Asianet News MalayalamAsianet News Malayalam

ചതിക്കാനും ചതിക്കപ്പെടാനുമായി വിശ്വാസികളുടെ ജീവിതം ബാക്കിയാവുമ്പോള്‍

പ്രശ്നമുണ്ട്, പക്ഷേ അത് വിശ്വാസ കാര്യത്തിൽ അല്ല, സ്വത്തിലാണ്. വിശുദ്ധ പത്രോസ് സ്ഥാപിച്ച അന്ത്യോക്യാ സഭയുടെ പിന്തുടർച്ച പറ്റുന്നവരാണ് തങ്ങളെന്ന് യാക്കോബായ സഭക്കാർ വിശ്വസിക്കുന്നുണ്ട്. പത്രോസിന്‍റെ സുവിശേഷം നാലാം അധ്യായത്തിൽ എട്ടാം വാക്യം ഇങ്ങനെ പറയുന്നു. “സകലതിനും മുൻപേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.” 

cover story on church issue sindhu soorya kumar
Author
Thiruvananthapuram, First Published Dec 25, 2018, 4:41 PM IST

യഥാർത്ഥത്തിൽ യാക്കോബായക്കാരും ഓർത്തഡോക്സുകാരും തമ്മിൽ ആരാധനാക്രമത്തിൽ വലിയ വ്യത്യാസമൊന്നും ഇല്ല. അന്ത്യോക്യാ പാത്രിയാർക്കീസിന്‍റെ പരമാധികാരം രണ്ടുകൂട്ടരും അംഗീകരിക്കുന്നുമുണ്ട്. ഇവരുടെ തർക്കവും വഴക്കും കണ്ടാൽ നമുക്കുതോന്നും എന്തോ വലിയ ഭിന്നത എന്ന് നമുക്ക് തോന്നും. അന്ത്യോക്യായിൽ നിന്ന് എടുക്കുന്ന തീരുമാനങ്ങളും അവിടുന്ന് വാഴ്ത്തിയയക്കുന്ന തിരുമേനിമാരേയും അംഗീകരിക്കുക എന്നതാണ് യാക്കോബായ പക്ഷത്തിന്‍റെ നയം. തീരുമാനങ്ങളെല്ലാം ഇവിടെത്തന്നെ, തിരുമേനിമാരെ തീരുമാനിക്കുന്നതും ഇവിടെത്തന്നെ എന്നാണ് ഓർത്തഡോക്സ് പക്ഷത്തിന്‍റെ നയം. ഇതുമാത്രം ആണ് ഇവർ തമ്മിലുള്ള ഭിന്നത.

cover story on church issue sindhu soorya kumar

രേഖകളും തെളിവുകളും അടിസ്ഥാനമാക്കി കോടതികൾ തീരുമാനമെടുക്കുമ്പോൾ അത് പലപ്പോഴും സാമാന്യയുക്തിക്കും സാമാന്യനീതിക്കും അനുസൃതമാകണം എന്നില്ല. ശബരിമലയിലും സഭാ തർക്കത്തിലും നാം കാണുന്നത് ഇതാണ്. അതായത്, കോടതിവിധികളെ ആൾക്കൂട്ടനീതി തോൽപ്പിച്ചുകൊണ്ടേയിരിക്കുന്നു. നാമജപ പ്രതിഷേധം കഴിഞ്ഞപ്പോൾ ദിവ്യബലി പ്രതിഷേധമായി. ഒരു കാരണത്തിനും  ഒരു പ്രതിഷേധത്തിനും വേണ്ടി തെരുവിലിറങ്ങാത്ത സാധാരണക്കാരായ സ്ത്രീകൾ വിശ്വാസം സംരക്ഷിക്കാനായി ഏതറ്റം വരേയും പോയി പ്രതിഷേധിക്കാം എന്ന് തീരുമാനമെടുക്കുന്ന അതേ കാഴ്ച. വിശ്വാസികൾക്ക് മുറിവേൽക്കാനായി ജീവിതം ബാക്കിയാവുകയാണ്. കാരണം ചതിക്കാനും ചതിക്കപ്പെടാനുമായി അവരുടെ ജീവിതം മാത്രമാണ് നമുക്ക് മുന്നിലുള്ളത്.

പള്ളി, അല്ലെങ്കിൽ ദേവാലയം എന്ന കെട്ടിടത്തിനുവേണ്ടി ആത്മഹത്യാശ്രമം നടത്തുന്നതിലെ യുക്തിരാഹിത്യത്തെപ്പറ്റി കവർ സ്റ്റോറി കഴിഞ്ഞ ലക്കത്തിൽ സംസാരിച്ചിരുന്നു. ആ പരാമർശങ്ങളിൽ രോക്ഷാകുലരായ ഒരുകൂട്ടം യാക്കോബായ സഭക്കാർ തുറന്ന കത്തുകളും സന്ദേശങ്ങളും അയക്കുകയും ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ കവർ സ്റ്റോറിയുടെ നയം കൃത്യമായി പറയാം. ബാവാ കക്ഷിക്കാരും മെത്രാൻ കക്ഷിക്കാരും റോമൻമാരും നായൻമാരും ഈഴവരും പുലയരും ആദിവാസികളും ബ്രാഹ്മണരും മുസ്ലീങ്ങളും എന്നുവേണ്ട സകലമാന മുള്ളു മുരിക്ക് മൂർഖൻ പാമ്പുകളും ഇടതിങ്ങി വസിക്കുന്ന നാടാണ് ഇന്ത്യാ മഹാരാജ്യം. ഈ മഹാരാജ്യത്തെ സകലമാന പൗരജനങ്ങൾക്കും ഒരുപോലെ ബാധകമായ നിയമസംഹിതയാണ് ഇന്ത്യൻ ഭരണഘടനയും അതിൽ അധിഷ്ടിതമായ നീതിന്യായ നിയമവ്യവസ്ഥയും. ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയനും ബസേലിയോസ് തോമസ് പ്രഥമനും ആലഞ്ചേരി, ക്ലിമ്മീസ് പിതാക്കൻമാരും ജി.സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനനും പാണക്കാട് തങ്ങളും പുന്നല ശ്രീകുമാറുമൊക്കെ ഈ ഭരണഘടനക്കനുസരിച്ച് ജീവിച്ചേ പറ്റൂ. അതുതന്നെ സകലമാന മതങ്ങളിൽപ്പെട്ടവർക്കും ബാധകമാണ്.

അന്ത്യോക്യാ നിയമം, കാനോൻ നിയമം, ഉപനിഷത് വ്യാഖ്യാനം, മനുസ്മൃതി, ബൈബിൾ, ഖുറാൻ ഇതൊന്നും ഇന്ത്യാ മഹാരാജ്യം എന്ന സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്‍റെ നിയമം അല്ല. അതതിൽ വിശ്വസിക്കുന്നവരുടെ വ്യക്തിപരമായ കാര്യവും വിശ്വാസവും മാത്രമാണത്. സ്വതന്ത്ര പരമാധികാര മതേതര ജനാധിപത്യ റിപ്പബ്ലിക്ക് എന്ന ഇന്ത്യയുടെ സവിശേഷതയാണ് അത്. അതുകൊണ്ടാണ് ശബരിമലയിലും സഭാ തർക്കത്തിലും മുത്തലാക്കിലും സുപ്രീം കോടതി വിധി നാട്ടിലെ നിയമം ആയി മാറുന്നതും നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യത ഉണ്ടാകുന്നതും. ഇതാണ് ഏതൊരു തർക്കത്തിന്‍റേയും അവസാന പരിഹാര മാർഗ്ഗം. അതുകൊണ്ട് ഒന്നുകിൽ തർക്കങ്ങൾ പരസ്പരം സംസാരിച്ചു തീർക്കുക, അല്ലെങ്കിൽ നാട്ടിലെ നിയമങ്ങൾ അനുസരിക്കുക. രണ്ടല്ലാതെ വഴികളില്ലെന്ന് എല്ലാ മതങ്ങളിലേയും എല്ലാ വിശ്വാസികളും അറിഞ്ഞിരിക്കണം.

പ്രശ്നമുണ്ട്, പക്ഷേ അത് വിശ്വാസ കാര്യത്തിൽ അല്ല, സ്വത്തിലാണ്

യഥാർത്ഥത്തിൽ യാക്കോബായക്കാരും ഓർത്തഡോക്സുകാരും തമ്മിൽ ആരാധനാക്രമത്തിൽ വലിയ വ്യത്യാസമൊന്നും ഇല്ല. അന്ത്യോക്യാ പാത്രിയാർക്കീസിന്‍റെ പരമാധികാരം രണ്ടുകൂട്ടരും അംഗീകരിക്കുന്നുമുണ്ട്. ഇവരുടെ തർക്കവും വഴക്കും കണ്ടാൽ നമുക്കുതോന്നും എന്തോ വലിയ ഭിന്നത എന്ന് നമുക്ക് തോന്നും. അന്ത്യോക്യായിൽ നിന്ന് എടുക്കുന്ന തീരുമാനങ്ങളും അവിടുന്ന് വാഴ്ത്തിയയക്കുന്ന തിരുമേനിമാരേയും അംഗീകരിക്കുക എന്നതാണ് യാക്കോബായ പക്ഷത്തിന്‍റെ നയം. തീരുമാനങ്ങളെല്ലാം ഇവിടെത്തന്നെ, തിരുമേനിമാരെ തീരുമാനിക്കുന്നതും ഇവിടെത്തന്നെ എന്നാണ് ഓർത്തഡോക്സ് പക്ഷത്തിന്‍റെ നയം. ഇതുമാത്രം ആണ് ഇവർ തമ്മിലുള്ള ഭിന്നത.

പ്രശ്നമുണ്ട്, പക്ഷേ അത് വിശ്വാസ കാര്യത്തിൽ അല്ല, സ്വത്തിലാണ്. വിശുദ്ധ പത്രോസ് സ്ഥാപിച്ച അന്ത്യോക്യാ സഭയുടെ പിന്തുടർച്ച പറ്റുന്നവരാണ് തങ്ങളെന്ന് യാക്കോബായ സഭക്കാർ വിശ്വസിക്കുന്നുണ്ട്. പത്രോസിന്‍റെ സുവിശേഷം നാലാം അധ്യായത്തിൽ എട്ടാം വാക്യം ഇങ്ങനെ പറയുന്നു. “സകലതിനും മുൻപേ തമ്മിൽ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ. സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.”  അന്ത്യോക്യാ അധികാരത്തെ അംഗീകരിക്കുന്ന ഓർത്തഡോക്സുകാ‍ർക്കും ഇതേ വചനം ബാധകമാണ്. പക്ഷേ, ബൈബിളും വചനവും സുവിശേഷവും ഭക്തിയുമല്ല, ഇപ്പോൾ നാം കേൾക്കുന്നത് പരസ്പര ആരോപണങ്ങളും വെല്ലുവിളികളും സ്വത്ത് തർക്കവും മത്സരവും പരിഹാസവും മാത്രമാണ്.

ഈ മാസം ഇരുപതിന് യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ പറഞ്ഞത് ഇങ്ങനെ: “ഇവിടെ പ്രശ്നങ്ങളൊന്നുമില്ല, ആവശ്യമില്ലാത്ത കയ്യേറ്റക്കാര് വരുന്നതുകൊണ്ടുള്ള പ്രശ്നങ്ങളല്ലാതെ ഇവിടെ യാതൊരു പ്രശ്നവുമില്ല. ഈ ആളുകളെല്ലാം, അനർഹരായ ആളുകൾ ഇവിടെ പ്രവേശിക്കാൻ ശ്രമിക്കുന്നു എന്നറിഞ്ഞിട്ട് വന്നുകൂടിയതാണ്. ഞങ്ങളുടെ വകകൾ ഒരു കാരണവശാലും ആർക്കും വിട്ടുകൊടുക്കുകയില്ല.”

തൊട്ടടുത്ത ദിവസം ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ പറഞ്ഞത് ഇങ്ങനെ: “കോതമംഗലത്ത് നടക്കുന്നത്, എന്‍റെ അറിവ് ശരിയാണെങ്കിൽ വിദ്യാർത്ഥികളെയടക്കം ദേവാലയത്തിനകത്ത് നിർത്തിയിരിക്കുകയാണ്. സ്കൂളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥി, വിദ്യാർത്ഥിനികളെ പള്ളിയിലേക്ക് ആകർഷിച്ചു കൊണ്ടുവന്ന് ഈ വിധിന്യായത്തെ എതിർക്കുവാൻ തക്കവണ്ണം പരിശ്രമിക്കുമ്പോൾ, സർക്കാരിന്‍റെ നിർദ്ദേശവും അതിന് ഒരുപക്ഷേ ഉണ്ടാകാൻ ഇടയുണ്ട്.”

ഓർത്തഡോക്സ് സഭയുടെ റമ്പാൻ തോമസ് പോളിന്‍റെ വാക്കുകൾ: “നിരോധനം ഉള്ളയാളുകളുടെ നേതൃത്വത്തിലാണ് അവിടെ ഇപ്പോൾ ഈ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്നത്. മെത്രാച്ചൻമാർക്കും അച്ചന്‍മാർക്കുമൊക്കെ കയറാൻ പാടില്ല എന്നുപറഞ്ഞ ശ്രേഷ്ഠ ബാവാ തിരുമേനി ഉൾപ്പെടെയുള്ള ആളുകൾ അവിടെയിരുന്ന് അവരാണ് ഇത് ചെയ്യിച്ചുകൊണ്ടിരിക്കുന്നത്. പൊലീസിന് ചെയ്യാമായിരുന്നത്, അവരെ അവിടെ നിന്ന് മാറ്റിയതിന് ശേഷം കോടതിവിധി നടപ്പാക്കാമായിരുന്നു. ഇവിടെ പൊലീസിനത് ചെയ്യാൻ കഴിവില്ലാത്തതു കൊണ്ടല്ല.”

ബസേലിയോസ് തോമസ് പ്രഥമന്‍റെ മറുപടി: “റമ്പാച്ചൻ എന്നുപറയുന്ന ആൾ കലഹത്തിൽ നിന്ന് ഉണ്ടായ ആളാണ്. അദ്ദേഹം കലഹത്തിന്‍റെ പേരിലല്ലാതെ അറിയപ്പെട്ടിട്ടില്ല. അനേകർ ജനിച്ചുവള‍ർന്ന ഈ നാട്ടിൽ, നാടിനും വീടിനും നാട്ടുകാർക്കും വീട്ടുകാ‍ർക്കുമൊക്കെ പ്രയോജനപ്പെട്ടിട്ടുള്ളവർ ഉണ്ട്. പക്ഷേ ഇതുപോലെ ഒരു മനുഷ്യനെ ഞാൻ കേട്ടിട്ടില്ല.”

1934 -ലെ ഭരണഘടനയാണ് നിലനിൽക്കുന്നത് എന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. എന്നുവച്ചാൽ യാക്കോബായ സഭ എന്ന മലങ്കര സുറിയാനി സഭയുടെ സ്വന്തമായ ഭരണഘടന നിയമപരമായി അംഗീകരിക്കപ്പെടുന്നില്ല. ഒരു കുടുംബത്തിൽ സ്വത്തുതർക്കം ഉണ്ടായി രണ്ടു മക്കൾ കോടതിയെ സമീപിക്കുന്നു. മൂത്തയാൾക്ക് അനുകൂലമായി വിധി വരുന്നു, ഇളയ ആൾ വിധി അംഗീകരിക്കുന്നില്ല. വിധി അംഗീകരിച്ച് കാര്യം നടത്തണം എന്ന് മൂത്തയാളും വിധി അംഗീകരിക്കില്ല എന്ന് ഇളയ ആളും പറയുമ്പോൾ വീട്ടുകാരണവർ എന്തുചെയ്യണം? രണ്ടു സഭക്കാരെയും ചേർത്തുനിർത്താൻ ആഗ്രഹിക്കുന്ന പിണറായി വിജയന്‍റെ സ്ഥിതിയാണിത്. ഉത്തരത്തിൽ ഇരിക്കുന്നത് എടുക്കുകയും വേണം, കക്ഷത്തിലുള്ളത് പോവുകയും ചെയ്യരുത്. കഷ്ടപ്പാടാണ് പിണറായി വിജയന്.

1943 -ന് ശേഷം കൊല്ലം ഒരുപാടായി. തലമുറകൾ മാറി, സ്വഭാവം മാറി, വിശ്വാസത്തിന്‍റെ രീതി മാറി, ചിന്താഗതി മാറി. അപ്പോളാണ് കോടതി 1934 -ൽ വസ്തുതകൾ ഉറപ്പിക്കുന്നത്. വരുമാനമുള്ള പള്ളികളിൽ അവകാശം ഉന്നയിക്കുന്നത് സ്വത്തടിച്ചുകൊണ്ട് പോകാനുള്ള ഓർത്തഡോക്സ് പക്ഷക്കാരുടെ ശ്രമമാണെന്ന് യാക്കോബായക്കാർ ആരോപിക്കുന്നു. യഥാർത്ഥത്തിൽ ഈ സുപ്രീം കോടതി ഉത്തരവുകൊണ്ട് നഷ്ടം വന്നിട്ടുള്ളത് യാക്കോബായ സഭയിലെ പുരോഹിത വ‍‍ർഗ്ഗത്തിന് മാത്രമാണ്. പള്ളിയുടെ ഭരണം ഇടവക സമിതിക്കാണ്. ഇടവക സമിതി എന്നുവച്ചാൽ വിശ്വാസികളുടെ സമിതി. ഒരു പള്ളിക്കുചുറ്റും കൂടുതലുള്ളത് യാക്കോബായക്കാരാണെങ്കിൽ ഇടവക സമിതിയിൽ ഭൂരിപക്ഷം അവരായിരിക്കും. പക്ഷേ, ആ സമിതിയുടെ അധ്യക്ഷനായിരിക്കുക പള്ളി വികാരിയാണ്. പള്ളി വികാരിയെ തീരുമാനിക്കുന്നത് ഓ‍‍ർത്ത‍ഡോക്സ് സഭയാണ്. എന്നാലും സ്വത്തുകൾ പള്ളിയിൽ നിന്ന് അന്യാധീനപ്പെട്ട് പോകാതെ നോക്കാൻ പള്ളിയിൽ നിന്ന് ഇടവക വിശ്വാസികൾക്ക് കഴിയും എന്ന് ചുരുക്കം. അതുകൊണ്ടാണ് പറയുന്നത് യാക്കോബായ കക്ഷിയിലെ പുരോഹിത വർഗ്ഗത്തിന് മാത്രമാണ് ഈ വിധിയിലൂടെ വലിയ നഷ്ടം ഉണ്ടായിരിക്കുന്നത്.

ബാവാ കക്ഷിക്കും മെത്രാൻ കക്ഷിക്കും കേരളത്തിൽ ഒരുപാട് പള്ളികളുണ്ട്. പക്ഷേ നമ്മൾ കുറച്ചെണ്ണത്തിന്‍റെ പേര് മാത്രമാണ് കേൾക്കുന്നത്. അതെന്താ എല്ലായിടത്തും ഈ ബലപരീക്ഷണം ഇല്ലാത്തത്? അതാണ് സ്വത്ത് എന്ന മാജിക്കിന്‍റെ വില. ഉദാഹരണം കോതമംഗലം ചെറിയ പള്ളിക്ക് കോതമംഗലത്തെ എംഎ കോളേജ്, ബേസിൽസ് സ്കൂൾ, ബസേലിയോസ് ആശുപത്രി, നഴ്സിംഗ് കോളേജ്, ദന്തൽ കോളേജ് എന്നിങ്ങനെ ഒരുപാട് സ്ഥാപനങ്ങളുടെ ഉടമാവകാശം ഉണ്ട്. ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്ന, കോടികളുടെ വരുമാനമുള്ള സ്ഥാപനങ്ങളാണ് ഇവ. പിറവം പള്ളിയും സ്വത്തുകാര്യത്തിൽ മുന്നിലാണ്. മലബാറിൽ തർക്കങ്ങൾ അവിടെ ഇല്ലാത്തത് ഇതുപോലെ സ്വത്തുള്ള ദേവാലയങ്ങൾ അവിടെ ഇല്ലാത്തതുകൊണ്ട് കൂടിയാണ്. അതുകൊണ്ടാണ് ഇത് സ്വത്തടിച്ചു മാറ്റാനുള്ള ഓർത്തഡോക്സുകാരുടെ ശ്രമമാണെന്ന് യാക്കോബായക്കാർ ആരോപിക്കുന്നത്.

ആ കിണറിനോട് ചേർന്ന് ഒരു മൂന്ന് സെന്‍റ് സ്ഥലം അദ്ദേഹത്തിനുണ്ട്

കോതമംഗലം ചെറിയപള്ളിയോട് ചേർന്നുള്ളവരിൽ തൊണ്ണൂറ്റൊൻപത് ശതമാനവും യാക്കോബായ സഭക്കാരാണ്. ആ പള്ളി ഓർത്ത‍ഡോക്സ് സഭ ഭരിക്കും എന്നുപറഞ്ഞാൽ യുക്തിപരമായി അംഗീകരിക്കില്ലെന്ന് അതുകൊണ്ടാണ് യാക്കോബായക്കാർ പറയുന്നത്. അതായത് കോടതിവിധി പറയുന്നത് വിശ്വാസികളെ പള്ളിയിൽ നിന്ന് ഇറക്കിവിടണം എന്നല്ല. ആ സഭയുടെ വികാരിയെ ഓർത്തഡോക്സ് സഭ തീരുമാനിക്കും എന്നാണ്. അതായത് പള്ളിയുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് ആയിരിക്കും. സുപ്രീം കോടതി വിധി നടപ്പാക്കുകയാണെങ്കിൽ 99 ശതമാനം വിശ്വാസികളും യാക്കോബായക്കാരായ പിറവത്തും കോതമംഗലത്തും പള്ളികളിൽ ഓർത്ത‍ഡോക്സ് വൈദികൻ ആരാധന നടത്താൻ എത്തുമെന്ന് ചുരുക്കം.

അങ്ങനെ ആരാധന നടത്താനാണ് തോമസ് പോൾ റമ്പാൻ കോതമംഗലം ചെറിയ പള്ളിയിൽ എത്തിയത്. ഈ പുരോഹിതനെതിരെ കടുത്ത ആരോപണങ്ങൾ യാക്കോബായ പക്ഷം ഉയർത്തുന്നുണ്ട്. നേരത്തേ യാക്കോബായ സഭയിൽ ശെമ്മാശനായിരുന്ന തോമസ് പോൾ റമ്പാൻ ഓർത്ത‍ഡോക്സ് പക്ഷത്തേക്ക് മാറിയത് യാക്കോബായ പക്ഷത്തിന് ക്ഷമിക്കാറായിട്ടില്ല. അതുകൊണ്ടുതന്നെ ആരോപണങ്ങൾ വ്യക്തി അധിക്ഷേപത്തിലേക്കും മാറുന്നു.

കോതമംഗലം പള്ളി ട്രസ്റ്റി സി.ഐ. ബേബി പറയുന്നു: “അദ്ദേഹത്തിന്‍റെ അടിസ്ഥാന പ്രശ്നം ഇതൊന്നുമല്ല. ഒരു കാലഘട്ടത്തിൽ ഈ പള്ളിയുടെ അധീനതയിലുള്ള ഒരു കിണർ താഴെയുണ്ടായിരുന്നു. ആ കിണറിനോട് ചേർന്ന് ഒരു മൂന്ന് സെന്‍റ് സ്ഥലം അദ്ദേഹത്തിനുണ്ട്. അദ്ദേഹം ഞങ്ങളുടെ പള്ളിക്ക് അവകാശപ്പെട്ട കിണർ തന്‍റേതാണെന്ന് പറഞ്ഞുകൊണ്ട് മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തു. ആ കേസിൽ തോൽവി പറ്റി. ആ തോൽവിക്ക് ശേഷം മാത്രമാണ് ഈ തോമസ് പോളെന്ന വ്യക്തി ഓർത്തഡോക്സ് സഭയിൽ പോയിക്കൂടിയത്.”

സുപ്രീം കോടതി നാട്ടുവർത്തമാനങ്ങൾ പരിഗണിച്ചല്ല തീരുമാനം എടുക്കുന്നത്

കോതമംഗലം ചെറിയ പള്ളിക്ക് പുറത്ത് കാറിൽ കാത്തിരുന്ന റമ്പാൻ പള്ളിയിൽ പ്രവേശിക്കാനാകാതെ ആണ് മടങ്ങിയത്. ഡിസംബർ 21 -ന് അദ്ദേഹം പറഞ്ഞതിങ്ങനെ: “കളക്ടർ ഓർഡറിട്ടാൽ എനിക്കുപിന്നെ വേറെ വഴിയില്ല. അത് അനുസരിക്കാതിരിക്കാൻ നിർവാഹമില്ലാത്തത് കൊണ്ടുമാത്രം ഞാൻ ഇവിടെനിന്ന് പോവുകയാണ്.” സി.ഐ.ബേബി തുടരുന്നു: “എനിക്ക് നല്ല ബോധ്യമുണ്ട്, ഇവിടുത്തെ പെണ്ണുങ്ങള് അവര് മരിച്ചാൽ പോലും തോമസ് പോൾ എന്ന വ്യക്തിയെ പള്ളിയിൽ കയറാൻ സമ്മതിക്കില്ല. അവർക്കറിയാം ഇത് ഞങ്ങളുടെ പള്ളിയാണ്, ഞങ്ങളുടെ വിശ്വാസമാണ് ഞങ്ങളാണ് ഈ പള്ളിയെ കാക്കേണ്ടത് എന്നവർക്ക് അറിയാം. അതുകൊണ്ട് അവരുടെ ശവങ്ങളിൽ ചവിട്ടിയല്ലാതെ തോമസ് പോൾ അകത്ത് പ്രവേശിക്കില്ല, പൊലീസല്ല, പട്ടാളമല്ല, ആര് വന്നാൽപ്പോലും..” ഇതൊക്കെയാണ് താഴേ തലത്തിൽ നടക്കുന്ന ചർച്ചകൾ. സുപ്രീം കോടതി നാട്ടുവർത്തമാനങ്ങൾ പരിഗണിച്ചല്ല തീരുമാനം എടുക്കുന്നത്. അവിടെ പ്രധാനം തെളിവുകളും രേഖകളും വസ്തുതകളുമാണ്. കോടതിക്ക് മുന്നിലുള്ളത് സിവിൽ കേസാണ്, വസ്തുതർക്കം. അതൊരു വിശ്വാസ തർക്കമല്ല.

ചർച്ചകളും സമവായങ്ങളും വഴി പ്രശ്നം പരിഹരിക്കണം എന്ന് കോടതി തന്നെ നിർദ്ദേശിച്ചതാണ്. അത് നടപ്പാകാതെ വന്നപ്പോഴാണ് രണ്ടുകൂട്ടരും കോടതിയെത്തന്നെ വീണ്ടും സമീപിച്ചത്. ഇപ്പോൾ യാക്കോബായ പക്ഷം തോൽക്കുകയും ഓർത്തഡോക്സ് പക്ഷം ജയിക്കുകയും ചെയ്തിരിക്കുന്നു. ഈ തോൽവി യാക്കോബായ പക്ഷം ആദ്യം അംഗീകരിക്കണം. ക്ഷമയും മഹാമനസ്കതയുമാണ് ക്രൈസ്തവതയുടെ ഭാവമെന്ന് ഓർത്ത‍ഡോക്സ് പക്ഷവും തിരിച്ചറിയണം. അതിനുശേഷം രണ്ടുകൂട്ടരും ബൈബിള്‍ എടുത്തുവച്ച് മത്തായിയുടെ സുവിശേഷം ഒൻപതാം അധ്യായം പതിനാലും പതിനഞ്ചും വാക്യങ്ങൾ വായിക്കണം. “നിങ്ങളോ മനുഷ്യരെ അവരുടെ പിഴ അംഗീകരിച്ച് ക്ഷമിക്കുകയാണെങ്കിൽ നിങ്ങളോടും ദൈവം നിങ്ങളുടെ പിഴകളെ ക്ഷമിക്കും. നിങ്ങളോ മനുഷ്യരുടെ പിഴകളോട് ക്ഷമിച്ചില്ല എങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കുകയില്ല.” എല്ലാവരും അത് ഓർത്തിരിക്കുന്നത് നല്ലതാണ്.

തെരഞ്ഞെടുപ്പുകാലത്ത് സകലമാന രാഷ്ട്രീയക്കാർക്കും ഇരു സഭകളിൽ നിന്നും പരമാവധി വോട്ടുവേണം. അതുകൊണ്ട് ഇരുകൂട്ടരേയും കൂടെ നിർത്താൻ ശ്രമിക്കും. രണ്ടായിരത്തി പതിനാലിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഓർത്ത‍‍ഡോക്സ് സഭയെ പ്രീണിപ്പിക്കാനായിരുന്നു സഭാ സെക്രട്ടറിയുടെ ഭാര്യ കൂടിയായ വീണ ജോർജിനെ സിപിഎം ആറന്മുളയിൽ മത്സരിപ്പിച്ചത്. വീണ വിജയിച്ചപ്പോൾ ഓർത്തഡോക്സ് പുരോഹിതർ തുറന്ന ജീപ്പിൽ ആഹ്ലാദപ്രകടനം നടത്തിയ ചിത്രം പുറത്തുവന്നിരുന്നു. പിന്നീട് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് കാലത്ത് ബാവയെ കാണാൻ കാത്തിരിക്കുന്ന ഇടതുനേതാക്കളേയും നാം കണ്ടു. വീണ ജോർജും സജി ചെറിയാനും സഭാ തർക്കത്തെപ്പറ്റി ഇപ്പോൾ മിണ്ടില്ല. എൽദോസ് കുന്നപ്പള്ളി എംഎൽഎ യാക്കോബായ സഭക്കാരനാണ്. പള്ളിയിലെത്തി അഭിവാദ്യം അർപ്പിച്ചു. അനൂപ് ജേക്കബ് പിറവം പള്ളിയിലെത്തി. അതായത് ഇടത് ജനപ്രതിനിധികൾ സഭയ്ക്കുവേണ്ടി സഭയുടെ പേരിൽ വോട്ടുതേടി ജയിച്ചെങ്കിലും ഇപ്പോൾ സഭയ്ക്കുവേണ്ടി പ്രവർത്തിക്കുന്നു എന്ന നയം പറയുന്നില്ല.

രാഷ്ട്രീയ നേതാക്കൾ മതത്തെ ഉപയോഗിച്ച് വോട്ടുപിടിക്കുന്നതിന്‍റെ ഉദാഹരണം

മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷം പിണറായി വിജയൻ ആദ്യം സന്ദർശിച്ചവരിൽ ഒരാളായ ഓർത്ത‍ഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിദീയൻ 2016 ജൂൺ 13 -ന് പറഞ്ഞത് ഓർക്കണം: “ഞങ്ങളെ കരുതുന്ന ഒരു സർക്കാർ ഇവിടെ ഉണ്ട് എന്നുള്ള ഒരു വികാരമാണ്. ഞങ്ങൾ ഇപ്പോൾ രാഷ്ട്രീയമായി സനാഥരാണ്. മുമ്പ് ഞങ്ങൾ അനാഥരാണ് എന്നൊരു വികാരം ഉണ്ടായിരുന്നു.” സഭാനാഥനായി ബാവ വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയൻ സഭയ്ക്ക് അനുകൂലമായ കോടതിവിധി നടപ്പാക്കുന്നില്ല എന്ന് ഇപ്പോഴവർ തിരിച്ചറിയുന്നു. 2018 ഡിസംബർ 21ന് ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിദീയൻ ഇങ്ങനെ പറഞ്ഞു: “അതാതുകാലത്തെ സർക്കാരുകൾ അധികാരവും വോട്ടുബാങ്കും നിലനിർത്തുവാൻ വിധികളെ അവഗണിക്കുന്ന ചിത്രമാണ് നാം കാണുന്നത്. ഭാരതത്തിന്‍റെ അത്യുന്നത നീതിപീഠത്തിന്‍റെ വിധികളെ വെല്ലുവിളിക്കുമ്പോൾ വെല്ലുവിളിക്കുന്നവരെ പിന്തുണയ്ക്കുന്ന ഒരു സർക്കാരാണ് ഇപ്പോൾ ഭരണം നടത്തുന്നത് എന്നുള്ളത് വളരെ വേദനയോടെ ഓർമ്മിപ്പിക്കട്ടെ.”

ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴും ഇതേ പരാതി ഉയർത്തി അവരെ ബഹിഷ്കകരിച്ച സഭയാണിത്. ഇപ്പോൾ സഭയ്ക്ക് ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ഒരുപോലെ. നിഗൂ‍ഢ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് വിധി നടപ്പാക്കാതെ ഇരിക്കുന്നതെന്ന് ഓർത്തഡോക്സ് ബാവ ആരോപിക്കുന്നു. മുൻ സർക്കാർ ഉദ്ദേശിച്ച ലക്ഷ്യം ഇപ്പോഴുള്ള സർക്കാർ ചെയ്തുതീർക്കുകയാണ് എന്നാണ് ആരോപണം. ആത്മീയ നേതാക്കൾ സ്വത്തിനും പണത്തിനും പിന്നാലെ പോയി സ്വന്തം വില കളയുന്നതിന്‍റെ ഉത്തമ ഉദാഹരണം. രാഷ്ട്രീയ നേതാക്കൾ മതത്തെ ഉപയോഗിച്ച് വോട്ടുപിടിക്കുന്നതിന്‍റെ ഉദാഹരണം. സ്ഥാനമോഹികൾ സഭയേയും രാഷ്ട്രീയക്കാരെയും ഒരുപോലെ ഉപയോഗിച്ച് പദവി നേടുന്നതിന്‍റെ ഉദാഹരണം!

Follow Us:
Download App:
  • android
  • ios