Asianet News MalayalamAsianet News Malayalam

ഒളിച്ചോടുകയല്ല, ഈ ജീര്‍ണതയെ  അഭിമുഖീകരിക്കുകയാണ് വേണ്ടത്

ഭരണഘടനയെ അട്ടിമറിക്കാനുള്ള ഭൂരിപക്ഷ മതത്തിന്റെ സാധ്യതകളെ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലും രക്ഷക രൂപമായി അവതരിക്കുന്ന കരുത്തുറ്റ ഭരണാധികാരിയിലും നമ്മുടെ പൊതുബോധത്തിന്റെ ഭാഷയായി തുടര്‍ന്ന ഹിന്ദു അവബോധം നാവുകള്‍ കണ്ടെത്തുകയാണ്-ഡോണ്‍ ജോര്‍ജ് എഴുതുന്നു

Don George on Sabarimala women entry controversy
Author
Thiruvananthapuram, First Published Nov 19, 2018, 3:27 PM IST

കേരളത്തിലെ കൊട്ടിഘോഷിക്കപ്പെടുന്ന നവോത്ഥാനം പൊതുമണ്ഡലത്തിലെ ഇടപെടലുകളെ ആശാസ്യമായ രീതിയില്‍ ചില പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാക്കി എന്നതൊഴിച്ചാല്‍ സ്വകാര്യ ലോകങ്ങള്‍ യാഥാസ്ഥിതികതയുടെ ജീര്‍ണതയില്‍ തന്നെ കുരുങ്ങി കിടക്കുകയായിരുന്നു എന്ന യാഥാര്‍ഥ്യത്തെയല്ലേ ശബരിമല വിവാദം വെളിച്ചത്തു കൊണ്ടു വരുന്നത്? 

Don George on Sabarimala women entry controversy

മത-ജാതി രഹിത കേരള നിര്‍മിതി, ഹിന്ദുത്വ പൊതുബോധ നിര്‍മിതിക്കെതിരായ പോരാട്ടം തുടങ്ങിയ വിഷയങ്ങളുമായി ഒരു സംഘം പുരോഗമനവാദികള്‍ മുന്നേറികൊണ്ടിരിക്കുമ്പോഴാണ് ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച വിവാദം പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാകുന്നത്.

മേല്‍പ്പറഞ്ഞ വന്‍ അജണ്ടകള്‍ മാറ്റി വെച്ച് ശബരിമലയിലെ സ്ത്രീ പ്രവേശനം സുപ്രധാനമാണെന്നും അര്‍ത്തവ വിലക്ക് ജാതീയ ഹിംസയുടെ തുടര്‍ച്ചയാണെന്നും സ്ത്രീകള്‍ പറഞ്ഞതോടെ കേരളത്തെ പെട്ടെന്നങ്ങ് സംഘ പരിവാര്‍ വിഴുങ്ങിയെന്നാണ് ഈ പുരോഗമന വാദികളുടെ വാദം. ആര്‍ത്തവ വിലക്കില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ലിംഗനീതിയും ജാതി ഹിംസയും പോലുള്ള ഉപരി മണ്ഡല വിഷയങ്ങള്‍ സംഘപരിവാറിനെതിരായ പോരാട്ടമെന്ന അടിസ്ഥാന വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുന്നുവെന്നാണ് വിശകലനം. ഉപരി മണ്ഡല വിഷയങ്ങള്‍ക്ക് നല്‍കേണ്ട മുന്‍ഗണനകളെ കുറിച്ച് ബോധമില്ലാത്തവര്‍ ശബരിമല പൊതുമണ്ഡലത്തിലെ മുഖ്യവിഷയമാക്കി മാറ്റി കളയുന്നു എന്നാണ് വിമര്‍ശനം

കേരളത്തിലെ കൊട്ടിഘോഷിക്കപ്പെടുന്ന നവോത്ഥാനം പൊതുമണ്ഡലത്തിലെ ഇടപെടലുകളെ ആശാസ്യമായ രീതിയില്‍ ചില പരിഷ്‌കരണങ്ങള്‍ക്ക് വിധേയമാക്കി 
എന്നതൊഴിച്ചാല്‍ സ്വകാര്യ ലോകങ്ങള്‍ യാഥാസ്ഥിതികതയുടെ ജീര്‍ണതയില്‍ തന്നെ കുരുങ്ങി കിടക്കുകയായിരുന്നു എന്ന യാഥാര്‍ഥ്യത്തെയല്ലേ ശബരിമല വിവാദം വെളിച്ചത്തു കൊണ്ടു വരുന്നത്? 

ന്യൂനപക്ഷ മതങ്ങളിലെ സ്ത്രീ ഹിംസ നിരന്തരമായി പൊതുമണ്ഡലത്തില്‍ ചര്‍ച്ചക്കെത്തിയപ്പോള്‍ ജാതീയതയുടെ അക്രമം കൂടി ഉള്‍ച്ചേര്‍ന്ന പെണ്‍ വിലക്കുകളുടെ ഹിന്ദു ലോകം അദൃശ്യമായി തുടരുകയായിരുന്നു എന്നല്ലേ നമ്മള്‍ തിരിച്ചറിയേണ്ടത്?

പൊതുമണ്ഡലത്തില്‍ അത്രകണ്ട് പ്രകടിതമാകാത്തപ്പോഴും രണ്ടര ദശാബ്ദത്തോളമായി കേരളത്തില്‍ പതുക്കെ പിടിമുറുക്കി കൊണ്ടിരുന്ന ഹിന്ദുത്വ രാഷ്ട്രിയം മലയാളിയുടെ സ്വകാര്യതയുടെ ലോകങ്ങളെ വെളിച്ചത്തു കൊണ്ടു വരികയല്ലേ ചെയ്യുന്നത്?

തുടര്‍ച്ചകളില്ലാത്ത അറകളായി സങ്കല്പിച്ച് പോന്നിരുന്ന പൊതു /സ്വകാര്യം എന്ന സാങ്കല്പിക വിഭജനം ഭേദിക്കപ്പെടുമ്പോള്‍, പുരോഗമനവാദികള്‍ മേനി പറഞ്ഞിരുന്ന പൊതു സമൂഹ നാട്യങ്ങള്‍ എത്രമാത്രം ലോലമായിരുന്നു എന്ന തിരിച്ചറിവിനോട് പ്രതിഫലനാത്മകമായി പ്രതികരിക്കുകയല്ലേ വേണ്ടത്.

ഈ ജീര്‍ണതയെ അഭിമുഖീകരിക്കുകയാണ് വേണ്ടത്.

അല്ലാതെ, രാഷ്ട്രീയ സന്ദര്‍ഭം തിരിച്ചറിഞ്ഞ് തന്ത്രപരമായ അടവുനയത്തിന്റെ ഭാഗമായി സ്ത്രീകള്‍ ശബരിമല പ്രവേശം മുഖ്യ അജണ്ടയായി എടുക്കാതിരുന്നെങ്കില്‍, ഹിന്ദുത്വയുടെ വളര്‍ച്ച പ്രതിരോധിക്കാമായിരുന്നു എന്ന ബാലിശമായ വാദഗതികള്‍ ആവര്‍ത്തിക്കുകയാണോ വേണ്ടത്. കുടുംബത്തിലും സമൂഹത്തിലും സമാധാനത്തിന്റെ ബാധ്യത സ്ത്രീക്കാണെന്ന കാഴ്ച്ചപ്പാടിനെ പിന്‍പറ്റുകയല്ലാതെ എന്ത് രാഷ്ട്രീയ തെളിച്ചമാണ് ഇത്തരം നിലപാടുകള്‍ക്കുള്ളത്.

ഹിന്ദുത്വ രാഷ്ട്രീയം നമ്മുടെ ചര്‍ച്ചകളുടെ ഭാഷ ഇന്ന് നിര്‍ണയിക്കുന്നതിന് ശബരിമല വിവാദമല്ല ഉത്തരവാദി. മതരഹിത - ജാതിരഹിത ആര്‍പ്പു വിളികള്‍ അരങ്ങേറുമ്പോഴും മലയാളി സമൂഹം ഹിന്ദുത്വയുടെ പരിഷ്‌കൃതമാകാത്ത വിലക്കുകളുടെ ഭാഷയെ സ്വഭാവികമായി തന്നെ കണ്ടിരുന്നു എന്നത് ഇന്ന് കൂടുതല്‍ ദൃശ്യമാകുന്നു എന്നേയുള്ളൂ.

ഭരണഘടനയെ അട്ടിമറിക്കാനുള്ള ഭൂരിപക്ഷ മതത്തിന്റെ സാധ്യതകളെ മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലും രക്ഷക രൂപമായി അവതരിക്കുന്ന കരുത്തുറ്റ ഭരണാധികാരിയിലും നമ്മുടെ പൊതുബോധത്തിന്റെ ഭാഷയായി തുടര്‍ന്ന ഹിന്ദു അവബോധം നാവുകള്‍ കണ്ടെത്തുകയാണ്.

ഈ ജീര്‍ണതയെ അഭിമുഖീകരിക്കുകയാണ് വേണ്ടത്. ജാതീയ ഹിംസയുടെ കൂടി പ്രഹര ശേഷിയോടെ സ്ത്രീകളെ നിയന്ത്രിക്കാനൊരുങ്ങുന്ന ഹിന്ദു പൊതുബോധത്തിനെതിരായ തിരിച്ചറിവുകള്‍ ഹിന്ദുത്വയുടെ ബൃഹദ് പാരമ്പര്യങ്ങളിലേക്കുള്ള വീഴ്ച്ചകളല്ല. ആഭ്യന്തര വൈരുധ്യ നിര്‍മിതികളുടെ സൂക്ഷ്മ രാഷ്ട്രീയം നമ്മെ കൂടുതല്‍ പ്രതിഫലനാത്മക ശേഷിയുള്ളവരാക്കും. വിലക്കുകളുടെ ഭാഷക്കപ്പുറം സംവാദാത്മക രാഷ്ട്രീയത്തിന്റെ വിമതസാധ്യതകള്‍ തുറന്നു നല്‍കും. മത ജാതി വര്‍ഗ രഹിത സമൂഹം എന്ന ഉട്ടോപ്യയെ ലക്ഷ്യം വക്കുന്നതിനു പകരം, വര്‍ത്തമാന സങ്കീര്‍ണതകളെ തിരിച്ചറിയുന്ന സൂക്ഷ്മ രാഷ്ട്രീയ സഖ്യ സാധ്യതകളെ അന്വേഷിക്കും.

Follow Us:
Download App:
  • android
  • ios