ഫണ്ട് ശേഖരണത്തിലും പരസ്യത്തിലും ട്രംപിനേക്കാള്‍ ഏറെ മുന്നിലാണ് കമലാ ഹാരിസ്. എന്നാൽ, തെരഞ്ഞെടുപ്പ് അടുക്കുന്തോറും കമലയ്ക്ക് ഇതുവരെയുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെടുന്നു. അപ്പോഴും വിദഗ്ദര്‍ ഒരു ഒക്ടോബര്‍ സര്‍പ്രൈസ് പ്രതീക്ഷിക്കുന്നു. 


അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ കൗണ്ട്ഡൗണിന് ആവേശവും ആശങ്കയും കൂടിയിരിക്കുന്നു. ചില സംസ്ഥാനങ്ങളിൽ ഒപ്പത്തിനൊപ്പവും ചിലതിൽ നേരിയ വ്യത്യാസവുമാണ് സ്ഥാനാർത്ഥികൾ തമ്മിൽ. കമല ഹാരിസിന് കൂടിയ ലീഡ് ചിലയിടത്ത് കുറഞ്ഞു. വ്യത്യാസം തീരെ നേർത്തതായി. പ്രതീക്ഷ രണ്ട് കൂട്ടർക്കും ഒപ്പത്തിനൊപ്പം. അതുപോലെ ആശങ്കയും. നേരത്തെയുള്ള വോട്ടിംഗ് തുടങ്ങിയതോടെ പിരിമുറുക്കം ഉച്ചസ്ഥായിയിലും.

കുറയുന്ന മേൽക്കൈ

ഏഴ് നിർണായക സംസ്ഥാനങ്ങളിൽ അഞ്ച് എണ്ണത്തിൽ കമലാ ഹാരിസാണ് മുന്നിൽ, ദ ഗാർഡിയന്‍റെ പോളനുസരിച്ച്. അപ്പോഴും വിജയസാധ്യത രണ്ടുപേർക്കും തുല്യമെന്നാണ് വിലയിരുത്തൽ. ദേശീയതലത്തിൽ കഴിഞ്ഞയാഴ്ച കമലക്ക് 49.3 ശതമാനവും. ട്രംപിന് 46 ശതമാനവുമായിരുന്നു സാധ്യത. പെൻസിൽവേനിയ (Pensylvania), വിസ്കോൺസിൻ (Wisconsin), മിഷിഗൻ (Michigan) ഏഴ് നിർണായക സംസ്ഥാനങ്ങളിൽ 270 ഇലക്ടറൽ വോട്ട് കിട്ടാനുള്ള എളുപ്പവഴി ഈ മൂന്ന് സംസ്ഥാനങ്ങളാണ്. പക്ഷേ, കമലയുടെ മുൻതൂക്കം മൂന്നിടത്തും തീരെ നേർത്തത്. സമാന അവസ്ഥ തന്നെയാണ് മറ്റ് നാല് നിർണായക സംസ്ഥാനങ്ങളിലും. ഈ സംസ്ഥാനങ്ങളിൽ പരസ്യങ്ങളുടെ കുത്തൊഴുക്കാണ്. റേഡിയോ വഴിയും കേബിൾ ടിവി വഴിയും. ഇത്തവണ തെരഞ്ഞെടുപ്പ് പരസ്യങ്ങൾക്കായി 10 ബില്യൻ ചെലവാകുമെന്നാണ് വിലയിരുത്തൽ. 2020 -നേക്കാൾ 20 / 25 ശതമാനം കൂടുതൽ. അതിൽ വലിയൊരുഭാഗം നിർണായക സംസ്ഥാനങ്ങളിലേക്ക് പോകും. പെൻസിൽവേനിയയിൽ പരസ്യത്തിന് മാത്രം ഒരു ബില്യൻ.

ഫണ്ട് ശേഖരണത്തിൽ കമലയാണ് മുന്നിൽ. സെപ്തംബർ തുടക്കത്തിൽ തന്നെ കമലയുടെ ഫണ്ട് 235 മില്യനിലെത്തിയിരുന്നു. ട്രംപിന് 135 മാത്രം. ഹാരിസ് മീഡിയ പരസ്യങ്ങൾക്ക് ചെലവാക്കിയത് 135 മില്യനെന്ന് കണക്കുകൾ. ട്രംപ് ചെലവാക്കിയത് 57 മില്യൻ മാത്രം. പക്ഷേ, അതൊന്നും വിധി നിർണയിക്കുന്ന ഘടകമാവില്ലെന്ന് മുൻ അനുഭവങ്ങൾ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല പരസ്യങ്ങൾ കൂടിയാൽ അതും തിരിച്ചടിക്കും, പരസ്യങ്ങളുടെ ആധിക്യം സ്ഥാനാർത്ഥിയിൽ നിന്നും വോട്ടർമാരെ അകറ്റും എന്നാണ് മുന്നറിയിപ്പ്.

പ്രവചനങ്ങള്‍ കമലയ്ക്കൊപ്പം; തെരഞ്ഞെടുപ്പ് അടുക്കുന്തോറും സാധ്യത കുറഞ്ഞ് ട്രംപ്

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: കരുതലോടെ മുന്നേറി കമല, സ്ഥിരം പഴിപറച്ചിലുമായി പിന്നോട്ടടിച്ച് ട്രംപ്

അട്ടിമറി സാധ്യതകൾ

യുകെയിൽ ഇതൊന്നുമില്ല, റേഡിയോ, ടിവി പരസ്യങ്ങൾ പാടില്ല, 25 ദിവസത്തെ പ്രചാരണമേ പാടൊള്ളൂ. പണം ചെലവാക്കുന്നതിനും പരിധിയുണ്ട്. അമേരിക്കയിൽ പക്ഷേ, സ്ഥിതി മറിച്ചാണ്. ഇത്തവണ മറ്റൊരു കഥ കൂടിയുണ്ട്. 'തീരുമാനമാകാത്ത വോട്ടർമാർ' (Undecided voters) എന്ന വിഭാഗമാണ് സാധാരണയായി തെരഞ്ഞെടുപ്പുകളിൽ ഏറ്റവും വലിയ സ്വാധീനമാകുക. പക്ഷേ, ഇത്തവണ അവരുടെ എണ്ണം വളരെ കുറവാണെന്നാണ് കണക്ക്. വെറും മൂന്ന് ശതമാനം മാത്രം. വ്യക്തമായ പാർട്ടി ചായ്‍വുള്ള വോട്ടർമാർക്ക് അസംതൃപ്തി കൂടിവരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതുരണ്ടും കൂടിയായാൽ പലതും അട്ടിമറിക്കപ്പെടും.

ജൻ സെഡിന്‍റെ സമ്മർദ്ദം

സ്ഥാനാർത്ഥികളും പാർട്ടികളും മാത്രമല്ല സമ്മർദ്ദം നേരിടുന്നത്. ആദ്യമായി വോട്ട് ചെയ്യുന്ന ജനറേഷൻ സെഡും (GEN Z) കൂടിയാണ്. അവർക്ക് വ്യക്തമായ അഭിപ്രായമുണ്ട് . പക്ഷേ, തങ്ങൾ വോട്ട് ചെയ്യുന്ന സ്ഥാനാർത്ഥിയുടെ വിജയ സാധ്യതയാണ് അവരുടെ പ്രശ്നം. ചുരുക്കത്തിൽ, ഓരോ പുതിയ വോട്ടർ അടക്കം എല്ലാം നിർണായകമാണ്. ചെറിയ മുൻതൂക്കമാവും സ്ഥാനാർത്ഥിയുടെ വിധി നിർണയിക്കുക.

ഒരു ഒക്ടോബർ അട്ടിമറിക്കായി നിരീക്ഷകരും കാത്തിരിക്കുന്നു. ട്രപിനെതിരെ ഒന്നല്ല, രണ്ട് വധശ്രമങ്ങൾ, ബൈഡന്‍റെ പിൻമാറ്റം, കമലയുടെ അപ്രതീക്ഷിത കടന്ന് വരവ്... അങ്ങനെ, പല സംഭവങ്ങൾ കണ്ട തെരഞ്ഞെടുപ്പാണിത്. ഇനിയുമിത് പോലെയൊന്ന് ഉണ്ടായാൽ അതാവാം എല്ലാ സാധ്യതകളെയും അട്ടിമറിക്കുക.

ഒക്ടോബർ സർപ്രൈസ്

ഒക്ടോബർ സർപ്രൈസിന്‍റെ (October Surprise) പ്രാധാന്യം അവിടെയാണ്. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥികൾ പൊതുവെ പേടിക്കുന്ന ഒരു മാസമാണ് ഒക്ടോബർ. ഹിലരി ക്ലിന്‍റനാണ് ഒക്ടോബർ സ‍ർപ്രൈസിന്‍റെ ഒടുവിലത്തെ ഇര. ഹിലരി ക്ലിന്‍റണിന്‍റെ ഇമെയിലുകൾ വിക്കിലീക്സ് പുറത്ത് വിട്ടത് 2016 ഒക്ടോബറിൽ. അതുണ്ടാക്കിയ കൊടുങ്കാറ്റ് ചെറുതായിരുന്നില്ല. തെരഞ്ഞെടുപ്പിന് വെറും 11 ദിവസം മുമ്പ് അന്നത്തെ എഫ്ബിഐ ഡയറക്ടർ ജെയിംസ് കോമെ, ഹിലരിയുടെ ഇമെയിൽ വിഷയത്തിൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന കത്ത് കോൺഗ്രസിന് നൽകി. അതോടെ ഹിലാരിയുടെ ലീഡ് നില ഇടിഞ്ഞു. ഹിലാരിയുടെ വൈറ്റ് ഹൗസ് സ്വപ്നം പൊലിയാൻ ഒരു കാരണവും അതാണ്. അതേ സ്വപ്നം കാണുന്ന കമലാ ഹാരിസിന് ഒക്ടോബർ ആദ്യം തന്നെ ഹിലരി മുന്നറിയിപ്പും നൽകി. 'കുപ്രസിദ്ധമായ ഒക്ടോബർ സർപ്രൈസ്' എന്നാണ് വിശേഷിപ്പിച്ചത്. 

പ്രസിഡന്‍റ് സ്ഥാനാർത്ഥികൾ ഒക്ടോബറിനെ പേടിക്കാൻ മറ്റൊരു കാരണമുണ്ട്. ഒക്ടോബറിലെന്തെങ്കിലും സംഭവിച്ചാൽ പിന്നെ നവംബറിലെ തെരഞ്ഞെടുപ്പിന് മുമ്പ് അതിൽ നിന്ന് സ്ഥാനാർത്ഥികൾക്ക് കരകയറാനുള്ള സമയമില്ല. അതാണ് കാര്യം. ഹിലരി മാത്രമല്ല, ട്രംപിനും സംഭവിച്ചു അക്കിടി. ഹോളിവുഡ് ടേപ് പുറത്തായി. പക്ഷേ, ട്രംപ് അനുകൂലികൾക്ക് അതൊരു വിഷയമേ അല്ലായിരുന്നു. എന്നാൽ, 2020 -ലെ ഒക്ടോബർ സർപ്രൈസ്, അമേരിക്കൻ മാധ്യമങ്ങൾ ട്രംപിന്‍റെ നികുതി വെട്ടിപ്പിന്‍റെ കണക്ക് പുറത്ത് വിട്ടതായിരുന്നു.

കമല വരുമോ അമേരിക്കയുടെ തലപ്പത്തേക്ക്? പുതിയ അധ്യായം പിറക്കുമോ?

സമാധാന ഉടമ്പടി; നസ്റള്ളയ്ക്ക് സമ്മതം പക്ഷേ കീഴ്മേൽ മറിച്ചത് നെതന്യാഹു, ഒടുവില്‍

ഒക്ടോബർ സർപ്രൈസ് ചരിത്രം

ഒക്ടോബർ സർപ്രൈസ് എന്ന വാക്കിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഡിപ്പാർട്ട്മെന്‍റ് സ്റ്റോറുകളിലെ ശരത്കാല വാർഷിക വിൽപ്പനയായിരുന്നു ഒക്ടോബർ സർപ്രൈസ് എന്ന് മെറിയം വെബ്സ്റ്റർ ഡിക്ഷ്ണറി (Merriam Webster dictionary) പറയുന്നു. 1980 ന് മുമ്പുള്ള ഏഴ് പതിറ്റാണ്ടുകളിലെ ന്യൂസ്പേപ്പർ പരസ്യങ്ങളിൽ ഒക്ടോബർ സർപ്രൈസ് എന്ന വാക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. പക്ഷേ, 80 -ലെ ജിമ്മി കാർട്ടർ - റോണൾഡ് റീഗൻ മത്സരത്തിലാണ് ഈ പദത്തിന് ഇന്നത്തെ നിലയിലുള്ള രാഷ്ട്രീയ അർത്ഥം കൈവന്നത്. തെരഞ്ഞെടുപ്പിന്‍റെ അവസാന നിമിഷം ഉണ്ടായേക്കാവുന്ന എന്തെങ്കിലും സംഭവം കാർട്ടറിന് അനുകൂലമാകുമെന്നും കാർട്ടർ ഭരണത്തുടർച്ച നേടുമെന്നും റീഗൻ സംഘം ഭയക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടു. ഇത് തുടങ്ങിവച്ചത് റീഗന്‍റെ ക്യാംപെയിൻ മാനേജറും പിന്നീട് റീഗന്‍റെ ഭരണ കാലത്ത് സെന്‍ട്രല്‍ ഇന്‍റലിജന്‍സ് മേധാവിയുമായിരുന്ന വില്യം കെയ്സി ആണെന്ന് പറയപ്പെടുന്നു. 

ഇറാന്‍റെ ബന്ദി പ്രതിസന്ധയായിരുന്നു അന്നത്തെ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വിഷയം. ഇറാൻ വിപ്ലവകാരികൾ ബന്ദികളാക്കിയ അമേരിക്കൻ പൗരൻമാരെ ഒക്ടോബറിൽ മോചിപ്പിക്കും. അതുവഴി കാർട്ടർ വൻ പിന്തുണ നേടും. ഒപ്പം രണ്ടാമൂഴവും. എന്നാണ് റീഗൻ ക്യാമ്പ് ഭയന്നത്. പക്ഷേ, അതൊന്നും ഉണ്ടായില്ല. മോചനം നവംബറിലെ നടന്നുള്ളൂ. അതും റീഗന്‍റെ സത്യപ്രതിജ്ഞാ ദിവസം. സത്യപ്രതിജ്ഞക്ക് ശേഷമുള്ള റീഗന്‍റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മിനിട്ടുകൾക്കകം ഇറാൻ 444 ദിവസമായി തടവിലാക്കിയിരുന്ന 52 ബന്ദികളുടെ മോചനം പ്രഖ്യാപിച്ചു. മോചനം തെരഞ്ഞെടുപ്പിന് ശേഷമാക്കാൻ റീഗൻ, ഇറാനിയൻ അധികൃതരുമായി ചേർന്ന് ഗൂഢാലോചന നടത്തി എന്നുവരെ ആരോപണമുയർന്നു. 

എന്നാൽ, ഇതിനുമൊക്കെ വളരെ മുമ്പ് അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് രംഗത്ത് ഒക്ടോബർ സർപ്രൈസുകൾ ഉണ്ടായിട്ടുണ്ടെന്ന് സ്മിത്ത്സോനിയൻ പറയുന്നു. 1800 -കളുടെ ആദ്യം. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും അഴുക്ക് നിറഞ്ഞത് എന്ന വിശേഷണമുള്ള പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥികളായിരുന്നത് തോമസ് ജെഫേഴ്സണും ജോൺ ആഡംസും. നിലവിലെ പ്രസിഡന്‍റ് ജോൺ ആഡംസിനെ കരിതേച്ച് 54 പേജുള്ള ഡോക്യുമെന്‍റ് പ്രസിദ്ധീകരിച്ചത് അലക്സാണ്ടർ ഹാമിൽട്ടൻ. പിന്നാലെ, ജെഫർസൺ വിജയിച്ചു.

1880 -ലെ ചൈനീസ് പ്രശ്നത്തിൽ റിപബ്ലിക്കൻ സ്ഥാനാർത്ഥി ജെയിംസ് ഗാർഫീൽഡിന്‍റെതായി പുറത്തുവന്ന കത്ത് ആളിക്കത്തി. പക്ഷേ, അത് ഗാർഫീൽഡിന്‍റെതല്ലെന്ന് പിന്നീട് തെളിഞ്ഞു. ഗാർഫീൽഡ് കാലിഫോർണിയയിൽ തോറ്റു, എങ്കിലും പ്രസിഡന്‍റായി. 1884 -ൽ ഡമോക്രാറ്റിക് പാർട്ടിയെ 'പാർട്ടി ഓഫ് റം', 'റൊമാനിസം ആന്‍റ് റിബല്യൺ' (Party of rum, Romanism and rebellion) എന്നൊക്കെ അധിക്ഷേപിച്ചത് തിരുത്താതിരുന്ന റിപബ്ലിക്കൻ സ്ഥാനാർത്ഥി ജെയിംസ് ബല്യെൻ കത്തോലിക്കാ വിരോധി എന്ന് മുദ്രകുത്തപ്പെട്ടു. തിരുത്തിയെങ്കിലും താമസിച്ച് പോയി. ന്യൂയോർക്കും പ്രസിഡൻസിയും ഗോവർ ക്ലീവ്ലാന്‍റ് കൊണ്ടുപോയി.

1912 -ൽ തിയോഡോർ റൂസ്വെൽറ്റിന് വെടിയേറ്റു. ജീവൻ രക്ഷിച്ചത് കോട്ടിന്‍റെ പോക്കറ്റിൽ തിരുകിയിരുന്ന 50 പേജുള്ള പ്രസംഗത്തിന്‍റെ കോപ്പി. പക്ഷേ, പ്രസിഡൻസി കിട്ടിയില്ല. പിന്നാലെ "It takes more than that to kill a bull moose." എന്ന റൂസ്വെൽറ്റിന്‍റെ വാക്കുകൾ പ്രശസ്തമായി. 2004 -ലെ തെരഞ്ഞെടുപ്പിൽ ജോർജ് ബുഷ് ജയിച്ചത്, ഒസാമ ബിൻ ലാദന്‍റെ വീഡിയോയുടെ ബലത്തിലാണെന്നാണ് വിലയിരുത്തൽ. അങ്ങനെ അരങ്ങിലും അണിയറയിലും പല ഒക്ടോബർ സർപ്രൈസുകളും ഉണ്ടായിട്ടുണ്ട്.

അങ്ങനെയൊരു ഒക്ടോബർ സർപ്രൈസ് ഇത്തവണ സംഭവിക്കുമോയെന്ന ആശങ്കയും കൗതുകവും. പ്രത്യേകിച്ച്, പശ്ചിമേഷ്യൻ യുദ്ധം, യുക്രെയ്ൻ യുദ്ധം എന്നീ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബറിൽ എന്തും സംഭവിക്കാം. അത് നിർണായക സംസ്ഥാനങ്ങളിലെ വോട്ടർമാരെ സ്വാധീനിച്ചാൽ ആരെയാണ് ബാധിക്കുക എന്ന് പ്രവചിക്കുക അസാധ്യം.