
2011 ലാണ് അബൂദാബിയില്‍ വരുന്നത്. സഹോദരന്‍ അനീസാണ് എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്. സഹോദരനെ കൊണ്ട് വന്നതാവട്ടെ, അവന്റെ രണ്ടു സുഹൃത്തുക്കളായ ഷരീഫും ഹംസയും. കരുവാരക്കുണ്ട് ദാറുന്നജാത് എന്ന അനാഥാലയത്തില്‍ 12 വര്‍ഷം ഒരുമിച്ചു പഠിച്ചവര്‍. ചെറുപ്പത്തില്‍ ഉപ്പ മരിച്ചത് കൊണ്ട് എന്നെയും ജ്യേഷ്ഠനെയും അനാഥലയത്തില്‍ കൊണ്ടാക്കുകയായിരുന്നു. ജ്യേഷ്ഠന്റെ കുട്ടുകാരുടെ അവസ്ഥയും അങ്ങനെ തന്നെ ആയിരുന്നു. ജീവിതത്തിന്റെ ബുദ്ധിമുട്ട് അറിയുന്നവര്‍ ആയത് കൊണ്ട് പരസ്പര സഹായത്തോടെ ആയിരുന്നു ഞങ്ങള്‍ കഴിഞ്ഞിരുന്നത്.
ഞങ്ങള്‍ എല്ലാവരും ഒരേ ഓഫീസില്‍ ആയിരുന്നു. അബൂദാബിയില്‍ വന്ന് ഒരുമാസം ആയപ്പോള്‍ റമദാന്‍ കാലം തുടങ്ങി. റമദാന്‍ ആയതിനാല്‍, ജോലി സമയം കുറവായിരുന്നു. രാവിലെ 9 മണിക്ക് തുടങ്ങിയാല്‍ മൂന്ന് മണിക്ക് ജോലി കഴിയും. ജോലി കഴിഞ്ഞ് ഞാന്‍ പെട്ടന്ന് റൂമിലേക്ക് പോയി.
നല്ല ചൂടുകാലം. റമദാന്‍ കഴിയാന്‍ വെറും ഒമ്പത് ദിവസം മാത്രം ബാക്കി. ഞാനന്ന് ജോലി കഴിഞ്ഞ ഉടന്‍ റൂമിലേക്ക് പോയി. അവര്‍ ഓഫീസില്‍ തന്നെയിരുന്നു. ജോലി കഴിഞ്ഞാലും കുറച്ചു കഴിഞ്ഞേ അവര്‍ ഇറങ്ങുമായിരുന്നുള്ളൂ.
ഉണര്‍ന്നപ്പോള്‍ അവരെ നോക്കി. കാണാനില്ല
മുറിയിലെത്തിയതും, ഞാന്‍ ഉറക്കത്തിലേക്ക് പോയി. ഞാനുറങ്ങുമ്പോള്‍ ആ ദുരന്തം സംഭവിച്ചു. ഒരു റോഡ് ആക്‌സിഡന്റ്. അബൂദബി-മുസ്സഫ റോഡില്‍ സഹോദരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ ട്രക്കുമായി ഇടിക്കുകയായിരുന്നു. ജ്യേഷ്ഠന്റെ സുഹൃത്തുക്കള്‍ അവിടെ വെച്ച് തന്നെ മരിച്ചു. എന്റെ സഹോദരന്‍ രക്ഷപ്പെട്ടു.
നല്ല ഉറക്കത്തിലായിരുന്നു ഞാന്‍. ഒന്നും അറിയാതെ. ഉണര്‍ന്നപ്പോള്‍ അവരെ നോക്കി. കാണാനില്ല .നോമ്പ് തുറക്കേണ്ട സമയമായിരുന്നു. അവര്‍ എത്തേണ്ട നേരം കഴിഞ്ഞു. എണീറ്റ് കുളി കഴിഞ്ഞ് പുറത്ത് ഇറങ്ങുമ്പോള്‍ പെട്ടെന്ന് റൂമിലേക്ക് ജ്യേഷ്ഠന്റെ രണ്ടു സുഹൃത്തുക്കള്‍ വന്നു. അവര്‍ എന്നെ നോക്കി ഒന്ന് ചിരിച്ചു. 'എല്ലാവരും ഓഫീസില്‍ നിന്ന്് വന്നില്ലേ. അവരെ കാണുന്നില്ലല്ലോ. ഫോണാണെങ്കില്‍ സ്വിച്ച്ഡ് ഓഫും'-ഞാന്‍ പറഞ്ഞു.
'അവര്‍ക്ക് എന്തേലും തിരക്കുണ്ടായിരിക്കും. കുറച്ചു കഴിഞ്ഞ് വന്നോളും. നീ നോമ്പ് തുറക്കാന്‍ ആകുമ്പോള്‍ ഇങ്ങോട്ട് വാ'-അവര്‍ പറഞ്ഞു.
നോമ്പുതുറക്കാനുള്ള സാധങ്ങള്‍ ഇവിടെയാണ്. എന്നിട്ടും അവരെന്ന നിര്‍ബന്ധിച്ച് അവരുടെ റൂമിലേക്ക് കൊണ്ടുപോയി. ഞാനപ്പോഴും ജ്യേഷ്ഠന്റെ ഫോണില്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴും സ്വിച്ച്ഡ് ഓഫ്!
ഞാനപ്പോഴും ജ്യേഷ്ഠന്റെ ഫോണില്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴും സ്വിച്ച്ഡ് ഓഫ്!
ഞാന്‍ വീണ്ടും അവരോട് ചോദിച്ചു -'അവര്‍ മൂന്നു പേരും എവിടെ പോയതാണ്? എന്തെങ്കിലും അറിയുമോ? '
'നീ പേടിക്കണ്ട, അവര്‍ വരും. ഒരു ചെറിയ അപകടം ഉണ്ടായിട്ടുണ്ട്. നോമ്പു തുറന്നു നമുക്ക് ആശുപത്രിയില്‍ പോവാം'-നിര്‍ത്തി നിര്‍ത്തി, മുഖത്തെ ഭാവമാറ്ര്‍ം മറച്ച് അവരില്‍ ഒരാള്‍ പറഞ്ഞു.
കേട്ട പാടെ ഞാന്‍ എണീറ്റു. ആകെ ഭയന്നു വിറക്കുന്നുണ്ടായിരുന്നു. 'എനിക്ക് ഭക്ഷണ്‍ം വേണ്ട' -ഞാന്‍ എണീറ്റു.
ഇവിടെ വാഹനത്തിന്റെ മിനിമം സ്പീഡ് 80-120 ആണ്. വാഹനം ഇടിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന് എല്ലാവര്‍ക്കും അറിയാം. കരച്ചിലടക്കാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ ആശുപ്രതിയിലേക്ക് പോകാന്‍ വാശിപിടിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ അവരെന്നെ അങ്ങോട്ട് കൊണ്ടുപോയി.
അവിടെ എത്തുമ്പോള്‍ അറിഞ്ഞു, ഷരീഫും ഹംസയും ഇനിയില്ല. ജ്യേഷ്ഠന്‍ രക്ഷപ്പെട്ടു'.
ഭാഷ അറിയില്ല . എന്നാലും ഞാന്‍ അവരോട് ചോദിക്കും. അവരെന്തൊക്കെയോ പറയും. പകുതി മനസ്സിലാവും. പകുതി മനസ്സിലാവില്ല. നിലവിളിയോടെ ഞാന്‍ കുട്ടുകാരുടെ അടുത്തുചെന്നു ചോദിക്കും'എന്താണ് ഡോക്ടര്‍ പറയുന്നത്. 'മൂന്നു ദിവസം കഴിഞ്ഞു പറയാം എന്നാണ് ഡോക്ടര്‍ പറയുന്നത്'-അവര്‍ പറഞ്ഞു.
എങ്ങനെയൊക്കെയോ പിറ്റേന്ന് രാവിലെയായി. ജ്യേഷ്ഠന്റെ അടുത്ത് ഞാന്‍ ചെന്നു. എന്നെ കണ്ടതും അവന്റെ കണ്ണ് നിറയാന്‍ തുടങ്ങി. ഞാന്‍ കണ്ണ് തുടച്ചു. നെറ്റിയില്‍ ഒരു മുത്തം കൊടുത്തു.
കുട്ടുകാര്‍ മരിച്ചത് അവനറിയില്ലായിരുന്നു
അവന്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങി. കുട്ടുകാര്‍ മരിച്ചത് അവനറിയില്ലായിരുന്നു. അവന്‍ അവരെ കുറിച്ച് ചോദിച്ചു. അവര്‍ താഴെ റൂമില്‍ ഉണ്ട്, പ്രശ്‌നമൊന്നുമി ല്ല' -എന്ന് കരച്ചില്‍ എങ്ങനെയോ മറച്ചുവെച്ച് ഞാന്‍ പറഞ്ഞു.
അവനറിഞ്ഞില്ല ആ വിവരം. 11 ദിവസം ആശുപത്രിയില്‍ കിടന്ന് ഒടുവില്‍ മുറിയില്‍ എത്തിയപ്പോള്‍ മാത്രം അവനറിഞ്ഞു, വര്‍ഷങ്ങളായി ഒപ്പമുള്ള പ്രിയപ്പെട്ട സുഹൃത്തുക്കള്‍ ഇനിയില്ല!
അവനാകെ തകര്‍ന്നുപോയിരുന്നു. അത്രയ്ക്ക് ആഴമുള്ള ബന്ധമായിരുന്നു അത്. ഞാനവനോട് വിവരമെല്ലാം പറഞ്ഞു. കരച്ചിലിലേക്ക് അവന്‍ അടര്‍ന്നു വീണു.
ഏറെ പണിപ്പെട്ടു, അവന്‍ ഒന്ന് നേരെയാവാന്‍. പിന്നെ ഞാന്‍ അവനുമായി നാട്ടിലേക്ക് പോന്നു. അതും കഴിഞ്ഞ്, എത്ര കാലമെടുത്തു, അവന്റെ ഉള്ളിലെ മുറിവ് ഉണങ്ങാന്‍. ഞാനിന്നും അതേ ഓഫീസിലാണ്. സഹോദരന്‍ അവിടെനിന്നും മാറി ഒരു സ്‌കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു.
മറക്കാനാവാത്ത ചിലതു കൂടി ഇവിടെ പറയേണ്ടതുണ്ട്. അത് ഒപ്പമുണ്ടായിരുന്ന മനുഷ്യരെ കുറിച്ചാണ്
ഉള്ളിലിപ്പോഴുമുണ്ട് ആ ദിവസങ്ങള്‍. ഒരിക്കലും മറക്കാനാവാത്ത ചിലതു കൂടി ഇവിടെ പറയേണ്ടതുണ്ട്. അത് ഒപ്പമുണ്ടായിരുന്ന മനുഷ്യരെ കുറിച്ചാണ്. ആ സമയങ്ങളില്‍ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നവരില്‍ പലരും അപരിചിതരായിരുന്നു. പല ഭാഷക്കാര്‍, പല മതക്കാര്‍, പല രാജ്യക്കാര്‍. മനുഷ്യപ്പറ്റ് മാത്രമായിരുന്നു, ആകെ തളര്‍ന്നുപോയ ഞങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത്. എല്ലാവര്‍ക്കുമിടയില്‍ ഒന്നുമാത്രം, സ്‌നേഹം. ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ അബൂദാബി ശാഖയും ഒരു പാട് സഹായിച്ചു. നിയമ തടസങ്ങള്‍ നീക്കാനും സാമ്പത്തികമായും ശാരീരികമായും സഹായിക്കാനുമെല്ലാം അവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രവാസി എന്ന അവസ്ഥയാവണം, അന്യരാജ്യത്ത്, ഒരു പരിചയമില്ലാത്തവരെ പോലും സഹായിക്കാന്‍ നമുക്ക് കരുത്തുനല്‍കുന്നത്.
