായതോണ്ട് ഒച്ച ഒണ്ടാക്കാതെ മുന്‍വശത്തോടെ ഇറങ്ങി ഓടി.

എട്ട് മണി ആയതേ ഉള്ള്. അതിനാ ഈ മേളാങ്കം. നേരം വെളുത്തിട്ടും ചെറിയ മഞ്ഞുണ്ട്. തണുപ്പും. വെറുതെ വേനല്‍ കാലത്തിനെ പറയിക്കാന്‍. മുറ്റം നിറയെ കരിയിലപടയാ. ഇവറ്റകളുടെ തൊണ്ടേല്‍ സൈലന്‍സര്‍ വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എന്താ ചിലപ്പ്. അതിനിടക്ക് എന്തോ ഗുളു ഗുളു ശബ്ദം. വേറൊന്നും അല്ല, എന്റെ കീഴെ ഉള്ള നാലെണ്ണം പല്ല് തേച്ചിട്ട് കുലുക്കുഴിയുന്നതാ.

ഈ മാവേലെ മാങ്ങ എന്നതാ വലുതാവാന്‍ ഇത്രയും താമസം. ഓരോ മാങ്ങേടേം വ്യാസവും ചുറ്റളവും എല്ലാമെനിക്ക് കാണാപാഠവാ.

'നട്ടുച്ച നേരത്ത് എണീറ്റ് വന്നിട്ട് നീ എന്നാ പ്രകൃതി ഭംഗി ആസ്വദിച്ചു നിക്കുവാണോ. ഇത് വരെ പഠിക്കാന്‍ ആന്നും പറഞ്ഞു പോത്തകോം തൂക്കി നടക്കുന്നൊണ്ട് ഒരു എല മറിച്ചിടില്ല. എന്നാ അവധിയാ. ഈ മുറ്റവൊന്നു തൂത്തു ഇട്ടേക്കാ.. ഏഹ് ഹേ. അതെങ്ങനാ പൊറകെ ചെയ്യാന്‍ ഇവടെ ഒരുത്തി ഉണ്ടല്ലോ. നമ്മടെ വിധി.'

ഇനിയും നിന്നാ ഇതിന്റെ അപ്പുറം കേക്കേണ്ടി വരൂന്ന് ഉറപ്പുള്ളൊണ്ട്, പല്ല് തേച്ചൂന്ന് വരുത്തി ചൂലെടുത്ത് ഇറങ്ങി. ഈ വാക വെട്ടി പള്ളേല് കളയണം. ഈ പീക്കിരി എല തൂക്കാന്‍ എന്നാ പാടാ. 

മനസ്സില്‍ നൂറു തെറി പറഞ്ഞു എങ്ങനെ ഒക്കെയോ തൂത്തു വാരി..

അപ്പോളേക്കും വാനരപ്പട  ചായകുടീം കഴിഞ്ഞു കളിക്കാന്‍ തൊടങ്ങി. വല്ല ബന്ധു വീട്ടിലും പോയാ മതീരുന്നു..

'പൊന്നു ചേച്ചി ഇന്ന് ഊഞ്ഞാല കെട്ടി തരാന്ന് പറഞ്ഞെ ആണേ. പറ്റിച്ചേക്കല്ലേ..' 

കൂട്ടത്തിലെ മൂത്ത മിന്നൂന്റെ വകയാണ് ഭീഷണി.

'ഒന്ന് പതുക്കെ കാറെടി. അമ്മ കേട്ടാല്‍ പിന്നെ അത് മതി. ഇന്നലെ നിനക്കൊക്കെ മഴ ഉണ്ടാക്കി തന്നെന്റെ കേട് തീര്‍ന്നിട്ടില്ല. നേരം ഒന്ന് വെളുത്തോട്ടെ'

ഞാന്‍ കാര്യവിവരത്തോടെ പിള്ളേരെ പറഞ്ഞു മനസിലാക്കി..

എന്റെ മനസിലാക്കല്‍ കേട്ടിട്ടോ  എന്തോ കാപ്പി കുടി കഴിയണോടം വരെ ആരും ഞങ്ങടെ പ്ലാന്‍ പരസ്യം ആക്കിയില്ല.

അത് വരെ കുട്ടീം കോലും, സാറ്റും ഒക്കെ കളിച്ചിട്ട്, കുക്കറി ഷോ കളിക്കാന്‍ തുടങ്ങീപ്പോ ഊഞ്ഞാലാ എന്ന ആവശ്യം വീണ്ടും ഉയര്‍ന്നു.

പിള്ളേര് എന്തേലും ആഗ്രഹം പറഞ്ഞാ അത് നമ്മളെ കൊണ്ട് പറ്റാവുന്നതാണേല്‍ അത് നടത്തി കൊടുക്കണോടാ ഉവ്വേന്ന് ഏതോ മഹാന്‍ പറഞ്ഞിട്ടുണ്ട്.

അതോണ്ട് ഞാന്‍ മുണ്ടുമുറുക്കി- ശ്ശേ പാവാട മുറുക്കി -ഇറങ്ങി.

കയറു വേണം. അതാണ് ആദ്യ ടാസ്‌ക്. തപ്പി തപ്പി ചാച്ചന്‍ അയ കെട്ടാന്‍ മേടിച്ചു വെച്ചേക്കുന്ന ചകിരി കയര്‍ എന്നിലെ പോലീസ് ബുദ്ധി കണ്ടു പിടിച്ചു.

അടുത്തത് മരം. അതിനു കൂടുതല്‍ തപ്പണ്ടി  വന്നില്ല. കൊക്കോടെ അടുത്ത് നിക്കണ കാപ്പി കമ്പ്. പൂത്തു നിക്കണോണ്ട് നല്ല മണോം കാണും. അത് പിള്ളേരുടെ കണ്ട് പിടുത്തം ആണുട്ടോ. എന്നതായാലും കയറ് കാപ്പി കമ്പേല്‍ കെട്ടി ഞാന്‍ ഒരു ഊഞ്ഞാല അങ്ങ് സെറ്റ് ആക്കി. പിന്നെ അവിടെ ആയി കളി.

ഊഞ്ഞാലേല്‍ ഇരിക്കുന്നത് കടക്കാരനാ. ബാക്കി ഉള്ളോരു സാധനം മേടിക്കാന്‍ വരുന്നൊരും. ഒരു ഒരു മണിക്കൂറോളം ഞങ്ങടെ ഊഞ്ഞാല കട സൂപ്പറായി ഓടി. ഞങ്ങള്‍ മാറി മാറി കടക്കാരും ആയി. പക്ഷേ പെട്ടന്നാണത് സംഭവിച്ചത്..

കുഞ്ഞി കേറി ഇരുന്നപ്പോളേക്ക് ഊഞ്ഞാല കെട്ടിയിരുന്ന കാപ്പി കമ്പങ്ങു ഒടിഞ്ഞു പോയി. കുഞ്ഞി  പഠേന്ന് താഴെ.

അവള് വീണതിനേക്കാള്‍ ഞാന്‍ പേടിച്ചത് അമ്മേടെ അടിയേ ആരുന്നു.

ഊഞ്ഞാല ഊര്‍ച്ചാം പുറത്ത് ആയിരുന്നോണ്ട് കൊച്ച് ഉരുണ്ട് പോകാന്‍ തൊടങ്ങി. എവടെ ഒക്കെയോ തട്ടി മുട്ടി താഴത്തെ പുളി മരത്തിന്റെ ചോട്ടില് പോയി കെടന്ന്. 

'അമ്മേ കുഞ്ഞി ഉരുണ്ട് പോണു'

ഞാന്‍ അറിയാതെ തന്നെ എന്റെ തൊണ്ട വിളിച്ചു കൂവി.

എന്താടീന്നും ചോയിച്ചു അമ്മ ഓടി വന്നു. ഒടിഞ്ഞു കിടക്കുന്ന കാപ്പി കമ്പും, കരഞ്ഞോണ്ട് കേറി വരുന്ന കുഞ്ഞിനേം കണ്ടപ്പ തന്നെ അമ്മക്ക് കാര്യം മനസിലായി.

പിന്നെയെല്ലാം പെട്ടന്നാരുന്നു. മാവിന്റെ കൊമ്പ് ഒടിക്കുന്നു. എനിക്ക് പൊതിരം കിട്ടുന്നു. ആകെ ഒരു പൊക മയം. എനിക്ക് കിട്ടുന്നത് കണ്ടപ്പോളെ സ്വിച്ച് ഇട്ട കണക്ക് കുഞ്ഞിന്റെ കരച്ചില് നിന്ന്. ബാക്കി ഒറ്റ എണ്ണത്തിനെ കാണാന്‍ ഇല്ല. കര്‍ത്താവ് തമ്പുരാന്‍ പറഞ്ഞ കണക്ക് 'ഞാന്‍ വലത്തേക്ക് തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവര്‍ ആരുമില്ല. ഓടി ഒളിക്കുവാന്‍ എനിക്ക് ഇടമില്ല. എന്നെ രക്ഷിക്കുവാന്‍ ആളുമില്ല'

ചുരുക്കി പറഞ്ഞ 'ന്റെടാവേ നല്ല പൊത്തു കിട്ടി'

പിന്നെ കൊറേ നേരം എന്നെ ആരും കണ്ടില്ല. വേറെ ഒന്നും അല്ല. പറമ്പിന്റെ അങ്ങേ മൂലേല്‍ ഒരു പാറ ഉണ്ട്. അതിന്റെ പുറകില്‍ പോയിരുന്നു പട്ടി മോങ്ങും പോലെ മോങ്ങുവാരുന്നു.

'എന്നെ ആര്‍ക്കും ഇഷ്ടല്ല. ഒരു കാപ്പി കമ്പല്ലേ ഒടിഞ്ഞേ. അവള്‍ക്കും ഒന്നും പറ്റീല്ലല്ലോ. എന്നെ ദത്തു എടുത്തതാ. ഇന്ന് രാത്രി ഇവിടുന്ന് നാട് വിടണം..'

അങ്ങനെ അങ്ങനെ ഓരോന്ന് ആലോചിച്ചു കിടന്നങ്ങു മോങ്ങി. ഉച്ചക്ക് ചോറുണ്ണാന്‍ മിന്നു വന്ന് വിളിച്ചിട്ടും ഞാന്‍ പോയില്ല. ഞാന്‍ മാത്രം അല്ലല്ലോ. അവരും കളിക്കാന്‍ കൂടിയില്ലേ. പക്ഷെ അവര്‍ക്കിട്ട് അടിച്ചില്ലല്ലോ..

വൈകിട്ട് ചാച്ചന്‍ വന്നപ്പോ നടന്ന യുദ്ധമൊക്കെ അറിഞ്ഞു. അപ്പോളേക്കും ഇരുട്ട് വീണപ്പോ പേടിച്ച് ഞാന്‍ കട്ടിലേല്‍  കേറിയാരുന്നു. പക്ഷേ ആരോടും മിണ്ടിയില്ല.

'പൊന്നു. ഇങ്ങ് വന്നേ'

ചാച്ചന്റെ സ്വരത്തില്‍ എന്തോ പന്തികേട് മണക്കുന്നു.

'നിനക്ക് ചെവി കേക്കില്ലേ, ഇങ്ങ് വരാന്‍'

മുഖം വീര്‍പ്പിച്ചു കെട്ടി തന്നെ ഞാന്‍ ചാച്ചന്റെ അടുത്തേക്ക് ചെന്നു..

'നിന്നോട് എന്നാ പറഞ്ഞിട്ടാ ഞാന്‍ ഇവിടുന്ന് പണിക്കിറങ്ങി പോയെ.. നീ എന്നിട്ടു എന്നാ കാണിച്ചു വെച്ചേ'

'ഞാന്‍ മാത്രല്ല. ഇവരും ഉണ്ടാരുന്നു. പക്ഷേ അമ്മ എന്നെ മാത്രേ അടിച്ചുള്ളൂ.' വിങ്ങി വിങ്ങി പറഞ്ഞൊപ്പിച്ചു.

'ഇവര് ചെറുതല്ല. നീയല്ലേ മൂത്തത്. അത് മാത്രോ ഇവര് ഇവടെ നിക്കാന്‍ വന്നതല്ലേ. നല്ലോരു കാപ്പി കമ്പല്ലേ ഒടിഞ്ഞു പോയെ. അതും പോട്ടേ കുഞ്ഞിക്കു വല്ലോം പറ്റിയാരുന്നേലോ? ആര് സമാധാനം പറയും. അവധിക്ക് കയ്യും കാലും ഒടിക്കല് നിനക്ക് പതിവാ. ഈ പിള്ളേരുടെ കൂടെ ഒടിക്കാന്‍ ആണോ..'

ഞാന്‍ ഒന്നും മിണ്ടീല്ല. എന്തിനാ മിണ്ടണേ. ഇന്ന് നാട് വിടാന്‍ പൂവല്ലേ ഞാന്‍.

'അത് പോട്ടേ, പൊന്നു. അമ്മയല്ലേ തല്ലിയത്. തള്ള ചവിട്ടിയാ പിള്ളക്ക് കേടില്ലെന്നാ. ദേ പാല്‍ ബണ്‍. കൊച്ചു പിള്ളേര്‍ക്കും കൊടുത്ത് കഴിച്ചോ'

പാല്‍ ബണ്‍ കണ്ടിട്ടല്ല. രാത്രി ഒറ്റക്ക് പോകാന്‍ പേടി ആയോണ്ട് നാടുവിടല്‍ ഞാന്‍ ഉപേക്ഷിച്ചു. പക്ഷേ അമ്മയോട് ഞാന്‍ മിണ്ടീല്ല. പക്ഷേ എന്റെ അല്ലെ അമ്മ. ഇരട്ടി വാശി. അങ്ങോട്ട് മിണ്ടാതെ പച്ചവെള്ളം കിട്ടില്ലെന്ന അവസ്ഥ. അതോണ്ട് ഞാന്‍ തന്നെ പോയി മിണ്ടി. പക്ഷേ കിട്ടിയ അടീടെ പാട് കാലേല്‍ തിണര്‍ത്ത് കിടന്നു. 

പക്ഷേ ഞാന്‍ നന്നായിന്ന് ആണോ? എവിടുന്ന്! 

അടിച്ച് അടിച്ച് അമ്മ മടുത്തത് അല്ലാണ്ട് എനിക്ക് വല്യ മാറ്റവൊന്നും ഉണ്ടായില്ല. ആ...,ഒരു മാറ്റം ഉണ്ട്-   കാലിലെ  പാടിന്റെ എണ്ണം  കൂടി. അല്ലാതെന്ത് മാറ്റവാ...!

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം