കൊവിഡ് 19 എന്ന രോഗത്തിന് കാരണമാകുന്ന SARS-CoV-2 എന്ന വൈറസ് ലാബില്‍ സൃഷ്ടിക്കപ്പെട്ടതാണെന്നും അത് ചൈനയുടെ ജൈവ ആയുധമാണെന്നുമുള്ള കിംവദന്തികള്‍ കുറച്ചു നാളായി പ്രചരിച്ച് വരികയാണ്. പലരും പറയുന്നത് ചൈനയിലെ വുഹാനിലെ ഒരു ഉയര്‍ന്ന ഗവേഷണ ലാബില്‍ നിന്നാണ് വൈറസ് ആകസ്മികമായി പുറത്തുവന്നതെന്നാണ്. എന്നാല്‍, ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കപ്പുറം അതൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഒപ്പിട്ട രാജ്യാന്തര കരാര്‍ പ്രകാരം ജൈവായുധ നിര്‍മ്മാണം ലോകമെമ്പാടും നിരോധിച്ചിരിക്കുകയാണ്.

വുഹാനിലെ മാര്‍ക്കറ്റില്‍ നിന്നാണ് ഈ വൈറസ് ആദ്യമായി മനുഷ്യരിലേക്ക് പകര്‍ന്നത്. എല്ലാ കിംവദന്തികളുടെയും കേന്ദ്രബിന്ദുവായ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ല്യുഐവി) സ്ഥിതിചെയ്യുന്നതും ഇതേ നഗരത്തിലാണ്. ലോകത്തിലെ ഏറ്റവും മാരകമായ രോഗകാരികളായ വൈറസുകളെ കൈകാര്യം ചെയ്യുന്ന ഒരു ബയോ സേഫ്റ്റി ലെവല്‍ 4 (ബിഎസ്എല്‍ -4) ലബോറട്ടറിയാണ് ഇത്. വുഹാന്‍ മാര്‍ക്കറ്റില്‍ നിന്ന് ഏഴ് മൈല്‍ അകലെയാണ് ഈ ഉയര്‍ന്ന സുരക്ഷാ ലാബ് സ്ഥിതിചെയ്യുന്നത്. കിംവദന്തികള്‍ ഉത്ഭവിക്കാനുള്ള കാരണവും ഇതാണ്. എന്നാല്‍, ചൈന മാത്രമല്ല ഈ പഴി കേള്‍ക്കുന്നത്. COVID-19 എന്നത് അമേരിക്കയുടെ ജൈവ ആയുധമാണെന്നുള്ള അഭ്യൂഹങ്ങള്‍ ചൈനയും ഉന്നയിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും പരസ്പരം ആരോപണങ്ങള്‍ അഴിച്ചുവിട്ടിട്ടുമുണ്ട്.

ഈ വൈറസിന്റെ ജനിതക ഘടന വിശകലനം ചെയ്ത് അത് നിര്‍മിച്ചതല്ല, സ്വാഭാവികമാണ് എന്ന് പല ശാസ്ത്രജ്ഞരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്‌ക്രിപ്‌സ് റിസര്‍ച്ചിലെ ഗവേഷകനായ ക്രിസ്റ്റ്യന്‍ ആന്‍ഡേഴ്‌സന്റെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനത്തില്‍ ഈ വൈറസിന്റെ ആര്‍എന്‍എ പരിശോധിച്ച് നിരവധി കാര്യങ്ങള്‍ കണ്ടെത്തുകയുണ്ടായി. 'കൊറോണ വൈറസുകള്‍ നിര്‍മ്മിക്കുന്നതിനായി ഏതെങ്കിലും ജനിതക എഞ്ചിനീയറിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ചതായി ജനിതക തെളിവുകളൊന്നുമില്ല. അറിയപ്പെടുന്ന കൊറോണ വൈറസ് വകഭേദങ്ങളുടെ ലഭ്യമായ ഘടന വിവരങ്ങള്‍ താരതമ്യം ചെയ്യുന്നതിലൂടെ മനസ്സിലാവുന്നത് SARS-CoV-2 ഉത്ഭവിച്ചത് സ്വാഭാവിക പ്രക്രിയകളിലൂടെയാണെന്നാണ്'' ആന്‍ഡേഴ്‌സണ്‍ പറയുന്നുു. അതുപോലെ യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ സമഗ്രമായ അവലോകനത്തിലും ഇതൊരു പുതിയ വൈറസാണെന്നും മനുഷ്യന് ഉണ്ടാക്കി എടുക്കാന്‍ പറ്റാത്തതാണ് ഇതിന്റെ സ്വഭാവമെന്നും സൂചിപ്പിക്കുന്നു.  

ഇത് മൃഗങ്ങളില്‍ നിന്നാണ് ഉല്‍ഭവിച്ചത് എന്ന് പറയപ്പെടുന്നു. വവ്വാല്‍, ഈനാംപേച്ചി എന്നിവയുടെ ശരീരത്തില്‍ കാണുന്ന കൊറോണ വൈറസുകളുമായി വളരെ സാമ്യമുള്ളതാണ് SARS-CoV-2. വൈറസിന്റെ ജനിതക ശ്രേണി പരിശോധിച്ചപ്പോള്‍ അതിന് വവ്വാലുകളുടെ ശരീരത്തില്‍ കാണുന്ന കൊറോണ വൈറസുമായി 96% സാമ്യമുണ്ടെന്ന് വെളിപ്പെടുകയും ചെയ്തു. എന്നിരുന്നാലും, വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരുന്നതായി അറിവില്ല. പിന്നെ അതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന് വവ്വാലില്‍ നിന്നും ഏതെങ്കിലും മൃഗങ്ങള്‍ക്കും, അവയില്‍ നിന്നും മനുഷ്യരിലേക്കും ഇത് പകര്‍ന്നിരിക്കാം എന്ന അനുമാനമാണ് ഇപ്പോള്‍ നമുക്കു മുന്നിലുള്ളത്.

വവ്വാലുകള്‍ കഴിഞ്ഞാല്‍ SARS-CoV-2 ന് സമാനമായ വൈറസ് ഈനാംപേച്ചിയിലാണ് കണ്ടെത്തിയിട്ടുള്ളത്. സമാനത കുറവാണെങ്കിലും, ഇവയിലുള്ള വൈറസുകള്‍ക്ക് മനുഷ്യരിലുള്ള കൊറോണ വൈറസിന് സമാനമായ സ്‌പൈക്ക് ജനിതകമുണ്ട്. വംശനാശഭീഷണി നേരിടുന്ന മൃഗമായ ഈനാംപേച്ചി പരമ്പരാഗത ചൈനീസ് വൈദ്യത്തില്‍ ഉപയോഗിക്കുന്നു. വൈറസ് ഉത്ഭവിച്ചതായി വിശ്വസിക്കപ്പെടുന്ന മാര്‍ക്കറ്റില്‍ ഇത് ഉണ്ടായിരിക്കാം. അങ്ങനെയെങ്കില്‍, ഇത് സ്വാഭാവിക പകര്‍ച്ചയാവാം എന്ന് ചിലര്‍ സംശയിക്കുന്നു. തുലെയ്ന്‍ സര്‍വകലാശാലയിലെ ഡോ. റോബര്‍ട്ട് ഗാരിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനം നേച്ചര്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍, പറയുന്നത് ഇങ്ങനെയാണ്: ''കൊവിഡ് മഹാമാരി ആരംഭിച്ചതിന് ശേഷമാണ് ഈനാംപേച്ചിയില്‍ മനുഷ്യര്‍ ഇത് കണ്ടെത്തിയത്. ഇത് ഒരു ലാബിലും ആര്‍ക്കും രൂപകല്‍പ്പന ചെയ്യാന്‍ കഴിയാത്ത സ്വാഭാവികമായ ഒന്നാണ്.''

ഇക്കാര്യങ്ങളിലൊക്കെ ഇപ്പോഴും അവ്യക്തതകള്‍ ബാക്കിയാണ്. കൊറോണ വൈറസിനെക്കുറിച്ച് ഇപ്പോഴും ഗവേഷണങ്ങള്‍ നടന്നുവരികയാണ്.  ആ സാഹചര്യത്തില്‍, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ മുറുകെപ്പിടിക്കാതിരിക്കുകയാവും ഉചിതം.