Asianet News MalayalamAsianet News Malayalam

'അക്കൽ അക്കൽ മാഷാ അള്ളാ ബച്ചാ ഇത്തനീൻ ഈജി', കഴിച്ചോളൂ, കഴിച്ചോളൂ ദൈവം സഹായിച്ച് ഇരട്ടക്കുട്ടികള്‍ ഉണ്ടാകട്ടെ എന്ന്

അങ്ങനെ ഇല ഒപ്പിക്കാനായി  തപ്പിനടന്നപ്പോഴാണ്  ഞങ്ങൾ  താമസിക്കുന്ന ഫ്ലാറ്റിന്‍റെ വഴിയിൽ ഒരു അറബിവില്ല കണ്ടത്. നല്ല ഭംഗിയുള്ള വില്ല. മതിൽകെട്ടിനുള്ളിൽ മുറ്റത്തു നിറയെ വൃക്ഷങ്ങൾ ഈന്തപ്പനയും മാവും ഞാവലുമൊക്കെ. ഏറെ ഉയരമില്ലാത്ത മതിലിലൂടെ മരക്കൊമ്പുകൾ പുറത്തേക്ക് എത്തിനോക്കുന്നു. നാലുചുറ്റും മതിലുള്ള വീടിന്‍റെ പുറകുവശത്തായി കുറേ വാഴകൾ. അവയുടെ ഇലകൾ പുറത്തേക്ക് നോക്കി എന്നെ കൈമാടി വിളിക്കുന്നു. 

deshantharam samson mathew punaloor
Author
Thiruvananthapuram, First Published Jan 12, 2019, 5:19 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

deshantharam samson mathew punaloor

പത്തിരുപത്തിരണ്ട്  കൊല്ലം മുമ്പ് ഞാൻ ഗൾഫിൽ ബാച്ചിലറായിരുന്ന കാലം. സാധാരണ പ്രവാസിയുടെ ഗൾഫിലെ ഓണാഘോഷമൊക്കെ  ഒരു വെള്ളിയാഴ്ചയിലെ സദ്യയിൽ  ഒതുങ്ങും. മറ്റ് മൂന്ന് സഹമുറിയന്മാരോടൊപ്പം  ഡബിൾ ഡക്കർ കട്ടിലിന്‍റെ മുകളിലത്തെ തട്ടിലിരുന്നു ഞാനും പിറ്റേന്ന് വെള്ളിയാഴ്ച്ചയിൽ ഉണ്ടാക്കേണ്ട  ഓണ സദ്യയ്ക്ക് ഉള്ള ഒരുക്കങ്ങളെക്കുറിച്ചു കൂലംകഷമായ ചർച്ചയിലാണ്. കൂട്ടത്തിൽ തലമൂത്ത മോഹനേട്ടനാണ് ഉസ്താദ്. അങ്ങേര് ഗൾഫിൽ പണ്ട് ഉരു കയറി വന്നതാണെന്നാണ് പുറം സംസാരം. ഒരു പുണ്യപുരാതന ഉരുപ്പടി. പാചകത്തിൽ  മൂപ്പർ പുപ്പുലി. അങ്ങേര് ഉള്ളതുകൊണ്ട് ഞങ്ങൾ  ബാക്കി മൂന്നുപേരും വായിക്ക് രുചിയായി  വെട്ടിവിഴുങ്ങുന്നു.

മൂപ്പർ ഒരു  പേപ്പർ ചീന്തിയെടുത്തു എന്നോട് ലിസ്റ്റ് എഴുതാൻ പറഞ്ഞു

മോഹനേട്ടൻ  ഞങ്ങളെ പാചകത്തിന്‍റെ ബാലപാഠങ്ങൾ  ഉള്ളി തൊലിക്കുക,  ചിക്കൻ തൊലിയുരിച്ചു മുറിക്കുക, മീൻ വെട്ടി വൃത്തിയാക്കുക, പാത്രം കഴുകി വൃത്തിയാക്കുക തുടങ്ങിയവ  ഒക്കെ പഠിപ്പിച്ചു തന്നെങ്കിലും  മറ്റു മേജർ ഓപ്പറേഷൻസ് ഒന്നും ചെയ്യാൻ  സമ്മതിക്കുകയില്ല. ഉർവശി ശാപം ഉപകരമെന്ന മട്ടിൽ ഞങ്ങളും കള്ളപ്പണി പഠിച്ചു. മൂപ്പർ ഉണ്ടാക്കി വെയ്ക്കുന്നത്  മൂന്നുനേരം വെട്ടിവിഴുങ്ങുക, സൂപ്പർ മാർക്കറ്റിൽ  നിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടു കൊടുക്കുക അത്യാവശ്യം പാത്രം കഴുകുക  ഇത്യാദി തടി കേടാകാത്ത പണി മാത്രം ഞാൻ ഏറ്റടുത്തു. മൂപ്പർക്ക്  ബലിദിയയിൽ  ഡ്രൈവറായിട്ടാണ് പണി. വലിയ ടാങ്കറിൽ രാത്രി ഒരു മണി വരെ റോഡിലെ ചെടികൾക്ക് വെളളം ഒഴിക്കണം കൂടെ ഒരു ബംഗാളി സഹായിയും കാണും. പണി തീർത്തു ബാച്ചിലർ റൂമിൽ വന്നു കിടക്കുന്ന പാവം രാവിലെ തന്നെ എഴുന്നേറ്റ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കും. ആരോടും പരാതി ഒന്നും പറയാറില്ല. ഞങ്ങളൊക്കെ അങ്ങനെ തിരിട്ടുപയലുകളായി തിരിഞ്ഞു കളിക്കുന്ന കാലം. പാചകത്തിൽ എന്‍റെ അസാധാരണ മികവ് കണ്ടു മൂപ്പർ എന്നെ ഭക്ഷണമേശയിൽ ന്യൂസ്‌പേപ്പർ വിരിയ്ക്കാനും സൂപ്പർ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ  വാങ്ങാനുമുള്ള പണി ഏൽപ്പിച്ചു. മിക്കവാറും എല്ലാ പ്രവാസി റൂമുകളിലും ഭക്ഷണം വിളമ്പുന്നതിന് ഉള്ള ടേബിൾ മാറ്റ് ആയി ന്യൂസ്പേപ്പറുകൾ ആണ് ഉപയോഗിക്കുക പതിവ്.  മേശ തുടക്കേണ്ട എന്നൊരു എളുപ്പപണിയ്ക്ക്  ആരോ കണ്ടെത്തിയ വിദ്യ.

ഓണസദ്യയ്ക്കുള്ള സാധനങ്ങൾ  ഒരുക്കേണ്ട കാര്യങ്ങളെക്കുറിച്ച് തീരുമാനം  ആയി. സൂക്കിൽ നിന്ന് പച്ചക്കറി വാങ്ങുന്നതും ഇല സംഘടിപ്പിക്കുന്നതും എന്‍റെ ചുമതല. മൂപ്പർ ഒരു  പേപ്പർ ചീന്തിയെടുത്തു എന്നോട് ലിസ്റ്റ് എഴുതാൻ പറഞ്ഞു. അതിനൊരു കാരണം ഉണ്ട് അങ്ങേർ ലിസ്റ്റ് എഴുതിയാൽ വായിച്ചെടുക്കാൻ ഭഗീരഥ പ്രയത്നം നടത്തണം. ചെന എന്ന് എഴുതിയാൽ  ചേന എന്നർത്ഥം. പഴയ മൂന്നാംക്ലാസ്സാണ് മൂപ്പർ. ചെന എന്നാൽ ഗൾഫിലെ കടകളിൽ കടല എന്നർത്ഥം, ഹിന്ദി ഭാഷയാണ്. ഞാനൊരു ദിവസം അങ്ങേർ എഴുതിയ ലിസ്റ്റ് നോക്കി ചേനയ്ക്ക് പകരം  കടല വാങ്ങിക്കൊണ്ട് വന്നു. കടല കണ്ടതോടെ മോഹനേട്ടൻ ചൂടായി. ഞാൻ സാധനങ്ങൾ ലിസ്റ്റ് നോക്കി വാങ്ങിക്കാത്തതാണ് കാരണം എന്ന് അയാൾ. ലിസ്റ്റ് എടുത്തു കാണിച്ചതോടെ മൂപ്പർക്ക് ആകെ നാണക്കേട് ആയി. അതിനു ശേഷം മോഹനേട്ടൻ ലിസ്റ്റ് എഴുതുന്ന പണി ചെയ്യാറില്ല. സാമ്പാറിനുള്ള മിക്സഡ് വെജിറ്റബള്‍, ചേന, പാവയ്ക്ക, വെണ്ടയ്ക്ക, കാബേജ്, പയർ, വെള്ളരി, പച്ചക്കായ,  മത്തൻ, വാഴയില ലിസ്റ്റ് അങ്ങനെ നീണ്ടു. അന്ന്, ഞങ്ങളുടെ സ്ഥലത്ത് ലുലുപോലെയുള്ള  വലിയ സൂപ്പർമാർക്കറ്റുകൾ ഒന്നും തന്നെയില്ല. ആകെയുള്ളത് ചന്തയിലെ ചില പച്ചക്കറികടകൾ മാത്രം. പച്ചക്കറി കടയിൽ നിന്ന് സാധനങ്ങൾ ഒക്കെ വാങ്ങിയെങ്കിലും വാഴയില മാത്രം കിട്ടിയില്ല. കടക്കാരോട് തിരക്കിയപ്പോൾ അത് ഏതെങ്കിലും നക്കലിൽ (തോട്ടത്തിൽ ) നിന്ന് ബംഗാളികളെ ചാക്കിട്ടു ഒപ്പിച്ചു കൊള്ളാൻ അവർ പറഞ്ഞു. എനിക്കാകട്ടെ  തോട്ടക്കാരായ ബംഗാളികളെ ആരെയും പരിചയമില്ല.

അങ്ങനെ ഇല ഒപ്പിക്കാനായി  തപ്പിനടന്നപ്പോഴാണ്  ഞങ്ങൾ  താമസിക്കുന്ന ഫ്ലാറ്റിന്‍റെ വഴിയിൽ ഒരു അറബിവില്ല കണ്ടത്. നല്ല ഭംഗിയുള്ള വില്ല. മതിൽകെട്ടിനുള്ളിൽ മുറ്റത്തു നിറയെ വൃക്ഷങ്ങൾ ഈന്തപ്പനയും മാവും ഞാവലുമൊക്കെ. ഏറെ ഉയരമില്ലാത്ത മതിലിലൂടെ മരക്കൊമ്പുകൾ പുറത്തേക്ക് എത്തിനോക്കുന്നു. നാലുചുറ്റും മതിലുള്ള വീടിന്‍റെ പുറകുവശത്തായി കുറേ വാഴകൾ. അവയുടെ ഇലകൾ പുറത്തേക്ക് നോക്കി എന്നെ കൈമാടി വിളിക്കുന്നു. ഞാൻ ഉറപ്പിച്ചു, ഇവിടെ നിന്നുതന്നെ വാഴയില അടിച്ചുമാറ്റാം. നാലു ഇലയല്ലേ വേണ്ടു അതിനിപ്പോൾ തോട്ടമൊക്കെ തപ്പി നടക്കുന്നത് ബുദ്ധിമുട്ട് അല്ലേ? പിറ്റേന്ന് വെള്ളിയാഴ്ച്ച ആണ് ഓണസദ്യ, അതിനുമുമ്പ് ഇല എങ്ങനെയെങ്കിലും അടിച്ചുമാറ്റണം ഞാൻ മനസ്സിൽ പദ്ധതിയിട്ടു. ഈ കാര്യം ഞാൻ റൂമിൽ  ആരോടും പറഞ്ഞതുമില്ല. 

പിറ്റേന്ന് വെള്ളിയാഴ്‌ച  രാവിലെ അഞ്ചരമണിക്ക് ഞാൻ അലാറം വെച്ചുണർന്നു. നേരം പരപരാ വെളുത്തു വരുന്നതേയുള്ളു. മോർണിംഗ് വാക്കിന് പോകുന്ന മട്ടിൽ  ഞാൻ റൂമിനു പുറത്തിറങ്ങി. കൈയ്യിൽ ഒരു പേനാക്കത്തി കരുതിക്കൊണ്ട് അറബിവീട് ലക്ഷ്യമാക്കി നടന്നു. പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞു മടങ്ങുന്ന ചിലരെയൊഴികെ റോഡിൽ ആരെയും  കണ്ടില്ല. ഇതു തന്നെ നല്ല സമയം ഞാൻ മനസ്സിൽ കരുതി. അറബിവില്ലയുടെ അടുത്ത് എത്തി ഞാൻ  നാലുപാടും നോക്കി. ആരെയും കാണുന്നില്ല. വാഴയില അടിച്ചുമാറ്റാൻ പറ്റിയ നേരം. വഴിയിൽകിടന്ന ഒരു നീണ്ട കമ്പെടുത്ത് ഞാൻ വാഴയിലകൾ വളച്ചു താഴ്ത്തി  നൊടിയിടയിൽ നാലഞ്ചു ഇലകൾ മുറിച്ചു മാറ്റി. എന്നിട്ട്, അതും ചുരുട്ടിപ്പിടിച്ചു ഞാൻ റോഡിലൂടെ തിരികെ ഫ്ലാറ്റിലേക്ക് നടന്നു. അഞ്ചുമിനിട്ടു നടന്നു കാണും, പുറകിൽ പോലീസ് വണ്ടിയുടെ സൈറൺ വിളി. അപ്പോഴാണ് എന്റെ തലയിൽ കിളി പോയത്. പണി പാളി... ഇനി വരുന്നേടത്തു  വെച്ചു കാണാം. പോലീസുകാർ  വന്ന് എന്‍റെ അടുത്തു ചവുട്ടി നിര്‍ത്തി. "റഫീഖ് താൽ" എന്നെ അറബി പോലീസുകാരൻ കൈയാട്ടി വിളിച്ചു. ഞാൻ തെല്ലുപരുങ്ങലോടെ അടുത്തു ചെന്നു. ചോദ്യവും ഉത്തരവുമില്ലാതെ പോലീസുകാരൻ എന്നെ തള്ളി വണ്ടിക്കുള്ളിലാക്കി സ്റ്റേഷനിലേക്കു കൊണ്ടുപോയി.

ഞാൻ കള്ളനല്ലെന്ന് ഈ മറുതായോടു എങ്ങനെ പറഞ്ഞു മനസ്സിലാക്കും?

പോലീസ് സ്റ്റേഷന്‍റെ മുമ്പിൽ വണ്ടിനിര്‍ത്തി അയാൾ  എന്നെ കൈയ്യിൽ ബലമായി പിടിച്ചുകൊണ്ട് ഉള്ളിലേക്ക് കൊണ്ടുപോയി. തൊണ്ടിമുതലായി എന്‍റെ കൈയ്യിൽ ഒരു പേനാക്കത്തിയും കുറെ ഇലകളും. എന്നെ കണ്ടതോടെ  സ്റ്റേഷനിലെ പോലീസുകാർ  ആർത്തു ചിരിച്ചുകൊണ്ട് അറബിയിൽ എന്തൊക്കെയോ പറഞ്ഞു. എനിക്ക് ഒന്നും മനസ്സിലായില്ല. ഒരു പോലീസുകാരൻ  എന്നെ അകത്തെ റൂമിലുള്ള മേലുദ്യോഗസ്ഥന്‍റെ അടുത്തേക്ക് കൊണ്ടുപോയി. എന്‍റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി. വാഴയില വരുത്തിയ പൊല്ലാപ്പേ...

റൂമിൽ കടന്നതും ഞാൻ പതിഞ്ഞ സ്വരത്തിൽ ഒരു സലാം പറഞ്ഞു. എന്‍റെ വാക്കുകൾ പുറത്തേക്കു വരുന്നില്ല. ഓഫീസർ എന്നെ  അടിമുടി നോക്കി ഒന്ന് നീട്ടിമൂളി. അയാൾ എന്നോട് ഐ.ഡി കാർഡ് ചോദിച്ചു. ഞാൻ  പോക്കറ്റിൽ  തപ്പി. നിർഭാഗ്യം. കണ്ടകശനി കൊണ്ടേ പോകൂ. പേഴ്സ് എടുത്തിട്ടില്ല. രാവിലെ  ഉറക്കത്തിൽ നിന്ന് ഈ പണിക്കിറങ്ങിയതിനിടയിൽ  പേഴ്സ് എടുക്കാൻ മറന്നു പോയി. അയാൾ അറബിയിൽ  എന്തോ പറഞ്ഞു. അയാൾ എന്നോട് മുറി ഇംഗ്ലീഷിൽ ചോദിച്ച ചോദ്യങ്ങൾക്ക്  ഓണം സെലിബ്രേഷൻ, ഈറ്റിംഗ് ഫുഡ്  എന്നൊക്കെ ഞാൻ വിക്കിവിക്കി പറഞ്ഞു. അയാൾക്ക്‌  ഒന്നും മനസ്സിലായില്ല. ഒടുവിൽ ഭക്ഷണം കഴിക്കുന്നതുപോലെ ഞാൻ ആംഗ്യം കാണിച്ചപ്പോൾ അയാൾക്ക്‌ എന്തൊക്കെയോ മനസ്സിലായി. ഇതു നമ്മുടെ നാട്ടിൽ കഴിക്കാറുള്ള വെജിറ്റബിൾ സാലഡ്  ആണെന്നോ മറ്റോ  ആകും അയാൾ കരുതിയത്. എവിടെയാണ് ജോലി എന്ന് ചോദിച്ചതിന് ഹോസ്പിറ്റലിൽ എന്ന് കേട്ടതോടെ അയാൾ തണുത്തു. ഞങ്ങളുടെ സ്ഥലത്തെ ഏക ഹോസ്പിറ്റൽ ആണത്. അവിടെ ജോലി ചെയ്യുന്നവരോട്  അറബികൾക്ക് പൊതുവെ ബഹുമാനമാണ്. ഭാഗ്യം പിടിവള്ളി കിട്ടി ഞാൻ  ഫാർമസിസ്റ്റ്  ആണെന്നും  ദവ( മെഡിസിൻ ) സ്റ്റോറിൽ ആണ് ജോലി ചെയ്യുന്നതെന്നും കേട്ടതോടെ അയാൾ എന്നോട് കസേരയിൽ ഇരിയ്ക്കാൻ പറഞ്ഞു. ഞാൻ മടിയിൽ ഇലയും  പേനാക്കത്തിയുമായി വൈദ്യുതി കസേരയിൽ മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയെപ്പോലെ കുത്തിയിരുന്നു.

ഒരു പത്തുമിനുട്ട്  അങ്ങനെ ഇരുന്നപ്പോഴേക്കും  പരമ്പരാഗത  വേഷം ധരിച്ച ഒരു അറബി കയറിവന്നു. അയാൾ  എന്നെ  കണ്ടതും "ഹാദാ ഹിമാർ" എന്നു വിളിച്ചു കൂകി. ഇവനാണ് ആ കഴുത എന്നർത്ഥം.  അവന്‍റെ വീട്ടിൽ കയറി മോഷണം നടത്തിയതിന്‍റെ  സർവ്വകലിപ്പും അയാളുടെ മുഖത്തുണ്ട്. ഞാൻ പേടിച്ചു കസേരയിൽ നിന്ന് എഴുന്നേറ്റു നിൽപ്പായി. അറബിയോട് ഓഫീസർ  ശാന്തമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഇവൻ കള്ളനല്ല  ഇവരുടെ നാട്ടിൽ ഉപയോഗിക്കുന്ന ഏതോ പച്ചക്കറി സലാഡ്  നിന്‍റെ  വീട്ടിൽ നിന്ന് ചോദിക്കാതെ അടിച്ചുമാറ്റി  അത് ഒരു ക്ഷമിക്കാവുന്ന കുറ്റം അല്ലേ ഉള്ളൂ എന്നാകും അയാൾ പറഞ്ഞത്. അതിനിടെ ഞാൻ  കുറെ തവണ മാലിഷ്, മാലിഷ് (സോറി)  എന്ന് പറഞ്ഞിട്ടും അറബിയുടെ  മുഖം  കടന്നൽ കുത്തിയതുപോലെ തന്നെ. ഞാൻ കള്ളനല്ലെന്ന് ഈ മറുതായോടു എങ്ങനെ പറഞ്ഞു മനസ്സിലാക്കും? ആലോചിച്ചിട്ട് ഒരു എത്തുംപിടിയും  കിട്ടുന്നില്ല. അപ്പോഴാണ് തലയിൽ ഒരു ബൾബ് മിന്നിയത്. ഇത് വർക്കായാൽ  രക്ഷ

പതുപതുത്ത സീറ്റിൽ  ഞാൻ ഒരു നത്തിനെപ്പോലെ അള്ളിപ്പിടിച്ചിരുന്നു

"ഹോർമ്മ ഫീ  ഹമൽ" എന്ന് പറഞ്ഞു. എന്നുവച്ചാൽ  പെണ്ണുമ്പിള്ള ഗർഭിണി ആണെന്ന്.  അവൾക്ക് വാഴയില കൊതി മൂത്ത കാരണം ആണ്  ഞാൻ  മോഷണത്തിന്  ഇറങ്ങിയതെന്നും പറയാതെ പറഞ്ഞു. എന്റെ ദയനീയമായ നിൽപ്പ് കൂടെ കണ്ടതോടെ അവന്‍റെ മനസ്സലിഞ്ഞു. പാവം അറബി, ഞാൻ  എന്‍റെ ഗർഭിണിയായ ഭാര്യയെ സന്തോഷിപ്പിക്കാൻ ആണ് ഈ പണിക്കിറങ്ങിയത് എന്നുകേട്ടതോടെ അയാളുടെ ദേഷ്യമൊക്കെ അലിഞ്ഞു പോയി. അയാൾ എന്‍റെ തോളിൽ തട്ടിക്കൊണ്ട്  "ഇൻദാ ക്വോയ്‌സ് സെൻ സെൻ " എന്നുപറഞ്ഞു അതായത്  നീ നല്ലവനാണ്,  കുഴപ്പക്കാരനല്ല എന്നർത്ഥം. കല്യാണസൗഗന്ധികം തേടിപ്പോയി പുലിവാലു പിടിച്ച അഭിനവ ഭീമനെപ്പോലെ ഞാൻ ഒരു വളിച്ച ചിരിയുമായി തല താഴ്ത്തി നിന്നു.

അയാൾ പോലീസുകാരനോടു യാത്ര പറഞ്ഞു എന്നെ കൈപിടിച്ചു കൊണ്ട് അയാളുടെ വണ്ടിയുടെ അടുത്തേക്ക് കൊണ്ടുപോയി. എന്നോട്  വണ്ടിയിൽ കയറിക്കൊള്ളാൻ പറഞ്ഞു. ഞാൻ താമസിക്കുന്ന ഇടത്തുവിടാൻ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. നല്ല പടപണ്ടാരം പോലത്തെ വണ്ടി. പതുപതുത്ത സീറ്റിൽ  ഞാൻ ഒരു നത്തിനെപ്പോലെ അള്ളിപ്പിടിച്ചിരുന്നു. അയാൾ ഒന്നും പറയാതെ  എന്നെ അയാളുടെ തോട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി.  പണിക്കാരനായ ബംഗാളിയെ  വിളിച്ചു  എനിക്കുവേണ്ടി ഒരു പത്തമ്പത്  വാഴയില മുറിച്ചു അടുക്കി കൈയ്യിൽ  തന്നിട്ട്  മാത്രം ആണ് അറബിയ്ക്ക് സമാധാനം ആയത്. ഒടുവിൽ ഒരു പഞ്ച് ഡയലോഗും, "അക്കൽ  അക്കൽ  മാഷാ  അള്ളാ  ബച്ചാ  ഇത്തനീൻ  ഈജി " ( കഴിച്ചോളൂ, കഴിച്ചോളൂ ദൈവം സഹായിച്ചു നിനക്ക് ഇരട്ടകുട്ടികൾ  ഉണ്ടാകും.)

Follow Us:
Download App:
  • android
  • ios