Asianet News MalayalamAsianet News Malayalam

കേരളത്തെ, ഇനിയൊരിക്കൽ കൂടി ലോകത്തിന് മുന്നിൽ നാണം കെടുത്തരുത്

ദൈവവിശ്വാസവും ആചാരങ്ങളും രണ്ടാണെന്നും ഒരാളുടെ ഉറച്ച വിശ്വാസത്തിന് മുറിവേൽപിയ്ക്കാൻ മറ്റൊരാളുടെ അവിശ്വാസത്തിന് കഴിയില്ല എന്നുമുള്ള പരമമായ സത്യം സൗകര്യപൂർവം മറന്നുകൊണ്ടും മറച്ചുപിടിച്ചുകൊണ്ടുമാണ് ഇപ്പോൾ രാഷ്ട്രീയക്കളികൾ മുന്നോട്ടുപോകുന്നത്. 

cover story by sindhu sooryakumar on sabarimala issue
Author
Thiruvananthapuram, First Published Nov 2, 2018, 11:35 AM IST

സംഘർഷഭരിതമായ ഒരു നടതുറക്കൽ കാലം ശബരിമലയിൽ അവസാനിച്ചു. മണ്ഡലമകരവിളക്ക് തീർത്ഥാടന കാലത്തെ സംഘർഷാത്മകമായ രംഗങ്ങൾക്കായി അണിയറയിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. സുപ്രീം കോടതിയുടെ തീരുമാനമാണ് ഈ പ്രതിസന്ധിയ്ക്ക് വഴി വച്ചത്. സുപ്രീംകോടതി തന്നെ ഇക്കാര്യത്തിൽ അന്തിമതീർപ്പ് കൽപിക്കാനൊരുങ്ങുകയാണ്, അടുത്ത മാസം 13 ന്. ആ തീർപ്പ് ഈ കേസിലെ കക്ഷികൾ അംഗീകരിക്കുമോ? ഇല്ലെങ്കിൽ ബിജെപിയുൾപ്പടെയുള്ള കക്ഷികളുടെ നിലപാട് എന്തായിരിക്കും? 

cover story by sindhu sooryakumar on sabarimala issue

ഇപ്പോഴത്തെ ഈ രംഗങ്ങളിൽ ഏറ്റവും അധികം കാപട്യം കാണിക്കുന്നത് ബിജെപിയാണ്. സ്വന്തമായി പുനഃപരിശോധനാഹർജി പോലും കൊടുക്കാൻ തയ്യാറാകാതെ, 'വിശ്വാസികൾക്ക് വേണ്ടി, ആചാരങ്ങൾക്ക് വേണ്ടി' എന്നെല്ലാം വാചകക്കസർത്ത് നടത്തുന്ന ബിജെപീ, ഇനിയങ്ങോട്ട് എന്താണ് ആലോചിക്കുന്നതെന്നും ആസൂത്രണം ചെയ്യുന്നതെന്നും ജനങ്ങളോട് പറയാൻ നിങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്!

കവർസ്റ്റോറി ഇത്തവണയും പറഞ്ഞത് ശബരിമലയെക്കുറിച്ചുതന്നെയാണ്.

റിപ്പോർട്ടിംഗിനിടെ ഇന്ത്യാ ടുഡേ റിപ്പോർട്ടർ മൗഷുമി സിംഗിന് നേരെ നിലയ്ക്കലിൽ 2018 ഒക്ടോബർ 17 ന് ഉണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങൾ കാണുക.
നിലയ്ക്കലും പമ്പയിലേക്കുള്ള വഴികളിലും സ്ത്രീകൾ അപമാനിയ്ക്കപ്പെട്ടപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ എവിടെയായിരുന്നു? എന്തേ, മുഖ്യമന്ത്രിയുടെ പൊലീസ് കണ്ണടച്ചിരുന്നത്? മുഖ്യമന്ത്രി അപ്പോൾ വിദേശത്തായിരുന്നു. പകരം ആർക്കും ചുമതല നൽകുന്ന പതിവ് പണ്ടേ പിണറായി വിജയനില്ല. അതുകൊണ്ടുതന്നെ, ബലപ്രയോഗം വേണോ, പൊലീസ് എന്തുചെയ്യണം എന്നൊക്കെയുള്ള നിർദേശം നൽകാൻ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മറ്റാരും തയ്യാറായില്ല. നാഥനില്ലാത്ത പൊലീസിന്‍റെ അലംഭാവമാണ് സ്ത്രീകൾ ഇത്രയേറെ അപമാനിയ്ക്കപ്പെടാൻ കാരണമായത്. പിന്നെ ഒരു കാരണം, ദേവസ്വം മന്ത്രി, ദേവസ്വംബോർഡ്, ഡിജിപി തുടങ്ങിയവരുടെ കടകം മറിച്ചിലുകളാണ്. സന്നിധാനത്ത് വനിതാപൊലീസിനെ നിയോഗിക്കും എന്ന് ഡിജിപി ആദ്യം പറഞ്ഞു. പിന്നീട്, അത് വേണ്ടെന്ന് വച്ചു. കാരണം? കാരണമൊന്നുമില്ല.

ആക്റ്റിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് പറഞ്ഞ കടകംപള്ളിയെ കോടിയേരി തിരുത്തി. വിധി വരുന്ന ദിവസം ഏത് എന്ന് സുപ്രീംകോടതി വ്യക്തമാക്കിയപ്പോൾ കടകംപള്ളി സുരേന്ദ്രൻ എന്ന ദേവസ്വംമന്ത്രി എന്ത് കൂടിയാലോചനയാണ് നടത്തിയത്? വിധി വന്ന് അൽപദിവസം കഴിഞ്ഞാണ് പിണറായി വിജയൻ പ്രതികരിച്ചത്. കടകംപള്ളി എന്ന ഉത്തരവാദിത്തമുള്ള മന്ത്രി എന്ത് നിർദേശമാണ് ദേവസ്വംബോർഡിന് നൽകിയത്? ആരോടൊക്കെയാണ് ചർച്ച നടത്തിയത്? കോടിയേരി ബാലകൃഷ്ണൻ എന്തുചെയ്യുകയായിരുന്നു? 

സംഭവിച്ചേക്കാവുന്ന സാധ്യതകൾ ഇന്‍റലിജൻസ് റിപ്പോർട്ടായി കിട്ടിയപ്പോൾ എന്ത് മുന്നൊരുക്കം നടത്തി എന്നാണ് ഇവർ പറയുന്നത്? ഇപ്പോൾ ജി.രാമൻനായർ എന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്ക് പോകുമ്പോൾ കളിയാക്കുകയാണ് കടകംപള്ളി സുരേന്ദ്രൻ. 

'പത്തനംതിട്ടയിൽ ഗവൺമെന്‍റിനെ ആക്രമിച്ചുകൊണ്ട് നിരാഹാരസത്യാഗ്രഹം നടത്താൻ ഖദർ മുണ്ടിനടിയിൽ കാക്കി നിക്കറിട്ട രമേശ് ചെന്നിത്തല പോയ കാഴ്ച നിങ്ങളെല്ലാവരും കണ്ടതല്ലേ? അദ്ദേഹത്തിന്‍റെ മുണ്ടുരിഞ്ഞ് നോക്കിയാൽ കാക്കി നിക്കറ് കാണും എന്ന കാര്യത്തിൽ സംശയമൊന്നുമില്ല' എന്നാണ് കടകംപള്ളി പറഞ്ഞത്.

സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ റീന തന്നെ ഉദാഹരണം

ആ കാക്കി നിക്കർ സ്വന്തമായി ഉണ്ടോ, തൊട്ടപ്പുറത്തുള്ള ദേവസ്വംബോർഡ് പ്രസിഡന്‍റ് പദ്മകുമാർ ഇട്ടിട്ടുണ്ടോ എന്നൊക്കെ നോക്കിയിട്ട് പോരേ അപ്പുറത്തുള്ളവരുടെ മുണ്ടുപൊക്കൽ? സന്നിധാനത്ത് ജോലി ചെയ്യാൻ പോയ സ്ത്രീകൾക്ക് പോലും സ്വന്തം പ്രായം എഴുതിനൽകി, തെളിവ് കാണിച്ച് പോകേണ്ടി വന്നു. സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ റീന തന്നെ ഉദാഹരണം. പല തീർഥാടകരും മാന്യമായി പെരുമാറിയപ്പോൾ ഒരാൾ മാത്രം വളരെ മോശമായി പെരുമാറിയെന്നാണ് റീന പറ‍ഞ്ഞത്. 'നിങ്ങളാരാണ് എന്ന് ചോദിച്ചപ്പോൾ തടഞ്ഞയാൾ ഞാനൊരു ഭക്തനാണെന്നാണ് പറഞ്ഞത്.' റീന പറയുന്നു. 

എന്ത് നടപടിയുണ്ടായി ഇക്കാര്യത്തിൽ? ഇത് പോലും നടപ്പാക്കാൻ കഴിയാത്ത സർക്കാർ എന്ത് നവോത്ഥാനത്തെക്കുറിച്ചാണ് പറയുന്നത്? രണ്ടായിരമോ മൂന്നായിരമോ ആളുകളെ അറസ്റ്റ് ചെയ്ത് വിടുകയാണ് സർക്കാർ. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പാ കൊണ്ടെടുക്കുമ്പോൾ നല്ല രസമുണ്ടാകും ഇവർക്ക്. ഭക്തൻമാരും അക്രമികളും ഇത്രയേറെ പ്രതിഷേധവുമായി സന്നിധാനത്തും പരിസരത്തും തമ്പടിച്ചപ്പോൾ അതറിഞ്ഞുകൊണ്ട് ഒരു ആക്റ്റിവിസ്റ്റിനെ നടപ്പന്തൽ വരെ എത്തിച്ച്, പിന്നീട് കണ്ണീരൊഴുക്കി, സംഘപരിവാറിന് പ്രിയങ്കരനായ ഐജി എസ്.ശ്രീജിത്താണ് സന്നിധാനത്തെ താരം. ഹിന്ദു ആരാധനാലയമാണ് ശബരിമല എന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹർജി വരുമ്പോൾ സർക്കാർ ഒന്നുകൂടി ആലോചിച്ചുനോക്കണം. ആരുടെ എടുത്തുചാട്ടമാണ്, രാഷ്ട്രീയമായ പക്വതയില്ലായ്മയാണ് ഇതിനൊക്കെ വഴിവച്ചതെന്ന്!

ദർശനം നടത്താൻ സംരക്ഷണം ആവശ്യപ്പെടുന്നവരുടെ വിശ്വാസമളക്കാൻ വഴികളില്ല എന്ന്, രഹ്ന ഫാത്തിമയുടെ കാര്യത്തിൽ പറഞ്ഞ കോടിയേരിയുടെ സർക്കാർ പിന്നീടങ്ങോട്ട് വന്ന രണ്ട് സ്ത്രീകളെ അതുപോലെ സംരക്ഷിച്ച് കൊണ്ടുപോയില്ല. ഐജി ശ്രീജിത്ത് അപ്പോഴും ശബരിമലയിലുണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഇപ്പോൾ പിണറായി വിജയൻ ജില്ല തോറും വിശദീകരിക്കുന്ന കൃത്യതയും വ്യക്തതയും പ്രവൃത്തിയിൽ കാണിച്ചതേയില്ല എന്നർഥം. പ്രായോഗികതലത്തിലും നേതൃത്വതലത്തിലും രാഷ്ട്രീയതലത്തിലും സർക്കാരും സിപിഎമ്മും പരാജയപ്പെട്ട ദിനങ്ങളായിരുന്നു അതെന്ന് ചരിത്രം പിന്നീട് ഓർമ്മപ്പെടുത്തും. 

വ്യക്തികേന്ദ്രീകൃതമായ സർക്കാരും പാർട്ടി, സംഘടനാസംവിധാനവും ആ വ്യക്തിയുടെ അഭാവത്തിൽ എത്രമാത്രം പരാജയപ്പെടും എന്നും, എത്രമാത്രം കഴിവു കെട്ടതാകും എന്നും കാണിക്കുന്ന ക്ലാസിക് ഉദാഹരണമായി ഈ അധ്യായം മാറും എന്നുറപ്പ്.

ആചാരസംരക്ഷണം ആവശ്യപ്പെടുന്ന വിശ്വാസികളുടെ പ്രതിഷേധം സ്വാഭാവികമായിരുന്നു

ഭീഷണിപ്പെടുത്തിയും അക്രമിച്ചും സമ്മർദ്ദം ചെലുത്തിയും മാധ്യമപ്രവർത്തകരെയും മാധ്യമങ്ങളെയും തത്പരകക്ഷികൾ വരുതിയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത് പുതിയ കാര്യമല്ല. ഇന്ന് ഒരു ഭാഗത്തു നിന്നാണ് സമ്മർദ്ദങ്ങളും ആക്രമണങ്ങളും ഭീഷണികളുമുണ്ടാകുന്നതെങ്കിൽ നാളെ മറ്റൊരിടത്തു നിന്ന്. മാധ്യമപ്രവർത്തകരുടെ തൊഴിലിന്‍റെ പ്രത്യേകതയും വെല്ലുവിളിയുമാണ് അത്. മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങളും ഈ സമ്മർദ്ദങ്ങൾക്കും ഭീഷണികൾക്കും മുന്നിൽ വഴങ്ങി വീണു കൊടുക്കുന്നത് നാം നമുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുകയാണ്. അവരെ കുറ്റം പറയാൻ കവർസ്റ്റോറിയില്ല. ആത്യന്തികമായി നിലനിൽപിന്‍റെ പ്രശ്നമാണ് മാധ്യമപ്രവർത്തരും മാധ്യമസ്ഥാപനങ്ങളും നേരിടുന്നത്. നല്ല സിനിമയെ സംരക്ഷിയ്ക്കാൻ ആരും വരുന്നില്ല, എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് പോലെ, നട്ടെല്ലുള്ള, നിലപാടുള്ള മാധ്യമസ്ഥാപനത്തെ സംരക്ഷിക്കാനും പ്രബുദ്ധകേരളം മുന്നോട്ടുവരണം.

ദൈവവിശ്വാസവും ആചാരങ്ങളും രണ്ടാണെന്നും ഒരാളുടെ ഉറച്ച വിശ്വാസത്തിന് മുറിവേൽപിയ്ക്കാൻ മറ്റൊരാളുടെ അവിശ്വാസത്തിന് കഴിയില്ല എന്നുമുള്ള പരമമായ സത്യം സൗകര്യപൂർവം മറന്നുകൊണ്ടും മറച്ചുപിടിച്ചുകൊണ്ടുമാണ് ഇപ്പോൾ രാഷ്ട്രീയക്കളികൾ മുന്നോട്ടുപോകുന്നത്. ആചാരസംരക്ഷണം ആവശ്യപ്പെടുന്ന വിശ്വാസികളുടെ പ്രതിഷേധം സ്വാഭാവികമായിരുന്നു. സമാധാനപരവും. 

പക്ഷേ, ഈ സ്ത്രീകൾ പോലും ആഗ്രഹിക്കാത്തതൊക്കെയാണ് പമ്പയിലും നിലയ്ക്കലും നടന്നത്. 41 ദിവസത്തെ വ്രതമോ ഇരുമുടിക്കെട്ടോ ശരണഘോഷമോ ഇല്ലാതെ നിരവധി പേരെത്തി. ഇതെല്ലാമുള്ള ഭക്തരുടെ കൂട്ടത്തിൽ ഇടകലർന്നു. ഇക്കാലമത്രയും സ്ത്രീകൾക്ക് പ്രായഭേദമില്ലാതെ പമ്പ വരെ ചെല്ലാമായിരുന്നു. ഇക്കുറി ഒരു സംഘം - അതിൽ ആൺസംഘവും പെൺസംഘവുമുണ്ട് - നിലയ്ക്കൽ മുതൽ വാഹനപരിശോധന നടത്തുകയായിരുന്നു. ചെറുപ്പക്കാരായ മാധ്യമപ്രവർത്തകരെ നിലയ്ക്കലിൽ തടഞ്ഞുനിർത്തി കയ്യേറ്റം ചെയ്തു. അസഭ്യം പറഞ്ഞ് ഓടിച്ചു. പമ്പാഗണപതിക്ഷേത്രവും കടന്ന് മുന്നോട്ടുപോകുമ്പോഴായിരുന്നു ഈ തടഞ്ഞു നിർത്തലെങ്കിൽ വിശ്വാസത്തിന് മുറിവേറ്റതുകൊണ്ടുള്ള അക്രമമെന്നെങ്കിലും പറയാം. നിലയ്ക്കലിൽ ഈ ആണുങ്ങളും പെണ്ണുങ്ങളും കാണിച്ചത് മനുഷ്യന്‍റെ സ‌ഞ്ചാരസ്വാതന്ത്ര്യം തടയലാണ്. ഗുണ്ടാപ്പണിയാണ്! 

കാമക്രോധലോഭമോഹമുക്തരായി 41 ദിവസത്തെ വ്രതമെടുക്കുന്ന അയ്യപ്പഭക്തർ ഇങ്ങനെയാണോ പെരുമാറേണ്ടത്? എങ്ങനെയെങ്കിലും ആക്രമിക്കണമെന്ന ഉദ്ദേശവുമായി പെട്ടെന്ന് കൂട്ടംകൂടി പൊലീസ് തീർത്ത വലയത്തിനപ്പുറത്ത് നിന്ന് തെറി വിളിച്ച 'ഭക്ത'രെക്കുറിച്ച് പറയും ദ് ന്യൂസ് മിനിറ്റിന്‍റെ കേരളത്തിലെ ലേഖിക സരിത എസ്.ബാലൻ. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ പൂജാ പ്രസന്നയോടൊപ്പം നിലയ്ക്കലിൽ സരിതയും ആക്രമണത്തിനിരയായിരുന്നു. 'പ്രകോപിപ്പിക്കാതിരുന്നിട്ടും, ഞങ്ങളെ ആക്രമിക്കണമെന്ന് അവർക്ക് തോന്നുന്നതെങ്ങനെയാണ്?' സരിത ചോദിയ്ക്കുന്നു.

മൂത്രമൊഴിച്ചും രക്തം വീഴ്ത്തിയും വൃത്തികേടാക്കാൻ ആലോചിച്ച ഇയാളാണോ അയ്യപ്പഭക്തൻ?

ഒരു കൂട്ടം ആളുകൾ, അവരെയൊന്നും ഭക്തന്മാർ എന്ന് വിളിയ്ക്കുന്നത് ശരിയല്ല. ഈ ആളുകൾ ഓരോ മാധ്യമപ്രവർത്തകനും എന്ത് പറയണമെന്ന് നിർദേശിച്ചുകൊണ്ടും ഭീഷണിപ്പെടുത്തിക്കൊണ്ടും പമ്പയിലും പരിസരത്തും അഴിഞ്ഞാടി. ഞങ്ങളുടെ റിപ്പോർട്ടർമാരായ എസ്.അജിത് കുമാറിനെയും കെ.ജി.കമലേഷിനെയും അക്ഷരാർഥത്തിൽ ഭീഷണിപ്പെടുത്തി. വളഞ്ഞുവച്ച് ചീത്ത വിളിച്ചു. 

മാധ്യമപ്രവർത്തകരെ ഒറ്റ തിരിച്ച് ഭീഷണിപ്പെടുത്തുന്നതും അസഭ്യവർഷം നടത്തുന്നതും പുതിയ കാര്യമല്ല. പക്ഷേ ഫുട്ബോൾ തന്ത്രം പോലെ, വലിയ സംഘം മാധ്യമപ്രവർത്തകരെ ഓരോരുത്തരെയായി മാൻ-ടു-മാൻ മാർക്കിംഗ് നടത്തുന്നത് സംഘടിതമായ ആസൂത്രിതമായ, ശ്രമമാണ്. കെ.സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കൾ സന്നിധാനത്തും പരിസരങ്ങളിലും ഉണ്ടായിരുന്നു. പക്ഷേ നിലയ്ക്കലടക്കം ഒരിടത്തും പ്രക്ഷോഭങ്ങളൊന്നും പാർട്ടി നടത്തിയിട്ടില്ലെന്നാണ് ബിജെപി അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുടെ നിലപാട്. 

അന്തരിച്ച തന്ത്രി കണ്ഠരര് മഹേശ്വരരുടെ മകളുടെ മകൻ രാഹുൽ ഈശ്വറിനെ പണ്ട്, തന്ത്രിമാരുടെ കൂട്ടത്തിൽ ശ്രീകോവിലിലേക്ക് കയറാനെത്തിയപ്പോൾ, താന്ത്രികാവകാശമില്ല എന്ന് വിശദീകരിച്ച് അവിടെ നിന്ന് ഇറക്കിവിട്ടിട്ടുണ്ട്. ഇപ്പോൾ ധർമസേന എന്നോ മറ്റോ സൈനികരില്ലാത്ത സൈന്യത്തിന്‍റെ സ്വയം പ്രഖ്യാപിതതലവനാണ്. ഹിന്ദുവിനെ രക്ഷിയ്ക്കൂ, അയ്യപ്പനെ രക്ഷിയ്ക്കൂ എന്ന് വിളിച്ചുകൂവുന്ന രാഹുൽ കഴി‍ഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പല 'പ്ലാനു'കളും വെളിപ്പെടുത്തി. 'പ്ലാൻ ബി'യും 'പ്ലാൻ സി'യുമായി സന്നിധാനത്ത് രക്തമോ മൂത്രമോ വീഴ്ത്താനായിരുന്നു 'പ്ലാൻ'. 

സമാധാനപരമായ നിലപാടല്ല ബിജെപിക്കുള്ളത്

ശ്രീകോവിലിന് ചുറ്റും മൂത്രമൊഴിച്ചും രക്തം വീഴ്ത്തിയും വൃത്തികേടാക്കാൻ ആലോചിച്ച ഇയാളാണോ അയ്യപ്പഭക്തൻ? ഇയാളാണോ 'സ്വാമി ശരണം' വിളിച്ച് നാമജപവുമായി ഇറങ്ങിയ സ്ത്രീകളുടെ വിശ്വാസം സംരക്ഷിയ്ക്കാൻ പോകുന്നത്? 

വിശ്വസിക്കുന്ന ദൈവം ഒപ്പമുണ്ടാകും എന്ന വിശ്വാസികളായ സ്ത്രീകളുടെ കാഴ്ചപ്പാട് നല്ലതാണ്. ഈ മാസം 13 ന് സുപ്രീംകോടതി അന്തിമതീർപ്പ് പ്രഖ്യാപിക്കുമ്പോൾ ഇതേ കാഴ്ചപ്പാട് തുടർന്ന് സമാധാനപരമായി വിശ്വാസവും ആചാരവും തുടരാം. പക്ഷേ എന്തുചെയ്യാൻ? ഈ സമാധാനപരമായ നിലപാടല്ല ബിജെപിക്കുള്ളത്. അമിത് ഷായുടെ വാക്കുകൾ കേൾക്കുക:

''സർക്കാർ അടിച്ചമർത്തൽ അവസാനിപ്പിച്ചില്ലെങ്കിൽ ബിജെപി പ്രവർത്തകർ തക്കതായ മറുപടി നൽകും. ഈ സർക്കാർ അധികനാൾ മുന്നോട്ടുപോകില്ല. ഇത് മുഖ്യമന്ത്രിയ്ക്കുള്ള മുന്നറിയിപ്പാണ്.'' 

പി.കെ.കൃഷ്ണദാസ് പറ‍ഞ്ഞതോ: ''മണ്ഡലമകരവിളക്ക് കാലത്ത് ശബരിമലയിൽ ചോരപ്പുഴയൊഴുകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.'' എന്ന്. 

രാഹുൽ ഈശ്വറിന്‍റെ പ്ലാൻ ബി നടപ്പാക്കാൻ ബിജെപി തയ്യാറായില്ല എങ്കിൽ ചോരപ്പുഴയൊന്നും സന്നിധാനത്ത് ഒഴുകില്ല. മാത്രമല്ല, 13 ന് സുപ്രീംകോടതി അന്തിമതീരുമാനവും പറയും. 

സുപ്രീംകോടതിയ്ക്ക് മുന്നിൽ വരുന്ന പുനഃപരിശോധനാഹർജികളിൽ അത്ഭുതകരമായ മാറ്റങ്ങളൊന്നും ഉണ്ടാകാറില്ലാത്തതാണ് കീഴ്‍വഴക്കം എന്ന് നിയമവിദഗ്ധർ പറയുന്നു. ആ തീരുമാനം നീട്ടിക്കൊണ്ടുപോയി തൽസ്ഥിതി തുടരട്ടെ എന്ന നിലപാടെടുക്കലും സുപ്രീംകോടതിയിൽ അപൂർവമാണ്. അങ്ങനെയെങ്കിൽ വരുന്ന 13 ന് സുപ്രീംകോടതി ശബരിമല കേസിൽ അന്തിമതീർപ്പ് കൽപിയ്ക്കുമ്പോൾ ആ തീരുമാനം സംസ്ഥാനത്തെ ബിജെപി അംഗീകരിക്കുമോ? 

അഭിഭാഷകനായ, പ്രഗത്ഭ നിയമജ്ഞനായ അഡ്വ. പി.എസ്.ശ്രീധരൻപിള്ള ഉത്തരം പറയേണ്ട ചോദ്യമാണിത്. സുപ്രീംകോടതിയുടെ അന്തിമതീരുമാനം അംഗീകരിക്കില്ല എന്നാണ് സംസ്ഥാനത്തെ ബിജെപിയുടെ നിലപാടെങ്കിൽ എന്താണ് അതിനൊരു പരിഹാരമാർഗമായി അവർ നിർദേശിക്കുന്നത്? ഓർഡിനൻസ് കൊണ്ടുവന്ന് വിശ്വാസികളെ രക്ഷിയ്ക്കാൻ ശ്രീധരൻപിള്ള നരേന്ദ്രമോദിയോട് ആവശ്യപ്പെടുമോ?

ആ ഓർ‍ഡിനൻസ് കേന്ദ്രസർക്കാർ കൊണ്ടുവരട്ടെയെന്ന് ശ്രീധരൻപിള്ള ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല

പിണറായി വിജയന്‍റെ സർക്കാർ പുനഃപരിശോധനാഹർജി കൊടുക്കാത്തതിൽ പി.എസ്. ശ്രീധരൻപിള്ളയ്ക്കും ബിജെപിയ്ക്കും കടുത്ത അമർഷമുണ്ട്. പക്ഷേ, അമർഷം കാണിച്ചുകൊണ്ടിരിക്കുകയേ ഉള്ളൂ. സ്വന്തമായി പുനഃപരിശോധനാഹർജിയൊന്നും ബിജെപിയും ആർഎസ്എസ്സും കൊടുക്കില്ല. പിണറായി വിജയൻ നിയമം പാസ്സാക്കി സുപ്രീം കോടതിയെ മറികടക്കണം എന്നതിൽ പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് ഒരു സംശയവുമില്ല. അത് ചെയ്യില്ല എന്ന് പിണറായി പറഞ്ഞു കഴിഞ്ഞു. എന്നാൽ, ആ ഓർ‍ഡിനൻസ് കേന്ദ്രസർക്കാർ കൊണ്ടുവരട്ടെയെന്ന് ശ്രീധരൻപിള്ള ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. 

ഇതിൽ ആത്മാർഥതയുള്ള നീക്കം നടത്തിയത് എൻഎസ്എസ്സാണ്! പണ്ടും ഇപ്പോഴും എൻഎസ്എസ് യുവതീപ്രവേശനത്തിന് എതിരാണ്. പുനഃപരിശോധനാഹർജി കൊടുത്തിട്ടുണ്ട്. പ്രതിഷേധിച്ച് സമരവും നാമജപവും നടത്തുന്നുമുണ്ട്. നാട്ടിലെ നിയമമനുസരിച്ചുള്ള പരിഹാരമാർഗമാണ് എൻഎസ്എസ് തേടുന്നതെന്നർഥം. ഇനി വേറെ ചില ചെറിയ ഗ്രൂപ്പുകളുണ്ട്. അവർ ചെയ്യുന്നതെന്തെന്ന് അവർക്ക് കൃത്യമായറിയാം. കേന്ദ്രസർക്കാർ ഓർഡിനൻസ് കൊണ്ടുവരികയോ, സുപ്രീംകോടതി വിധി പുനഃപരിശോധിയ്ക്കുകയോ ചെയ്തില്ലെങ്കിൽ മണ്ഡലമകരവിളക്ക് കാലത്ത് അയ്യായിരം പ്രവർത്തകരുമായി സന്നിധാനത്തേയ്ക്ക് പോകുമെന്നാണ് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രതീഷ് വിശ്വനാഥൻ പറയുന്നത്.

ഇത്രയും പറഞ്ഞത് ചുരുക്കിയാൽ, എൻഎസ്എസ്സായാലും ഹിന്ദുപരിഷത്തായാലും അയ്യപ്പസേവാസംഘമായാലും അവർ പറയുന്ന കാര്യത്തിൽ വ്യക്തതയുണ്ട്. ബിജെപിയ്ക്ക് അതില്ല. മറ്റുള്ളവരുടെ ശക്തിയും സംഘടനാമികവും ഉപയോഗപ്പെടുത്തി, അവരുടെ നിയമവഴികൾ സ്വന്തമാക്കി, വാചകക്കസർത്ത് നടത്തുന്നതല്ലാതെ സ്വന്തം കേന്ദ്രസർക്കാരിനെക്കൊണ്ട് നിയമമുണ്ടാക്കിക്കാൻ പറ്റാത്തവരാണ് ബിജെപി സംസ്ഥാനഘടകം എന്നർഥം. ഇതുവരെ നടന്ന അക്രമത്തിൽ പങ്കില്ല, അറസ്റ്റിലായവരെ ഇറക്കാൻ മെനക്കെടില്ല എന്നൊക്കെ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബിജെപിക്കാരുടെ വാക്ക് കേട്ട് സമരത്തിനിറങ്ങുന്നവർ ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണ്. പാലം കയറുവോളം മാത്രമേ ശരണംവിളിയുണ്ടാകൂ!


സന്നിധാനത്ത് ഉണ്ടുറങ്ങി ഗുണ്ടായിസം കാണിക്കാൻ ഇനിയാർക്കും കഴിയരുത്

സർക്കാർ എന്നാൽ എല്ലാവരെയും പ്രായ,ലിംഗ,മത,രാഷ്ട്രീയഭേദമില്ലാതെ ഒന്നിച്ചുകൊണ്ടുപോകേണ്ട സംവിധാനമാണ്, നേതൃത്വമാണ്. പലതരം ആചാരങ്ങളും വിശ്വാസങ്ങളും ആളുകൾക്ക് ഉണ്ടാകുമെന്ന് സർക്കാർ അറിഞ്ഞിരിക്കണം. ഭരണഘടനാപരമായ ബാധ്യത സർക്കാർ നിറവേറ്റുമ്പോൾ അതെല്ലാവർക്കും ഇഷ്ടപ്പെട്ടുകൊള്ളണമെന്നില്ല. ആ ഇഷ്ടക്കേടുകൂടി കണക്കിലെടുത്തായിരിക്കണം സർക്കാർ പ്രവർത്തിയ്ക്കേണ്ടത്. എന്നുവച്ചാൽ എല്ലാത്തരം ആളുകളെയും വിശ്വാസത്തിലെടുത്ത്, വസ്തുതകൾ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് സർക്കാരിൽ നിന്ന് ഒരു നേതൃത്വമെന്ന നിലയിൽ ഉണ്ടാകേണ്ടത്. അതിന് പകരം ആളുകളുടെ മുറിവിൽ ഉപ്പുതേയ്ക്കുന്ന പരിപാടി, സർക്കാരും സംവിധാനങ്ങളും നടത്തരുത്. അടിവസ്ത്രം പോലുമിടാതെയാണ് പൂജാരിമാർ വരുന്നതെന്ന് ജി.സുധാകരൻ പറഞ്ഞിരുന്നല്ലോ! ഒരുപാടാളുകളുടെ വിശ്വാസം മുറിപ്പെട്ടിരിയ്ക്കുമ്പോൾ, അത് മുതലെടുക്കാൻ തത്പരകക്ഷികൾ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ സർക്കാരിലെ ഉത്തരവാദിത്തമുള്ള ഒരു മന്ത്രി പറയേണ്ട വാചകമല്ല ഇത്. ഇതുപോലുള്ള വിടുവായത്തം നിയന്ത്രിക്കാൻ സർക്കാരിനും മുഖ്യമന്ത്രിക്കും കഴിയേണ്ടതാണ്. പക്ഷേ വേലി തന്നെ വിളവ് തിന്നാലോ? 

'നൈഷ്ഠികബ്രഹ്മചാരിയായ ദേവന്‍റെ പൂജാരിയും ബ്രഹ്മചാരിയാവണ്ടേ എന്നും, ഇപ്പോഴത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമുക്കറിയാല്ലോ' എന്നാണ് മുഖ്യമന്ത്രി തന്നെ പറയുന്നത്. കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങളെയും വിപ്ലവകരമായ മാറ്റങ്ങളെയും പറ്റി മുഖ്യമന്ത്രി വ്യക്തതയോടെ ജനങ്ങളോട് വിശദീകരിക്കേണ്ടതാണ്. തെറ്റിദ്ധാരണകൾ മാറ്റാനും യാഥാർഥ്യം ബോധ്യപ്പെടുത്താനും അത് അത്യാവശ്യവുമാണ്. പക്ഷേ, അതിനിടെ ഇത്തരം പരാമർശങ്ങൾ കടന്നുവരുന്നത് നിർഭാഗ്യകരമാണ്. സർക്കാരിന്‍റെ നിലപാട്, കോടതിയിൽ നൽകിയ സത്യവാങ്മൂലം, ദേവസ്വം ബോർഡിന്‍റെ നിലപാട്, തന്ത്രിമാർ നൽകിയ സത്യവാങ്മൂലം, കോടതിയിൽ വന്ന രേഖകൾ, തെളിവുകൾ - ഇതെല്ലാം വ്യക്തതയോടെ വിശദീകരിക്കണം. 

യുവതികൾ മാസപൂജാ സമയത്ത് വരാറുണ്ട് എന്ന് തന്ത്രി 1991 - ൽ കൊടുത്ത രേഖകൾ ജനം കാണട്ടെ, അറിയട്ടെ. ഇത്തരം രേഖകൾ കാണിച്ച് ആളുകളുടെ തെറ്റിദ്ധാരണകൾ മാറ്റിയെടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. കുമ്മനമടക്കം നേരത്തേ എടുത്ത നിലപാടുകൾ പറയാനും മറക്കരുത്. അപഹസിച്ചും ആക്ഷേപിച്ചും ചോര വീഴ്ത്തിയും ആരും കാര്യം നടത്തരുത്. അയ്യപ്പദർശനത്തിന് എത്തുന്നവർക്ക്, അഭിമാനം വ്രണപ്പെടാതെ സമാധാനപൂർവം പ്രാർഥിയ്ക്കാൻ കഴിയണം. സന്നിധാനത്ത് ആളെ ഇറക്കി, ഉണ്ടുറങ്ങി ഗുണ്ടായിസം കാണിയ്ക്കാൻ ആർക്കും കഴിയരുത്. കേരളം ഇനിയൊരിക്കൽ കൂടി ലോകത്തിന് മുന്നിൽ നാണം കെടരുത്. 

ആ തീരുമാനം അംഗീകരിയ്ക്കുമെന്ന് എല്ലാ കക്ഷികളും പറയണം

സ്വാമി അയ്യപ്പൻ നവംബർ 13-ന് സുപ്രീംകോടതി വഴി അതിനൊരു വഴിയുണ്ടാക്കുമെന്ന് വിശ്വാസികൾ പ്രതീക്ഷിക്കണം. ആ തീരുമാനം അംഗീകരിയ്ക്കുമെന്ന് എല്ലാ കക്ഷികളും പറയണം. അഥവാ ഇനി ആ തീരുമാനം അംഗീകരിയ്ക്കാൻ കഴിയില്ല എങ്കിൽ, ഇനിയുള്ള പ്രക്ഷോഭം കേന്ദ്രസർക്കാരിനെതിരെ തിരിച്ചുവയ്ക്കണം. ആ പ്രക്ഷോഭത്തിന് ഫലം ഉണ്ടാകണം എന്നുണ്ടെങ്കിൽ മാത്രം!

സുപ്രീംകോടതിയുടെ അന്തിമതീർപ്പ് വരുമ്പോഴെങ്കിലും ഈ നാട്ടിൽ നിയമവാഴ്ചയും ശബരിമലയിൽ സമാധാനവുമുണ്ടാകണം. അതു മറികടക്കാനാണെങ്കിൽ കേന്ദ്രസർക്കാർ തീരുമാനിക്കണം. അതല്ല സുപ്രീംകോടതിയുടെ ശാസനകൾ അംഗീകരിക്കില്ല, നിയമവാഴ്ച നടപ്പാക്കില്ല എന്ന് നിർ‍ബന്ധമുള്ളവർ, നിയമം മറികടന്നു കൊണ്ട് അക്രമത്തിനൊരുങ്ങുകയാണെങ്കിൽ ഇനിയും പല അവസരങ്ങളിലും, പല തത്പരകക്ഷികളും ഇതേ പാത പിന്തുടർന്നു എന്നുവരാം. അത് നമുക്ക് ഒരിക്കലും സമാധാനം നൽകുന്നതാകില്ല. 

Follow Us:
Download App:
  • android
  • ios