എന്നിട്ടും ഞാനറിഞ്ഞില്ല അവന്റെ മരണം!

First Published 10, Apr 2018, 9:13 PM IST
Deshantharam Joby Kulappuraykkal
Highlights
  • ദേശാന്തരത്തില്‍ ജോബി കുളപ്പുരയ്ക്കല്‍

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

അവന്‍ കഴിഞ്ഞ ഒരു മാസക്കാലമായി എന്നും എന്നോട് പറയും,  'ഡാ എനിക്കു നടുവേദന എടുക്കുന്നെടാ. വയറിനുള്ളില്‍ എന്തോ ഒരു ഭാരം.നട്ടെല്ലിന്റെ അവിടെ തൊടാന്‍ പറ്റുന്നില്ല. വല്ലാത്തൊരു  വേദന്'
 
ആദ്യമാദ്യം ഞാന്‍ അവനെ ഗ്യാസ് ആണെന്നു പറഞ്ഞു സമാധാനിപ്പിച്ചു.

പിന്നെ പിന്നെ വട്ടു കാണിക്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അവനോടു തട്ടിക്കയറുംഏ 'എടാ കോപ്പാ നിനക്കെന്നാത്തിന്റെ വേദനയാ. ഓരോ ദിവസവും ഓരോ വേദനയുമായിട്ടു ഇറങ്ങി കൊള്ളും, മനുഷ്യനെ മെനക്കെടുത്താനായിട്ട്'-ഞാന്‍ എന്തൊക്കെയോ പറഞ്ഞു അവന്റെ വേദനകള്‍ എന്നും  നിസ്സാരമാക്കി കാണിച്ചു. 

മറ്റൊന്നും കൊണ്ടല്ലാ അവന് എന്തെങ്കിലും കണ്ടാല്‍ പിന്നെ ഒടുക്കത്തെ സംശയം, ടെന്‍ഷന്‍, അവസാനം വട്ടു കാണിക്കുക ഇതൊക്കെ പതിവാണ്. കുറെ നാള്‍ ആയി ഇത് ഞാന്‍ കാണാന്‍ തുടങ്ങിയിട്ട്.

ഞാന്‍ അവനെ എന്ത് പറഞ്ഞാലും അവനു വിഷമം ഒന്നുമില്ലാരുന്നു. കാരണം എന്റെ പ്രകൃതം അങ്ങനെ ആണ്. എന്ത് പറഞ്ഞാലും തര്‍ക്കുത്തരമേ പറയൂ. എനിക്കെല്ലാം തമാശയാണ്. ടെന്‍ഷന്‍ അടിക്കുന്നത് എനിക്കിഷ്ടമല്ല. 

എനിക്കൊരു കെട്ടിയോള്‍ ഉള്ളതും കണക്കാ, ചിന്നു. അവളും എന്റെ  കൂടെ കൂടി അവനെ കളിയാക്കും. കുഞ്ഞായതില്‍ പിന്നെ, അവള്‍ ജോലിക്കു പോകുന്നില്ലാ. അതു കൊണ്ടു ചുമ്മാതിരുന്നു ജിനുവിനെയും  എന്നേം, മാറിയും കയറിയും ചൊറിയും. അതവള്‍ക്കൊരു രസമാണ്. ആരു ഗോള്‍ അടിച്ചാലും, കൈ കൊട്ടി ചിരിക്കുക ഞങ്ങളുടെ ഇടയില്‍ പതിവാണ്.

അവന്‍  ആണേ എന്നും വൈകിട്ട് കുഞ്ഞിനെ കളിപ്പിക്കാന്‍ എന്റെ ഫ്‌ളാറ്റില്‍ പതിവായി വരുമായിരുന്നു. അവനതൊരു രസമായിരുന്നു. കൊച്ചു മുള്ളിയാല്‍ കൊച്ചിന്റെ അപ്പനും അമ്മയും ആയ ഞങ്ങള്‍ ആധികാരികമായിട്ടു തന്നെ പറയും, 'ഡാ കൊച്ചു മുള്ളിയത് കണ്ടില്ലേ, നിനക്ക് പിന്നെ തുടച്ചാല്‍ എന്നാ...' 

അതേ, ഞങ്ങള്‍ക്കവനോട് അങ്ങനെ തന്നെ പറയാന്‍ അധികാരം ഉണ്ട്, കാരണം ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹ ബന്ധം അങ്ങനെ ആണ്...

കഴിഞ്ഞ ഒരാഴ്ചയായി അവനു നടു വേദന കൂടി കൂടി വരുന്നുണ്ട്. അവന്‍ വീണ്ടും എന്നോടും, ചിന്നൂനോടും അവന്റെ  ബുദ്ധിമുട്ടു പറഞ്ഞു. ഞാന്‍ പറഞ്ഞു നീ ഇങ്ങനെ കുത്തി ഇരുന്നു ജോലി ചെയ്യുന്ന കൊണ്ടാണ്. നീ ഇടയ്ക്കു എണീറ്റു നടക്കു... എല്ലാം ശരിയാകും....

അവന്‍ ആശുപത്രിയില്‍ പോകാന്‍ മടി കാണിക്കുന്നത് കയ്യില്‍ മെഡിക്കല്‍ കാര്‍ഡ് ഇല്ലാത്ത കൊണ്ടാണ്.  ചെന്നാല്‍ ഉറപ്പാ, ആയിരം ദിര്‍ഹംസ് പൊട്ടും. അതു കളയണ്ട എന്നു വെച്ചാണ്, അവനും മടി കാണിക്കുന്നത്. എന്റെ വരുമാനവും അവനറിയാം, പോരാത്തതിന് അവന്‍ അടുത്ത മാസം നാട്ടിലും പോകുന്നുണ്ട്. അപ്പോള്‍ പിന്നെ നീ അവിടെ കാണിക്കാടാ എന്നു ഞാനും പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി അവനു നടു വേദന കൂടി കൂടി വരുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ച കാലം അവന്‍ എന്റെ വീട്ടില്‍ വന്നിരുന്നില്ല.. അവനെ കാണാഞ്ഞിട്ടു ഞാന്‍ രണ്ടു തവണ അവന്റെ അടുക്കല്‍ പോയിരുന്നു. ചെന്നപ്പോള്‍ ഇല്ലാത്ത വേദനയും പറഞ്ഞു ആകെ ടെന്‍ഷന്‍ അടിച്ചു കോലംകെട്ട അവസ്ഥ ആയിരുന്നു. ഞാന്‍ അവന്റെ വട്ടു കണ്ടു കുറെ തെറിയും പറഞ്ഞിട്ടു തിരിച്ചു പോന്നു. നീ ഓരോ വീഡിയോയും കണ്ടിട്ടു, നെഞ്ചത്തു വേദന ആണെന്ന് പറഞ്ഞു ഇരുന്നോ. ഇനി ഇല്ലാത്ത ടെന്‍ഷന്‍ അടിച്ചു അതും ഇതും വരുത്തി വയ്ക്കണ്ടാ.

ചിന്നു ആണെങ്കില്‍ എന്നും അവനു വാട്‌സാപ്പില്‍ വോയിസ് മെസേജ് അയക്കും, 'ഡാ നിന്റെ ചങ്കു പൊട്ടിയോ... പൊട്ടുമ്പോള്‍ പറയണേ' എന്നൊക്കെ.  ഇതു കേള്‍ക്കുമ്പോള്‍ അവന്‍ ചിരി സ്‌മൈലികള്‍ തിരിച്ചു അയച്ചു തരും, അവനു ഞങ്ങള്‍ ചങ്ങാതിമാര്‍ എന്നു പറഞ്ഞാല്‍ ദുഃഖത്തിലും പൊട്ടി ചിരിപ്പിക്കുന്ന രണ്ടു ചങ്ങാതിമാരായിരുന്നു. ഞങ്ങള്‍ ആയിരുന്നു അവന്റെ ലോകം... 

ഇന്നലെ ഉച്ച ആയപ്പോള്‍ അവന്‍ എന്നെ വിളിച്ചു പറഞ്ഞു, ഡാ, എനിക്ക് വല്ലാത്ത വേദന, മുകളിലോട്ടു ഉരുണ്ടു കയറുന്നു. പൊതുവെ തണുപ്പുള്ള  എന്റെ ശരീരം വല്ലാതെ ചൂടാകുന്നു.. ഒപ്പം വിയര്‍ക്കുന്നുമുണ്ട്, എനിക്ക് വല്ലാത്ത ഭയം. ഡാ ഓഫീസില്‍ പറഞ്ഞു ഞാന്‍ നേരത്തെ ഇറങ്ങി... റൂമില്‍ ഉണ്ട്... 

'ഡാ, നീ പെട്ടെന്ന് വാ ഇങ്ങോട്ടു,  എനിക്കു തീരെ വയ്യാ... അല്ലേ ഞാന്‍ നിന്റെ റൂമിലോട്ടു വരാം'.

ഞാന്‍ അവനോടു എന്റെ വീട്ടിലോട്ടു ചെല്ലാന്‍ പറഞ്ഞു, അവള്‍ അവിടെ ഉണ്ട്.. ഞാന്‍ കുറച്ചു കഴിഞ്ഞു വരാം..  അവനവിടെ  ചെന്നപ്പോള്‍, ചിന്നു ചായ ഇട്ടു കൊടുത്തു.  ഉണ്ണിക്കുട്ടനെ ചിരിച്ചു കാണിച്ചതല്ലാതെ അവന്‍ എടുക്കാന്‍ ശ്രമിച്ചില്ല. സാധാരണ അങ്ങനെ അല്ല. 

അവന്‍ ചിന്നുനോട് തീരെ വയ്യാന്നു പറഞ്ഞപ്പോള്‍, അവള്‍ അവനു മൂവ് കൊണ്ടു കൊടുത്തിട്ടു പറഞ്ഞു, ഡാ നീ ഇതു തൂക്കൂ, ഞാന്‍ വെള്ളം ചൂടാക്കി തരാം. ചൂടു വെക്കുമ്പോള്‍ മാറിക്കോളും. അങ്ങനെ രണ്ടു ട്രിപ്പ് ചൂടു പിടിച്ചു കഴിഞ്ഞിട്ടും, ഞാന്‍  എത്തിയിരുന്നില്ല. 

അവന്‍ ചിന്നൂനോടു പറഞ്ഞു... 'ഡീ ഞാന്‍ ആശുപത്രിയില്‍ പോവാ.. അവനോടു അങ്ങോട്ടു വരാന്‍ പറഞ്ഞാ മതി' അവന്‍  ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കേറി വന്നു. 'ഞാനും വരാം... നീ നില്ല്, ഞാനൊരു ചായ കുടിക്കട്ടെ' 

ഞാനൊരു ചായ കുടിച്ചു. വീട്ടില്‍ വിളിച്ചു. തുണി കഴുകാന്‍ ഇട്ടു. സമയം രണ്ടു മണിക്കൂര്‍ കൂടി പിന്നിട്ടു. ഞാന്‍ പലതും പറഞ്ഞു ആശുപത്രി യാത്ര ഒഴിവാക്കാന്‍ നോക്കി. ഞങ്ങള്‍ രണ്ടാളും അവനെ  കുറെ തെറി പറഞ്ഞു പോകാതിരിക്കാന്‍. എന്റെ കയ്യില്‍ കാശില്ലാ. കൂടുതല്‍ വന്നാല്‍ ഞാന്‍ തരില്ല എന്നും  ഞാന്‍ പറഞ്ഞു. അവന്‍ എല്ലാം മൂളി. 

അവസാനം ഞാന്‍ പറഞ്ഞു നിന്റെ വേദന ആശുപത്രിയില്‍ പോയാല്‍ മാറുമെങ്കില്‍ ഞാന്‍ വരാം, പോയി ക്യാഷ് കൊടുത്തു കഴിയുമ്പോള്‍ നിന്റെ ആ വലിയ സൂക്കേട് അങ്ങ് മാറും. 

അങ്ങനെ ഞങ്ങള്‍ പുറത്തേക്കിറങ്ങി, നേരെ എതിര്‍ വശത്ത് ഒരു പ്രൈവറ്റ് ഹോസ്പിറ്റല്‍ ഉണ്ട്.. അവിടെ ചെന്നു ചീട്ടെടുത്തപ്പോള്‍ നൂറ്റി അഞ്ചു ദിര്‍ഹംസ്. 

ഡോക്ടറെ കാണാന്‍ അകത്തു ചെന്നു, ഡോക്ടര്‍ പരിശോധിക്കാന്‍ തുടങ്ങി. പുള്ളി നോക്കിയിട്ടു കുഴപ്പം ഒന്നുമില്ല, അവന്‍ എല്ലാ വിഷമങ്ങളും ഡോക്ടറോട് പറഞ്ഞു. 

അവനു കുഴപ്പം ഒന്നുമില്ലെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍, ഞാന്‍ ഡോക്ടറോട് പറഞ്ഞു. ഡോക്ടറെ ഇവന്‍ എന്തൊക്കെയോ വീഡിയോ കണ്ടു ടെന്‍ഷന്‍ അടിച്ചതാ, ഇവനു കുഴപ്പം ഒന്നുമില്ലാ. ഇവനെ ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കൊല്ലം കുറെ ആയി. ഡോക്ടറും പറഞ്ഞു, എനിക്കും അതു തന്നെ ആണു തോന്നുന്നത്..

എന്താലും വന്നതല്ലേ എന്നു കരുതി, ഡോക്ടര്‍  മരുന്നുകള്‍ കുറിക്കാന്‍ തുടങ്ങിയപ്പോള്‍ ഹെല്‍ത്ത് കാര്‍ഡ് ഇല്ലാ എന്നു പറഞ്ഞു. സാംപിള്‍ മെഡിസിന്‍ ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. അറിയാവുന്ന സാഹിത്യവും, ഭാഷയും എല്ലാം വച്ചു ഡോക്ടറെ ചാക്കിലാക്കി, മൂപ്പരു പത്തനംതിട്ടക്കാരന്‍, നമ്മളു അയിലോക്കക്കാരല്ലേ എന്നു പറഞ്ഞു പുള്ളി കുറച്ചു മരുന്നു തന്നു വിട്ടു. 

നേരെ എന്റെ റൂമിലേക്ക്, ചെന്നപാടെ ഞാന്‍ ചിന്നൂനോട് പറഞ്ഞു. ഡീ ഡോക്ടര്‍ പറയുവാ ഇമ്മാതിരി സൂക്കേടു കൊണ്ടു ഇനി ഇങ്ങോട്ടു വരരുതെന്ന്. ഞാനും ചിന്നുവും കൂടി ഇല്ലാത്ത പലതും പറഞ്ഞു കളിയാക്കല്‍ തുടങ്ങി. അവന്‍ പതിയെ ഒന്നും പറയാതെ പുറത്തേക്കും നീങ്ങി. 

പിന്നീടുള്ള കഥകള്‍ ഞാന്‍ അറിയുന്നത് ഒരു മരപ്പെട്ടി നാട്ടിലോട്ട് കൊണ്ടുപോകാന്‍ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തി ആയപ്പോഴാണ്. 

അവന്‍ ഗുഡ് നൈറ്റ് പറഞ്ഞു പുറത്തിറങ്ങി, ഒരു റോഡു ക്രോസ് ചെയ്തു രണ്ടു ഫ്‌ളാറ്റുകള്‍ക്ക് ഇടയിലേക്ക് നടന്നപ്പോള്‍, അവന്റെ  കണ്ണു കാണാന്‍ മേലാതായി. വനു തലവേദന കൂടുമ്പോള്‍ അങ്ങനെ ഉണ്ടാകാറുണ്ട്. പലപ്പോഴും ടെന്‍ഷന്‍ അടിച്ചാല്‍ മൈഗ്രൈന്‍ കൂടി ഇങ്ങനെ സംഭവിക്കാറുണ്ട്. ഇപ്പോള്‍ അവനു അങ്ങനെ വന്നിട്ട് കുറെ നാള്‍ ആയി. ആ അസുഖം അവനെ വിട്ടു പോയതാണ്. 

അവന്‍ ബോധവും കാഴ്ചയും നഷ്ടപ്പെട്ടു  ഇടതു വശത്തേക്കു നടന്നു നീങ്ങി. പെട്ടന്നവന്‍ താഴെ വീണു. നേരെ ചെന്നു വീണത് ഒരു ഹോട്ടലിന്റെ പാചകമുറിയുടെ സൈഡില്‍ ഇരുന്നു, കിഴങ്ങു പൊളിക്കുന്ന ബംഗാളി പയ്യന്റെ കയ്യിലേക്ക്. അവന്റെ കയ്യില്‍ ഇരുന്ന കത്തി അവന്റെ പുറത്തു മുറിവുണ്ടാക്കി. പോരാത്തതിനു അവന്റെ  തലയിലെ ഞരമ്പു പൊട്ടി മൂക്കിലൂടേം വായിലൂടേം ചോര...

ആരൊക്കെയോ അവനെ വന്നു നോക്കുന്നുണ്ട്. ആരും അവനെ ആശുപത്രിയില്‍ കൊണ്ടു പോയില്ലാ. എല്ലാരും ഭയന്നു മാറി നില്‍ക്കുന്നു. ഈ നാട്ടിലെ നിയമങ്ങള്‍ അങ്ങനെ ആണല്ലോ. എങ്ങനെയോ ആരോ പോലീസിനെ അറിയിച്ചു,  അവര്‍ അവനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിനോടകം തന്നെ അവന്റെ കാര്യം തീരുമാനം ആയിരുന്നു.
 
പോക്കറ്റില്‍ ഇരുന്ന എമിറേറ്റ്‌സ് ഐ ഡി വച്ചു, അവന്റെ കമ്പനിയുടെ ഡീറ്റെയില്‍സ് എടുത്തു, അവന്റെ മൊതലാളിയോടു കാര്യങ്ങള്‍ പറഞ്ഞു. പുള്ളി ആകെ ഷോക്ക് ആയി പോയി. പുള്ളി അവന്റെ നാട്ടുകാരനാണ്. അവന്റെ വീട്ടുകാരെ നന്നായി അറിയാം. അവന്‍  കുറച്ചു ദിവസം മുന്നേ എനിക്കു വയ്യാ, ലീവ് നേരത്തെ തരാമോന്നു  ചോദിച്ചതാണ്. പുള്ളി കൊടുത്തിരുന്നില്ലാ.

പുള്ളിക്ക് അവന്റെ വീട്ടില്‍ വിളിച്ചു പറയാന്‍ ധൈര്യം ഇല്ലാ. പുള്ളി പുള്ളിയുടെ അനുജനോടു പറഞ്ഞു കാര്യങ്ങള്‍. അനുജന്‍ വീട്ടില്‍ ഉള്ളവരോടു കാര്യങ്ങള്‍ പറഞ്ഞു. ആ രഹസ്യം പതിയെ പതിയെ അവന്റെ നാടാകെ പരന്നു...

ഇതിനിടയില്‍ ചിന്നുവും ഞാനും, അവന്‍ ഫോണ്‍ എടുക്കാത്തതു കൊണ്ട് പല  മെസേജുകളും വാട്‌സ്ആപ്പില്‍ അയക്കുന്നുണ്ട്.. പക്ഷേ അപ്പോഴും ഞങ്ങള്‍ അറിഞ്ഞില്ല, അവന്‍ ഞങ്ങളെ വിട്ടു പോയ കാര്യം. 

അവന്‍ എപ്പോഴും ഇങ്ങോട്ടു ഓടി ഓടി വരും. എന്ത് പറഞ്ഞാലും ഞങ്ങള്‍ക്കിടയില്‍ തമാശ ആണ്. ജോലിയും കഴിഞ്ഞു വീട്ടില്‍ വന്നാല്‍പിന്നെ ഞാന്‍ കൊച്ചിനെ കളിപ്പിച്ചിരിക്കും. അവന്‍ ഒറ്റയ്ക്ക് ആയതു കൊണ്ട് എപ്പോഴും മെസേജ് അയക്കും. അവനു തലയ്ക്കു വട്ടു കേറിയാല്‍ പിന്നെ അത് മാറുന്നതു വരെ ഒരു അനക്കവും കാണില്ല. അതാണ് അവന്റെ ശൈലി. ഞാനവന്റെ കാര്യം ആണേല്‍ പിന്നീട് തിരക്കാനും വിട്ടു പോയി. 

അവന്‍ ഗുഡ് നൈറ്റ് പറഞ്ഞു പുറത്തിറങ്ങി, ഒരു റോഡു ക്രോസ് ചെയ്തു

പിറ്റേന്നും ഞാനവനെ വിളിച്ചിട്ടു എടുക്കാഞ്ഞകൊണ്ടു, എടാ മണ്ടാ നീ ചത്തോ അതോ ജീവനോടെ ഉണ്ടോടാ എന്നു ചോദിച്ചു മെസ്സേജ് അയച്ചു..  മറുപടി ഒന്നും  കിട്ടാത്ത കൊണ്ട് ഞാന്‍ വീണ്ടും ജോലിയില്‍ മുഴുകി. 

എന്റെ അമ്മായിയെ കെട്ടിച്ചേക്കുന്നത് അവന്റെ വീടിനടുത്താണ്.  ഞാന്‍  എല്ലാം അറിഞ്ഞു കാണും എന്നു കരുതി, എന്റെ അമ്മേനെ കൊണ്ടു അമ്മായി വിളിപ്പിച്ചു കാര്യം തിരക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ ഞാന്‍  ഫോണ്‍ കട്ട് ചെയ്തു കളഞ്ഞു. ഓഫീസില്‍ മറ്റു ഫോണ്‍ എടുക്കാന്‍ പറ്റില്ലാ അതു കൊണ്ടാണ്, പിന്നേം വിളിച്ചപ്പോള്‍ എടുത്തിട്ട്  അമ്മേനെ രണ്ടു തെറി പറഞ്ഞു, മേലാല്‍ ഓഫീസ് ടൈമില്‍ വിളിക്കരുത്...

അമ്മ എന്തൊക്കെയോ കാര്യം പറഞ്ഞു തീരുന്നതിനു മുന്നേ ഞാന്‍ ഫോണ്‍ കട്ട് ആക്കി. ചിന്നു വിളിച്ചിട്ടും അവന്‍ ഫോണ്‍ എടുക്കാത്തത് കൊണ്ട് അവനു  മെസ്സേജ് അയച്ചു, ഡാ പൊട്ടാ നീ എന്നാ ഫോണ്‍ എടുക്കാത്തത്. നീ ചത്തിട്ടു വേണം എനിക്കു നാട്ടില്‍ പോകാന്‍. ഹലോ.. ഹലോ... റിപ്ലൈ മി..... ഹലോ മിസ്റ്റര്‍ ...  അവള്‍ എന്തൊക്കെയോ കുത്തി കുറിച്ചു....

അവന്‍ ഇടയ്ക്കിടയ്ക്ക് മരണത്തെ പറ്റി പറയുന്നത് കൊണ്ട് ഞങ്ങള്‍ എന്നും അത് പറഞ്ഞു കളിയാക്കുമായിരുന്നു.....

പിന്നാലെ, എനിക്ക് നാട്ടില്‍ നിന്നു പല കോളുകളും വരാന്‍ തുടങ്ങി. എന്തോ പന്തികേടു തോന്നി. എന്താലും അമ്മയ്ക്ക് കുഴപ്പം ഇല്ലല്ലോ, അമ്മ അല്ലേ എന്നെ മുന്നേ വിളിച്ചേ, ആറു മണി കഴിഞ്ഞു തിരിച്ചു വിളിക്കാം.

അപ്പോഴാണ് ഞാന്‍ ഫേസ്ബുക്കില്‍ ആ ചിത്രം കണ്ടത്, പ്രിയ സുഹൃത്തിനു ആദരാഞ്ജലികള്‍... ഇട്ടിരിക്കുന്നത് ഞങ്ങടെ രണ്ടാളുടേം ചങ്കു ബ്രോ ജിജോ. ഞാന്‍ താഴെ കമന്റ് ഇട്ടു... തെമ്മാടിത്തരം കാണിക്കുന്നോടാ &%#@#$ മോനെ, നിന്റെവീട്ടില്‍ ഉള്ളവര്‍ ആണേ ഇങ്ങനെ ചെയ്യുമോ.ഞാന്‍ കുറെ എന്തൊക്കെയോ തെറികള്‍ താഴെ എഴുതി പിടിപ്പിച്ചു...

ഡാ, അവന്‍ അപ്പോള്‍ മരിച്ചില്ലേ, നാട്ടില്‍ എല്ലാരും മരിച്ചെന്നു പറഞ്ഞു ഫ്‌ളക്‌സ് വെച്ചു. ആകെ ശോകം സീന്‍ ആണ്. 

എന്നാ മലരാടാ നീ ഈ പറയുന്നേ. എന്റെ  കണ്ണില്‍ ഇരുട്ട് കയറാന്‍ തുടങ്ങി. ഞാന്‍  നേരെ മാനേജരെ കണ്ടു, സാറെ എനിക്കത്യാവശ്യം ആയിട്ടു നാട്ടില്‍ വിളിക്കണം. വിളിച്ചോളാന്‍ പറഞ്ഞു. ഡാ എന്നാ കാര്യം. എന്താ പറ്റിയെ. നീ ചുമ്മാ കുഞ്ഞു കളിക്കല്ലേ.. ഡാ ഞാന്‍ സീരീസ് ആയിട്ടു പറഞ്ഞതാ. നാട്ടിലെ അവസ്ഥ ഇതാ. ജിജോ കാര്യങ്ങള്‍ എന്നെ ബോധിപ്പിച്ചു.

ഡാ കോപ്പേ, ഞാന്‍ ഇന്നലെ അവനെ കണ്ടതാ. അവനു വയ്യാരുന്നു. ഞാനാ അവനേം കൊണ്ടു ആശുപത്രിയില്‍ പോയത്'.

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. അവന്റെ  രണ്ടു നമ്പറിലും, മാറിയും കയറിയും വിളിച്ചു ആരും  എടുക്കുന്നില്ലാ. 

ഞാന്‍ ചിന്നൂനെ വിളിച്ചു പറഞ്ഞു, 'ഡീ... അവന്‍ ഫോണ്‍ എടുക്കുന്നില്ലാ, നീ പെട്ടെന്ന് അവിടെ വരെ ചെല്ലൂ.'

'നമുക്ക് വൈകിട്ട് പോകാം ചേട്ടായി..'

'ഫു! നിന്നോട് ഞാന്‍ പറഞ്ഞതു കേട്ടാല്‍ മതി'

ചിന്നൂന് അറിയാം, ഞാന്‍ അങ്ങനെ ഇങ്ങനെ വൈലന്റ് ആകില്ലാ, ആയാല്‍ പിന്നെ പറയുന്നത് അക്ഷരം പ്രതി കേട്ടോണം.

ചിന്നു ഉണ്ണിക്കുട്ടനെ ഉറക്കി ഇട്ടിട്ടു, അവന്റെ മുറിയില്‍ ചെന്നപ്പോള്‍ കമ്പനിയില്‍ നിന്നുള്ള ആളുകള്‍ വന്നു അവന്റെ  മുറിയില്‍ അവനെ പറ്റി ചര്‍ച്ച ചെയ്യുവാണ്.   

അന്നേരമാണ്  ഞങ്ങള്‍ അയച്ച മെസ്സേജുകള്‍ ഒക്കെ അതിരു കടന്നു പോയി എന്ന് ഞങ്ങള്‍ക്ക് മനസ്സിലായത്. 

ചിന്നു അവരില്‍ നിന്നു ആ സത്യം അറിഞ്ഞു. അവള്‍ താഴെ വീണു. ഞങ്ങള്‍ എന്നും കളി പറയുമെങ്കിലും, ഞങ്ങള്‍ക്കവന്‍ ജീവന്റെ ജീവനാരുന്നു...   

പതിയെ ബോധം വന്നപ്പോള്‍ അവള്‍ എന്നോട് കാര്യങ്ങള്‍ പറഞ്ഞു. എനിക്ക് വിശ്വാസിക്കാനായില്ല. ഞാന്‍ എന്റെ മേശപ്പുറത്തിരുന്ന ലാപ്‌ടോപ്പ് എറിഞ്ഞുടച്ചു ആഫീസിന്റെ ചില്ലു ഇടിച്ചു പൊട്ടിച്ചു. എന്നേ  ആരൊക്കെയോ കൂടി പിടിച്ചു മാറ്റി.

ഇപ്പോള്‍ ഞാനും അവന്റെ  കൂടെ നാട്ടിലോട്ട് വരുവാണ്. ചിന്നുവും, ഉണ്ണിക്കുട്ടനും, അവന്റെ മുതലാളിയും ഒക്കെ ഉണ്ട് കൂടെ.
 
വര്‍ഷങ്ങള്‍ പലതും കൊഴിഞ്ഞിട്ടും അവനില്ലാത്ത  ലോകത്തെ പറ്റി എനിക്കിപ്പോള്‍ ഒന്നും ചിന്തിക്കാന്‍ ആവുന്നില്ലാ. ഒരുപക്ഷേ ഞാന്‍ അവന്റെ വേദനകള്‍ ഒപ്പി എടുത്തിരുന്നെങ്കില്‍ അവന്റെ ജീവിതം മറ്റൊന്നായേനേ!

loader