Asianet News MalayalamAsianet News Malayalam

'മീ ടൂ..' വന്നതോടെ കമ്പനികളില്‍ സംഭവിച്ചത്

കോര്‍പറേറ്റ് മേഖലയിലെ 'മീ ടൂ' വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് ലോകമെങ്ങും നിരവധി പ്രമുഖര്‍ക്കാണ് ജോലി പോയത്. പുതിയ സാഹചര്യത്തില്‍, മീ ടൂ വെളിപ്പെടുത്തലുകളെ നേരിടാന്‍ കോര്‍പറേറ്റ് കമ്പനികള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്? അത് സ്ത്രീകളുടെ തൊഴില്‍ സാദ്ധ്യതകളെ എങ്ങനെയാണ് ബാധിക്കുന്നത്. വാള്‍ സ്ട്രീറ്റില്‍നിന്നുള്ള ചില വിപല്‍സൂചനകളുടെ അവലോകനം. ഗിലിയന്‍ ടാന്‍, കാറ്റിയ പോര്‍സെകാന്‍സ്‌കി എന്നിവര്‍ ബ്ലൂംബര്‍ഗില്‍ എഴുതിയ ലേഖനം.   വിവര്‍ത്തനം: ബാബു രാമചന്ദ്രന്‍ 

Corporate sector after Me too
Author
Thiruvananthapuram, First Published Dec 8, 2018, 8:07 PM IST

വാള്‍സ്ട്രീറ്റിലെ പുരുഷന്മാര്‍ സ്വീകരിക്കുന്ന ചില വിചിത്രങ്ങളായ മുന്‍കരുതലുകള്‍ കാരണം അവിടെ സ്ത്രീകളുടെ  പ്രൊഫഷണല്‍ ജീവിതം നരകതുല്യമായിട്ടുണ്ട്. മുന്‍കരുതലുകള്‍ എന്ന ഭാവേന സ്വീകരിക്കുന്ന ഈ സ്ത്രീവിരുദ്ധ നിലപാടുകളെ 'പെന്‍സ് എഫക്ട്' എന്നാണ് പൊതുവില്‍ പറയുന്നത്. 'എന്റെ ഭാര്യയല്ലാത്ത വേറൊരു സ്ത്രീയോടൊപ്പവും ഡിന്നറിനു പോവുന്നത് ഞാന്‍ പരമാവധി ഒഴിവാക്കും.. ' എന്ന അമേരിക്കന്‍  വൈസ് പ്രസിഡന്റ്  മൈക്ക് പെന്‍സിന്റെ കുപ്രസിദ്ധ പ്രസ്താവനയാണ് ഈ പേരിന് ആധാരം. 

ഇനി ഒരു റിസ്‌കും എടുക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല.. വനിതാ സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഡിന്നറിന് വിലക്ക്. ഫ്ളൈറ്റില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്ര പാടില്ല. കോണ്‍ഫറന്‍സുകള്‍ക്കായി പോകുമ്പോള്‍ ഹോട്ടലുകളില്‍ ഒരേ നിലയില്‍ മുറിയെടുക്കാന്‍ അനുവാദമില്ല.എന്തിന്, മൂന്നാമതൊരാള്‍ സാക്ഷിയില്ലാതെ ഇനി ബ്രീഫിങ്ങുകള്‍ പോലും പാടില്ലത്രേ..

വാള്‍സ്ട്രീറ്റിലെ ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ വാക്കുകള്‍ കടമെടുത്തുപറഞ്ഞാല്‍, ഈ 'മീ ടൂ..' കാലത്ത് ഒരു സ്ത്രീയെ വാള്‍സ്ട്രീറ്റില്‍ ജോലിക്ക് തെരഞ്ഞെടുക്കുന്നതിൽ   'അജ്ഞാതമായ' ഒരു  റിസ്കുണ്ട് . നമ്മൾ പറയുന്നത് അവരെങ്ങാനും തെറ്റിദ്ധരിച്ചുപോയാലോ..?

വാള്‍സ്ട്രീറ്റിലെ പുരുഷന്മാര്‍ സ്വീകരിക്കുന്ന ചില വിചിത്രങ്ങളായ മുന്‍കരുതലുകള്‍ കാരണം അവിടെ സ്ത്രീകളുടെ  പ്രൊഫഷണല്‍ ജീവിതം നരകതുല്യമായിട്ടുണ്ട്. മുന്‍കരുതലുകള്‍ എന്ന ഭാവേന സ്വീകരിക്കുന്ന ഈ സ്ത്രീവിരുദ്ധ നിലപാടുകളെ 'പെന്‍സ് എഫക്ട്' എന്നാണ് പൊതുവില്‍ പറയുന്നത്. 'എന്റെ ഭാര്യയല്ലാത്ത വേറൊരു സ്ത്രീയോടൊപ്പവും ഡിന്നറിനു പോവുന്നത് ഞാന്‍ പരമാവധി ഒഴിവാക്കും.. ' എന്ന അമേരിക്കന്‍  വൈസ് പ്രസിഡന്റ്  മൈക്ക് പെന്‍സിന്റെ കുപ്രസിദ്ധ പ്രസ്താവനയാണ് ഈ പേരിന് ആധാരം. 

വാള്‍സ്ട്രീറ്റിലെ മുപ്പതോളം സീനിയര്‍ എക്‌സിക്യൂട്ടീവുകളുമായി നടത്തിയ അഭിമുഖങ്ങളില്‍ നിന്നും ഒരുകാര്യം വ്യക്തമാണ്. അവരില്‍ പലരും പരിഭ്രാന്തരാണ്.  'മുട്ടത്തോടിന് മുകളിലൂടെ നടക്കുന്ന' ഒരു പ്രതീതിയാണ്' 'മീ ടൂ..' സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ  ഡയറക്ടറായിരുന്ന ഡേവിഡ് ബാഹ്‌സണ്‍  പറയുന്നത്. 

മേല്‍പ്പറഞ്ഞത് ഒരു രംഗത്തു മാത്രം വന്നിട്ടുള്ള  നയഭേദമല്ല.  അമേരിക്കയിലെ എല്ലാ കമ്പനികളിലും മാനേജ്മെന്റ് തലത്തില്‍ ജോലിചെയ്യുന്ന പുരുഷന്മാര്‍ അവരവരുടെ സംസാരത്തെയും പെരുമാറ്റത്തെയും ഒക്കെ ഈയൊരു പരിപ്രേക്ഷ്യത്തില്‍ പുനഃപരിശോധിച്ചു തുടങ്ങി. കേസുകളില്‍ ഉള്‍പ്പെട്ടു ദുഷ്പേര് കിട്ടാതിരിക്കണമെങ്കില്‍ അതുവരെ ആവശ്യമെന്നു തോന്നിയിട്ടില്ലാത്ത ഒരുതരം 'പൊളിറ്റിക്കല്‍ കറക്ട്നെസ്സ് ' പല ഇടപെടലുകളിലും വേണം എന്ന് പലര്‍ക്കും തോന്നിത്തുടങ്ങി. മറ്റു മേഖലകളുമായി താരതമ്യം ചെയ്താല്‍, വാള്‍ സ്ട്രീറ്റ് പരാതികളെ കോടതിക്കും  മീഡിയയ്ക്കും ഒന്നും വിട്ടുകൊടുക്കാതെ എന്നും അതിനുള്ളില്‍ത്തന്നെ ഒത്തുതീര്‍പ്പാക്കാറാണ് പതിവ്. അതുകൊണ്ടു തന്നെ ഹാര്‍വി വെയ്ന്‍സ്‌റ്റെയിന്‍ പോലെ ഒരു വന്‍ വിവാദം ഇന്നുവരെ വാള്‍ സ്ട്രീറ്റിനെ ഉലച്ചിട്ടില്ല. 

യഥാര്‍ത്ഥ നഷ്ടം 

സിലിക്കണ്‍ വാലിയെയും ഹോളിവുഡിനെയുമെല്ലാം ഉലച്ച, തൊഴിലിടങ്ങളിലെ 'മീ ടൂ..' ലൈംഗിക പീഡന വെളിപ്പെടുത്തലുകള്‍, വാള്‍ സ്ട്രീറ്റിനെ ഒരു 'പുരുഷ'ക്ലബ്ബാക്കി മാറ്റിയിട്ടുണ്ട്. സ്ത്രീകളുടെ കരിയറിനെ ഗുരുതരമായി ബാധിച്ചിരിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കേണ്ടതെങ്ങനെ എന്നുള്ള ചിന്തയിലാണ് വാള്‍സ്ട്രീറ്റിലെ സ്ത്രീ സംഘടനകളെന്ന് വെല്‍സ് ഫാര്‍ഗോയുടെ സീനിയര്‍ വൈസ് പ്രസിഡന്റും ഫിനാന്‍ഷ്യല്‍ വിമെന്‍സ് അസോസിയേഷന്‍ പ്രസിഡണ്ടുമായ കാരെന്‍ ഇലെന്‍സ്‌കി പറഞ്ഞു. ഹെഡ്ജ് ഫണ്ടുകളുടെയും, നിയമോപദേശ സ്ഥാപനങ്ങളുടെയും,  ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിങ് സ്ഥാപനങ്ങളുടെയും ബാങ്കുകളുടേയുമൊക്കെ തലപ്പത്ത് ഈ വികാരം ഇതിനകം തന്നെ രൂഢമൂലമായിക്കഴിഞ്ഞിട്ടുണ്ട്.

പല പ്രശസ്തസ്ഥാപനങ്ങളുടെയും മേലധികാരികള്‍ പേര് വെളിപ്പെടുത്തില്ല എന്ന ധാരണപ്പുറത്ത് ഇതേപ്പറ്റി സംസാരിക്കാന്‍ തയ്യാറായി. അപ്രഖ്യാപിതമായ മുന്‍കരുതലുകളുടെ കച്ചകെട്ടിക്കൊണ്ടേ ഇപ്പോള്‍ ഓഫീസിലും മറ്റു കോണ്‍ഫറന്‍സുകളിലും  പ്രവര്‍ത്തിക്കാനാവുന്നുള്ളു എന്നവര്‍ ആശങ്കപ്പെട്ടു.  പെന്‍സ് വെട്ടിയ വഴിയിലൂടെയാണ് പലരും നടക്കുന്നതിപ്പോള്‍. മുപ്പത്തഞ്ചു വയസ്സിനു താഴെയുള്ള യുവതികളായ സഹപ്രവര്‍ത്തകരോടൊപ്പം ഡിന്നര്‍ പാടെ ഒഴിവാക്കി എന്നതാണ് അതിലെ പ്രധാന നടപടി.  പല മാനേജർമാരും യുവതികളായ, വിശിഷ്യാ സുന്ദരികളായ അവരുടെ കീഴുദ്യോഗസ്ഥരോടൊപ്പം സ്വകാര്യമായി എവിടെയും ചെന്നുപെടാന്‍ ആഗ്രഹിക്കുന്നില്ല. വാര്‍ഷിക  കോണ്‍ഫിഡന്‍ഷ്യല്‍  മീറ്റിംഗുകളടക്കം ഇപ്പോള്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ടാണ് നടത്തപ്പെടുന്നത്. തുറന്നിടാന്‍ ജനലുകളില്ലാത്ത മുറികളില്‍ വെച്ച് സ്ത്രീകളുമായി തനിച്ചു മീറ്റിങ്ങ് നടത്തുന്നതിനെപ്പറ്റി ഇപ്പോള്‍ ആലോചിക്കാറുപോലുമില്ല എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

മാന്യമായി പെരുമാറുക അത്ര പ്രയാസമുള്ള കാര്യമല്ല 

'മീ ടൂ..'  ആരോപണങ്ങള്‍ പലതും ഹരാസ്സ്‌മെന്റ് അഥവാ വ്യക്തിഹത്യ ആരോപിച്ചാണ്. അതായത് ഒരു പ്രൊഫഷണല്‍ ടീമില്‍ ഒരു സ്ത്രീ അംഗത്തിന്റെ  പ്രകടനം ഇത്തിരി മോശമാണെങ്കില്‍പ്പോലും ഇപ്പോള്‍ അമിതമായി കോപിക്കാനോ കളിയാക്കാനോ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനോ ഒക്കെ പുരുഷ മേധാവികള്‍ ഭയക്കുന്നു. മേല്‍പറഞ്ഞ ഓരോ പ്രവൃത്തിയും സ്ത്രീ എന്നുള്ള വിവേചനത്താല്‍ അവരോട് കാണിക്കുന്ന അതിക്രമമായി സാമൂഹ്യ മാധ്യമങ്ങളിലോ, കോടതിയിലോ ഒക്കെ പില്‍ക്കാലത്ത് വ്യാഖ്യാനിക്കപ്പെട്ടാലോ എന്ന ഭയം തന്നെയാണ്  ഈ മാറ്റത്തിന്റെ അടിസ്ഥാനം. ചുരുക്കിപ്പറഞ്ഞാല്‍ വളരെ ഭവ്യമായി മാത്രം സ്ത്രീകളോട് ഇടപെടാന്‍ ഇപ്പോള്‍ പുരുഷന്മാര്‍ ശ്രമിക്കുന്നു. സംഗതി ഭയത്തിന്റെ അടിസ്ഥാനത്തിലാണെങ്കിലും ഗുണകരമായ ഒരു മാറ്റമാണ്. ഒരു മുരടനല്ലാതിരിക്കുക എന്നത് അത്ര പ്രയാസമുള്ള ഒരു ജോലിയല്ല താനും..

'മീ ടൂ..' കാലഘട്ടത്തിന്റെ ആവശ്യം, പക്ഷേ.. 

സ്ത്രീകളില്‍ ഭൂരിഭാഗത്തിനും  'മീ ടൂ..' പോലൊരു മുന്നേറ്റം എന്നേ വരേണ്ടതായിരുന്നുവെന്ന അഭിപ്രായമുണ്ടെങ്കിലും, തങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്കുനേരെ  അത് തെറ്റായി ഉപയോഗിക്കപ്പെട്ടേക്കാം എന്ന ഭയം അവര്‍ക്കുണ്ട്. ജോലി സ്ഥലത്തെ വ്യക്തിപരമായ ഈര്‍ഷ്യകൾക്കും  ദുരഭിമാനത്തിനും വാശിക്കും പുറത്തുള്ള കണക്കുകള്‍ തീര്‍ക്കാനുള്ള ഒരു ആയുധമായി  'മീ ടൂ..' മാറുന്നുണ്ടോ  എന്നവര്‍ സംശയിക്കുന്നു. താരതമ്യേന തീവ്രത കുറഞ്ഞ ലൈംഗികചുവയുള്ള കടന്നുകയറ്റങ്ങളേയും ക്രിമിനല്‍ സ്വഭാവമുള്ള ഗുരുതരകുറ്റങ്ങളേയും ഒരേ കണ്ണോടെ കാണുന്നുണ്ടോ 'മീ ടൂ..'വില്‍ എന്നതാണ് മറ്റൊരു ഉത്കണ്ഠ.  വാള്‍ സ്ട്രീറ്റിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകള്‍ തന്റെ അനുഭവം പങ്കുവെച്ചു. ആ ഉദ്യോഗസ്ഥനോട് അദ്ദേഹത്തിന്റെ ഓഫീസിലെ ഒരു സഹപ്രവര്‍ത്തക കനമുള്ളൊരു പെട്ടി എടുത്തുമാറ്റാന്‍ സഹായം ആവശ്യപ്പെട്ടു. അവരോട് അദ്ദേഹം  വളരെ നോര്‍മലായി, 'യെസ് ഡിയര്‍, ഞാന്‍ സഹായിക്കാം.. ' എന്ന് മറുപടി പറഞ്ഞപ്പോള്‍, എടുത്തടിച്ച പോലെ അവര്‍ 'മേലാല്‍ എന്നെ ഡിയര്‍' എന്ന് വിളിച്ചുപോകരുത് ' എന്ന് താക്കീതുചെയ്തത്രേ.അന്നുരാത്രി മുഴുവന്‍ അസ്വസ്ഥനായി ഉറക്കം കിട്ടാതെ ഉലാത്തുകയായിരുന്ന അച്ഛനെക്കണ്ട് താന്‍ വിഷമിച്ചുപോയെന്ന് അവര്‍ പറഞ്ഞു. ഓഫീസില്‍ വരുന്ന സഹപ്രവര്‍ത്തകയോട് 'കുട്ടിയുടെ ഡ്രസ്സ് കൊള്ളാമല്ലോ.. ' എന്നോ അല്ലെങ്കില്‍ 'മുടി കെട്ടിയത് നന്നായിട്ടുണ്ട് ' എന്നോ ഒക്കെ പറയുന്നതിന് മുമ്പ് ഒരു പുരുഷന്‍ ഇനി രണ്ടുവട്ടം ആലോചിക്കും. 

വാള്‍ സ്ട്രീറ്റിലെ അപ്പര്‍ മാനേജ്‌മെന്റില്‍ പൊതുവേ പുരുഷന്മാരുടെ മേധാവിത്വമാണ്. ഏതൊരു സ്ഥാപനത്തിലും വ്യക്തിപരമായ അഭിവൃദ്ധിക്ക് മേധാവികളുടെ സ്നേഹപൂര്‍ണമായ മാര്‍ഗനിര്‍ദേശങ്ങള്‍ അത്യാവശ്യമാണ്.  'മീ ടൂ..'  സൃഷ്ടിച്ചിരിക്കുന്ന അങ്കലാപ്പില്‍ സ്ത്രീകള്‍ക്ക് പുരുഷമേധാവികളില്‍ നിന്നും വേണ്ടുംവണ്ണം മെന്റര്‍ഷിപ്പ് കിട്ടാനുള്ള സാധ്യതകള്‍ കുറഞ്ഞിരിക്കുന്നു. സ്ത്രീകളുടെ കരിയറിലെ പുരോഗതിക്കുതന്നെ ഈ 'മീ ടൂ' ഭയം വിലങ്ങുതടിയാവുന്നുണ്ടോ എന്നാണ് ഇപ്പോഴുള്ള ആശങ്ക. 

'മീ ടൂ..'വിന്റെ ഭാവി..?

'മീ ടൂ..' എന്നത്  'റാഡിക്കലായ' ഒരു  മാറ്റമല്ല. തൊഴിലിടങ്ങളില്‍ നിലനിന്നുപോരുന്ന സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ഗതികെട്ട ചില സ്ത്രീകള്‍ നടത്തിയ ഒരു ചെറുവിരലനക്കമാണത്. ഏറെനാള്‍ ഉള്ളിലേറ്റി നടന്ന വീര്‍പ്പുമുട്ടലുകളെ ഒരു ചെറുനിശ്വാസമായി പുറത്തുവിടാന്‍ നടത്തിയ പിടച്ചില്‍. അതിന്റെ പ്രത്യാഘാതങ്ങള്‍ ഒരുപക്ഷേ, സ്ത്രീകളെ ഒന്നടങ്കം തല്‍ക്കാലത്തേക്ക് പന്തിക്കുപുറത്തിരുത്തിയേക്കാമെങ്കിലും, ഇത്തരം ചെറുവിരലനക്കങ്ങളിലാണ്, അവ നാളെ ട്രിഗര്‍ ചെയ്‌തേക്കാവുന്ന 'ബട്ടര്‍ഫ്ളൈ എഫക്ടുു'കളിലാണ് നമ്മുടെ പ്രതീക്ഷകളത്രയും..

 

Follow Us:
Download App:
  • android
  • ios