അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

ടാക്‌സിയില്‍ കയറാന്‍ നേരം ഇപ്പോഴും ഡ്രൈവര്‍ സീറ്റിലേക്കൊന്ന് ചൂഴ്ന്ന് നോക്കും. അയാളെ ഒരിക്കലൂടെ കാണാന്‍ വേണ്ടിയല്ല. അയാളല്ലല്ലോ എന്നുറപ്പിക്കാനുള്ള നോട്ടം. ആ യാത്രക്ക് വര്‍ഷം നാലു കഴിഞ്ഞു. എങ്കിലും ആ വഴി പോകുമ്പോഴെല്ലാം ഉള്ളിലൊരാളലുണ്ടാകും. നീണ്ടുനിവര്‍ന്നുകിടക്കുന്ന മരുഭൂമിയിലുടെ ഉള്ളിലെവിടെയോ ഒടുങ്ങിപ്പോകുമായിരുന്നില്ലേ എന്നോര്‍ത്ത് കിടുങ്ങും. 

അത് സംഭവിച്ചതിങ്ങനെയാണ്. 

മക്കയില്‍ ഹറമിന്റെ മുന്നില്‍ വാഹനം കാത്തുനില്‍ക്കുകയാണ്. ജിദ്ദ-ജിദ്ദ-ഹംസത്താഷ്. (ജിദ്ദയിലേക്ക് പതിനഞ്ച് റിയാല്‍) എന്ന് വിളിച്ചുപറയുന്നുണ്ട് ടാക്‌സിക്കാര്‍. ആയാസത്തോടെ യാത്ര ചെയ്യാന്‍ പറ്റിയ വണ്ടി കുറവാണ്. ഭാര്യ നസിയും മകനും കൂടെയുണ്ട്. നല്ല ക്ഷീണവും. തലേന്ന് രാത്രി വന്നതാണ് മക്കയിലേക്ക്. അയല്‍വാസിയായ ലത്തീഫ്ക്കയുടെ മരണം വളരെ പെട്ടെന്നായിരുന്നു. മക്കയില്‍ ജോലി ചെയ്യുന്ന എന്റെ ജ്യേഷ്ഠന്റെ മുറിയിലാണ് ലത്തീഫ്ക്കയുടെ മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു. മയ്യിത്ത് മക്കയില്‍ മറവുചെയ്ത ശേഷം മടങ്ങി വരികയാണ്. ഉറക്കം വന്ന് ഞങ്ങളുടെ കണ്ണുകളൊക്കെ മൂടിയിട്ടുണ്ട്. വെളുത്തവസ്ത്രം ധരിച്ച് ഒരാള്‍ അടുത്തുവന്നു. ഒരു ടാക്‌സിയുണ്ട്. 100 റിയാല്‍ തന്നാല്‍ ജിദ്ദയില്‍ താമസസ്ഥലത്ത് കൊണ്ടാക്കാമെന്ന് പറഞ്ഞു. വേണ്ടെന്ന് പറഞ്ഞു തിരിഞ്ഞുനടന്നു. 

കുറച്ചുനേരം കഴിഞ്ഞ് അയാള്‍ വീണ്ടും വന്നു. 

വേറെ ഒരാള്‍ കൂടി ജിദ്ദയിലേക്കുണ്ട്. അയാള്‍ അന്‍പത് റിയാല്‍ തരും. ബാക്കി നിങ്ങള്‍ തന്നാല്‍ മതി.

മോശമല്ലാത്ത ഓഫറാണ്. ബാക്ക് സീറ്റില്‍ നസിക്കും മോനുമൊപ്പമിരുന്ന് വിശാലമായി പോകാം. ഓഫര്‍ സ്വീകരിച്ച് ടാക്‌സിയില്‍ യാത്രയായി. മുന്നിലൊരു അറബിയിരിക്കുന്നു. സലാം ചൊല്ലി. മടക്കി. മക്ക -ജിദ്ദ റോഡില്‍ കാര്‍ കുതിച്ചോടുകയാണ്. വഴിയിലെവിടെയോ വെച്ച് ഡ്രൈവര്‍ പറഞ്ഞു. ഈ അറബിക്ക് ഇവിടെ അടുത്തൊരു സ്ഥലത്ത് പോകാനുണ്ട്. ഒരു അഞ്ച് മിനിറ്റ് ദൂരം. ഒന്നുപോയി വരുന്നതില്‍ വിഷമമുണ്ടോ. അഞ്ചു മിനിറ്റല്ലേ. കുഴപ്പമില്ലെന്ന് മറുപടി പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞാലും അയാള്‍ വണ്ടി അതുവഴി ഓടിക്കുമെന്നുറപ്പാണ്. കാര്‍ വലതുഭാഗത്തെ പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു. കാറിന്റെ കുതിച്ചോട്ടം തുടരുകയാണ്. സമയം അഞ്ചും പത്തും മിനിറ്റ് കഴിഞ്ഞു. റോഡില്‍ വല്ലപ്പോഴും ഒരു വാഹനം കണ്ടാലായി. കുറേദൂരം പിന്നേയും ഓടി. റോഡരികില്‍ വലിയ വേലി കെട്ടിത്തിരിച്ച് അതിനകത്ത് കുറേ ഒട്ടകങ്ങള്‍. ഒട്ടകങ്ങള്‍ക്കുള്ള പുല്ലിന്‍കെട്ട് റോഡരികില്‍ തന്നെയുണ്ട്. എവിടേക്കാണ് പോകുന്നതെന്ന് ഒരെത്തും പിടിയുമില്ല. മോന്‍ സീറ്റില്‍ തളര്‍ന്നുറങ്ങുന്നു. സമയം നീണ്ടു പോകുന്നു. വഴികള്‍ തിരിഞ്ഞും മറിഞ്ഞും കയറിയും ഇറങ്ങിയും മറയുന്നു. നട്ടുച്ചയായിട്ടും കണ്ണുകളില്‍ ഇരുട്ടുകയറുന്നു. 

എനിക്ക് ഓഫീസില്‍ പോകാന്‍ നേരമായി. നിങ്ങള്‍ അഞ്ചുമിനിറ്റെന്ന് പറഞ്ഞിട്ട് ഇതെത്രെ നേരമായി.

ചോദ്യം കേട്ടതും ഡ്രൈവര്‍ അറബിയോട് അറബിയിലെന്തോ പറഞ്ഞു. അറബി അയാളിരുന്ന മുന്‍ സീറ്റ് ഒന്നുകൂടി ചെരിച്ചിട്ട് വിശാലമായി കിടന്നു. നസിയുടെ കണ്ണില്‍ പേടി നിറഞ്ഞു. എന്റെ മനസ്സിലെ പേടി അവളിലേക്കും പടര്‍ന്നിരുന്നു. കാര്‍ പിന്നെയും പോക്കറ്റ് റോഡിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ ടാര്‍ റോഡ് കാണാനേയില്ല. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ മാത്രം. മുന്നില്‍ വലിയ മല. റോഡ് പിന്നെയും വളഞ്ഞുപുളഞ്ഞു പോകുന്നു. മണിക്കൂറൊന്ന് കഴിഞ്ഞു. എനിക്ക് ഓഫീസില്‍ പോകാന്‍ നേരമായി. നിങ്ങളെങ്ങോട്ടാണ് പോകുന്നതെന്ന് വീണ്ടും ചോദിച്ചു. മുന്നില്‍ നിന്ന് മറുപടികളൊന്നുമില്ല. 

മലഞ്ചെരുവില്‍ കാര്‍ നിര്‍ത്തി. മുന്നിലിരുന്ന അറബിയിറങ്ങി. മസറയാണെന്ന് തോന്നുന്നു. കാറിന്റെ ചില്ലുതാഴ്ത്തിയതും ഒട്ടകത്തിന്റെ മണം കാറിനുള്ളിലേക്ക് ഇരച്ചെത്തി. ഒരാടുജീവിതത്തിന്റെ മണം. മസറയിലൊന്നു നടന്നശേഷം അറബി വീണ്ടും തിരിച്ചെത്തി. ഇവിടെ അയാളുദ്ദേശിച്ചയാളുണ്ടാകില്ല. വേറെ എങ്ങോട്ടോ ഇനിയും കൊണ്ടുപോകും. ഞാന്‍ മനസില്‍ പറഞ്ഞതവള്‍ കേട്ടു. അവളുടെ കണ്ണുകളില്‍നിന്ന് പേടിയുറ്റിയിറ്റ് വീണു. മകന്റെ തലയിലൂടെ അവള്‍ വിരലുകളോടിച്ചു. 

കാര്‍ പിന്നെയും മുന്നോട്ടുനീങ്ങി. രണ്ടുഭാഗത്തും ഇടിഞ്ഞുപൊളിഞ്ഞ കുറേ വീടുകള്‍. ആള്‍പെരുമാറ്റമുണ്ടായിട്ട് വര്‍ഷങ്ങളായെന്ന് തോന്നുന്ന കെട്ടിടങ്ങള്‍. ഇനി ഏത് നരകത്തിലേക്കാണ് പോകുന്നതെന്നറിയില്ല. തൊണ്ടവരണ്ടു. ഒന്നുമറിയാതെ ആറുവയസ്സുള്ള മകന്‍ സീറ്റില്‍ തളര്‍ന്നുറങ്ങുന്നു. പിന്നെയും ഓട്ടം തന്നെ. മണ്‍പാതകള്‍ പിന്നിട്ട് കാര്‍ ടാര്‍ റോഡിലേക്ക് കയറി. പാത വിജനം തന്നെയാണ്. ഇതെങ്ങോട്ടാണ് പോകുന്നതെന്ന് എത്രയാവര്‍ത്തിച്ചു ചോദിച്ചിട്ടും ഡ്രൈവറില്‍ നിന്ന് മറുപടിയില്ല. അറബി ഇടക്ക് മാലീഷ്, മാലീഷ് എന്ന് പറയുന്നുണ്ട്. 

പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് കാര്‍ വാഹനപെരുപ്പുമുള്ള റോഡിലേക്ക് കയറിയത്. ശ്വാസം നേരെ വീണതും അപ്പോഴാണ്. അഞ്ചു മിനിറ്റെന്ന് പറഞ്ഞിട്ട് മണിക്കൂറെത്രെ കഴിഞ്ഞെന്ന് ചോദിച്ചപ്പോഴാണ് ഡ്രൈവറുടെ ഒച്ചയനക്കം പിന്നെയുണ്ടായത്. മുന്നിലിരിക്കുന്ന അറബി തായിഫുകാരനാണ്. ഇയാള്‍ക്ക് ഇവിടെയൊരു മസറയുണ്ട്. വല്ലപ്പോഴുമേ ഇങ്ങോട്ടുവരാറുള്ളൂ. ഒന്നു വന്നുനോക്കി പോകാം എന്ന് പറഞ്ഞതായിരുന്നു. അറബി പിറകിലേക്ക് നോക്കി മാലീഷ്, മാലീഷ് എന്ന് വീണ്ടും പറഞ്ഞു. ഞങ്ങളുടെയുറക്കമെല്ലാം പോയിക്കഴിഞ്ഞിരുന്നു.

ഫ്‌ളാറ്റിന് മുന്നിലെത്തി നേരത്തെ പറഞ്ഞുറപ്പിച്ച സംഖ്യ കൊടുത്തപ്പോള്‍ ഡ്രൈവര്‍ക്ക് അത് പോര. നൂറു റിയാല്‍ വേണമെന്നായി. ദേഷ്യവും സങ്കടവും കലര്‍ന്ന കണ്ണും മുഖവും തിരിച്ചുവെച്ചതോടെ അയാള്‍ കാറുമായി വേഗത്തില്‍ കടന്നുപോയി.