ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലായി. ചന്ദ്രനിൽ ആദ്യം കാൽ കുത്തിയത് ആരാണ് എന്ന മട്ടിലുള്ള നേട്ടം അല്ല ഇത്. 1991 -ൽ ഹൈക്കോടതി ഏർപ്പെടുത്തിയ നിരോധനം 2018 -ൽ സുപ്രീംകോടതി റദ്ദാക്കിയതോടെ നിയമപരമായി യുവതികൾ പ്രവേശിച്ചു എന്നർഥം. പുനഃപരിശോധനാഹർജി സ്വീകരിക്കാൻ സുപ്രീംകോടതി തീരുമാനിച്ചാലോ, അതിൽ എന്തെങ്കിലും തീരുമാനം ഉണ്ടാവുകയും ചെയ്താൽ അതനുസരിച്ചായിരിക്കും പിന്നീടങ്ങോട്ട് ഇന്നാട്ടിലെ നിയമം. അതുവരെ ഇപ്പോൾ നിലവിലുള്ള നിയമം നടപ്പായി എന്ന് സംസ്ഥാനസർക്കാരിന് സുപ്രീംകോടതിയെ അറിയിക്കാനുള്ള സാഹചര്യമൊരുങ്ങി.

മറ്റൊന്നുകൂടിയുണ്ട്, ആൾക്കൂട്ടമല്ല നാട്ടിൽ നീതി നടപ്പാക്കുന്നത് എന്ന് തെളിയുകയാണ്. നീതി നടപ്പാക്കാൻ ഈ നാട്ടിൽ ഒരു ഭരണഘടനയുണ്ട്, നീതിയിൽ അധിഷ്ഠിതമായ ഭരണഘടനാതത്വങ്ങളുണ്ട് എന്നത് ഒന്നു കൂടി ഉറപ്പിക്കുന്നു. അതിൽ ആളുകൾക്ക് വിശ്വസിക്കാം എന്നും വരുന്നു. ജനാധിപത്യം നാട്ടിൽ പുലരാൻ ഇത് ആവശ്യമാണ്. നമ്മുടെ നാട്ടിൽ ജനാധിപത്യം സംരക്ഷിക്കപ്പെടട്ടെ. 

ബിന്ദു, ശശികല, കനകദുർഗ - മൂന്ന് പേരുകളിൽ വലിയ കാര്യമില്ല. ഇതിലുമേറെ സ്ത്രീകൾ അയ്യപ്പനെ തൊഴുത് മടങ്ങിക്കഴി‍ഞ്ഞു. വിശ്വാസികളായാണ് മല കയറിയതെന്ന് പേര് വെളിപ്പെടുത്തിയവരും വെളിപ്പെടുത്താത്തവരും ഉറപ്പിച്ച് പറയുന്നു. ഓരോരുത്തരുടെ വിശ്വാസം തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്. അതിന് പ്രത്യേകമായൊരു മീറ്ററോ ഉപകരണമോ ഇല്ല.

മണ്ഡലപൂജക്കാലത്ത് യുവതികൾ ദർശനം നടത്തിയോ എന്ന് ഇപ്പോൾ വ്യക്തമല്ല

ശ്രീലങ്കൻ തനിത്തമിഴ് ഭാഷയിൽ ശശികലയെന്ന ശ്രീലങ്കൻ സ്വദേശി ശശികല പറയുന്നത് കേൾക്കുക:
''നാൻ യാര്ക്കും ഭയപ്പെട മാട്ടേൻ. നാൻ വന്ത് കടവുള്ക്ക് കൊടുത്തവൾ നാൻ, സരീങ്ക? ഇത് അയ്യപ്പനൊടെ വിളയാട്ട്. നാൻ വന്ത് കടവുൾ നമ്പിക്കൈ ഉള്ളനൾ. 41 നാൾ വ്രതം നാൻ ഇരുന്തിരിക്കേൻ. അയ്യപ്പൻ ബദൽ സൊല്ലുവേൻ ഉങ്കളുക്ക് എല്ലോര്ക്കും. നാൻ അയ്യപ്പൻ ഭക്തൈ. നാൻ മറ്റവങ്ക മാതിരി നടിക്കര്ത്ക്ക് വരലൈ.'' (എനിക്കാരെയും പേടിയില്ല. ദൈവത്തിന് എന്നെത്തന്നെ കൊടുത്തവളാണ് ഞാൻ. ഇത് അയ്യപ്പന്‍റെ കളിയാണ്. ദൈവവിശ്വാസിയാണ് ഞാൻ. 41 ദിവസം വ്രതം നോറ്റിട്ടുണ്ട്. ഇതിനെല്ലാം അയ്യപ്പൻ മറുപടി പറയും. ഞാൻ അയ്യപ്പഭക്തയാണ്. അഭിനയിക്കാൻ വന്നതല്ല.)

ശശികലയുടെ ഭർത്താവ് ശരവണമാരൻ അന്ന് രാത്രി പറഞ്ഞത്, ഞാനും മകനും മാത്രമാണ് ദർശനം നടത്തിയതെന്നാണ്. 

മണ്ഡലപൂജക്കാലത്ത് യുവതികൾ ദർശനം നടത്തിയോ എന്ന് ഇപ്പോൾ വ്യക്തമല്ല. ശ്രീലങ്കൻ സ്വദേശി ശശികല 18 പടി ചവിട്ടിയാണ് അയ്യപ്പനെ തൊഴുതത്. മറ്റ് സ്ത്രീകളുടെ വിവരം സർക്കാർ സുപ്രീംകോടതിയിൽ പറയുമ്പോൾ മാത്രമേ അറിയാനാകൂ. അമ്പതിലേറെ ഹർജികൾ. അതിലേറെ പരാതികൾ. തുടർച്ചയായ മെൻഷനിംഗ്. എല്ലാം വന്നിട്ടും യുവതീപ്രവേശനം അനുവദിച്ച സ്വന്തം വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിട്ടില്ല. 

എല്ലാ ഹർജിയും അടിയന്തരമായി പരിഗണിക്കില്ല. എല്ലാം ചേർത്ത് 22 -ന് പരിഗണിക്കാം എന്ന് ഉറപ്പിച്ച് പറയുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയുടെ മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ എം പി പോലും, യുവതികൾക്ക് സുരക്ഷിതമായി ദർശനം നടത്താനുള്ള സൗകര്യമൊരുക്കാൻ സംസ്ഥാനസർക്കാരിന് ബാധ്യതയുണ്ടെന്ന് പറഞ്ഞത്. 

ഭക്തരായ യുവതികൾ ദർശനം നടത്തുന്നതിൽ തെറ്റില്ല എന്നാണ് വി മുരളീധരന്‍റെ അഭിപ്രായം.

ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുവതികൾ ദർശനം നടത്തി എന്നത് സത്യമാണ് 

2019 ജനുവരി 3 -ന് ന്യൂസ് 18 ഇംഗ്ലീഷ് ചാനലിൽ നടന്ന ചർച്ചയിൽ വി. മുരളീധരൻ പറഞ്ഞതിങ്ങനെയാണ്.

''വിശ്വാസികളായ യുവതികൾക്ക് സംരക്ഷണം നൽകേണ്ടത് പൊലീസിന്‍റെയും സർക്കാരിന്‍റെയും ഉത്തരവാദിത്തമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ട്. പക്ഷേ ഇവിടെ യുവതികൾ സ്വയം വന്നതല്ല, പൊലീസ് പദ്ധതി തയ്യാറാക്കി സംരക്ഷണം നൽകി ഇവിടെ എത്തിച്ചതാണ്.''

ആരനുവദിച്ചാലും ഇല്ലെങ്കിലും, ആർക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുവതികൾ ദർശനം നടത്തി എന്നത് സത്യമാണ്. 1991 -ന് ശേഷവും ക്ഷേത്രാചാരം പല തവണ ലംഘിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രാധികാരികളുടെ അറിവോടെയും അല്ലാതെയും. ഇപ്പോഴിത് രാഷ്ട്രീയനേട്ടത്തിനുള്ള സുവർണാവസരമായി കണ്ടതുകൊണ്ട് നിയമപരമായ തുല്യാവകാശത്തെ എതിർക്കുന്ന കലാപങ്ങൾ ഉണ്ടായി എന്നുമാത്രം.

രാഷ്ട്രീയലാക്കുണ്ടായിരുന്നില്ല എങ്കിൽ നിസ്സാരമായി നടപ്പാകേണ്ടിയിരുന്ന സുപ്രീംകോടതി വിധിയാണിതെന്ന് ഓർമ്മിക്കുക. പുനഃപരിശോധനാ ഹർജികൾ പരിഗണിക്കണോ വേണ്ടയോ എന്ന കാര്യം 22ാം തീയതി സുപ്രീംകോടതി വാദം കേട്ട് തീരുമാനിക്കും. സ്റ്റേ ചെയ്യാതിരുന്ന വിധി നടപ്പായിക്കഴിഞ്ഞു. ബാക്കിയാവുന്നത് കലാപങ്ങളും കേസുകളും നഷ്ടങ്ങളും മാത്രം.

പുലർച്ചെയായിരുന്നു ബിന്ദുവിന്‍റെയും കനകദുർഗയുടെയും ദർശനം. ഇരുട്ടിന്‍റെ മറവിൽ നടത്തിയ ചതിയെന്ന് ബിജെപി. ''ഒരിക്കലും സന്ധി ചെയ്യാനാകാത്ത കൊടുംക്രൂരതയാണ് ഭരണകൂടം ചെയ്യുന്നത്. അവരുടെ ചിരി കൊലച്ചിരിയാണ്.'' എന്ന് ശ്രീധരൻപിള്ള. ''കോടിക്കണക്കിന് ഭക്തരുടെ വികാരം മുറിപ്പെട്ടെ''ന്ന് എം.ടി രമേശ്.

ബിന്ദുവും കനകദുർഗയും മല കയറിയത് രാത്രിയാണ്. നൂറ് കണക്കിന് പുരുഷൻമാർ അപ്പോൾ മല കയറുന്നുണ്ടായിരുന്നു. അവരാരും ഇത് കൊലച്ചതിയായി കണ്ടില്ല. രാത്രിയിലും മല കയറാൻ ഭക്തർക്ക് അനുവാദം നൽകിയത് ബിജെപിയുടെ കൂടി ആവശ്യപ്രകാരമാണ്. മറ്റാരുമില്ലാത്ത സമയത്ത് യുവതികൾക്കായി പിണറായി വിജയൻ പ്രത്യേകം നട തുറന്ന് കൊടുത്തിട്ടൊന്നുമില്ല. 'എല്ലാവർക്കുമൊപ്പം അവരും' - അതാണ് സുപ്രീംകോടതി പറഞ്ഞത്. 

ആളെ വീട് തെരഞ്ഞെത്തി കല്ലെറിഞ്ഞ് പ്രതിഷേധിക്കില്ലെന്നും സാധാരണ ജീവിതത്തിന് തടസ്സം നിൽക്കില്ലെന്നും ബിജെപി - ആർഎസ്എസ് - കർമസമിതിക്കാർ പ്രഖ്യാപിച്ചാൽ മതി, ധാരാളം വിശ്വാസികളായ യുവതികൾ മല കയറി അയ്യപ്പനെ തൊഴാനെത്തും. തലയിൽ തേങ്ങയെറിയും, വീട് തകർക്കും, വീട്ടുകാരെ ബുദ്ധിമുട്ടിക്കും, തെറി വിളിക്കും എന്നൊക്കെ ഭയപ്പെട്ടിട്ടാണ് ഒരുപാട് യുവതികൾ ഇപ്പോൾ അയ്യപ്പദർശനത്തിനെത്താത്തത്. അല്ലാതെ എല്ലാ യുവതികളും ആചാരസംരക്ഷകരായതുകൊണ്ടല്ല.

ശ്രീലങ്കൻ യുവതി കയറിയപ്പോൾ അവിടെപ്പോയി വീടാക്രമിക്കാനാകില്ലല്ലോ

ആചാരസംരക്ഷണത്തിനും ആചാരലംഘനത്തിനും തയ്യാറായ ഒരുപാട് വിശ്വാസികളുണ്ട്, യുവതികളുണ്ട് എന്ന് ചുരുക്കം വിശ്വാസികളുടെ കുത്തക ആരും ഏറ്റെടുക്കണ്ട എന്നും വ്യാഖ്യാനിക്കാം. എന്തായാലും മലയാളി യുവതികൾ കയറിയപ്പോൾ മാത്രമേ - അതും ദൃശ്യം പുറത്തു വന്നതുകൊണ്ട് മാത്രമേ കേരളത്തിൽ പ്രതിഷേധമുണ്ടായിട്ടുള്ളൂ. ശ്രീലങ്കൻ യുവതി കയറിയപ്പോൾ അവിടെപ്പോയി വീടാക്രമിക്കാനാകില്ലല്ലോ! അതുകൊണ്ട് പുരോഗമനവാദികൾക്ക് ഒരു കാര്യം ചെയ്യാം, ദൃശ്യങ്ങളെ കുറ്റം പറയാം. ദൃശ്യമാധ്യമങ്ങളെയും!

ശബരിമല ചവിട്ടി അയ്യപ്പസ്വാമിയെ തൊഴുതിറങ്ങിയ യുവതികൾക്ക് സന്തോഷം. പതിനെട്ടാം പടി വഴിയും അതല്ലാതെയും എത്തിയവർക്കും സന്തോഷം തന്നെ. അവർക്കൊപ്പം ശബരിമല ചവിട്ടി ദർശനം നടത്തിയവർക്കും പ്രശ്നമില്ല. ശബരിമലയിലും സന്നിധാനത്തും ശാന്തി. പക്ഷേ, എന്തു ചെയ്യാൻ? രണ്ട് യുവതികൾ ശബരിമലയിൽ ദർശനം നടത്തി എന്നറിഞ്ഞതോടെ നാടൊട്ടുക്ക് കലാപമായി. ആഘോഷിക്കാൻ കാത്തിരുന്നവർ തെരുവിലിറങ്ങി കല്ലേറും ബോംബേറും വണ്ടി കത്തിക്കലും!

നമ്മുടെ നാട് എങ്ങോട്ടാണ് എന്ന ചോദ്യമൊക്കെ പഴയതാണ്. മുന്നോട്ടല്ല എന്ന് നമ്മൾ തന്നെ പണ്ടേ തെളിയിച്ചതുമാണ്. ഇനി എത്ര കാലം ഇതിന്‍റെ പേരിൽ നാട് കത്തും എന്നത് മാത്രമാണ് അവശേഷിക്കുന്ന ചോദ്യം. 

''ശബരിമല കയറുന്ന സ്ത്രീകളുടെ പ്രായമൊന്നും ആരും പരിശോധിക്കുന്നില്ലല്ലോ. സ്ത്രീകൾ വരുന്നുണ്ടാകും. സ്ത്രീകൾക്ക് പ്രവേശിക്കാൻ അനുവാദമുണ്ടല്ലോ.'' കടകംപള്ളി പറയുന്നു.

ദേവസ്വംമന്ത്രി കള്ളക്കളി നിർത്തി സർക്കാർ നിലപാട് ഉറപ്പിച്ച് പറയാൻ തുടങ്ങിയിട്ടുണ്ട്. കോടിയേരിയുടെയും പിണറായിയുടെയും വിരട്ടൽ ഏറ്റുതുടങ്ങിക്കാണും എന്ന് വിചാരിക്കാം. ഇനിയും അഴകൊഴമ്പൻ നിലപാട് പറയാതിരുന്നാൽ അദ്ദേഹത്തിന് കൊള്ളാം. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി വന്ന ശേഷം ആ വിധി പിണറായി വിജയൻ പുറപ്പെടുവിച്ചതാണെന്ന് ബിജെപിയ്ക്കും കോൺഗ്രസിനും കുറേ ജനങ്ങളെയെങ്കിലും വിശ്വസിപ്പിക്കാൻ സാധിച്ചത് പദ്മകുമാറിന്‍റെയും കടകംപള്ളിയുടെയും പ്രസ്താവനകളുടെ സഹായത്തിലായിരുന്നു.

യുവതികൾക്കൊപ്പവും അതിന് ശേഷവും ദർശനം നടത്തിയവർ പ്രശ്നമൊന്നും ഉണ്ടാക്കിയതുമില്ല

യുവതികൾ സന്നിധാനത്തെത്തി. പതിനെട്ടാം പടി ചവിട്ടിയും യുവതി ദർശനം നടത്തി. സന്നിധാനവും പമ്പയും ശാന്തമാണ്. തീർഥാടകർ വരുന്നുണ്ട്, സന്തോഷത്തോടെ തൊഴുതു മടങ്ങുന്നുണ്ട്. യുവതികൾക്കൊപ്പവും അതിന് ശേഷവും ദർശനം നടത്തിയവർ പ്രശ്നമൊന്നും ഉണ്ടാക്കിയതുമില്ല. പക്ഷേ, വിവരം പുറത്തറിഞ്ഞപ്പോൾ ചോര മണത്ത് ഇരുന്ന കലാപക്കൊതിയൻമാർ മുതലെടുപ്പിനിറങ്ങി. 

ഒരൊറ്റ ദിവസം! തെരുവുയുദ്ധവും കലാപവും തീയിടലും വണ്ടി തടയലും കല്ലേറും ബോംബേറുമായി കേരളം നിന്നു കത്തി! ഒരാൾ മരിച്ചു. പാർട്ടി ഓഫീസുകൾ കത്തിക്കപ്പെട്ടു. വായനശാല കത്തിച്ചു. നൂറ് കണക്കിനാളുകൾക്ക് പരിക്കേറ്റു. 

ഹർത്താലിന് ആഹ്വാനം ചെയ്തത് ശബരിമല കർമസമിതി. അയ്യപ്പജ്യോതിക്ക് ആഹ്വാനം ചെയ്ത അതേ സംഘടന. അയ്യപ്പജ്യോതിക്ക് അണിനിരന്ന അതേ സ്ത്രീകളൊന്നും അക്രമം നടത്താൻ തെരുവിൽ ഇറങ്ങിയിട്ടില്ല. പക്ഷേ, ഇതിന്‍റെ നഷ്ടം ഇവർക്കും ഇവരുടെ കുടുംബത്തിനും കൂടിയാണ്. 

കർമസമിതിക്ക് അരയും തലയും മുറുക്കി പിന്തുണ നൽകിയത് ബിജെപിയും ആർഎസ്എസ്സുമാണ്. ഹർത്താൽ ആഹ്വാനം ചെയ്ത ശബരിമല കർമസമിതിക്കും ബിജെപിക്കും കേരളം അനുഭവിച്ച ഈ വലിയ അക്രമത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ബാധ്യതയുണ്ട്. 

''ഹർത്താൽ ജനങ്ങളേറ്റെടുത്ത ഹർത്താലാണ്. കൊച്ചുഗ്രാമങ്ങളിൽ പോലും ആയിരക്കണക്കിനാളുകൾ ഹർത്താലിൽ അണിനിരന്നല്ലോ'' എന്ന് എ.എൻ രാധാകൃഷ്ണൻ. 

ഏതെങ്കിലും പ്രശ്നത്തിൽ മനസ്സ് മുറിപ്പെട്ടാൽ കല്ലും കമ്പുമായി നാട്ടുകാരെ തല്ലാനിറങ്ങുന്നതാണോ 'സാധാരണക്കാരന്‍റെ വികാരം'? കണ്ണിൽ കണ്ടവന്‍റെ കച്ചവടസ്ഥാപനങ്ങൾ നശിപ്പിക്കാനിറങ്ങുന്നതാണോ 'സാധാരണക്കാരന്‍റെ വികാരം'? ബാബറി മസ്ജിദ് കേസിൽ വിധി എതിരായാൽ നാട്ടിലെ സാധാരണ മുസ്ലീങ്ങൾ 'അള്ളാഹു അക്ബർ' വിളിച്ച് ഇതുപോലെ വികാരം കൊണ്ടാൽ അന്നും ഇതുപോലെ ന്യായീകരിക്കുമോ? 

സംസ്ഥാനഘടകം ആഹ്വാനം ചെയ്ത ഹർത്താൽ കലാപമായി കത്തിച്ച് നാണം കെടുത്തിയിട്ടും ദേശീയനേതാക്കൾ പ്രതികരിച്ചിട്ടില്ല

പ്രതിഷേധിക്കാൻ ആർക്കും സ്വാതന്ത്ര്യമുണ്ട്. അത് പക്ഷേ, കണ്ണിൽക്കണ്ടതെല്ലാം തച്ചുതകർത്തല്ല എന്ന് മാത്രം.

ശബരിമല കർമസമിതി ദേശീയതലത്തിലേക്ക് വളർത്തിയിട്ടുണ്ട്. അമൃതാനന്ദമയി, ടി.പി സെൻകുമാർ, സംവിധായകൻ പ്രിയദർശൻ തുടങ്ങിയവരാണ് രക്ഷാധികാരികൾ. സംസ്ഥാനഘടകം ആഹ്വാനം ചെയ്ത ഹർത്താൽ കലാപമായി കത്തിച്ച് നാണം കെടുത്തിയിട്ടും ദേശീയനേതാക്കൾ പ്രതികരിച്ചിട്ടില്ല. അയ്യപ്പസ്വാമിയുള്ള ശബരിമലയടക്കം ഉൾക്കൊള്ളുന്ന വിശ്വാസികളുടെ സ്വന്തം നാടിനോട് കർമസമിതിക്ക് അൽപം കൂടി സ്നേഹമാകാം. 

നെടുമങ്ങാട്ടെ പ്രസിദ്ധമായ ബോംബേറും, എടപ്പാളിലെ സിപിഎമ്മിന്‍റെ തിരിച്ചടിയും. ആക്രമോത്സുകരായി ബിജെപിയും, തിരിച്ചടിച്ച് സിപിഎമ്മും മുന്നേറുകയാണ്. അതിനിടെയാണ് നിരുത്തരവാദപരമായ പ്രസ്താവനകൾ മുഖ്യമന്ത്രിയടക്കം നടത്തുന്നത്. 

''പന്തളത്ത് ഒരു സംഘർഷമുണ്ടായിരുന്നു. ആ സംഘർഷത്തിൽ ചന്ദ്രൻ ഉണ്ണിത്താൻ എന്നയാൾക്ക് പരിക്കേറ്റിരുന്നു. അദ്ദേഹത്തെ ബിലീവേഴ്സ് ചർച്ച ഹോസ്പിറ്റലിലാണ് എത്തിച്ചത്. അവിടെ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് അദ്ദേഹം മരണപ്പെട്ടു എന്നതാണ് വിവരം.'' - മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതാണ്.

ഏത് മനുഷ്യനും മരിക്കുമ്പോൾ ഹൃദയം സ്തംഭിക്കും മുഖ്യമന്ത്രീ! അതിന്‍റെ കാരണം അന്വേഷിക്കുമ്പോഴാണ് കൊലപാതകമാണോ ആത്മഹത്യയാണോ എന്നറിയുക. പന്തളത്ത് ശബരിമല കർമസമിതി പ്രവർത്തകൻ ചന്ദ്രൻ ഉണ്ണിത്താനെ സിപിഎമ്മുകാർ കല്ലെറിഞ്ഞ് കൊന്നതാണ്. താഴെ നടന്നുപോകുന്നയാളെ മുകളിൽ നിന്ന് കല്ലെറിഞ്ഞാൽ ഇതുണ്ടാകും എന്ന് എല്ലാവർക്കും അറിയാം. എന്നിട്ടും കൊല്ലപ്പെട്ടത് ബിജെപി അനുഭാവിയാണ് എന്നതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി ഇങ്ങനെ പ്രസ്താവന നടത്തിയത്.

മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന് പിണറായി വിജയൻ ഒരിക്കലും ഇങ്ങനെ പറയരുതായിരുന്നു. തെറ്റായിപ്പോയി. ഭരണാധികാരിയുടെ ഇത്തരം പ്രസ്താവനകൾ എരിതീയിലൊഴിക്കുന്ന എണ്ണയാണ്. 

''മലയിൻകീഴിലുള്ള ആർഎസ്എസ്സിന്‍റെ നേതൃത്വത്തിലുള്ള സരസ്വതി വിദ്യാനികേതൻ എന്ന സ്കൂളിൽ നിന്ന് ബോംബ് ശേഖരം പിടികൂടുന്ന അവസ്ഥയുണ്ടായി. ആർഎസ്എസ് നിയന്ത്രിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങൾ പോലും ബോംബുകൾ സൂക്ഷിച്ചുവയ്ക്കാനും ആയുധശേഖരത്തിനുമുള്ളതാണെന്ന അവസ്ഥയാണ്.''  കോടിയേരി പറയുന്നു. 

വെറുതെ ബോംബെറിഞ്ഞ് കളിച്ചിട്ട് ഇനിയെന്ത് കാര്യം

രക്ഷിതാക്കൾ സ്വന്തം കുട്ടികളുടെ സുരക്ഷിതത്വമോർത്ത് ആശങ്കപ്പെടണം. വീട്ടിൽ വച്ചിരുന്ന ബോംബ് പൊട്ടിയതും നിർമിച്ചുകൊണ്ടിരിക്കുന്നപ്പോൾ പൊട്ടിയതുമൊക്കെ നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ. എന്തായാലും ഇത്തവണ ബോംബേറ് മുതിർന്ന നേതാക്കളുടെ വീടുകൾക്ക് നേരെയും ഉണ്ടായിരിക്കുന്നു. അത് നന്നായി. ഇനിയെങ്കിലും വേഗം സമാധാനം വരുമെന്ന് പ്രതീക്ഷിക്കാം. 

വെറുതെ ബോംബെറിഞ്ഞ് കളിച്ചിട്ട് ഇനിയെന്ത് കാര്യം. യുവതികളും കയറി, ശബരിമലയും ശാന്തമായി, കോടതിയും ഇടപെടുന്നില്ല. പുനഃപരിശോധനാ ഹർജി വരും വരെ എല്ലാവരും 'ഗോ റ്റു യുവർ ക്ലാസസ്'. അതാണ് നിങ്ങൾക്കും കുടുംബത്തിനും നാടിനും എല്ലാം നല്ലത്.

'ഇനിയെങ്കിലും നന്നായിക്കൂടേടോ' കോൺഗ്രസുകാരേ?

ഭക്ഷണത്തിന് മുമ്പും പിമ്പും എന്ന മട്ടിൽ ദിവസം മൂന്നും നാലും നേരം വാർത്താസമ്മേളനം നടത്തുന്നവരാണ് കോൺഗ്രസ് നേതാക്കൾ. സിപിഎമ്മും ബിജെപിയും വ്യക്തമായ രാഷ്ട്രീയത്തോടെ ശബരിമലയിൽ നിലപാട് പറയുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ചളിപിളി പറയുകയാണ് കോൺഗ്രസ് നേതാക്കളുടെ പതിവ്. കോടതിയലക്ഷ്യമോ, കലാപാഹ്വാനമോ ഒക്കെ ഉണ്ടാകും. പക്ഷേ വ്യക്തമായ നിലപാട് ഒന്നിലും ഉണ്ടാകില്ല! 

ആകെയുള്ള ഒരേയൊരു വാക്ക്, 'ഞങ്ങൾ വിശ്വാസികളുടെ വികാരത്തിനൊപ്പമാണ്' എന്നതു മാത്രമായിരിക്കും. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെ. സുധാകരൻ - പിന്നെ വല്ലപ്പോഴും കെ.സി വേണുഗോപാലും കൊടിക്കുന്നിലും. മറ്റ് നേതാക്കളുടെയൊന്നും ശബ്ദം വിശ്വാസികൾക്ക് വേണ്ടി ഉയർന്നു കേൾക്കാറില്ല. അക്രമങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഇവർക്ക് മാത്രമാണോ താത്പര്യം? മറ്റ് നേതാക്കളൊക്കെ മിണ്ടാതിരിക്കുന്നത് എന്തുകൊണ്ടാകും?

കോൺഗ്രസിപ്പോൾ വിശ്വാസികൾക്കൊപ്പമാണ് എന്നാണല്ലോ പറയുന്നത്?

കേരളത്തിലാകെ കലാപം അഴിച്ചു വിട്ടത് ഹർത്താലിന്‍റെ മറവിൽ ബിജെപി - ആർഎസ്എസ് - കർമസമിതി പ്രവർത്തകരാണ്. മൂന്നാം തീയതി വ്യാഴാഴ്ച തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലായിടത്തും സംഘർഷമായിരുന്നു. അന്നും രമേശ് ചെന്നിത്തല പതിവ് പോലെ വാർത്താ സമ്മേളനം നടത്തി. 

''അവിവേകിയായ ഒരു മുഖ്യമന്ത്രി ഭരണത്തിലിരുന്നാൽ എന്ത് സംഭവിക്കുമെന്നതിന്‍റെ തെളിവാണ് ഇപ്പോഴത്തെ അക്രമങ്ങൾ. മുഖ്യമന്ത്രിയുടെ ദുർവാശി നടപ്പാക്കുക എന്നതിലപ്പുറം ഇതിനകത്ത് എന്ത് നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കലാണ് നടക്കുന്നത്?'' അന്ന് ചെന്നിത്തല ചോദിച്ചു.

സർക്കാരിനെ ആവോളം വിമർശിക്കണം. മുഖ്യമന്ത്രിയെ കർശനമായും കടന്നാക്രമിക്കണം. തർക്കമില്ല. പക്ഷേ, നാട് കത്തിക്കുന്ന അക്രമികളെ അപലപിച്ച് നാല് വാക്കു കൂടി പറയണ്ടേ? അതെന്താ ചെയ്യാത്തത്?

കോൺഗ്രസിപ്പോൾ വിശ്വാസികൾക്കൊപ്പമാണ് എന്നാണല്ലോ പറയുന്നത്? അക്രമികൾക്കൊപ്പമല്ലല്ലോ? അതുറക്കെ പറയാനുള്ള പക്വതയും വ്യക്തതയും എന്നുണ്ടാകും? ദയനീയമാണ് കേരളത്തിലെ കോൺഗ്രസിന്‍റെ നിലവാരം. അതിദയനീയം! ബിജെപിയുടെ 'ബി' ടീമാകാനുള്ള നിലവാരം പോലും ഇപ്പോഴവർ കാണിക്കുന്നില്ല. മുല്ലപ്പള്ളി രാമചന്ദ്രനൊക്കെ ഇനിയെങ്കിലും ഒരു ആത്മപരിശോധന നടത്തണം. എന്താണ് പറഞ്ഞുകൂട്ടുന്നത് എന്ന്. 

സ്ത്രീകൾക്ക് സ്ഥാനമാനം കൊടുത്തിട്ട് ശീലമില്ല

പ്രത്യേകിച്ചൊന്നും ചെയ്യാതെ അയ്യഞ്ച് കൊല്ലം കൂടുമ്പോൾ അധികാരം കിട്ടി ശീലിച്ച് പോയവരാണ്. നിലപാട്, നയം എന്നൊന്നും കേട്ടിട്ടുണ്ടാവില്ല, നിയമം നിയമത്തിന്‍റെ വഴിക്ക്, ഖജനാവിന് നഷ്ടമില്ല - എന്നീ പ്രയോഗങ്ങളാണ് പരിചിതം. സ്ത്രീകൾക്ക് സ്ഥാനമാനം കൊടുത്തിട്ട് ശീലമില്ല. പൊരുതി നേടാൻ ആത്മാഭിമാനമുള്ള സ്ത്രീകൾ അവിടെ കുറവുമാണ്. വിധേയത്വമാണ് മുഖമുദ്ര. അതുകൊണ്ടാണ് അവിടെ പാർട്ടി പടവലങ്ങ പോലെ താഴോട്ടു വളർന്ന് പന്തലിക്കുന്നത്!

കഷ്ടമുണ്ട് കോൺഗ്രസുകാരേ! പാർലമെന്‍റിൽ കയ്യിൽ കെട്ടിയ തുണിയുണ്ടല്ലോ, പ്രതിഷേധം കാണിക്കാൻ! അതെടുത്ത് തല വഴി മൂടിക്കോ! അതാണ് നിങ്ങൾക്ക് നല്ലത്. നിങ്ങൾക്കതേ ചേരൂ!

ഒരു സിനിമയിൽ ഇന്നസെന്‍റിന്‍റെ കഥാപാത്രം ചോദിക്കുന്നത് പോലെ - ''ഇനിയെങ്കിലും നന്നായിക്കൂടേടോ''!