കളിച്ചും തിമിര്‍ത്തും ഒരാഴ്ച കഴിയുമ്പോള്‍ അച്ഛ തിരികെ വിളിക്കാന്‍ വരും. അന്നേരം സങ്കടത്തോടെ അടുത്ത വേനലവധിക്കുള്ള പ്ലാനുകള്‍ നെയ്തുകൂട്ടി ഞങ്ങള്‍ പിരിയും.

നിങ്ങള്‍ക്കുമില്ലേ ഓര്‍മ്മകളില്‍ മായാത്ത ഒരവധിക്കാലം. ഉണ്ടെങ്കില്‍ ആ അനുഭവം എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം നിങ്ങളുടെ ഫോട്ടോയും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും അയക്കണം. സ്‌കൂള്‍ കാല ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അയക്കാന്‍ മറക്കരുത്. വിലാസം: submissions@asianetnews.in. സബ്ജക്റ്റ് ലൈനില്‍ Vacation Memories എന്നെഴുതണം.

ചാണകത്തിന്റെ മണം എനിക്കിഷ്ടമാണ്. കേട്ടിട്ടാരും ചിരിക്കണ്ട, സത്യമാ ഞാന്‍ പറഞ്ഞേ. ആ മണം എന്നെ കൂട്ടിക്കൊണ്ടു പോകുന്നത് കൂത്താട്ടുകുളത്തെ അമ്മവീട്ടിലോട്ടാണ്. വേനലവധി വരാന്‍ കാത്തിരിക്കുന്നതേ അങ്ങോട്ടു പോകാനായിരുന്നു.

ഓരോ അവധിക്കും മുന്നേ ഞാനും എന്റെ കളിക്കൂട്ടുകാരനായ മാമന്റെ മകനും കൂടി പ്ലാന്‍ തയ്യാറാക്കുമായിരുന്നു. പ്ലാന്‍ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അതു വളരെ തന്ത്രപ്രധാനമായിരുന്നു. അതിനായി മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന അവന്‍ നാലാം ക്ലാസില്‍ പഠിക്കുന്ന എനിക്ക് കത്തയക്കും. കത്തിന്റെ ഉള്ളടക്കം ഇത്രയേ ഉള്ളൂ. 'പ്ലാന്‍ നിനക്ക് ഓര്‍മയുണ്ടല്ലോ. മറക്കരുത്.' ആ പ്ലാന്‍ എന്താന്ന് എനിക്കും അറിയില്ല അവനും അറിയില്ല. ഈ കത്തെഴുതുന്നത് ആണ് പ്ലാന്‍ എന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നത്. പക്ഷേ ആ കത്ത് കിട്ടുമ്പോള്‍ ഉള്ള ഒരു അഭിമാനം. അതു ഒന്ന് വേറെ തന്നെ ആയിരുന്നു കേട്ടൊ.. 

തറവാട്ട് വീട്ടില്‍ തൊഴുത്തിനോട് ചേര്‍ന്നുള്ള മുറിയില്‍ ആണ് ഞങ്ങള്‍ കുട്ടികള്‍ കിടന്നിരുന്നത്. അവിടുത്തെ മെത്തയില്‍ മച്ചിലെ തടിയില്‍ നിന്ന് വീഴുന്ന മരത്തരികള്‍ ഉണ്ടായിരുന്നു. പക്ഷേ ആ മെത്തയില്‍ കിടന്ന് ഞങ്ങള്‍ കുട്ടികള്‍ പ്ലാന്‍ ചെയ്തിരുന്നത് വല്യ സിനിമ സംവിധായകര്‍ പോലും ആലോചിച്ചിട്ടുണ്ടാവില്ല. മിലിന്ദ് സോമനെ ഷെര്‍ലക് ഹോംസ് ആക്കി സിനിമ ഡയറക്റ്റ് ചെയ്യണം. വീരപ്പനെ പിടിക്കാനുള്ള വഴികള്‍ ആലോചിക്കണം. അവസാനം ഇതൊക്കെ ആലോചിച്ചു ആലോചിച്ചു എപ്പോഴോ ഉറക്കത്തിലേക്കു വീണു പോകും. 

രാവിലെ അമ്മായി പശുവിനെ കറക്കുന്ന ശബ്ദവും മറ്റും കേട്ടായിരിക്കും എഴുന്നേല്‍ക്കുന്നത്. പിന്നെ ചാടി പിടിച്ചു എഴുന്നേറ്റ് പല്ലൊക്കെ തേച്ച് രാവിലത്തെ ഭക്ഷണം. ചായ എന്ന് പേര് മാത്രം ഉള്ള, എനിക്കത്ര ഇഷ്ടമില്ലാത്ത, നമ്മുടെ പശുവിന്റെ തന്നെ പാലും കുടിച്ചു ഞങ്ങള്‍ അപ്പുറത്തെ പറമ്പിലേക്ക് യാത്രയാവും. അവിടെ തട്ടുകളായി കിടക്കുന്ന പറമ്പുകള്‍ ഓരോന്ന് കയറി വല്യ പാറപ്പുറത്തെത്തും. അവിടെ ഇരുന്നു ഞങ്ങളുടെ കുഞ്ഞു ലോകത്തിലെ കഥകളുടെ കെട്ടുകള്‍ ഓരോന്ന് അഴിക്കുകയായി. 

പിന്നെ ഉച്ചക്ക് അമ്മായി വിളിക്കുമ്പോള്‍ ആയിരിക്കും ഇറങ്ങി പോരുക. ഇത് ഒരാഴ്ചയോളം തുടരും.. അതിനിടക്ക് വൈകുന്നേരങ്ങളില്‍ അമ്മായി നല്ല അവല്‍ നനച്ചു തരും. വൈകുന്നേരങ്ങളില്‍ മിക്കവാറും ഒളിച്ചു കളി ആയിരിക്കും. പിന്നെ പശുവിനു വൈക്കോല്‍ കൊടുക്കും. 

കളിച്ചും തിമിര്‍ത്തും ഒരാഴ്ച കഴിയുമ്പോള്‍ അച്ഛ തിരികെ വിളിക്കാന്‍ വരും. അന്നേരം സങ്കടത്തോടെ അടുത്ത വേനലവധിക്കുള്ള പ്ലാനുകള്‍ നെയ്തുകൂട്ടി ഞങ്ങള്‍ പിരിയും. പിന്നീടങ്ങോട്ട് കാത്തിരിപ്പായിരിക്കും അടുത്ത വേനലവധിക്കായി. ഈ കാത്തിരിപ്പിന്റെ മണമാണ് എനിക്ക് ചാണകത്തിന്റെ മണം. തൊഴുത്തിനടുത്തുള്ള മുറിയിലെ താമസവും എണ്ണമില്ലാത്ത കളികളും. 

തറവാട് വീട് പിന്നീട് പൊളിച്ചു. തൊഴുത്തും പശുക്കളും ഇപ്പോള്‍ ഇല്ല. പാറപ്പുറം നിരത്തി ആരൊക്കെയോ വീട് വെച്ചു. പക്ഷേ ഇതെല്ലാം അതു പോലെ എന്റെ സ്വപ്നത്തില്‍ എപ്പോഴും വന്നു പോയി കൊണ്ടിരിക്കുന്നു. അപ്പോള്‍ ഞാന്‍ വീണ്ടും ആ നാലാം ക്ലാസുകാരിയാവുന്നു. പാറപ്പുറത്തിരുന്നു വാ തോരാതെ കഥകള്‍ പറയുന്നു.