ശവസാധനയുടെ അഘോരി പാതയിലേക്ക് സെലിബ്രിറ്റികൾ എത്തിച്ചേരുന്നതെന്ത് കൊണ്ട്?
അഘോരികൾ, ഭയമില്ലാത്തവരും നന്മതിന്മകളുടെ അതിർവരമ്പുകളെ ഭേദിക്കുന്നവരുമായ സന്യാസിമാരാണ്. ലഹരി, ശവസാധന, നരഭോജിത്വം തുടങ്ങിയ അഘോര ആചാരങ്ങൾ ആത്മീയതയുടെ പരമപദത്തിലേക്കുള്ള അവരുടെ യാത്രയുടെ ഭാഗമാണ്. ആ പാതയിലേക്ക് ഏങ്ങനെയാണ് സെലിബ്രിറ്റുകളും ആകൃഷ്ടരാകുന്നത്? വായിക്കാം വഴിയമ്പലം.

അഘോരികളുടെ നിഗൂഢ ലോകത്തിലേക്കൊരു എത്തിനോട്ടം. ലഹരി, ശവസാധന, നരഭോജിത്വം തുടങ്ങിയ അഘോര ആചാരങ്ങളിലൂടെ അവർ എങ്ങനെ ആത്മീയതയെ തേടുന്നു? അദ്വൈതവും ഭൗതികലോകവും തമ്മിലുള്ള അവരുടെ ബന്ധമെന്ത്? കാശിയിലെ അഘോരി പാരമ്പര്യത്തിന്‍റെ വേരുകൾ എവിടെ?
ഘോരമെന്നാൽ ശബ്ദതാരവലിയിൽ ഭയാനകം എന്നർത്ഥം. എങ്കിൽ ആരാണ് അഘോരി? ഭയം തീണ്ടാത്ത, നല്ലതും ചീത്തയുമില്ലാത്ത, ശരിയും തെറ്റുമില്ലാത്ത, പുണ്യവും പാപവുമില്ലാത്ത, കറുപ്പും വെളപ്പുമില്ലാത്ത, ഇഹപരങ്ങളുടെ ദ്വൈതപാശം മുറിച്ചങ്ങ് ജീവിതം കൊണ്ടാടുന്ന സന്യാസീ ഭാവമാണതെന്ന് അഘോരികൾ തന്നെ പറയും. ചാറ്റ് ജിപിറ്റിയും ഡീപ്പ് സീക്കും ചൊവ്വാ പര്യവേഷണവും തരംഗമാവുമ്പോഴും ജീവിതവിരക്തി കൊണ്ട് ആത്മീയതയിൽ അഭയം തേടുന്നവരെ പ്രലോഭിപ്പിക്കുന്നതെന്താണ്? അതും ഒരു മഹാകുംഭമേള കാലത്ത്. വരാനിരിക്കുന്ന പ്രൊഫഷണൽ സൗഭാഗ്യങ്ങൾ വെടിഞ്ഞ് അഘോരിയായി മാറിയ അഭയ് സിംങ് എന്ന ഐഐടിക്കാരൻ, ജീവിതാസക്തിയുടെ ഭൗതിക ജീവിതം വെടിഞ്ഞ് സന്യാസി ദീക്ഷയേറ്റു വാങ്ങിയ ഗ്ലാമർ താരം മമത കുൽക്കർണ്ണി. ഇരുപത്തിയേഴാം വയസ്സിൽ നാഗ സന്യാസിയായ മറൈൻ എഞ്ചിനിയർ രജത് കുമാറും, മാനേജ്മെന്‍റ് സ്കോളർ ശംഭു ഗിരിയും, പതിനെട്ട് തികയുമ്പോൾ സന്യാസത്തിലേക്ക് വഴുതിയ സ്കൂൾ ടോപ്പർ ഘൻശ്യാം ഗിരി... പിന്നെ ആരവങ്ങളും വാർത്തയുമില്ലാതെ ഇഹജീവിതം വിട്ട് കതിരെത്ര പതിരെത്ര എന്നൊരു നിശ്ചയവുമില്ലാതെ ആത്മീയപാതയിലേക്കിറങ്ങുന്ന പതിനായിരങ്ങൾ വേറെ. സിദ്ധാർത്ഥ രാജകുമാരന് കൊട്ടാരം വിട്ടിറങ്ങാമെങ്കിൽ ഐഐടി ബാബമാർക്കുമാകാം. ആത്മീയതയുടെ പരമപദം പണ്ടേ പൂകിയ ഇന്ത്യയെന്ന രാജ്യത്ത് അതിൽ ഒരു അത്ഭുതവുമില്ല. എങ്കിൽ ജ്ഞാനത്തിന്‍റെയും ശാന്തിയുടെയും സാക്ഷാത്കാരത്തിന്‍റെയും ഏത് കൊടുമുടിയിലേക്കാണ് ഇവരുടെ യാത്ര?
ഏകാന്തമായ തന്ത്രസാധനയിൽ ലയിക്കുന്ന അഘോരി സന്യാസി, ഉത്സവ സമാനമായ മന്ത്ര സാധനയെ പുൽകുന്ന നാഗ സന്യാസി, മധ്യകാലയിന്ത്യയിൽ തളിർത്ത് വേദാന്തവും യോഗയും ശിവാരാധനയും ഒന്നിപ്പിച്ച നാഥ യോഗിമാർ. കശ്മീരം തൊട്ട് കുമരി മുനമ്പ് വരെ യുഗങ്ങൾക്ക് മുമ്പേയൊഴുകിത്തുടങ്ങിയ ആത്മീയതയുടെ എത്രയെത്ര കൈവഴികൾ? പക്ഷേ ഗംഗാ സമതലങ്ങളിലെ ശിവഭൂമി തേടിവരുന്ന സഞ്ചാരികളെന്നും ഭീതിയോടെയും അവിശ്വസനീയതയോടെയും കണ്ടുനിന്നവരിലൊരു പക്ഷം അഘോരികളാണ്. സ്വന്തം മലവും ചിതയിലെരിയുന്ന മനുഷ്യ മാംസവും ഭക്ഷിച്ച്, ശവശരീരങ്ങളിൽ രതിയുടെ ലീലയാടി, നന്മതിൻമകളുടെയും പുണ്യപാപങ്ങളുടെയും സകല മതിൽക്കെട്ടും പൊളിച്ചടുക്കി മഹാശ്മശാനങ്ങളിൽ ശവസാധന കൊണ്ടാടുന്ന ശ്മശാന യോഗിമാർ. മോക്ഷം തേടുന്ന ആത്മാക്കളുമായി നിഗൂഢമായ നിത്യവ്യവഹാരങ്ങൾ. ഉടലാകെ ചുടലച്ചാരവും കപാലമാലയുമായി നഗ്നരോ അർദ്ധനഗ്നരോ ആയി ജീവിച്ചുകൊണ്ടേ മരിക്കുന്ന ഒരാത്മീയ സാധന. ഒരു ലഹരിക്കും വിലക്കില്ലാത്ത, ആരാധനയെ ഒരാനന്ദലഹരിയാക്കുന്ന, നിലനിൽപ്പിനെ അഘോര താണ്ഡവമാക്കുന്ന തീക്ഷ്ണമായൊരു സന്യാസി ഭാവം. അതിലെ നേരെത്ര കളവെത്രയെന്ന അന്വേഷണം പോലും സൈദ്ധാന്തികമായി അപ്രസക്തമാണ്. ഭാവനയിലോ ഭൗതികമായോയുള്ള അനുഭവങ്ങളെല്ലാം നേരുതന്നെ, ചുരുങ്ങിയ പക്ഷം അതനുഭവിക്കുന്നവർക്കെങ്കിലും. അതുകൊണ്ടുതന്നെ അഘോരിയെ കള്ളനെന്നോ ഭ്രാന്തനെന്നോ നരഭോജിയെന്നോ ശവഭോഗിയെന്നോ ലഹരിക്കടിമയെന്നോ ഏറ്റവും നഗ്നമായൊരു മനുഷ്യാവസ്ഥയെന്നോ മഹായോഗിയെന്നോ കരുതാനും ഏത് മനുഷ്യനും അവകാശമുണ്ട്. അപ്പോഴും ഫോട്ടോഷൂട്ടിന് മാത്രം ഉപകരിക്കുന്ന അഘോരിയുടെ ഫാൻസീഡ്രസ്സ് പതിപ്പുകളെയും മണികർണ്ണികയിലും ഹരിശ്ചന്ദ്രഘാട്ടിലും വാരണാസിയുടെ തെരുവുകളിലും നേരിൽക്കണ്ടിട്ടുണ്ട്.
Read More: ഗോപൻ സ്വാമിയുടെ സമാധിയും മഹായോഗികളുടെ മരണ നിമിഷങ്ങളും
ശരിയായ അഘോര സാധനയെന്നാൽ ഇരുട്ടിനെ ഒരു പരിമിതിയുമില്ലാത്ത സാധ്യതയാക്കി മാറ്റുന്ന കൃത്യമാണന്ന് അഘോരികൾ പറയും. മായകളില്‍ അസ്തമിക്കാതെ മരിക്കുകയോ ജനിക്കുകയോ ചെയ്യാത്തൊരു ശിവഭാവത്തെ ആവാഹിച്ചെടുക്കുന്ന ക്രിയ. അഘോരിക്ക് ഏത് കൃത്യവും മംഗളകരമാണ്. ജീവിതത്തെ ഏറ്റവും നഗ്നമായി തിരിച്ചറിയുന്നവർക്ക് നഷ്ടപ്പെടാൻ പിന്നൊന്നും ബാക്കിയുണ്ടാവില്ലെന്ന തിരിച്ചറിവ്. 'If you want to go beyond you must go through.' എതൊന്നിനെയും മറികടക്കാൻ ആദ്യം അതിലൂടെ കടന്നു പോകേണ്ടി വരുമെന്ന പാഠം. ഒരനുഭവത്തിന്‍റെ തീവ്രതയിലൂടെ കടന്നുപോയി അതിനതീതനാകുന്ന ആത്മീയ സാധന.
അഘോരി, ലഹരി തേടുന്നത് മൂന്ന് കാരണങ്ങൾ കൊണ്ടാണെന്ന് അഘോരിയായ റോബർട്ട് സ്വബോദ പറയും. ലഹരിയിൽ ഒരു വെല്ലുവിളി മറഞ്ഞിരിപ്പുണ്ട്. ലഹരി വസ്തുവും അഘോരിയും തമ്മിലുള്ള ബലാബലത്തിൽ ജയം ആർക്കെന്ന വെല്ലുവിളി. പരസ്പരമുള്ള ആ യുദ്ധത്തിലെ ആനന്ദം ലഹരിയോളം വലുതാണ്. രണ്ടാമത്തേത് ലഹരിയെ നിയന്ത്രിക്കാനെത്ര കഴിയുമെന്ന അന്വേഷണമാണ്. മനസ്സും ലഹരിയുമെല്ലാം രാസപ്രക്രിയകളുടെ ഭാഗമായത് കൊണ്ടുതന്നെ ലഹരിക്ക് മനസ്സിന്‍റെ ഏകാഗ്രതയെ ഉത്തേജിപ്പിക്കാനെത്ര കെൽപ്പുണ്ടെന്ന പരീക്ഷണം. ഏകാഗ്രത ഗാഢമാവുന്നതിനൊത്ത് ആരാധിക്കുന്ന മൂർത്തിയും ഉപാസകന്‍റെ മനസ്സും തമ്മിലെ അകലം കുറയുന്നു. ആരാധന അതിന്‍റെ മൂർദ്ധന്യത്തിലെത്തുന്നു. മൂന്നാമത്തേത് ലഹരിയെ ഉപാസിക്കുന്ന ഉഗ്രമൂർത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ശിവനുമായുള്ള താദാത്മ്യത്തിന്‍റെ വഴിയായി ലഹരി മാറുന്നു.
ലഹരിയുടെ തിരകളിലാടുന്ന അഘോരി തേടുന്നത് ഏകാന്തതയാണെന്ന് പറയും റോബർട്ട് സ്വബോദ. ചുടലച്ചാരം പൂശി നഗ്നനായി പുലഭ്യം പറയുന്നത് മനുഷ്യരെ അകറ്റിനിർത്താനും. അതിലുപരി മറ്റൊന്നു കൂടിയുണ്ട്. അഘോരി ഏതനുഭവത്തിൽ നിന്നും ഒരു റോളർ കോസ്റ്റർ റൈഡിന് മാത്രം പകരാനാവുന്ന ഹർഷപുളകം തേടുന്നുണ്ട്. 1981 -ൽ അമേരിക്ക സന്ദർശിക്കുമ്പോൾ ഏറ്റവും ആസ്വദിച്ചത് ഡിസ്നി വേൾഡിലെ സ്പെയ്സ് മൗണ്ടനാണെന്ന് തുറന്നുസമ്മതിച്ച അഘോരികളുണ്ട്. ശരീരമാണ് മനുഷ്യന്‍റെ ഏറ്റവും വലിയ പരിമിതിയെന്ന് തിരിച്ചറിയുന്ന അഘോരിക്ക് ലഹരിയും സെക്സുമെല്ലാം ആ പരിമിതിയെ മറികടക്കാനുള്ള വഴികളാണ്. മെലഡിയും താളവും വിഷാദവും ചാലിച്ച ജിം റിവ്സിന്‍റെ സംഗീതത്തിലൂടെയും സ്പാനിഷ് കരീബിയൻ ട്യൂണുകളിലൂടെയും സ്വബോദ അഘോര സാധനയുടെ വഴിതേടിയിരുന്നു. സത്യത്തിലേക്ക് ഒരു വഴി മാത്രമല്ലെന്ന് സത്യാന്വേഷികളൊന്നടങ്കം സമ്മതിച്ചിട്ടുമുണ്ട്. സംഗീതം, മദ്യം, മരിജുവാന, സെക്സ്, ഇവയെല്ലാം പോലെതന്നെ മാംസവും അഘോരിയുടെ ലഹരിയാണ്. പക്ഷേ മാംസത്തിന് ജീവനുള്ള ഒന്നിനെ കൊല്ലേണ്ടിവരും. ചിതയിലെരിയുന്ന മനുഷ്യ മാംസമാണ് അതിനുള്ള പരിഹാരം.
അഘോരി തേടുന്ന ലഹരിയുടെ വഴികൾ ചിന്തിക്കാവുന്നതിലും അപകടം നിറഞ്ഞതാണെന്നറിയാൻ താൻ നടത്തിയ ചില പരീക്ഷണങ്ങൾ കൂടി വെളിപ്പെടുത്തുന്നുണ്ട്, സ്വബോദ. തനിക്കൊപ്പം വളർത്തിയ മൂർഖനെക്കൊണ്ട് സ്വബോദ ഓരോ മണിക്കൂറിന്‍റെ ഇടവേളകളിൽ നാവിൽ കൊത്തിച്ചു. എന്തിന് വേണ്ടി? ഒരു റോളർ കോസ്റ്റർ റൈഡിന്‍റെ ത്രില്ലിന് വേണ്ടി. ഒപ്പം കരുതിയ വിഷവസ്തുവായ വൈറ്റ് ആഴ്സനിക്കിന്‍റെ ക്രിസ്റ്റലുകൾ ഒന്നോ രണ്ടോ മണിക്കൂറിന്‍റെ ഇടവേളകളിൽ നാവിലിട്ട് നുണഞ്ഞു. മരിജുവാനയും ഹഷീഷും വലിക്കാൻ പ്രത്യേകതരത്തിലുള്ള കളിമണ്ണിൽ ആർസെനിക്കും ആക്കൊണൈറ്റും ഉമ്മത്തിന്‍റെ വിത്തുകളും ഓപ്പിയവും കലർത്തി കാൽപ്പാദത്തിന്‍റെ വലിപ്പമുള്ള അപകടകാരിയായൊരു ചില്ലമുണ്ടാക്കി. കേസുകണക്കിന് മദ്യം ഇരുപത്തിനാല് മണിക്കൂറും കുടിച്ചു. ഒട്ടും വെള്ളം ചേർക്കാതെ കുപ്പിയിൽ നിന്നും നേരെ നാവിലേക്ക് പകരുന്ന ശീലം. പക്ഷേ, ഏത് ലഹരിയിൽ നിന്നും ശരിയായ സത്യാന്വേഷി ഒരിക്കൽ പുറത്തുകടക്കും. എത്തേണ്ട ബോധ്യത്തിലെത്തിക്കഴിഞ്ഞാൽ. ആ ചിന്ത മറ്റുപലരെയുമെന്ന പോലെ സ്വബോദക്കുമുണ്ടായി. ലഹരിയുടെ പാർശ്വഫലങ്ങൾ ഏത് മനുഷ്യനെയുമെന്ന പോലെ അഘോരിയെയും ബാധിക്കും. ആത്മാക്കളെയും യക്ഷികളെയും പിശാചുക്കളെയും സ്വപ്നേശ്വരിയേയും സാധനയിലൂടെ വരുതിയിലാക്കാമെന്ന് വിശ്വസിക്കുന്നവരുടെ സിദ്ധിയെയും ബാധിക്കാം. അങ്ങനെ വെറും ലഹരിക്കടിമകളായി തീർന്നുപോയ അഘോരികൾക്ക് ഒരു പഞ്ഞവുമില്ല.
ജീവിച്ച് കൊണ്ടിരിക്കുമ്പോൾ ഒരഘോരിക്ക് മരിക്കാനാവുന്നതെങ്ങനെയാണ്? റോബർട്ട് സ്വബോദക്ക് പറയും, അനുവാദമില്ലാതെ ഒരുതരം ഉത്തേജനത്തിനും വഴങ്ങാതിരിക്കാൻ ശരീരത്തെ ശീലിപ്പിക്കുന്ന അഘോരക്രിയയാണതെന്ന്. ലോകം മുഴുവൻ ഒരു ശ്മശാനമായി തിരിച്ചറിയുന്ന അഘോരി പണ്ടേ മരിച്ചു കഴിഞ്ഞു. ദ്വൈതചിന്തകളെല്ലാം അവസാനിക്കുന്ന അവസ്ഥ. അഘോരിയുടെ പാത ഇടങ്കൈയ്യുടെ പാതയാണ്. സത് കൃത്യങ്ങൾക്കെല്ലാം വലങ്കൈയ്യും ഹീനകൃത്യങ്ങൾക്ക് ഇടങ്കൈയ്യുമെന്ന പൊതുചിന്ത അഘോരിക്കില്ല. അവർക്ക് നല്ലതും ചീത്തയുമില്ല. ആ അദ്വൈതത്തെ പ്രാപിക്കാനുള്ള ആദ്യപടി നിർഭയത്വമാണ്. അഘോരിയിലേക്കുള്ള പാതയിൽ ഒരാൾ നേരിടുന്ന കടുത്ത പരീക്ഷണങ്ങളിലൊന്ന് സ്വന്തം മലത്തെ സ്നേഹപൂർവ്വം ഭക്ഷിക്കാനുള്ള മനസ്സുണ്ടോയെന്നതാണ്. അഘോരിക്കത് വികലമായൊരു മനോവിചാരമല്ല, നീയും ഞാനും രണ്ടല്ലെന്ന പരമമായ ബോധ്യമാണ്. മലത്തെ സൃഷ്ടിക്കുന്ന ഭക്ഷണത്തെ രുചിയോടെ കഴിക്കുന്ന മനുഷ്യനും മലത്തിനുമിടയിൽ ആകെ ബാക്കിയാവുന്നത് മനുഷ്യൻ മാത്രം. എങ്കിൽ ആ മനുഷ്യൻ സ്വയം വൃത്തിഹീനനെന്ന് കരുതുന്നതെന്തിനെന്ന ചിന്തയാണത്. മനുഷ്യന്‍റെ ശരീരത്തെയും ബോധത്തെയും പോലെ അവന്‍റെ മലവും ആത്മാവിന്‍റെ ഭാഗമാണെന്ന ചിന്ത. ആ അവസ്ഥയെ തിരിച്ചറിയാൻ കഴിയുന്ന അഘോരി ചത്ത പട്ടിയെയും ഓടയിലെ മലിനജലത്തെയും സ്വന്തം ശരീരത്തെയും ഇഷ്ടഭക്ഷണം പോലെ കഴിക്കാനാവുന്ന മനസ്സിനെ കൈവരിക്കും.
അഘോരികൾ മനുഷ്യ മാംസം ഭക്ഷിക്കുന്നത് നരഭോജികളായത് കൊണ്ടല്ല, അനുഷ്ഠാനപരമായ ഒരു മാനമുണ്ടതിന്. റോബർട്ട് സ്വബോദ ഒരഘോരി മാത്രമല്ല, മനുഷ്യരെ ചികിത്സിക്കുന്ന ആയൂർവ്വേദ ഫിസിഷ്യൻ കൂടിയാണ്. എന്നിട്ടും ശ്മശാനങ്ങളിലെ വെന്തെരിയുന്ന മനുഷ്യശരീരത്തിന്‍റെ തലയോട്ടി തകരുമ്പോൾ ഗന്ധം വമിക്കുന്ന, വഴുവഴുക്കുന്ന ഒട്ടിപ്പിടിക്കുന്ന വെന്ത തലച്ചോറിന്‍റെ കഷണങ്ങൾ എത്രയോ വട്ടം കഴിച്ചിരിക്കുന്നുവെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. മനുഷ്യന്‍റെ തലച്ചോർ കഴിക്കുന്നതിൽ വൈദഗ്ധ്യം നേടിയ ഗിർനറിലെ സേവദാസെന്ന അഘോരി പിന്നീട് സാത്വികമായ അഘോര സാധനകളിലേക്ക് മടങ്ങിപ്പോയി. പൂർണ്ണമായ തമോസാധനകളിൽ നിന്നും സാത്വിക സാധനയിലേക്കുള്ള ആ വിടുതലാണത്. സ്വബോദയുടെ ഗുരുനാഥൻ വിമലാനന്ദയും ശ്മശാന സാധനകളെ മറികടന്ന അഘോരിയാണ്. സത്യത്തിൽ ഭയത്തിനെ അതിജീവിച്ച് കൊണ്ട് പരമമായ അദ്വൈതത്തെ പ്രപിക്കുന്ന പദ്ധതിയാണ് അഘോര സാധന.
ഏറ്റവും തീക്ഷ്ണമായ ഭയം മരണ ഭയമാണ്. അഘോരികൾ ശ്മശാന യോഗികളായി മാറിയതും അതിനെ മറികടക്കുന്നതിന് വേണ്ടിയാണ്. ചിതയിലെരിയുന്ന മനുഷ്യ മാംസം കഴിക്കുന്ന അഘോരിക്ക് ഒരു ശവശരീരവുമായി രതിയിലേർപ്പെടാനാവും. 'നെക്രോഫീലിയ' അഥവ ശവഭോഗമെന്ന മാനസിക രോഗമല്ലെന്നും അതൊരനുഷ്ഠാനത്തിന്‍റെ ഭാഗമാണെന്നും അഘോരികൾ പറയും. യക്ഷിയെ ശവശരീരത്തിലേക്ക് ആവാഹിച്ചു വരുത്തി ലൈംഗികവേഴ്ച്ചയിലേർപ്പെട്ടാൽ യക്ഷിക്ക് അഘോരിയെ ലൈംഗികമായി ആനന്ദിപ്പിക്കാനാവുമെന്ന് സ്വബോദയെഴുതുന്നുണ്ട്. അഞ്ചോ ആറോ വട്ടം അതാവർത്തിച്ചാൽ ക്രമേണ യക്ഷിയുടെ നിയന്ത്രണത്തിലേക്ക് അഘോരി തെന്നിവീണേക്കാമെന്നും. ചുരുക്കത്തിൽ അദ്വൈതം തകർന്ന് ദൗർബ്ബല്ല്യങ്ങളിലടിഞ്ഞുപോകുന്ന അഘോരികൾക്കും കുറവില്ല. ഇവിടെ ചോദ്യമൊന്നെയുള്ള യക്ഷി ഒരു യാഥാർത്ഥ്യമാണോ അഘോരിക്ക്? അതോ മനസ്സിൽത്തെളിയുന്ന പ്രതിഫലനങ്ങളോ?
ചുരുക്കത്തിൽ പ്രഖ്യാപിത സനാതന ഹൈന്ദവ ബോധമടക്കം വരേണ്യമായ സകലതിനെയും അട്ടിമറിക്കുന്ന, പരമ്പാരഗത ശരിതെറ്റുകൾക്കൊന്നിനും ഇടമില്ലാത്ത ഒരാഭിചാരമാണ് ശരിയായ അഘോരികളുടെ ശിവ സാധന. എങ്കിലാരാണ് ശരിയായ അഘോരി? ആത്മീയ ജീവിതത്തിന്‍റെ നിർഭയമായ അഘോര പാരമ്പര്യം എവിടെ തുടങ്ങുന്നു. ചരിത്രത്തെക്കാൾ, പാരമ്പര്യത്തെക്കാൾ, ഇതിഹാസങ്ങളെക്കാൾ പുരാതനമായ കാശിയിൽ നിന്നും. മോക്ഷം തേടുന്ന ആത്മാക്കൾക്ക് ജീവിതത്തിന്‍റെയും മരണത്തിന്‍റെയും താരകമന്ത്രമോതിക്കൊടുക്കുന്ന ആദിയോഗി സാക്ഷാൽ കാശിവിശ്വനാഥന്‍റെ ആദിനഗരം. വരുണഘാട്ട് മുതൽ അസ്സി ഘാട്ട് വരെയുള്ള എൺപത്തിയെട്ട് തീർത്ഥഘാട്ടുകളെ പുണർന്ന് മനുഷ്യപാപങ്ങള്‍ ഏറ്റുവാങ്ങാൻ ഗംഗ തെക്ക് നിന്നും വടക്കോട്ടൊഴുകുന്ന ഒരു നാല് മൈൽ ദൂരത്തിന്‍റെ ചന്ദ്രക്കലവട്ടം. വരാണാസിയെന്ന മഹാശ്മശാനം. ആത്മീയ ഇന്ത്യയുടെ പരമപദം. ഇന്ത്യാ ചരിത്രത്തിലെ അഘോരിപർവ്വവും അവിടെ തുടങ്ങുന്നു. സമൂഹം ഭയപ്പാടോടെ കണ്ടുനിൽക്കുന്ന നിലവിലുള്ള പ്രഖ്യാപിത അഘോരി സന്യാസിമാരുടെ ചരിത്രം അതിപുരാതനമൊന്നുമല്ല. പതിനെട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിൽ മരണപ്പെട്ട കീനാരാം ബാബയിൽ നിന്നും അതാരംഭിക്കുന്നു. പക്ഷേ, അതിന്‍റെ വേരുകൾ രണ്ടാം നൂറ്റാണ്ടിൽ നിന്നാരംഭിക്കും.
പക്ഷേ, ചരിത്രകാരന്മാരിൽ ചിലർ അഘോർപ്പന്തിയുടെ വേരുകൾ ഏഴും എട്ടും നൂറ്റാണ്ടുകളിലെ ഹിന്ദൂയിസത്തിലെ കപാലിക - കാലമുഖ വിഭാഗങ്ങളിലാണ് കണ്ടെത്തുന്നത്. ഭ്രാന്തവും വിപ്ലവകരവുമായ അവരുടെ താന്ത്രിക്ക് സാധനയിൽ ലഹരിയും രതിയും ശ്മശാന പൂജകളും ഉഗ്രമൂർത്തികൾക്കുള്ള ബലിയുമുൾപ്പെട്ടിരുന്നു. പ്രഖ്യാപിത ശുദ്ധാശുദ്ധ സങ്കൽപ്പങ്ങളെല്ലാം തള്ളിക്കളഞ്ഞ് പരമമായ അദ്വൈതത്തെ പ്രാപിക്കാനുള്ള ഭ്രാന്തമായ ആ സാധനകളെ പിന്നീട് കപാലികരേറ്റെടുത്തു. അതേപ്പറ്റിയുള്ള ഭാവനയും അതിശയോക്തികളും കലർന്ന വിവരണങ്ങൾ പലതും പുറംനാട്ടുകാരുടെ വകയാണ്. ഒരു പ്രത്യേക വംശാവലിയിലേക്ക് കണ്ണിചേർക്കാനാവാത്ത കപാലിക താന്ത്രിക്കുകളുടെ ശ്മശാന സാധനകളും കാപാലികരെന്ന വിളിപ്പേരും തമ്മിൽ ബന്ധമുണ്ട്. അവരുടെ താന്ത്രിക്ക് അനുഷ്ഠാനങ്ങളുടെ വേരുകൾ രണ്ടാം നൂറ്റാണ്ടിലെ ശിവാരാധനയുടെ ഭാഗമായ പാശുപതപാരമ്പര്യത്തിലേക്ക് നീണ്ടുപോകും. നിലവിലെ അഘോരി സന്യാസധാരയ്ക്ക് തീർത്തും തനതായൊരു പുരാതനചരിത്രം അവകാശപ്പെടാനാവില്ല. താന്ത്രിക്ക് സാധനയോട് ചേർന്നുനിൽക്കുന്ന അനുഷ്ഠാനങ്ങൾ അവർ പിന്തുടരുന്നുവെന്ന് മാത്രം.
Read More: മാറ് മറയ്‍ക്കല്‍ സമരവും ഹണി റോസിന്‍റെ നിയമയുദ്ധവും
ഏതാണ്ട് നൂറ്റിയൻപത് വർഷക്കാലം ജീവിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ബാബ കീനാരാം തന്‍റെ വിവേകേശ്വര, രാംഗീത, രാംരസാൽ, ഉൻമുനീരാം തുടങ്ങിയ കൃതികളിലൂടെ നിലവിലുള്ള അഘോർപ്പന്തിയുടെ ചിട്ടകളും ഫിലോസഫിയും രൂപപ്പെടുത്തി. 1658 -ൽ ഉത്തർപ്രദേശിലെ രാംഗർ ഗ്രാമത്തിലെ ഒരു ക്ഷത്രീയ കുടുംബത്തിൽപ്പിറന്ന ബാബ സാക്ഷാൽ ശിവന്‍റെ അവതാരമായിരുന്നുവെന്നും, ചാന്ദ്രമാസത്തിലെ ഇരുണ്ട പക്ഷത്തിലെ പതിനാലാം ദിവസം, ശിവപൂജക്ക് മംഗളകരമായ ചതുർദ്ദശിനാളിൽ മുഴുവൻ പല്ലുകളോടെ പിറന്നുവെന്നുമുൾപ്പടെ നിരവധി കഥകൾ പ്രചരിക്കപ്പെട്ടു. ജനിച്ച് മൂന്ന് നാൾ ബാബ കരഞ്ഞില്ല, മുലപ്പാലും കുടിച്ചില്ല. നാലാം നാൾ മൂന്ന് സന്യാസിമാർ വീട്ടിലെത്തി കുഞ്ഞിന്‍റെ കാതിലെന്തോ മന്ത്രം പകർന്നുനൽകിയ ശേഷം കീനാരാം കരഞ്ഞുവെന്നും മുലപ്പാൽ കുടിച്ചുവെന്നും മറ്റൊരു കഥ. കീനാരാം ബാബയുടെ ജനനത്തിന്‍റെ അഞ്ചാം ദിവസം ലോലാർക്ക് ഷഷ്ഠിയായി അഘോരികളാഘോഷിക്കും,
ബാബ കീനാ റാം പതിനൊന്നാം വയസ്സിൽ ഗുരുവിനെത്തേടി വീടുവിട്ടിറങ്ങി. ദത്താത്രേയന്‍റെ അനുയായി ഗണത്തിലുൾപ്പെട്ട കലു റാമിനെ ഗുരുവായി സ്വീകരിച്ചു. അവിടെ നിന്നും അഘോർപ്പന്തിയുടെ ആദ്യപാഠങ്ങൾ അഭ്യസിച്ചുവെന്നൊരു കഥ. എമ്പാടും യാത്ര ചെയ്ത് സന്യാസത്തിന്‍റെ അഘോരമുറ പഠിപ്പിച്ച കീനാ റാം ഒടുവിൽ ബനാറസ്സിന്‍റെ തീരത്തണഞ്ഞു. ബാബ കീനാ റാം സ്ഥൽ അഥവ ക്രീം കുണ്ഠ് എന്നൊരാശ്രമം സ്ഥാപിച്ചു. 1771 സെപ്റ്റംബർ 21 -ന് മരിച്ച കീനാറാം അഘോരികൾക്ക് ആദിഗുരുവാണ്. ശിവന്‍റെ പ്രതിരൂപമാണ്. ശിഷ്ടം പന്ത്രണ്ട് ഗുരുക്കൻ അഘോരപാതയെയും അനുയായികളെയും നയിച്ചു.
താത്വികമായി ഞാനും നീയും രണ്ടല്ലെന്ന ആദിശങ്കരന്‍റെ അദ്വൈതഭാവത്തിലാണ് ശരിയായ അഘോര സാധനയുടെയും നിൽപ്പ്, ചെറിയൊരു പാഠഭേദത്തോടെ. നിറവും ഗന്ധവും രുചിയും ഗുണവും വേദവും മന്ത്രവും മൂർത്തിയും തീർത്ഥവും പാപവും പുണ്യവുമൊന്നുമില്ലാത്ത നിരാകാര രൂപമായ ശിവം അഥവാ ബോധം മാത്രമാണ് സത്യമെന്നെറിഞ്ഞ സാക്ഷാൽ ശ്രീശങ്കരൻ പറയും, 'ബ്രഹ്മം സത്യം ജഗന്‍ മിഥ്യ'യെന്ന്. പ്രപഞ്ചത്തെയും ജീവജാലങ്ങളെയും മൂടിനിൽക്കുന്ന ബോധമണ്ഡലം, അഥവാ ആത്മാവാണ് സത്യമെന്നും ജീവിതാസക്തികളുടെ ഭൗതികലോകം അസത്യമെന്നും. ആ ബ്രഹ്മത്തെ അഥവാ ആത്മാവിനെ തിരിച്ചറിയാനാവാത്തതിന് പിന്നിൽ അവിദ്യയാണെന്നും. അഘോരികൾക്ക് പക്ഷേ, ആത്മാവും ഭൗതികലോകവും സത്യമാണ്. അവരുടെ സാധനകൾ ആത്മാവും ഭൗതികലോകവും തമ്മിലുള്ള ഭേദങ്ങളെ മായ്ച്ചുകളയും. ഒന്നിനെ അനുഭവിക്കാൻ താത്കാലികമായെങ്കിലും കഴിയുന്നുവെങ്കിൽ അത് അനുഭവിക്കുന്നയാളിന്‍റെ സത്യമാണെന്ന് ചുരുക്കം.
ശങ്കരൻ എല്ലാ ഭേദങ്ങളെയും ബ്രഹ്മത്തിലേക്ക് ലയിപ്പിക്കുന്നുവെങ്കിൽ അഘോരികൾ ഭൗതിക ലോകത്തെ ആ ബ്രഹ്മത്തിന്‍റെ തന്നെ കൈവഴിയായി തിരിച്ചറിയുന്നുവെന്ന് അർത്ഥം. ഈ ലോകം ആത്യന്തികമായി യഥാർത്ഥ്യമല്ലെന്നുറപ്പ്, പക്ഷേ ഞാനും നിങ്ങളും നിലനിൽക്കുന്നുണ്ടെങ്കിൽ നമ്മളനുഭവിക്കുന്ന ആത്യന്തികമല്ലാത്ത ഒരു ഭൗതികലോകവും നിലനിൽക്കുന്നുണ്ടെന്ന് അഘോരികൾ പറയും. അഘോരികളെ സംബന്ധിച്ച് ശങ്കരൻ കാട്ടിത്തരുന്ന പരമമായ ബ്രഹ്മത്തിൽ ഇതുമുൾപ്പെടുമെന്ന് ചുരുക്കം. അറിയുന്നതെല്ലാം അതറിയുന്നയാൾക്ക് സത്യമാണെങ്കിൽ അയാളനുഭവിക്കുന്ന ഭൗതിക ലോകവും സത്യമല്ലാതാകുന്നില്ലെന്ന് ചാർവാകമുനിയും പറയുന്നുണ്ട്. ബ്രഹ്മം സത്യം ജഗൻ മിഥ്യ എന്ന ശങ്കരസങ്കൽപ്പം ആത്യന്തികം, താത്കാലികം എന്നുള്ള അർത്ഥത്തിൽ പരിഗണിച്ചാൽ ശങ്കരൻ നേരുതന്നെ. ചാർവാകനും അഘോരികളും മറ്റൊരു നേര്.
മണികർണ്ണികയിലും ഹരിശ്ചന്ദ്രഘാട്ടിലും ബനാറസ്സിന്‍റെ തെരുവുകളിലും അലയുന്ന അഘോരികൾ സഞ്ചാരികൾക്കും പുരം ലോകത്തിനും എന്നുമൊരു കാഴ്ച്ച വസ്തുവാണ്. പക്ഷേ, ആത്മീയതയുടെയും ഉന്മാദത്തിന്‍റെയും ഭക്തിയുടെയും ലഹരിയുടെയും ആസക്തിയുടെയും ഇരുണ്ട സാധനകളിലൂടെ മനുഷ്യഭാവനയുടെയും ദൈവ സങ്കൽപ്പങ്ങളുടെയും ചരിത്രത്തിന്‍റെയും അടിക്കല്ലിളക്കാൻ കെൽപ്പുള്ളൊരു ഫിലോസഫി അതിലൊളിഞ്ഞ് ഇരിപ്പുണ്ട്. മനുഷ്യരാശിയുടെ സകല പാപങ്ങളെയും ഏറ്റുവാങ്ങി ശിവനിലലിഞ്ഞൊരു ദ്രാവകോർജ്ജമായി ഗംഗയൊഴുകുന്ന വിശ്വനാഥന്‍റെ കാശിയിൽ പക്ഷേ അഘോരിക്ക് അവരുടെ സാധനകൾക്കും ഒരസ്വാഭാവികതയുമില്ല. മനുഷ്യന്‍റെ ശുദ്ധാശുദ്ധ സങ്കൽപ്പങ്ങൾക്കൊന്നിനും ഈ വെളിച്ചത്തിന്‍റെ മണ്ണില്‍ ഇടമില്ല.