Asianet News MalayalamAsianet News Malayalam

പിന്നീടൊരിക്കലും ഇക്ക എന്നോട് പഴയതു പോലെ പെരുമാറിയില്ല

എന്റെ ഉള്ളിലെ അഹങ്കാരം പുറത്തു വരുന്നത് ഞാന്‍ പോലും അറിഞ്ഞില്ല. അഞ്ചക്ക സംഖ്യ ശമ്പളം മേടിക്കുന്ന ഞാന്‍ മദ്യപിച്ചാല്‍ ആരുണ്ട്‌ ചോദിക്കാന്‍, ആരറിയാന്‍, തൃശ്ശൂര്‍ക്കാരന്‍ സുഹൃത്തിനൊപ്പം ബിയറില്‍ തുടങ്ങി. മതിവരുവോളം ബിയര്‍  അകത്താക്കി. ഒടുവില്‍ സുഹൃത്ത് ചർദ്ദിച്ചു തുടങ്ങിയപ്പോള്‍ പാര്‍ട്ടി മതിയാക്കി അവനെയും താങ്ങി റൂമിലേക്ക്‌. റൂമിലെത്തിയിട്ടും സുഹൃത്തിന്റെ ചര്‍ദ്ദി അവസാനിച്ചില്ല. 

deshantharam emil philip
Author
Thiruvananthapuram, First Published Feb 7, 2019, 2:33 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam emil philip

കുന്നോളം സ്വപ്നങ്ങളും ആയാണ് ഇരുപത്തൊന്നാം വയസില്‍ ദുബായിയില്‍ പ്രവാസി ജീവിതം ആരംഭിച്ചത്. അവിടെയെത്തി ഒരാഴ്ചക്കുള്ളില്‍ തന്നെ പ്രവാസിയുടെ എല്ലാ ദുരിതങ്ങളും തൊട്ടറിഞ്ഞു. തിരിച്ചു പോരാന്‍ ആഗ്രഹിച്ചു. കേരളത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ യൂണിയന്‍ ജോലിക്കാരെ അവിടെ കൊണ്ടുപോയി ജോലി ചെയ്യിച്ചാല്‍ എങ്ങനെയിരിക്കുമെന്നു ഊഹിച്ചു. അറബികള്‍, ഫിലിപ്പിനോകള്‍, ശ്രീലങ്കന്‍സ് തുടങ്ങിയ രാജ്യക്കരുമോക്കെയായി ഒത്തുപോകാന്‍ കേരളത്തിനു പുറത്തു പോലും പോയി ജീവിത അനുഭവമില്ലാത്ത, മലയാളമല്ലാതെ മറ്റൊരു ഭാഷയും വായില്‍ വരാത്ത ഞാന്‍ നന്നേ ക്ലേശിച്ചു.

എല്ലാവരും ആഘോഷ തിമിര്‍പ്പിലായിരുന്നു

അന്നൊക്കെ വാക്കുകളാല്‍ എനിക്കു സാന്ത്വനം തന്നത് മലപ്പുറംകാരന്‍ ഒരു  ഇക്ക ആയിരുന്നു. പതിനെട്ടാം വയസില്‍ ദുബായില്‍ എത്തിയ ഇക്കയ്ക്ക് ഇരുപത്തൊമ്പതു വര്‍ഷത്തെ പ്രവാസി ജീവിതത്തിന്‍റെ അനുഭവ കഥ പറയാനുണ്ടായിരുന്നു. തനിക്ക് താഴെ അഞ്ചു പെങ്ങന്‍മാരെ കെട്ടിച്ചയക്കുക എന്ന വലിയ പ്രാരാബ്ധം ഇക്കയ്ക്കുണ്ടായിരുന്നു. ഇക്ക എനിക്കു ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. പ്രവാസി ജീവിതത്തെക്കുറിച്ച്, സ്വന്തം അനുഭവങ്ങളെക്കുറിച്ച്, അറബികളെക്കുറിച്ച്, ഫിലിപ്പിനോകളെ കുറിച്ച്, ദേരാ ദുബായിയെ ക്കുറിച്ച്, ഇസ്ലാം മതത്തെ ക്കുറിച്ച്, സത്യത്തില്‍ ഇക്ക എനിക്കൊരു ഏട്ടനായിരുന്നു. അഞ്ചു നേരം നിസ്ക്കരിക്കുന്ന നല്ലൊരു മുസ്ലിം സഹോദരന്‍.

ദുബായിലെ എന്റെ ആദ്യത്തെ ന്യൂ ഇയര്‍... ശരിക്കും എന്നെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു. ശീതികരിച്ച വലിയ ഓഡിറ്റോറിയത്തില്‍ സ്റ്റാഫിന് നല്‍കിയ ലക്ഷങ്ങള്‍ ചിലവഴിച്ചുള്ള ന്യൂ ഇയര്‍ പാര്‍ട്ടി. അറബിക് സുന്ദരിമാരുടെ മാദക നൃത്തവും, വിലയേറിയ ഭക്ഷണവും പാനീയങ്ങളും, ഫൈന്‍ ഡൈനിങ്ങ്‌ ടേബിള്‍ സെറ്റപ്പും... എനിക്കു ശരിക്കും ആശ്ചര്യം തോന്നി. സ്റ്റാഫിന്, ഇത്രയും നല്‍കുന്ന മാനേജ്മെന്റിനോട് ആദരവും. എല്ലാവരും ആഘോഷ തിമിര്‍പ്പിലായിരുന്നു. കൂടെയുള്ള ഇന്ത്യക്കാരെല്ലാം നിയന്ത്രണം ഇല്ലാതെ കിട്ടുന്ന വില കൂടിയ  മദ്യം  ഒന്നടങ്കം അകത്താക്കുന്ന തിരക്കിലായിരുന്നു. ഞാന്‍ മാത്രം ഒന്നിലും പെടാതെ കുറച്ചു നേരം അകന്നു നിന്നു. പിന്നീട് മനസില്ലായി സ്ത്രീകളും, എന്നെപ്പോലുള്ള പുതിയ മലയാളികളും ഒക്കെ മദ്യപിച്ചാണ് നൃത്തം വയ്ക്കുന്നതെന്ന്. 

എന്റെ ഉള്ളിലെ അഹങ്കാരം പുറത്തു വരുന്നത് ഞാന്‍ പോലും അറിഞ്ഞില്ല. അഞ്ചക്ക സംഖ്യ ശമ്പളം മേടിക്കുന്ന ഞാന്‍ മദ്യപിച്ചാല്‍ ആരുണ്ട്‌ ചോദിക്കാന്‍, ആരറിയാന്‍, തൃശ്ശൂര്‍ക്കാരന്‍ സുഹൃത്തിനൊപ്പം ബിയറില്‍ തുടങ്ങി. മതിവരുവോളം ബിയര്‍  അകത്താക്കി. ഒടുവില്‍ സുഹൃത്ത് ചർദ്ദിച്ചു തുടങ്ങിയപ്പോള്‍ പാര്‍ട്ടി മതിയാക്കി അവനെയും താങ്ങി റൂമിലേക്ക്‌. റൂമിലെത്തിയിട്ടും സുഹൃത്തിന്റെ ചര്‍ദ്ദി അവസാനിച്ചില്ല. പാര്‍ട്ടി കഴിയാതെ പോരേണ്ടി വന്നതില്‍ ആരോടൊക്കെയോ ദേഷ്യം വന്നു. ജോലി കഴിഞ്ഞു ക്ഷീണിച്ചു വന്നു പാര്‍ട്ടി പോലും വേണ്ടാന്ന് വച്ച് തളര്‍ന്നുറങ്ങുന്ന ഇക്കയോടായി ദേഷ്യം തീര്‍ക്കല്‍. സുബോധം നഷ്ടപ്പെട്ട ഞാന്‍ ഇക്കയെ പുലഭ്യം പറഞ്ഞു തുടങ്ങി. അദേഹം ഒന്നും കേള്‍ക്കാതെ ഉറങ്ങി... അല്ല ഉറക്കം നടിച്ചു.

എന്റെ  ആദ്യത്തെയും, അവസാനത്തെയും മദ്യപാനം അതായിരുന്നു

തനിച്ചു പറഞ്ഞു മടുത്തപ്പോള്‍ ഇക്ക കിടക്കുന്ന ബെഡ്ഡിനു മുകളില്‍ എങ്ങനെയോ വലിഞ്ഞു കയറിക്കിടന്നു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ ഞാനും ചർദ്ദിച്ചു തുടങ്ങി. താഴെ കിടന്നുറങ്ങുന്ന ഇക്കയുടെ ശരീരത്തിലേക്ക്. ജോലി കഴിഞ്ഞു റൂമിലെത്തിയ മറ്റു സുഹൃത്തുക്കള്‍ എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചു തലയില്‍ വെള്ളം കോരി ഒഴിച്ച് കുളിപ്പിച്ചു. നേരം പുലര്‍ന്നു. എപ്പോഴോ ഉറക്കം തെളിഞ്ഞ് എണീറ്റപ്പോള്‍ ഞാന്‍ കണ്ടു. ഞാന്‍ ചർദ്ദിച്ചു വൃത്തികെടാക്കിയ റൂം ഇക്ക കഴുകി വൃത്തിയാക്കുന്നത്. എന്റെ ബെഡ്ഷീറ്റും, ബ്ലാങ്കറ്റും, വരെ അദ്ദേഹം കഴുകാനായി കൊടുത്തു. അദേഹം എന്നെ ഒന്ന് ശകാരിച്ചെങ്കില്‍... എന്നെ ഒന്ന് തല്ലിയിരുന്നെങ്കില്‍... എന്നൊക്കെ ഞാന്‍ ആഗ്രഹിച്ചു. എന്റെ പ്രതീക്ഷകള്‍ എല്ലാം തകര്‍ന്നു. അദേഹം ജോലിക്കുപോകാനായി ഒരുങ്ങി. പോകുന്നതിനു മുമ്പ് തിരിഞ്ഞു നിന്നു, "എന്ത് പറ്റി കുട്ടീ നിനക്ക്? നീ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ" എന്നു മാത്രം പറഞ്ഞു.

പിന്നീടൊരിക്കലും ഇക്ക ആ പഴയ ഇക്ക ആയില്ല എനിക്ക്. അനുഭവങ്ങള്‍ പറഞ്ഞു തന്നില്ല. എന്നെ സാന്ത്വനിപ്പിച്ചില്ല.  എനിക്ക് നഷ്ടമായത് ഒരു ജ്യേഷ്ഠ സഹോദരനെയായിരുന്നു. പിന്നീടൊരിക്കലും ഞാന്‍ മദ്യപിച്ചിട്ടില്ല. എന്റെ  ആദ്യത്തെയും, അവസാനത്തെയും മദ്യപാനം അതായിരുന്നു. അല്ലെങ്കിലും മനുഷ്യ ബന്ധങ്ങള്‍ അറുത്തു മാറ്റുന്ന ഈ കയ്പ്പുനീര്‍ എനിക്കെന്തിന്...

Follow Us:
Download App:
  • android
  • ios