Asianet News MalayalamAsianet News Malayalam

ജനങ്ങളെ അത്രയേറെ വെറുപ്പിക്കാനായെന്ന് ബിജെപിക്ക് അഭിമാനിക്കാം

കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിടിച്ചുകെട്ടാൻ മൃദുഹിന്ദുത്വം പരീക്ഷിച്ചുനോക്കിയ രാഹുൽ ഒരു വർഷത്തിനിപ്പുറം അത് നല്ല തീവ്രതയോടെ നടപ്പാക്കിയിരിക്കുന്നു. 

cover story sindhu sooryakumar election
Author
Thiruvananthapuram, First Published Dec 21, 2018, 7:22 PM IST

കർഷകർ കാലുവെന്ത് തലസ്ഥാനത്തേക്ക് പ്രകടനം നടത്തുമ്പോൾ പ്രധാനമന്ത്രി, പ്രിയങ്ക ചോപ്രയുടെ വിവാഹ വിരുന്നു സൽക്കാരത്തിന്‍റെ തിരക്കിലായിരുന്നു. എഴുന്നൂറ്റിയൻപത് കിലോ ഉള്ളി ഉത്പാദിപ്പിച്ചിട്ട് കിലോയ്ക്ക് രണ്ട് രൂപ തികച്ചുകിട്ടാഞ്ഞ കർഷകൻ ആകെ കിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്ക്  അയച്ചുകൊടുത്തത് കഴിഞ്ഞയാഴ്ചയാണ്. രാജസ്ഥാനിൽ, മധ്യപ്രദേശിൽ, മഹാരാഷ്ട്രയിൽ ഒക്കെ കർഷകരുടെ വൻ പ്രതിഷേധം നടക്കുകയാണ്.

cover story sindhu sooryakumar election

സംസ്ഥാന സർക്കാരുകൾക്ക് എതിരായ ഭരണവിരുദ്ധ വികാരം, നോട്ടുനിരോധനം പോലെയുള്ള കേന്ദ്രസർക്കാരിന്‍റെ ജനദ്രോഹ പരിപാടികൾ, വിലയിടിവ് മൂലം കർഷകർക്കുണ്ടായ രോഷം, സാധാരണക്കാർക്കുണ്ടായ പ്രശ്നങ്ങൾ എല്ലാം ബിജെപിക്ക് എതിരായ ഘടകങ്ങളായിരുന്നു. ഇതെല്ലാം മുതലാക്കുന്നതിനോടൊപ്പം കോൺഗ്രസ് വിജയകരമായ ഒരു തന്ത്രം കൂടി പരീക്ഷിച്ചു, ഹിന്ദുത്വ രാഷ്ട്രീയം. പഴയതുപോലെ രഹസ്യമായും പതുങ്ങിയും തന്ത്രപരവുമായ ഒരു സമീപനമായിരുന്നില്ല അത് നല്ല പച്ചയ്ക്ക് പരസ്യമായി ഹിന്ദുത്വരാഷ്ട്രീയം കോൺഗ്രസ് പയറ്റി. രാമായണവും മഹാഭാരതവുമൊക്കെ ദൂരദർശനിൽ സീരിയൽ ആക്കി കാണിച്ച്, സീരിയലിലെ രാമനെ തെരഞ്ഞെടുപ്പിന് നിർത്തിയതുപോലെയുള്ള തന്ത്രം പണ്ട് പരീക്ഷിച്ച, ബാബരി മസ്ജിദിന് പകരം രാമക്ഷേത്രത്തിന് ശിലാന്യാസം നടത്താൻ അനുവാദം കൊടുത്ത അതേ കോൺഗ്രസ് അവരുടെ നയം വർഗ്ഗീയ കല്ലിൽ ഉരച്ച് മിനുസപ്പെടുത്തി ശക്തിപ്പെടുത്തുമ്പോൾ, ആ വിജയത്തിൽ വലുതായി ആഹ്ളാദിക്കാൻ എന്തുണ്ട്? പശു പാൽ മാത്രമേ തരൂ, വോട്ടുതരില്ല എന്ന് സംഘപരിവാറുകാരെ ഓർമ്മിപ്പിക്കുമ്പോൾ മതേതരവാദികൾ ഇതും മറന്നുപോകരുത്.

സർക്കാരിൽ ആദ്ധ്യാത്മികം എന്നൊരു വകുപ്പുതന്നെ ഉണ്ടാകും. സംസ്കൃതപഠനം പ്രോത്സാഹിപ്പിക്കാൻ പദ്ധതികളുണ്ടാകും. പതിന്നാലു കൊല്ലത്തെ വനവാസത്തിൽ ശ്രീരാമൻ നടന്ന പാത രാമപാതയായി വികസിപ്പിക്കും. ഗോമൂത്രം വ്യാവസായിക അടിസ്ഥാനത്തിൽ ശുദ്ധീകരിച്ച് വിൽപ്പനയ്ക്ക് എത്തിക്കും. പേടിക്കണ്ട, നല്ല ചാണകക്കട്ടകളും വിൽപ്പനയ്ക്ക് എത്തിക്കും. എല്ലാ പഞ്ചായത്തിലും സർക്കാർ വക ഗോശാലകളും വയ്യാത്ത പശുക്കൾക്കായി സംരക്ഷണശാലയും സ്ഥാപിക്കും. നർമദാ തീരത്തെ പരിപാവന ഹിന്ദു ആരാധനാസ്ഥലങ്ങളെല്ലാം വികസിപ്പിക്കാൻ ആയിരത്തി ഒരുനൂറു കോടിയുടെ പദ്ധതി, കൂടാതെ മാ നർമദാ ന്യാസ് അദിനിയം എന്ന സംരക്ഷണ പദ്ധതി. ആരും തെറ്റിദ്ധരിക്കരുത്, മധ്യപ്രദേശിൽ പൂജനീയ രാഹുൽജിയുടെ കോൺഗ്രസ് പുറത്തിറക്കിയ കോൺഗ്രസ് പ്രകടനപത്രികയിൽ നിന്നുള്ള ഏതാനും ചില വിവരങ്ങളാണ് ഇത്.

ഒരു നേതാവ് എങ്ങനെയാകരുത് എന്ന് മോദിയിൽ നിന്നും പഠിച്ചു

2018 ഡിസംബർ 11 -ന് രാഹുൽ ഗാന്ധി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്: "2014 ലോക്സഭാ തെരഞ്ഞെടുപ്പ് എനിക്ക് ഒരുപാട് ഗുണം ചെയ്തു. നിരവധി കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ നിന്നും പഠിച്ചു. രാഷ്ട്രീയക്കാരന് ജനങ്ങളുടെ മനസ് കണ്ട് ഇടപെടാൻ കഴിയണം. ജനങ്ങളെ മനസ്സിലാക്കുന്നതിൽ മോദി പരാജയപ്പെട്ടു. ഒരു നേതാവ് എങ്ങനെയാകരുത് എന്ന് മോദിയിൽ നിന്നും പഠിച്ചു."

കഴിഞ്ഞ ഡിസംബറിൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പിടിച്ചുകെട്ടാൻ മൃദുഹിന്ദുത്വം പരീക്ഷിച്ചുനോക്കിയ രാഹുൽ ഒരു വർഷത്തിനിപ്പുറം അത് നല്ല തീവ്രതയോടെ നടപ്പാക്കിയിരിക്കുന്നു. ഇക്കാലമത്രയും രാഹുൽഗാന്ധി നരേന്ദ്രമോദിയിൽ നിന്ന് എന്താണ് പഠിച്ചത് എന്ന ചോദ്യത്തിനും ഇതോടെ ഉത്തരമായി. സോമനാഥിൽ നിന്ന് തുടങ്ങി 27 ക്ഷേത്രങ്ങളാണ് ഗുജറാത്ത് തെരഞ്ഞെടുപ്പുകാലത്ത് രാഹുൽ ഗാന്ധി സന്ദർശിച്ചത്. ഈ ക്ഷേത്രങ്ങളുള്ള പതിനെട്ടു സീറ്റുകളിൽ കോൺഗ്രസ് അന്ന് വിജയിച്ചിരുന്നു.

ഇതിന് രാഹുൽ ഗാന്ധി നൽകുന്ന വിശദീകരണം ഇങ്ങനെ. "കഴിഞ്ഞ പതിനഞ്ചു വർഷമായി ക്ഷേത്രങ്ങളും ആരാധനാലയങ്ങളും സന്ദർശിക്കുന്നുണ്ട്. ഞാൻ ക്ഷേത്രങ്ങളിൽ പോകുന്നത് ബിജെപിക്ക് ഇഷ്ടപ്പെടുന്നില്ല. ഹിന്ദു എന്നത് ഒരു കാഴ്ചപ്പാടാണ്. അത് നമ്മുടെ ഉള്ളിലാണ്. 'ഇലക്ഷൻ ഹിന്ദു' എന്ന ബിജെപിയുടെ വിമർശനം ഹിന്ദുമതത്തെ അവർ എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളതിന്‍റെ തെളിവാണ്. ഞാൻ എന്‍റെ വിശ്വാസത്തെ അങ്ങനെയല്ല കാണുന്നത്."

ബിജെപി ഇതുവരെ കരുതിയിരുന്നത് തങ്ങളെക്കാൾ നന്നായി ആരും ഹിന്ദുത്വം പറയില്ല എന്നാണ്

കൈലാസയാത്രയും ശിവഭക്തനാണ് എന്ന പ്രസ്താവനയുമൊക്കെ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് കാലത്തായിരുന്നു. അമ്പലമല്ല, വികസനമാണ് പ്രശ്നം എന്നു പ്രഖ്യാപിച്ച ശിവരാജ് സിംഗ് ചൗഹാനെ തറപറ്റിച്ചത് കമൽനാഥിന്‍റെ പഞ്ചായത്ത് തോറും ഗോശാല എന്ന സമീപനം. അതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം. തുടക്കത്തിൽ പറഞ്ഞതുപോലെ ബിജെപി ഇതുവരെ കരുതിയിരുന്നത് തങ്ങളെക്കാൾ നന്നായി ആരും ഹിന്ദുത്വം പറയില്ല എന്നാണ്.

ഒരു വർഷം മുമ്പ്, 2017 ഡിസംബർ രണ്ടിന് അരുൺ ജെയ്റ്റ്‍ലി നടത്തിയ വാർത്താസമ്മേളനത്തിൽ ഇങ്ങനെ പറഞ്ഞു: "ബിജെപി എപ്പോഴും ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്ന പാർട്ടിയാണ്. മറ്റുള്ളവർ ഞങ്ങളെ അനുകരിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും? ജനാധിപത്യത്തിൽ ഒരു സിദ്ധാന്തമുണ്ട്. അസൽ ഉണ്ടെങ്കിൽ പകർപ്പുതേടി ആരെങ്കിലും പോകുമോ?" ആ വിശ്വാസം തെറ്റി. ബിജെപി വളമിട്ടു  പോഷിപ്പിച്ച ഹിന്ദുത്വത്തിൽ നിന്ന് അതിനാദ്യം വിത്തിടാൻ കൂട്ടുനിന്ന കോൺഗ്രസും വിളവെടുക്കുകയാണ്.

തൊഴിലില്ലായ്മ, പണമില്ലായ്മ, ദാരിദ്ര്യം, അരക്ഷിതാവസ്ഥ... എന്തിനുമേതിനും പോംവഴി മതരാഷ്ട്രീയമാണെന്ന് ബിജെപിയും കോൺഗ്രസും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നു. ബിജെപിയുടെ താരം യോഗി ആദിത്യനാഥ് ആയിരുന്നു. തീവ്ര ഹിന്ദുത്വം പറയുന്ന, ഓരോ സ്ഥലത്തിനും പേരുമാറ്റം പ്രഖ്യാപിക്കുന്ന, പൊലീസിനെ അമിതമായി ഉപയോഗിക്കുന്ന ആദിത്യനാഥിന് വിജയശിൽപ്പി ആകാനൊന്നും പറ്റിയില്ല. മോദിക്കുശേഷം ആദിത്യനാഥ് എന്നാണ് കേൾവി. നമ്മുടെ രാജ്യത്തെ കാത്തിരിക്കുന്നത് എന്താപത്താണാവോ?

മതേതരത്വത്തിന്‍റേയും വികസനത്തിന്‍റേയും സംശുദ്ധിയുടേയുമൊന്നും കാവലാളും അവസാന വാക്കുമല്ല കോൺഗ്രസ്. അവരുടെ മുൻകാല ഭരണങ്ങൾ നമുക്കത് വ്യക്തമായി കാണിച്ചുതന്നിട്ടുണ്ട്. എന്നിട്ടും, രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ ജനം ബിജെപിയെ തള്ളാൻ വേണ്ടി കോൺഗ്രസിനെ സ്വീകരിച്ചു. ഇരുന്നിരുന്നു പുഴുത്ത സ്ഥിതി ബിജെപി അനുഭവിക്കുന്നു. ആൾക്കൂട്ടക്കൊലയും ന്യൂനപക്ഷ വേട്ടയുമൊക്കെ തടയാത്തതിന്‍റെ ഫലം കൂടിയാണിത്. തെരഞ്ഞെടുപ്പുകാലത്ത് മാത്രം കൂടാത്ത ഇന്ധനവില ഇന്നാട്ടിലെ ജനത്തെ എത്രത്തോളം ബുദ്ധിമുട്ടിച്ചു എന്നതിന് തെളിവുകൂടിയാണ് ഇത്. വലിയ പ്രതീക്ഷയൊന്നും ഇല്ലാതിരുന്നിട്ടും ജനം കോൺഗ്രസിന് വോട്ടുചെയ്തുവെങ്കിൽ അവരെ അത്രയേറെ വെറുപ്പിക്കാനായെന്ന് ബിജെപിക്ക് അഭിമാനിക്കാം.

രാജ്യം മുഴുവനും ബിജെപിയുടെ കീഴിലാണ് എന്ന ഭയം ഇനി വേണ്ട. പല സംസ്ഥാനങ്ങളിലും കാവിക്കൊടി താണിരിക്കുന്നു. അതിന്‍റെ പ്രതിഫലനം വരുംകാലത്ത് രാജ്യസഭയിൽ ഉണ്ടാകും. വരുന്ന പൊതു തെരഞ്ഞെടുപ്പിലും ബിജെപിക്ക് മൃഗീയമായൊരു ഭൂരിപക്ഷം ഉണ്ടാകുമെന്ന് ഇപ്പോൾ വിലയിരുത്താനാകില്ല. പക്ഷേ, അപ്പോഴും രാജ്യത്ത് അപകടകരമായ രീതിയിൽ വളർന്നുവരുന്ന ഭൂരിപക്ഷ വർഗ്ഗീയ രാഷ്ട്രീയം, ഹിന്ദുത്വ രാഷ്ട്രീയം എങ്ങനെ തടയാനാകും എന്ന് ആലോചിക്കേണ്ടിവരും.

അതിനും മുമ്പേ രാമക്ഷേത്രനിർമ്മാണം ആർഎസ്എസ് വലിയ വിഷയമാക്കി വീണ്ടും ഉയർത്തിത്തുടങ്ങിയതാണ്

'കോടതിവിധിയും കേസും എന്തുമാകട്ടെ, അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ നിയമം വേണം. ഇതൊരപേക്ഷയല്ല, കേന്ദ്രസർക്കാർ അത് മനസ്സിലാക്കണം' എന്ന് കഴിഞ്ഞ വാരം ദില്ലിയിൽ പ്രഖ്യാപിച്ചത് ആർഎസ്എസിലെ രണ്ടാമൻ, സുരേഷ് ഹരിപ്രസാദ് ജോഷി എന്ന ഭയ്യാജി ജോഷിയാണ്. "രാമജന്മഭൂമിയിൽ ക്ഷേത്രം നിർമ്മിക്കുക എന്നത് ഇപ്പോൾ അധികാരത്തിലിരിക്കുന്ന പാർട്ടിയുടേയും ആഗ്രഹമാണ്. ഈ ലക്ഷ്യം നടപ്പാക്കാനുള്ള അവസരമാണ് എത്തിയിരിക്കുന്നത്. മറ്റ് പരിഭ്രമങ്ങളോ ആശയക്കുഴപ്പമോ ഇല്ലാതെ ഈ ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നടപടികൾ സർക്കാർ എടുക്കണം." എന്നും സുരേഷ് ഹരിപ്രസാദ് ജോഷി സർക്കാരിനോട് നിർദ്ദേശിക്കുന്നു.

അതിനും മുമ്പേ രാമക്ഷേത്രനിർമ്മാണം ആർഎസ്എസ് വലിയ വിഷയമാക്കി വീണ്ടും ഉയർത്തിത്തുടങ്ങിയതാണ്. ദില്ലി ഇപ്പോൾ രാമക്ഷേത്ര റാലികൾ നിരന്തരം കാണുന്നുണ്ട്. അതുകൊണ്ടാണ് രാമക്ഷേത്ര വാദത്തിന്‍റേയും ഹിന്ദുത്വരാഷ്ട്രീയത്തിന്‍റേയും ഏറ്റവും വലിയ ഗുണഭോക്താവായ നരേന്ദ്രമോദി തെരഞ്ഞെടുപ്പ് കാലങ്ങളിലെല്ലാം രാമക്ഷേത്രത്തെപ്പറ്റി പറയാറുള്ളത്. നിയമം ഉണ്ടാക്കിയിട്ടില്ല എന്നേയുള്ളൂ. നരേന്ദ്രമോദി തെരഞ്ഞെടുപ്പ് റാലിക്കിടെ പറഞ്ഞത് ശ്രദ്ധിക്കുക: "രാജ്യസഭാ അംഗമായ കോൺഗ്രസ് നേതാവ് അയോധ്യാ കേസ് 2019 വരെ നീട്ടിക്കൊണ്ടു പോകരുതെന്ന് സുപ്രീം കോടതിയിൽ പറയുന്നു. 2019 -ൽ തെരഞ്ഞെടുപ്പുണ്ടെന്നാണ് അദ്ദേഹം പറയുന്നത്." അയോധ്യാ കേസ് ജനുവരിയിൽ വാദം കേൾക്കാം എന്ന് സുപ്രീം കോടതി തീരുമാനിച്ചപ്പോഴാണ് വീണ്ടും ഹാലിളക്കം തുടങ്ങിയത്. ഒക്ടോബർ 27 -ന് ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്തിയ ഒരു പ്രസംഗത്തിൽ പറഞ്ഞത് ഇങ്ങനെ. "നടപ്പാക്കാൻ കഴിയുന്ന വിധികളും തീരുമാനങ്ങളും മാത്രമേ കോടതികളും സർക്കാരുകളും പുറപ്പെടുവിക്കാവൂ. ജനങ്ങളുടെ വിശ്വാസത്തെ തകർക്കുന്ന വിധികൾ പുറപ്പെടുവിക്കാൻ പാടില്ല."അതിനുമുമ്പ് ഒക്ടോബർ 18 -ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞതുകൂടി കേൾക്കണം. "രാമജന്മഭൂമിയിൽ ഉടൻ രാമക്ഷേത്രം നിർമ്മിക്കണം. പെട്ടെന്ന് ആ തീരുമാനം എടുക്കണം. ക്ഷേത്രം നിർമ്മിക്കാൻ സർക്കാർ പ്രത്യേക നിയമം കൊണ്ടുവരണം."

ഇത്രയുമൊക്കെ ചെയ്തിട്ടും രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിക്ക് ഹിന്ദു വോട്ടുകൾ സമാഹരിക്കാനായില്ല. ജിഎസ്ടിയിൽ വലഞ്ഞുപോയ ചെറുകിട കച്ചവടക്കാരും വിള നശിച്ചും വില കിട്ടാതെയും ജീവിതം പോയ കർഷകരും നോട്ടുനിരോധനത്തിൽ വലഞ്ഞ സാധാരണക്കാരുമൊക്കെ സ്വന്തം ജീവിതത്തിൽ ഉണ്ടായ അനുഭവത്താൽ  ബിജെപിക്ക് എതിരായി. അപ്പോഴും ഒന്നു മറക്കരുത്. രാജസ്ഥാനും മധ്യപ്രദേശും കഷ്ടിച്ചാണ് കോൺഗ്രസ് നേടിയത്. ജയം ജയമാണ്. അധികാരത്തിലേറുക എന്നത് ഒരു പാർട്ടിക്കു നൽകുന്ന ജീവനും ആത്മവിശ്വാസവും ഏറെയാണ്. അതെല്ലാം അംഗീകരിക്കുമ്പോഴും സത്യങ്ങൾ കാണാതെ പോകരുത്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് രാജിവച്ചു. സാമ്പത്തിക ഉപദേശക സമിതിയംഗം രാജിവച്ചു. രാജ്യത്തെ റിസർവ് ബാങ്കിന്‍റെ ഗവർണർ രാജിവച്ചു. കണക്കുകൾ പെരുപ്പിച്ചുകാണിക്കുന്നു എന്ന് ആരോപണം ഉയർന്നു. കണക്കുകൾ പെരുപ്പിച്ച് കാണിക്കാനും ക്രമക്കേടു കാണിക്കാനും കൂട്ടുനിൽക്കാൻ ആകാത്തതുകൊണ്ടാണ് പലരും രാജിവച്ചത് എന്ന് വാർത്തകൾ വന്നു. സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരിതമായിരുന്നു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നോട്ട് നിരോധനം. സാധാരണക്കാരുടേയും മധ്യവർഗ്ഗത്തിന്‍റേയും ചെറുകിട കച്ചവടക്കാരുടേയുമെല്ലാം ജീവിതത്തിൽ ആണിയടിക്കുന്ന ഏർപ്പാടായിരുന്നു കേന്ദ്രസർക്കാർ ചെയ്തത്.

കർഷകർ കാലുവെന്ത് തലസ്ഥാനത്തേക്ക് പ്രകടനം നടത്തുമ്പോൾ പ്രധാനമന്ത്രി, പ്രിയങ്ക ചോപ്രയുടെ വിവാഹ വിരുന്നു സൽക്കാരത്തിന്‍റെ തിരക്കിലായിരുന്നു. എഴുന്നൂറ്റിയൻപത് കിലോ ഉള്ളി ഉത്പാദിപ്പിച്ചിട്ട് കിലോയ്ക്ക് രണ്ട് രൂപ തികച്ചുകിട്ടാഞ്ഞ കർഷകൻ ആകെ കിട്ടിയ 1064 രൂപ പ്രധാനമന്ത്രിക്ക്  അയച്ചുകൊടുത്തത് കഴിഞ്ഞയാഴ്ചയാണ്. രാജസ്ഥാനിൽ, മധ്യപ്രദേശിൽ, മഹാരാഷ്ട്രയിൽ ഒക്കെ കർഷകരുടെ വൻ പ്രതിഷേധം നടക്കുകയാണ്. അയോധ്യയിൽ രാമക്ഷേത്രം ഉണ്ടാക്കുമെന്ന് ഈ കർഷകരോട് പറഞ്ഞ് സമാധാനിപ്പിക്കാൻ പറ്റുമോ? ചെറുകിട വ്യാപാര മേഖല മുഴുവൻ തകർന്നു കിടക്കുകയാണ്. നികുതിയും പിഴയുമെല്ലാമായി അവർ നെട്ടോട്ടമോടുമ്പോൾ നീരവ് മോദിയും മെഹുൽ ചോക്സിയുമെല്ലാം കോടിക്കണക്കിന് രൂപ വെട്ടിച്ച് വിദേശത്ത് സുഖമായി ജീവിക്കുകയാണ്.

ഉള്ളികൃഷി നടത്തുന്ന കർഷകന് രണ്ട് രൂപ പോലും കിട്ടാത്ത നാട്ടിൽ മുകേഷ് അംബാനിയുടെ മകളുടെ വിവാഹം എഴുപതോ നൂറോ കോടി രൂപ മുടക്കി നടത്തുന്നുണ്ട്. നോട്ടുനിരോധനം നമ്മളൊന്നും അറിഞ്ഞില്ലെന്നേ ഉള്ളൂ. വൻകിട മുതലാളിമാരും രാഷ്ട്രീയക്കാരും നേരത്തേ അറിഞ്ഞിരുന്നു എന്ന് വാർത്തകൾ വന്നുകഴിഞ്ഞു. കഞ്ഞിവയ്ക്കാൻ അരി വാങ്ങാനായി റേഷൻ കടയിൽ എത്തുമ്പോൾ ആധാർ കാർഡില്ലാത്തതു കൊണ്ട് അരി കിട്ടാതെ പട്ടിണി കിടന്ന് മരിച്ചവരുള്ള നാടാണ് ഇത്. ഛത്തീസ്ഗഡിലെ കേമപ്പെട്ട ബിജെപി ഭരണം തകർന്നടിഞ്ഞത് എങ്ങനെയെന്ന് പ്രത്യേകം പഠിക്കേണ്ടതാണ്. ചുരുക്കിപ്പറഞ്ഞാൽ ധനികനെ കൂടുതൽ സമ്പനന്നനാക്കിയ, സാധാരണക്കാരായ മധ്യവർഗ്ഗത്തെ ദരിദ്രരാക്കിയ, ദരിദ്രരെ പട്ടിണിക്കാരാക്കിയ പരിഷ്കാരങ്ങൾ ബിജെപിക്കെതിരെ തിരിയാൻ ജനങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു.

അഴിമതി എന്ന വലിയ ആരോപണം തെളിയിക്കാനായിട്ടില്ല

"രാജ്യത്തിന് മുഴുവൻ അറിയാം. കാവൽക്കാരൻ കള്ളനാണെന്ന്. പ്രധാനമന്ത്രി അനിൽ അംബാനിയുടെ സുഹൃത്താണെന്നും അനിൽ അംബാനിക്കു വേണ്ടിയാണ് അദ്ദേഹം ഈ അഴിമതി നടത്തിയതെന്നും ഞങ്ങൾ തെളിയിക്കും. എന്തുവേണമെങ്കിലും നിങ്ങൾ പറഞ്ഞോളൂ, പക്ഷേ സത്യം ഇതാണ്." രാഹുൽ ഗാന്ധി പറയുന്നു. കാവൽക്കാരൻ കള്ളനാണ് എന്ന രാഹുൽഗാന്ധിയുടെ ആവർത്തിച്ചുള്ള അഴിമതി ആരോപണത്തിന് എന്തായാലും ഇപ്പോഴത്തെ സുപ്രീം കോടതി ഉത്തരവ് തൽക്കാലം തടയിട്ടിരിക്കുന്നു. അഴിമതി എന്ന വലിയ ആരോപണം തെളിയിക്കാനായിട്ടില്ല. പക്ഷേ അപ്പോഴും ഇതുവരെ ബിജെപി നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങൾ അവസാനിച്ചിട്ടുമില്ല, തേഞ്ഞുമാഞ്ഞ് പോയിട്ടുമില്ല. കോർപ്പറേറ്റ് ചങ്ങാത്തം ശക്തിയായി തുടരുന്നു. എല്ലാം വെടക്കാക്കി തനിക്കാക്കുന്ന രീതിയും തുടരുന്നു.

മൂന്ന് ശക്തികേന്ദ്രങ്ങളിൽ തോറ്റിട്ടും നരേന്ദ്രമോദി ഒരു വാക്ക് പ്രതികരിച്ചിട്ടില്ല. ഭരണം തുടങ്ങി നാലര കൊല്ലം കഴിഞ്ഞിട്ടും ഒരു വാർത്താസമ്മേളനം നടത്തിയിട്ടില്ല. ചോദ്യങ്ങൾ കേട്ട് ഉത്തരം നൽകിയിട്ടില്ല. ചുറ്റമുള്ളവർക്കെതിരെ എണ്ണിപ്പറയുന്ന ആരോപണങ്ങൾക്ക് ഒരു മറുപടിയും പ്രധാനമന്ത്രി നൽകിയിട്ടില്ല. നെഹ്രുവിനേയും ഇന്ദിരയേയും സോണിയയേയും കുറ്റം പറഞ്ഞുകൊണ്ടിരിക്കുക മാത്രമാണ് അദ്ദേഹം ഇപ്പോഴും ചെയ്യുന്നത്.

നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയുമെല്ലാം ഹിന്ദുത്വരാഷ്ട്രീയം പയറ്റുമ്പോൾ നിശ്ശബ്ദമായിരിക്കുന്ന ഒരു ജനതയുണ്ട്, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങൾ. കർഷകരുടെ നീറുന്ന പ്രശ്നങ്ങൾ പോലെ, സാധാരണക്കാരുടെ വ്യഥകൾ പോലെ, ചെറുകിട കച്ചവടക്കാരുടെ വേദനകൾ പോലെ, ഈ നിശ്ശബ്ദ ന്യൂനപക്ഷവും കൂടി ചേർന്നായിരിക്കും 2019ലെ തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാക്കുക.

Follow Us:
Download App:
  • android
  • ios