Asianet News MalayalamAsianet News Malayalam

അദ്ദേഹം കേരളത്തില്‍ വരുന്നതിനായി, ഞാന്‍ കാത്തിരിക്കുകയാണ്...

 'കുറച്ചു പൈസ എന്‍റെ കൈയിലുണ്ട് ഒരു ലോൺ എടുത്താൽ ഒരു നല്ല വീടെടുക്കാം' എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു, 'ഞാൻ നിന്നെ സഹായിക്കാം. കുറേശ്ശെ തന്നു തീർത്താൽ മതി'. ഇന്നത്തെ കാലത്ത് ഇത് പോലെ സഹായിക്കുന്നവർ ഉണ്ടോ, ഇത്രയും നന്മ നിറഞ്ഞവർ

deshantharam praveesh
Author
Thiruvananthapuram, First Published Jan 6, 2019, 2:51 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam praveesh

ജീവിതത്തിൽ എപ്പോഴും നമ്മളെ  സഹായിക്കുന്നവർ ആരെങ്കിലും കാണും. നിശബ്ദമായി നമ്മുടെ പ്രയാസ ഘട്ടങ്ങളിൽ വരികയും നമ്മളെ സഹായിക്കുകയും തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ നമ്മളോടൊത്തു നിൽക്കുകയും ചെയ്യുന്നവർ. അങ്ങിനെ ഒരാളെ കുറിച്ചാണ് പറയുന്നത്. ഒരിക്കൽ  ജോലിയുടെ ഭാഗമായി മുനിസിപ്പാലിറ്റിയിൽ വെച്ച് ഒരു അറബിയെ പരിചയപ്പെടാനിടയായി. വെറുതെ പരിചയപ്പെട്ട  സമയത്തു നമ്പർ വാങ്ങിയിരുന്നു.

വീടിന്‍റെ പണിയുടെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന് ഞാന്‍ ഫോട്ടോ കാണിച്ചു കൊടുക്കും

ഇടക്കൊക്കെ വിളിച്ചു സലാം പറയും. ഞാൻ ഇന്‍റീരിയർ ഫീൽഡ് ആയതുകൊണ്ട് അദ്ദേഹത്തിന്‍റെ വില്ലയുടെ ഇന്‍റീരിയറിനെ കുറിച്ചും വർക്കിനെ കുറിച്ചും ചോദിച്ചറിയും. മെറ്റീരിയൽ വാങ്ങാൻ പോകുമ്പോഴൊക്കെ എന്നോട് അഭിപ്രായവും ചോദിക്കും. നല്ല മനോഹരമായ വില്ല ആയിരുന്നു അറബിയുടേത്. എല്ലാവരെയും പോലെ  ഒരു അറബി സുഹൃത്ത് ഉണ്ടാവുക എന്നത് എന്‍റെയും വലിയ ആഗ്രഹമായിരുന്നു. ഇടക്കൊക്കെ വില്ലയുടെ വർക്ക് നോക്കാൻ വിളിക്കും, അറിയാവുന്നവ പറഞ്ഞു കൊടുക്കും. 

എന്തെങ്കിലും പൈസ തരാതെ പറഞ്ഞയക്കാറില്ല. വേണ്ടെന്നു പറഞ്ഞാൽ, സ്നേഹത്തോടെ 'ഇതെല്ലാം സൂപ്പർവിഷൻ ചാർജ് ആയി കണ്ടാൽ മതി' എന്ന് പറയും. ആയിടക്കാണ്  അദ്ദേഹം  എന്‍റെ വീടിനെ കുറിച്ച് ചോദിച്ചറിയുന്നത്. കുറെ വര്‍ഷമായിമായി വീടൊന്നും പണിയാൻ കഴിഞ്ഞിട്ടില്ല. ഇപ്പോഴും പഴയ ഒരു വീടുണ്ട് അതിലാണ് താമസം. അന്ന് ഏകദേശം 12 വര്‍ഷത്തോളമായിരുന്നു പ്രവാസി ആയിട്ട്. ഇത്രനാൾ ആയിട്ടും ഒരു വീട് വെക്കാൻ പറ്റാത്തതിന്‍റെ സങ്കടം ഉള്ളിലുണ്ടായിരുന്നു.

'കുറച്ചു പൈസ എന്‍റെ കൈയിലുണ്ട് ഒരു ലോൺ എടുത്താൽ ഒരു നല്ല വീടെടുക്കാം' എന്ന് ഞാൻ പറഞ്ഞു. അദ്ദേഹം പറഞ്ഞു, 'ഞാൻ നിന്നെ സഹായിക്കാം. കുറേശ്ശെ തന്നു തീർത്താൽ മതി'. ഇന്നത്തെ കാലത്ത് ഇത് പോലെ സഹായിക്കുന്നവർ ഉണ്ടോ, ഇത്രയും നന്മ നിറഞ്ഞവർ, യാതൊരു ബന്ധവും ഇല്ലാത്ത ഒരാള്‍ക്ക് വേണ്ടി ഇത്രയധികം പണം നല്‍കാന്‍ തയ്യാറാവുന്നര്‍... കുറവായിരിക്കും അത്തരക്കാർ.

ആ വരവിനായി ഞാൻ കാത്തിരിക്കുകയാണ്

അത് പറഞ്ഞു കുറച്ചു നാൾ കഴിഞ്ഞു, അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു, അക്കൗണ്ട് നമ്പർ അയച്ചു കൊടുക്കാൻ. നാട്ടിലെ എട്ടു ലക്ഷം രൂപയ്ക്കു ആനുപാതികമായ തുകയാണ് അന്ന് അദ്ദേഹം തന്നത്. എന്നെ അത് അമ്പരപ്പിച്ചു. എന്ത് വിശ്വാസത്തിലാണ് അദ്ദേഹം ഇത്രയും രൂപ തരുന്നത് എന്ന്. ഒരുവര്‍ഷത്തോളമെടുത്തു ആ പണം ഞാന്‍ കൊടുത്തു തീർക്കാൻ. വീടിന്‍റെ പണിയുടെ ഓരോ ഘട്ടത്തിലും അദ്ദേഹത്തിന് ഞാന്‍ ഫോട്ടോ കാണിച്ചു കൊടുക്കും. ഓരോ തവണയും 'നന്നായിട്ടുണ്ടെ'ന്നു പറയും. 

വീട് പണി കഴിഞ്ഞപ്പോൾ അദ്ദേഹത്തെയും ക്ഷണിച്ചിരുന്നു... എപ്പോഴെങ്കിലും കേരളത്തിൽ വരികയാണെങ്കിൽ വരാമെന്നു പറഞ്ഞിട്ടുണ്ട്. ആ വരവിനായി ഞാൻ കാത്തിരിക്കുകയാണ്. ഇതുപോലെ എല്ലാവരുടെയും ജീവിതത്തിൽ കാണുമായിരിക്കും സ്നേഹത്തിന്‍റെയും നന്മയുടെയും വെളിച്ചം പകർന്നവർ...
 

Follow Us:
Download App:
  • android
  • ios