Asianet News MalayalamAsianet News Malayalam

മരണാനന്തര ചടങ്ങുകൾക്ക് ആറിൽ താഴെ പേർ മാത്രം; ഇന്ന് ഇവിടം ഒരു ദേവാലയം!

സ്വന്തം ജീവിത കാലത്ത് കാഫ്ക മൂന്ന് ചെറുകഥാ സമാഹാരങ്ങൾ മാത്രമേ പ്രസിദ്ധികരിച്ചിട്ടുള്ളു. ഇതിൽ “മെറ്റമോർഫോസിസ്” എന്ന പ്രസിദ്ധമായ ചെറുകഥയും ഉള്‍പ്പെടുന്നു മരണശേഷം ലഭിച്ച രാജ്യാന്തര പ്രശസ്തിയും ആരാധക വൃന്ദവും അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ച മൂന്ന് നോവലുകളുടെ പേരിലാണ്. അമേരിക്ക, ദിട്രയൽ, ദികാസിൽ എന്നിവയാണ് ആ അപൂർണമായ കൃതികൾ. 

deshantharam saleema hameed
Author
Thiruvananthapuram, First Published Jan 14, 2019, 7:16 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam saleema hameed

അസ്തിത്വ വാദത്തിന്റെ ഉപാസകരിലൊരാളും മലയാളത്തിൽ ഈ ആശയ സംഹിതയുടെ പ്രചാരകരായ നമ്മുടെ പ്രിയപ്പെട്ട പല എഴുത്തുകാരുടെയും മാനസ ഗുരുവുമായ കാഫ്കയുടെ എഴുത്തിന്റെ സാംഗത്യം ഇന്നും ഒളിമങ്ങാതെ നിൽക്കുന്നു എന്നത് അദ്ദേഹത്തിന്റെ പ്രതിഭയുടെ നിദർശനം തന്നെയാണ്. നമ്മിലോരോരുത്തരിലുമുള്ള, അപമാനിതനായ, ദുഖിതനായ, പേടിച്ചരണ്ട മനുഷ്യനെയാണ് കാഫ്ക തന്റെ എഴുത്തിലൂടെ സംസാരിപ്പിച്ചത്. 

സാഹിത്യത്തിന്റെ പ്രധാന ധർമ്മവും അത് തന്നെയാണ് എന്ന് അദ്ദേഹം കരുതി. ഹെർമാൻ കാഫ്കയുടെയും ജൂലി കാഫ്കയുടെയും മകനായി ഫ്രാൻസ് കാഫ്ക 3 ജൂലൈ 1888 -ൽ പ്രാഗിൽ ജനിച്ചു. ന്യൂന പക്ഷത്തിന്റെ അവശതകൾ അനുഭവിച്ചു കൊണ്ടാണ് അദ്ദേഹം വളർന്നത്. ക്രിസ്ത്യാനികളുടെ നടുവിൽ ഒരു ജൂതന്റെ മകനായും ചെക്കു ഭാഷ സംസാരിക്കുന്നവരുടെ നടുവിൽ ജർമൻഭാഷ സംസാരിക്കുന്നയാളായും ജീവിയ്ക്കുന്ന ഒരു ബാലന് ഒറ്റപ്പെടലല്ലാതെ വേറെ മാർഗമില്ല. അതിൽ നിന്ന് രക്ഷപ്പെടാനായി എഴുത്തിനെ കൂട്ടു പിടിച്ച കാഫ്കക് മരണശേഷം ലഭിച്ച താര പദവി, ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ വിദൂരസ്വപ്നങ്ങളിൽ പോലും  ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തന്റെ ജീവിത യാത്രയ്ക്കിടയിൽ താമസിക്കുകയും അനശ്വരമായ സൃഷ്ടികൾക്ക് രൂപം നൽകുകയും ചെയ്ത പല ഇടങ്ങളിലും പോകാൻ അടുത്ത കാലത്ത് നടത്തിയ പ്രാഗ് സന്ദർശനത്തിനിടയിൽ ഭാഗ്യം ലഭിച്ചു. 

ഓൾഡ് ടൗൺ സ്ക്വയറിനുടുത്തുള്ള കാഫ്ക ജനിച്ച വീടിനോട് ചേർന്നുള്ള തെരുവ് ആ പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. വെളിയിൽ അദ്ദേഹത്തിന്റെ ഒരു ചെറു പ്രതിമ സ്ഥാപിച്ച് ആ വീട് പ്രത്യേകമായി അടയാളപ്പെടുത്തിയിട്ടുണ്ട്. പിതാവിൽ നിന്ന് വളരെയധികം മാനസിക പീഢനങ്ങൾക്ക് വിധേയനായാണ് ആ കുട്ടി വളർന്നത്. ചെറിയ കുട്ടിയായിരിയ്ക്കുമ്പോൾ ഒരു രാത്രിയിൽ ഒരു ഗ്ലാസ്സ് വെള്ളം ആവശ്യപ്പെട്ടു കൊണ്ട് ബഹളമുണ്ടാക്കിയ ഫ്രാൻസിനെ പിതാവ്, പൊക്കിയെടുത്ത് ബാൽക്കണിയിൽ കൊടുംതണപ്പത്ത് കൊണ്ടു നിർത്തിയ ശേഷം, അദ്ദേഹം വാതിലടച്ച് ഉറങ്ങാൻ പോയി. ഈ  അനുഭവം ആ കുട്ടിയുടെ മനസ്സിലുണ്ടാക്കിയ ഭയം മരണം വരെയും അദ്ദേഹത്തെ വിട്ട് പോയില്ല. ഈ സംഭവം നടന്ന വീട് ഇന്നൊരു റെസ്റ്റൊറന്റാണ്. മിനുട്ട ഹൗസ്, എന്ന് പേരുള്ള ഈ കെട്ടിടത്തിൽ 1889 മുതൽ 8 കൊല്ലം കാഫ്ക കുടുംബത്തോടൊപ്പം താമസിച്ചിരുന്നു. ഇവിടെയാണ് കാഫ്കയുടെ മൂന്ന് സഹോദരിമാരും ജനിച്ചത്. ഇന്ന് ഇവിടെ അതേ പേരിലുള്ള ഒരു റെസ്റ്റാറന്റ് പ്രവർത്തിക്കുന്നു. ഇതിന്റെ പുറകിൽ  ഉള്ള നടുത്തളത്തിൽ  ചെന്നാൽ ഈ ബാൽക്കണി ഇന്നും അത് പോലെ കാണാം.  സ്ക്രഫിറ്റോ എന്ന പേരിലുള്ള ഒരു പ്രത്യേക തരം ചിത്രകല ഈ മന്ദിരത്തിന്റെ ഭിത്തികളിൽ കാണാം. ഇത് നവോത്ഥാനകാലത്തെ കെട്ടിടങ്ങളുടെ മാതൃകയായി കരുതപ്പെടുന്നു.

35 വയസുള്ളപ്പോൾ തൊണ്ടയിൽ ക്ഷയരോഗബാധിതനായ അദ്ദേഹം ഏഴ് വർഷം തന്റെ രോഗവുമായി മല്ലിട്ടു

deshantharam saleema hameed

 

ഓൾഡ് ടൗൺസ്കയറിലെ മിനുട്ട ഹൗസ്

വർഷങ്ങൾക്ക് ശേഷവും, ഭീമാകാരനായ ഒരാൾ കാഫ്കയെ എടുത്ത് കൊണ്ട് ഇരുട്ടിലേക്ക് പോകുന്ന രംഗം ആ ഓർമ്മകളിൽ തെളിഞ്ഞും തെളിയാതെയും പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. മരിയ്ക്കുന്നതിന് അഞ്ചു വർഷം മുൻപ് കാഫ്ക ഇത്തരം ക്രൂരമായ പെരുമാറ്റങ്ങൾ തന്നിലുണ്ടാക്കിയ മുറിവുകളെ പറ്റി പിതാവിനെ അറിയിക്കാനായി  47 പേജുള്ള ഒരു കത്ത് എഴുതി പിതാവിന് കൊടുക്കാനായി അമ്മയെ ഏൽപ്പിച്ചു. എന്നാൽ  അമ്മ അത് വായിച്ച ശേഷം രണ്ടു ദിവസം സൂക്ഷിച്ച ശേഷം മടക്കിക്കൊടുക്കുകയാണ് ഉണ്ടായത്.

കാഫ്കയുടെ കാമുകിയായിരുന്ന ഫെലിസ് ബാവർ എന്ന സ്ത്രീയുടെ പേരുള്ള ഒരു കഫേ പ്രാഗിൽ ഉണ്ട്. രണ്ടു പ്രാവശ്യം ഇവരുമായുള്ള വിവാഹനിശ്ചയം റദ്ദാക്കി. ജീവിതാവസാനം വരെ നീണ്ട് നില്കുന്ന അത്തരം സമർപ്പണങ്ങൾക്കൊന്നും അദ്ദേഹം മനസ്സു കൊണ്ട് തയ്യാറല്ലായിരുന്നു. “എഴുത്താണ് എന്നെ ജീവനോടെയിരിക്കാൻ സഹായിക്കുന്നത്. വിവാഹം എഴുത്തിന് പ്രതിബന്ധമാകുമോ എന്ന് ഞാൻ ഭയക്കുന്നു.'' എന്ന് അദ്ദേഹം ഫെലിസിന് എഴുതി. ഇവിടുത്തെ മെനുവിൽ മുഴുവൻ കാഫ്കയുമായി ബന്ധപ്പെട്ട പേരുകളാണ്. എന്തും വില്പന ച്ചരക്കാകുന്ന പുതിയ കാലം അദ്ദേഹത്തെ ഏത് രീതിയിൽ ഉപയോഗിക്കുന്നു എന്നതിനു് ഒരു ദൃഷ്ടാന്തം!. എഴുത്തുകാരനാകാൻ ആഗ്രഹിച്ച ആൾക്ക് ഒരു വക്കീലിന്റെ ഓഫീസിലും ഇൻഷുറൻസ് കമ്പനിയിലും വളരെ വിരസമായ ജോലി ചെയ്യാനായിരുന്നു നിയോഗം. ആ ഇൻഷുറൻസ് കമ്പനി ഓഫീസിൽ ഇന്ന് സെൻചുറി ഹോട്ടൽ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ഇരുന്നൂറ്റി പതിനാലാമത്തെ മുറി ആണ് കാഫ്ക ഉപയോഗിച്ചിരുന്നത്.  പുറത്ത് ഒരു ഫോട്ടോയും ഒരു കുറിപ്പും നൽകി ഈ മുറി അവർ സൂക്ഷിച്ചിട്ടുണ്ട്.

പല സ്ത്രീകളും അദ്ദേഹത്തിന്റെ ജീവിതത്തിൽ കയറിയിറങ്ങി പോയെങ്കിലും സ്ഥിരമായി ഒരു മാനസിക ബന്ധം സൃഷ്ടിക്കാത്തതിനോ വിവാഹിതനാകാനോ അദ്ദേഹത്തിന് കഴിഞ്ഞില്ല. പോളണ്ടുകാരിയായ ഡോറ ഡൈമാന്റ് ആയിരുന്നു കാഫ്കയുടെ ജീവിതത്തിലെ അവസാനത്തെ സ്ത്രീ. അവരുമായുള്ള ബന്ധം അദ്ദേഹത്തിന്റെ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നിറച്ചു. അവരൊന്നിച്ച് പാലസ്തിനിലേക്ക് പോയി, അവിടെ ഒരു റസ്റ്റോറൻറ് തുടങ്ങാൻ ഇരുവർക്കും ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ അപ്പോഴേക്കും രോഗം അദ്ദേഹത്തെ  പതുക്കെ കീഴടക്കിത്തുടങ്ങി. ഒരു രാത്രിയിൽ ചുമച്ച് തുപ്പിയ വാഷ് ബെയ്സിനിൽ കണ്ട രക്തത്തിന്റെ അളവ് പിന്നീട് കൂടിക്കൂടി വന്നു. ഡോറ രോഗപീഡകളുടെ കാലത്ത് ആശുപത്രി സന്ദർശനങ്ങളില്ലൊം അദ്ദേഹത്തോടൊപ്പം ഉണ്ടാകുമായിരുന്നു. അവരുടെ കൈകളിൽ കിടന്നാണ് അദ്ദേഹം ഈ ലോകത്തോട്  വിട വാങ്ങിയത്. “അദ്ദേഹത്തോടൊപ്പം ജീവിച്ച ഒരു ദിവസം അദ്ദേഹത്തിന്റെ എല്ലാ സൃഷ്ടികൾക്കും മുകളിലാണ്” എന്ന ഡോറയുടെ വാക്കുകൾ മാത്രം മതി അവരുടെ ആത്മബന്ധത്തിന്റെ ആഴം അറിയാൻ! അവർ നിയമപരമായി വിവാഹിതരല്ലെങ്കിൽ പോലും, മരണശേഷം കാഫ്കയ്ക്ക് അവകാശപ്പെട്ട റോയൽറ്റി ഡോറയ്ക്കാണ് ലഭിച്ചു കൊണ്ടിരുന്നത്

1909 - 11 കാലത്ത് കാഫ്ക നിയമപഠനത്തിനിടയിൽ പരിചയപ്പെട്ട തന്റെ പ്രിയപ്പെട്ട ചങ്ങാതി മാക്സ് ബ്രോഡുമായി ചേർന്ന് ജർമ്മനി, ഫ്രാൻസ് ഇറ്റലി സ്വിറ്റ്സർലന്റ് എന്നിവിടങ്ങളിൽ നടത്തിയ യാത്രകൾ അദ്ദേഹത്തിന്റെ സർഗാത്മകതയെ വളരെയധികം പുഷ്ടിപ്പെടുത്തി. ഈ യാത്രകളിൽ അവർ രണ്ടു പേരും ഡയറികൾ എഴുതുമായിരുന്നു. യാത്രാവസാനം രണ്ടു പേരും  ഒരേ കാര്യങ്ങളെ എങ്ങനെ വ്യത്യസ്തമായി അനുഭവിച്ചു എന്നതിനെ പറ്റി  ഈ കുറിപ്പുകൾ വായിച്ചു ചർച്ച ചെയ്തിരുന്നതായി ബ്രോഡ് തന്റെ ഓർമ്മ കുറിപ്പുകളിൽ പറയുന്നു. രണ്ട് സുഹൃത്തുക്കൾ ഇത്തരം ഒരു യാത്ര പോകുന്നതിനെപ്പറ്റിയുള്ള ഒരു നോവൽ അവർ ഇരുവരും ചേർന്ന് തുടക്കമിട്ടു. പക്ഷേ അത് അപൂർണമായി തന്നെ അവസാനിച്ചു.

നിക്കോളസ് സ്റ്റാസ എന്ന ഭാഗത്ത് കാഫ്ക താമസിച്ചിരുന്ന അപ്പാർട്ട്മെൻറുള്ള കെട്ടിടവും ഇന്ന് ഒരു ഹോട്ടലാണ്. പ്രാഗ് കാസിലിന് തൊട്ടടുത്ത ഗോൾഡൻ ലെയ്നിലെ ഒരു വീട്ടിലും അദ്ദേഹം താമസിച്ചിരുന്നു. അവിടെ ഇന്ന് കാണുന്ന ഷോപ്പിൽ നിന്ന് കാഫ്കയുടെ കൃതികൾ വാങ്ങാം. ഇവിടെ വച്ചാണ് കൺട്രിഡോക്ട്ർ എന്ന കഥ എഴുതുന്നത് . 35 വയസുള്ളപ്പോൾ തൊണ്ടയിൽ ക്ഷയരോഗബാധിതനായ അദ്ദേഹം ഏഴ് വർഷം തന്റെ രോഗവുമായി മല്ലിട്ടു. ക്ഷയരോഗം പൂർണമായി ചികിത്സിച്ച് മാറ്റാൻ ശക്തിയുള്ള മരുന്നുകൾ അക്കാലത്ത് കണ്ടു പിടിച്ചിട്ടുണ്ടായില്ല. കുറേക്കാലം ആൽപ്സ് പർവത നിരകളിലെ ഒരു TB സാനട്ടോറിയത്തിൽ താമസിച്ചാണ് കാലം കഴിച്ചത് . സൂര്യ പ്രകാശമേൽക്കലും പ്രത്യേക രീതിയിലുള്ള സസ്യഭക്ഷണവുമായിരുന്നു ചികിത്സ. ദുരിതപൂർണമായ ഇതേ കാലത്ത് അദ്ദേഹം കുറിച്ചിട്ട സൂക്തങ്ങളുടെ ശേഖരം മാക്സ് പ്രസിദ്ധീകരിച്ചു. അവയിലൊന്ന്- “I am a cage in search of a bird'' 

“കാലത്തിന് മുൻപേ നടക്കുകയും ചിന്തിക്കുകയും ചെയ്ത ആൾ” എന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്

deshantharam saleema hameed

പ്രാഗിലെ കാഫ്കയുടെ പ്രതിമ

അവസാനകാലത്ത് ഭക്ഷണം കഴിയ്ക്കുന്നത് വളരെ വേദനാജനകമായ കൃത്യമായി മാറി. ഇക്കാലത്താണ് Hunger Artist എന്ന തന്റെ അവസാന രചന നിർവഹിച്ചത്. പൊതുജനം ക്രൂരമായ അബദ്ധ ധാരണകളോടെ ഒരുവന്റെ സൃഷ്ടിപരമായ വിജയം നോക്കിക്കാണുന്നതും അത് അയാളുടെ നാശത്തിൽ കാലാശിയ്ക്കുന്നതും ആണ് കഥ.  മരണശേഷം ലോകം തന്നെ എങ്ങനെ വായിയ്ക്കും അദ്ദേഹം അതിലൂടെ  മുൻകൂട്ടി പ്രവചിച്ചത് പോലെ വായനക്കാരന് അനുഭവപ്പെടും. മരണം വിയന്നയിലെ ഒരു സാനിറ്റോറിയത്തിൽ വച്ചായിരുന്നു. 1924  June 3 -ന് മരിച്ച അദ്ദേഹം പ്രാഗിലെ  ജൂതന്മാരുടെ സെമിത്തേരിയിലാണ് അന്ത്യവിശ്രമം കൊള്ളുന്നത്. പ്രസിദ്ധി അപ്രധാനമെന്ന് കരുതിയ ഈ എഴുത്തുകാരന്റെ മരണാനന്തര ചടങ്ങുകൾക്ക് ആറിൽ താഴെ പേർ മാത്രമാണ് പങ്കെടുത്തത്. പക്ഷേ, ഇന്ന് കാഫ്കയുടെ ആരാധകർക്ക് ഇവിടം ഒരു ദേവാലയമാണ്.  അവിടെ നാണയങ്ങൾ, അദ്ദേഹത്തോടുള്ള പ്രാർത്ഥനകൾ എഴുതിയ ചെറിയ കടലാസു കഷണങ്ങൾ മുതലായവ നിവേദിച്ചിരിയുന്നത് കാണാം.

സ്വന്തം ജീവിത കാലത്ത് കാഫ്ക മൂന്ന് ചെറുകഥാ സമാഹാരങ്ങൾ മാത്രമേ പ്രസിദ്ധികരിച്ചിട്ടുള്ളു. ഇതിൽ “മെറ്റമോർഫോസിസ്” എന്ന പ്രസിദ്ധമായ ചെറുകഥയും ഉള്‍പ്പെടുന്നു മരണശേഷം ലഭിച്ച രാജ്യാന്തര പ്രശസ്തിയും ആരാധക വൃന്ദവും അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ച മൂന്ന് നോവലുകളുടെ പേരിലാണ്. അമേരിക്ക, ദിട്രയൽ, ദികാസിൽ എന്നിവയാണ് ആ അപൂർണമായ കൃതികൾ. പെർഫെക്ഷനിസ്റ്റ് ആയ അദ്ദേഹത്തിന് ഈ കൃതികളുടെ മേന്മയെപ്പറ്റി തീരെ മതിപ്പുണ്ടായിരുന്നില്ല. മരണശേഷം ഇവ നശിപ്പിച്ച് കളയാനായി സുഹൃത്തായ മാക്സ് ബ്രോഡ്നെ ഏൽപ്പിക്കുകയായിരുന്നു. മാക്സ് ആ കൃതികളുടെ മഹത്വം കണ്ടറിഞ്ഞു അവ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ഇവ കൂടാതെ അദ്ദേഹത്തിന്റെ ഡയറികൾ കത്തുകൾ, ജീവചരിത്രം എന്നിവയും പ്രസിദ്ധീകരിച്ചു. ഇന്ന് കാഫ്ക എന്തായി അറിയപ്പെടുന്നോ, ആ മിത്ത് നിർമ്മിക്കാൻ ഇവ ഒരു പ്രധാന പങ്ക് വഹിച്ചു എന്ന് പറയാതിരിക്കാനാവില്ല.

അന്താരാഷ്ട്ര സാഹിത്യ  സദസ്സുകളിൽ ആ കൃതികൾക്ക് പ്രചാരം കൊടുക്കാനായി മാക്സ് കഠിനമായി അദ്ധ്വാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആ പ്രവൃത്തി  സാഹിത്യത്തിന് വലിയ മുതൽ കൂട്ടായി.1930 - ൽ ഇംഗ്ലീഷിലും ഫ്രഞ്ചിലും ഉണ്ടായ പരിഭാഷകളാണ് ആദ്യം ലോകശ്രദ്ധ അദ്ദേഹത്തിലേക്ക് തിരിച്ചത്. അന്ന് മുതൽ മനശാസ്ത്രജ്ഞന്മാർ, തത്വചിന്തകർ, മത വ്യാഖ്യാതാക്കൾ, സാഹിത്യനിരൂപകർ എന്നിവർ പല കാലങ്ങളിലായി അദ്ദേഹം കറുപ്പിലും വെളുപ്പിലും എഴുതിയ എല്ലാ വരികൾക്കും തങ്ങളുടേതായ വ്യഖ്യാനങ്ങൾ നൽകി. ഓരോരുത്തരും ഓരോ കാലത്ത് ഓരോന്ന് പുതുതായി കണ്ടെത്തി. ഈ മൗലികമായ ഉഭയഭാവന( radical ambivalence) യായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭയുടെ കാതൽ . ഓരോരുത്തർക്കും അവനവന്റെ രീതിയിൽ ആ എഴുത്തിനെ വ്യഖ്യാനിക്കാം. “കാലത്തിന് മുൻപേ നടക്കുകയും ചിന്തിക്കുകയും ചെയ്ത ആൾ” എന്ന് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. ഇന്നത്തെ കാലത്തിന്റെ കണ്ണാടിയിലൂടെ അദ്ദേഹത്തിന്റെ എഴുത്ത് പുതിയൊരു അത്ഥത്തിൽ വായിക്കാൻ സാധിയ്ക്കുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ  പ്രസക്തി വർദ്ധിപ്പികുന്നേയുള്ളു. അധികാരസ്ഥാനങ്ങൾക്ക് മുന്നിൽ ഹതാശരായ വ്യക്തികളുടെ ദുഃഖങ്ങളെ വെളിവാക്കുന്ന എഴുത്ത് അക്കാലത്തെ നാസികൾക്കും കമ്മ്യൂണിസ്റ്റുകൾക്കും അദ്ദേഹത്തെ  അപ്രിയനാക്കി. വളരെ വർഷങ്ങൾ അത് ജീർണതയുടെ സാഹിത്യമായി കണക്കാക്കപ്പെട്ടു.

അധികാരത്തിന്റെ മുന്നിൽ പകച്ച് നില്‍ക്കുന്ന ദുർബലരായ സാധാരണക്കാരെയാണ് അദ്ദേഹത്തിന്റെ കഥകളിൽ കാണുന്നത്. ഇത് അധികാരസ്ഥാനങ്ങളിലുള്ള ഉന്നതകുലജാതരോ വ്യവസായികളോ, ജഡ്ജിയോ, അങ്ങനെ ആരു വേണമെങ്കിലും ആകാം. ഒരുപക്ഷേ കരുണയില്ലാത്ത ഒരു പിതാവിന്റെ രൂപത്തിൽ പോലും അധികാരം ദുർബലന്റെ മേൽ മാനസികവും ശരീരികവുമായ പീഡനങ്ങളേൽപ്പിക്കും. ഇത്തരം അധികാര സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും കരാളഹസ്തങ്ങളി നിന്ന് രക്ഷപെടാനാവാതെ അവസാനത്തെ ആശ്രയമായി സ്വയം മരണം പോലും വരിയ്ക്കുന്ന വരെയാണ് അദ്ദേഹത്തിന്റെ സൃഷ്ടിയുടെ ലോകത്ത് കാണുന്നത്.

കാഫ്കയുടെ കൃതികൾ പഠന വിഷയമാക്കുന്ന ആരും അദ്ദേഹത്തിന്റെ പിതാവുമായുള്ള ബന്ധം ഗവേഷണ വിധേയമാക്കേണ്ടതാണ്. അച്ഛനെ പറ്റി കാഫ്ക ഒരിടത്തും എഴുതിയിട്ടില്ല. പക്ഷേ വളരെ കയ്പ്പ് നിറഞ്ഞ ഈ ബന്ധത്തിന്റെ അരുചി ആ സൃഷ്ടികളിലാകെ പടർന്ന് കിടപ്പുണ്ട്. “ആൺ കുട്ടിക്ക് ഒരു പൂർണ്ണ പുരുഷനായി മാറാൻ പിതാവിന്റെ സഹായവും അംഗീകാരവും ആവശ്യമുണ്ട്.”- അദ്ദേഹം എഴുതി. അത് ലഭിക്കാതെ വളർന്ന ആ കുട്ടിയുടെ മനസ്സിൽ അതൃപ്തിയും അപര്യാപ്തതയും ഉൾപകയും  മാത്രം ബാക്കിയായി.

അച്ഛനെ പറ്റി കാഫ്ക ഒരിടത്തും എഴുതിയിട്ടില്ല

deshantharam saleema hameed

വല്ലി, എല്ലി, ഓട്ട് ല- 3 സഹോദരിമാർ

കാഫ്കയുടെ കുടുംബത്തേയും നിർഭാഗ്യങ്ങൾ കൈവിട്ടില്ല.  അദ്ദേഹത്തിന്റെ പ്രശസ്തി വാനോളം ഉയർന്ന് നില്കുന്ന രണ്ടാം ലോക മഹായുദ്ധ കാലത്താണ് കാഫ്കയുടെ മൂന്ന്  സഹോദരിമാരും ടെറെസിൻ എന്ന കോൺസെൻട്രേഷൻ ക്യാമ്പിലെ  ഹോളോ കാസ്റ്റിൽ മരിയ്ക്കുന്നത്. കാഫ്കയ്ക് ഏറ്റവും പ്രിയപ്പെട്ട, മൂന്നാമത്തെ സഹോദരി ഓട്ട്ല ജൂതനല്ലാത്ത ഒരാളെയാണ് വിവാഹം ചെയ്തിരുന്നത്. ദാരുണമായ ഭാഗധേയത്തിൽ  നിന്ന് ഭർത്താവിനെയും കുട്ടികളെയും രക്ഷിക്കാനായി  അവർ വിവാഹമോചിതയായി. അതിന് ശേഷം അവർ നാസി അധികാരികൾക്ക് മുൻപിൽ സ്വയം ഹാജരായി. അവിടെ അവർ ക്യാമ്പിലെ കുട്ടികളുടെ ചുമതലക്കാരിയായിരുന്നു. 1943 ൽ അവർ ആ കുട്ടികളോടൊപ്പം  ട്രെയിനിൽ ഓഷ്യവിറ്റ്സിലേക്ക് കൊണ്ടുവരപ്പെട്ടു. അവിടെയെത്തി അധികം താമസിയാതെ തന്നെ എല്ലാവരും കൊല്ലപ്പെടുകയായിരുന്നു.

മറ്റൊരു സഹോദരിയായ ഒട്ട് ല യുടെമകൾ 2015-ൽ തെണ്ണൂറ്റിനാലാമത്തെ വയസ്സിൽപ്രാഗിൽ വച്ചു മരിച്ചു. അവരുടെ മകൻ കാഫ്കയുടെ കത്തുകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios