Asianet News MalayalamAsianet News Malayalam

സെര്‍വിക്കല്‍ കാന്‍സറിനെ തടയാനാവും

Dr Shinu Shyamalan on cervical cancer
Author
Thiruvananthapuram, First Published Sep 19, 2017, 11:33 AM IST

ദില്ലി സര്‍ക്കാറിന്റെ മാതൃകയില്‍ സൗജന്യമായി പെണ്‍കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ കേരള സര്‍ക്കാര്‍ മുന്‍ കൈയെടുക്കുമെങ്കില്‍, ഗര്‍ഭാശയമുഖ കാന്‍സറിനെ നമ്മുടെ നാട്ടിലും തടയാം

Dr Shinu Shyamalan on cervical cancer

പലപ്പോഴും ക്യാന്‍സര്‍ എന്ന മാരകരോഗം അതിന്റെ അവസാനഘട്ടത്തിലായിരിക്കും നമ്മള്‍ അറിയുക. അതിനാല്‍, പലപ്പോഴും പല ചികിത്സകള്‍ നല്‍കിയിട്ടും രോഗികള്‍ മരണത്തിലേക്ക് പോകുന്നു. ഗര്‍ഭാശയഗള കാന്‍സറും (സെര്‍വിക്കല്‍ കാന്‍സര്‍) ധാരാളം ജീവനുകള്‍ അപഹരിക്കുകയാണ് ഇന്ന്. എന്നാല്‍, മതിയായ സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ നേരത്തെ കണ്ടെത്തുവാനും തക്കസമയത്തു ചികില്‍സിക്കുവാനും, കൂടാതെ കുത്തിവെപ്പിലൂടെ പ്രതിരോധിക്കുവാനും സാധിക്കുന്ന ഒന്നാണ് ഇതെന്നതാണ് വാസ്തവം. 

ലോകത്തു ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സറുകളില്‍ അഞ്ചാം സ്ഥാനത്താണ് ഇത്. പ്രതിവര്‍ഷം മൂന്നു ലക്ഷം സ്ത്രീകള്‍ ഈ രോഗംകൊണ്ട് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. അഞ്ചു ലക്ഷം പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെടുന്നുമുണ്ട്.

ഹ്യൂമന്‍ പാപിലോമ വൈറസാണ്  (HPV) 77 ശതമാനം സെര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 80 ശതമാനം  സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു.

70ശതമാനം  സെര്‍വിക്കല്‍ കാന്‍സറും HPV 16 ,HPV 18 എന്നീ  വൈറസ് മൂലമാണ് ഉണ്ടാകുന്നത്.  ഇതിനെക്കുറിച്ച് നമ്മുടെ നാട്ടില്‍ അവബോധം കുറവാണെന്നത് ഒരു വലിയ പ്രശ്‌നമാണ്. അതുകൊണ്ട് ഇത് തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും പലര്‍ക്കുമറിയില്ല. 

എച്ച്.പി.വി. വൈറസുകള്‍ സെര്‍വിക്കല്‍ കാന്‍സറിനു മാത്രമല്ല മലദ്വാരത്തിലും വായിലും തൊണ്ടയിലും, പുരുഷലിംഗത്തിലും യോനിയിലും ക്യാന്‍സറിന് കാരണമായേക്കാം. സാധാരണ  15 മുതല്‍ 20 വര്‍ഷം വരെ എടുക്കും അണുബാധമൂലം  സര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാവാന്‍. പക്ഷെ പ്രതിരോധശേഷി കുറഞ്ഞവരില്‍ അഞ്ചുമുതല്‍ 10 വര്‍ഷം  കൊണ്ട്  വരാം.


രോഗ ലക്ഷണങ്ങള്‍:

1.ആര്‍ത്തവം ക്രമം തെറ്റുക

2.ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക.

3.ലൈംഗിക ബന്ധത്തിന് ശേഷം  രക്തം കാണുക.

4.ക്ഷീണം, തൂക്കം കുറയുക, വിശപ്പില്ലായ്മ

5. വെള്ളപോക്ക്.

6.നടുവേദന

7.ഒരു കാലില്‍ മാത്രം നീര് വരുക.

 

എങ്ങനെ  രോഗം വരാതെ നോക്കാം?

1. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഗര്‍ഭനിരോധന ഉറ അല്ലെങ്കില്‍ മറ്റു സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിക്കുക.

2. പുകയില ഉപയോഗം കുറയ്ക്കുക.

3. വൈറസിനെതിരായ  കുത്തിവെപ്പ് എടുക്കുക.

4. കാന്‍സര്‍ കണ്ടെത്താന്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുക.

 

രോഗനിര്‍ണയം

നാലുതരം പരിശോധനകളാണ് പ്രധാനമായും രോഗനിര്‍ണയത്തിന് നിലവിലുള്ളത്. 
1.പാപ്പ്  സ്മിയര്‍  ടെസ്റ്റ് 
2.എല്‍.ബി.സി.
3.എച്ച.പി.വി. ടെസ്റ്റ്
4.വി.ഐ.എ (V.I.A)


ഇതില്‍ പാപ് സ്മിയര്‍ ടെസ്റ്റ് എന്നത് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പരിശോധനയാണ്. കേരളത്തില്‍ പല ആശുപത്രികളിലും ഇതിനുള്ള സൗകര്യങ്ങളുണ്ട്. ഗര്‍ഭാശയമുഖത്തെ(cervix) കോശങ്ങള്‍ക്കു എന്തെങ്കിലും മാറ്റമുണ്ടോ, കാന്‍സര്‍ ഉണ്ടോ, ക്യാന്‍സര്‍ വരാന്‍ സാധ്യതയുണ്ടോ എന്നിവയെല്ലാം ഈ പരിശോധനയിലൂടെ അറിയുവാന്‍ സാധിക്കും. ചിലവു വളരെ കുറവാണ്. 

എല്ലാ സ്ത്രീകളും ഈ പരിശോധന നടത്തണം. 30 വയസ്സ് മുതലെങ്കിലും രണ്ടോ മൂന്നോ വര്‍ഷമെങ്കിലും കൂടുമ്പോള്‍ സ്‌ക്രീനിങ് നടത്തുന്നത് നല്ലതാണ്. അതും പറ്റില്ലെങ്കില്‍ ഒരിക്കലെങ്കിലും ചെയ്യുക.

 

ചികിത്സ:

1.ക്രയോസര്‍ജറി

2.സര്‍ജറി

3.കീമോതെറാപ്പി

4.റേഡിയോതെറാപ്പി

പരിഹാരം വാക്‌സിന്‍
ഗര്‍ഭാശയ മുഖ കാന്‍സര്‍ വരാതിരിക്കുവാനുള്ള പ്രധാന മാര്‍ഗം പ്രതിരോധ കുത്തിവെപ്പെടുക്കുക  എന്നതാണ്. വാക്‌സിനുകള്‍ വളരെ ഫലപ്രദവുമാണ്. ലോകാരോഗ്യ സംഘടന ഈ കുത്തിവെപ്പ് നിര്‍ദേശിക്കുന്നുണ്ട്.

ഇന്ത്യയില്‍ പ്രധാനമായും രണ്ടു തരം കുത്തിവെപ്പ്  ലഭ്യമാണ്.

സെര്‍വിക്കല്‍  കാന്‍സറുള്ളവര്‍ ഈ കുത്തിവെപ്പ് എടുത്തിട്ട് പ്രയോജനമില്ല.പക്ഷെ സര്‍വിക്കല്‍ കാന്‍സര്‍ വരാതെയിരിക്കുവാന്‍ ഈ കുത്തിവെപ്പ് വളരെ സഹായിക്കുന്നു. അതുകൊണ്ട് ഒമ്പതിനും പതിമൂന്ന് വയസ്സിനുമിടയില്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്.ഒരു പെണ്‍കുട്ടി ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുന്നതിന് മുമ്പ തന്നെ ഈ കുത്തിവെപ്പെടുക്കുന്നതാണ് നല്ലത്. എങ്കിലും 26 വയസ്സ് വരെ കുത്തിവെപ്പ് എടുക്കാവുന്നതാണ്.

ആറു മാസത്തിനുള്ളില്‍  മൂന്നെണ്ണമായിട്ടാണ് ഇവ എടുക്കുന്നത്. വാക്‌സിനുകള്‍ കേരളത്തിലെ  സര്‍ക്കാര്‍ ആശുപത്രികളില്‍  ലഭ്യമല്ലെന്നത് ഒരു പ്രധാന പ്രശ്‌നമാണ്. വിലയും കൂടുതലാണ്. 2700 മുതല്‍ 3300 രൂപ വരെ വരും. ഡല്‍ഹി ഗവണ്മെന്റ് 2016 മുതല്‍ സൗജന്യമായി 13 വയസുള്ള പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുത്തു വരുന്നു. ഈ വാക്‌സിന്‍ സൗജന്യമായി  കൊടുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് ഡല്‍ഹി.

2016 മുതല്‍ 65 രാജ്യങ്ങളില്‍ കുത്തിവെപ്പ് നല്‍കിവരുന്നു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മതിയായ സ്‌ക്രീനിങും കുത്തിവെപ്പും  തക്ക സമയത്തുള്ള ചികിത്സയിലൂടെയും സര്‍വിക്കല്‍ ക്യാന്‍സര്‍കൊണ്ട്  ഒരുപരിധി വരെയുള്ള മരണനിരക്ക് കുറയ്ക്കാവുന്നതാണ്.ലോകാരോഗ്യ സംഘടന മുന്നോട്ടു വെയ്ക്കുന്ന ഈ കുത്തിവെപ്പ് തീര്‍ച്ചയായും നമ്മുടെ ജനങ്ങളിലേക്ക് എത്തേണ്ടതാണ്. അതിനു വേണ്ട നടപടി നമ്മുടെ സംസ്ഥാന സര്‍ക്കാറിണു തന്നെ കൈക്കൊള്ളാനാവും. 

Follow Us:
Download App:
  • android
  • ios