
കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് അയച്ചു തന്ന മെസേജിലെ ചില വാചകങ്ങള്‍ ആണ് 'ബ്രോയിലര്‍ കോഴി വിഷമാണ്. ദയവായി അത് ഭക്ഷിയ്ക്കരുതേ' എന്നത്. ഇതില്‍ എത്ര യാഥാര്‍ത്ഥ്യം ഉണ്ട്? അത് പറയുന്നതിനു മുമ്പേ കുറച്ച് അടിസ്ഥാന കാര്യങ്ങള്‍ വിശദമാക്കാം.
എന്താണ് ബ്രോയിലര്‍ (ചൂള) ചിക്കന്‍?
കോഴി മനുഷ്യന്റെ കൂടെ കൂടിയിട്ട് ആയിരക്കണക്കിനു വര്‍ഷങ്ങളായി. ചുവന്ന തരത്തിലുള്ള കാട്ടു കോഴി യുടെയും (ശാസ്ത്രീയ നാമം: Gallus gallus) ചാര നിറത്തിലുള്ള കാട്ടുകോഴിയുടെയും (ശാസ്ത്രീയ നാമം: Gallus sonneratii) സങ്കരമാണ് സാധാരണ വളര്‍ത്തു കോഴികള്‍. ഏകദേശം 8000 വര്‍ഷം മുന്‍പാണ് ഈ സങ്കരയിനം ഉണ്ടായത് എന്ന് ചില പഠനങ്ങള്‍ പറയുന്നു. പുരാതന കാലത്ത് 'കോഴിപ്പോരിനു' വേണ്ടിയാണ് കോഴികളെ വളര്‍ത്തിയിരുന്നത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നാണ് വളര്‍ത്തുകോഴികള്‍ മറ്റുസ്ഥലങ്ങളിലേക്ക് ദേശാന്തരഗമനം നടത്തിയത്.
നാട്ടുകോഴികളില്‍ നിന്നും വേര്‍തിരിച്ചെടുത്ത പ്രത്യേക ഇനം കോഴികളാണ് ബ്രോയിലര്‍ ചിക്കന്‍ (Gallus gallus domesticus). ഇറച്ചിക്ക് വേണ്ടി വളര്‍ത്തുന്ന കോഴികള്‍.
1916 ലാണ് ജീവികളുടെ വംശപാരമ്പര്യം (pedigree) നിലനിര്‍ത്തുന്ന രീതിയിലുള്ള പ്രജനനം പ്രചാരത്തില്‍ ആയത്. 1923 ലാണ് മിസിസ് വില്‍മര്‍ സ്റ്റീല്‍ എന്ന കൃഷിക്കാരി അമേരിക്കയിലെ ദെലാവേര്‍ എന്ന സ്ഥലത്ത് ആദ്യമായി 500 സങ്കരയിനം കോഴികളെ ഇറച്ചിക്കുവേണ്ടി മാത്രമായി പരീക്ഷണാര്‍ത്ഥം വളര്‍ത്തിയത്. 1926 ആയപ്പൊഴേക്കും വില്‍മര്‍ സ്റ്റീലിന്റെ ഫാമില്‍ പതിനായിരത്തിലധികം കോഴികള്‍ ആയി. ഇപ്പോള്‍ കാണുന്ന തരം വെള്ള കളറില്‍ ഉള്ള ബ്രോയിലര്‍ ചിക്കനുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉണ്ടാക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ടു വച്ചത് 1973 ല്‍ ഡൊണാള്‍ഡ് ഷേവര്‍ ആണ്.
ബ്രോയിലര്‍ ചിക്കനുകള്‍ക്കെന്തേ വെള്ള നിറം?
ബ്രോയിലര്‍ ചിക്കനുകള്‍ സങ്കരയിനമാണ് എന്ന് മുകളില്‍ പറഞ്ഞല്ലോ? ഈ സങ്കരയിനം ഉണ്ടാക്കിയത് Plymouth Rocks എന്നയിനവും white Cornish എന്ന വേറൊരിനം കോഴിയില്‍ നിന്നുമാണ്. ഇവയില്‍ നിന്നുണ്ടായ കോഴി ക്കുഞ്ഞുങ്ങള്‍ വെളുത്താണ് ഇരിക്കുന്നത്.
വളരെക്കുറഞ്ഞ സമയം കൊണ്ടും, കുറച്ച് ആഹാരം കൊണ്ടും ധാരാളം ഇറച്ചി ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളവയാണ് ഈ സങ്കരയിനം കോഴികള്‍. പുതു തലമുറ കോഴികളെ കൃത്രിമ ബീജ സങ്കലനം നടത്തിയാണ് ബ്രോയിലര്‍ ചിക്കനുകള്‍ക്കു വേണ്ട മുട്ടകള്‍ ഉണ്ടാക്കുന്നത്.
ഏകദേശം ഒരു മാസത്തിനകം തന്നെ ഇവയ്ക്ക് ഒന്നര കിലോയോളം തൂക്കം വരും. സാധാരണ നാടന്‍ കോഴിക്ക് ഏകദേശം നാലുമാസം എടുക്കും ഈ അളവില്‍ തൂക്കം വരാന്‍.
ബ്രോയിലര്‍ കോഴികള്‍ ഏകദേശം മുപ്പത്തി അഞ്ചിനും അമ്പതു ദിവസത്തിനും ഇടയില്‍ ഇറച്ചിക്കായി ഉപയോഗിക്കാം.
ബ്രോയിലര്‍ ചിക്കനുകള്‍ ജനറ്റിക് എഞ്ചിനീയറിങ് (genetically modified) വഴി ഉണ്ടാക്കുന്നതാണോ?
വാട്ട്‌സാപ്പ് മെസ്സേജുകളില്‍ പതിവായി കാണുന്ന വിവരമാണ് ബ്രോയിലര്‍ ചിക്കനുകള്‍ ജനറ്റിക് എഞ്ചിനീയറിങ് (genetically modified) വഴി ഉണ്ടാക്കുന്നതാണെന്ന്. ഇത് ശരിയല്ല. ഇവ ജനിതക മാറ്റം വരുത്തിയ കോഴികള്‍ അല്ല, മറിച്ച് രണ്ടുഇനത്തില്‍ പെട്ട കോഴികളെ ഉപയോഗിച്ച് ഉണ്ടാക്കിയ സങ്കരഇനമാണ്.
നാട്ടു കോഴിയോ ബ്രോയിലര്‍ ചിക്കനോ ഉത്തമം?
ധാരാളം കാറ്റും വെളിച്ചവും കൊണ്ടു പതിയെ വളരുന്ന നാടന്‍ കോഴികള്‍ തന്നെ കൂടുതല്‍ ഉത്തമവും രുചികരവും. എന്നിരുന്നാലും സാമ്പത്തികമായി നോക്കിയാല്‍ ബ്രോയിലര്‍ ചിക്കന്‍ തന്നെ ലാഭകരം.
ബ്രോയിലര്‍ ചിക്കന് ഭാരം കൂട്ടാന്‍ ഹോര്‍മോണ്‍ കുത്തിവക്കുമോ?
ഇത് മിഥ്യാ ധാരണയാണ്. മുകളില്‍ പറഞ്ഞ സങ്കരയിനത്തില്‍ പെട്ട കോഴികള്‍ ഒരു ഹോര്‍മോണ്‍ കുത്തിവയ്പ്പും ഇല്ലാതെതന്നെ ക്രമമായ അളവിലുള്ള ഭക്ഷണം കൊണ്ടു തന്നെ ഒന്നര രണ്ടു മാസത്തിനുള്ളില്‍ നല്ല തൂക്കം വയ്ക്കും. അപ്പോള്‍ ഹോര്‍മോണ്‍ കുത്തിവയ്‌ക്കേണ്ട ഒരു ആവശ്യവും ഇല്ലല്ലോ?
ഇനി വേണ്ടത്ര അറിവില്ലാതെ ഏതെങ്കിലും ഫാമുകള്‍ ഇങ്ങനെ ഉപയോഗിക്കുന്നുവെങ്കില്‍ അവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടു വരണം.1950 കളില്‍ത്തന്നെ അമേരിക്കയില്‍ ബ്രോയിലര്‍ ചിക്കനിലെ ഹോര്‍മോണ്‍ കുത്തിവയ്പ്പു നിരോധിച്ചതാണ്.
പക്ഷെ, അവയുടെ ചെറിയ ജീവിത കാലയളവില്‍ രോഗപ്രതിരോധ ശേഷി ഉണ്ടാക്കിയെടുക്കുക അസാദ്ധ്യമാണ്. അതിനാല്‍ ഇവയ്ക്ക് പലതരത്തിലുള്ള രോഗ പ്രതിരോധ കുത്തിവയ്പ്പുകള്‍ (vaccination) എടുക്കേണ്ടി വരും. ഇവയൊന്നും മനുഷ്യന് ഹാനികരം ആണ് എന്ന് കണ്ടെത്തിയിട്ടില്ല.
ബ്രോയിലര്‍ ചിക്കനുകളില്‍ മാരകമായ അളവില്‍ കെമിക്കലുകളുണ്ടോ?
തീര്‍ച്ചയായും ഇല്ല. കോഴിക്കെന്നല്ല ഒരു ജീവിക്കും അവയുടെ ശരീരത്തില്‍ ലോഹങ്ങള്‍ ഉണ്ടാക്കാനുള്ള കഴിവില്ല. ഇനി പരീക്ഷിക്കപ്പെട്ട കോഴികളില്‍ മുകളില്‍ പറഞ്ഞ മൂലകങ്ങള്‍ കണ്ടെത്തിയാല്‍ അത്, ഈ മൂലകങ്ങള്‍ അടങ്ങിയ വില കുറഞ്ഞ കോഴിത്തീറ്റയില്‍ നിന്നാവാം, കോഴിയില്‍ എത്തിയത്. സാധാരണ ആരോഗ്യകമായ സാഹചര്യങ്ങളില്‍ ഇങ്ങനെ 'ഹെവി മെറ്റല്‍സ്' കലരാന്‍ ഒരു സാദ്ധ്യതയും ഇല്ല എന്നു തന്നെ പറയാം.
ബ്രോയ്‌ലര്‍ കോഴി നാടന്‍ കോഴിയേക്കാള്‍ അനാരോഗ്യകരമാണോ?
ഇത് ശരിയാണ്. ഇവയുടെ കാലുകള്‍ക്ക് ബലക്കുറവുണ്ട്. പെട്ടെന്നുള്ള വളര്‍ച്ച കാരണം ഇവയുടെ ഹൃദയവും രക്തധമനികളും പ്രവര്‍ത്തനക്ഷമമല്ലാതെ ആവാനുള്ള സാദ്ധ്യത കൂടുതല്‍ ആണ്. പക്ഷെ ഇതു കൊണ്ടൊന്നും നിയന്ത്രിത അളവില്‍ ഇറച്ചി ഭക്ഷിക്കുന്നതു കൊണ്ട് ഒരു കുഴപ്പവും ഇല്ല, എന്ന് പറയാം.
എന്നിരുന്നാലും ബന്ധപ്പെട്ട അധികാരികള്‍ ഫാമുകള്‍ വൃത്തിയുള്ളതാണോ, അനാരോഗ്യകരമായ തീറ്റ ഇവയ്ക്ക് കൊടുക്കുന്നുണ്ടോ, അനിയന്ത്രതമായി അളവില്‍ ആന്റിബയോട്ടിക്കുകള്‍, മറ്റു മരുന്നുകള്‍ കൊടുക്കുന്നുണ്ടോ വേണ്ടത്ര വെള്ളവും വെളിച്ചവും ഇവയ്ക്ക് ലഭ്യമാണോ എന്നതൊക്കെ നിശ്ചിത ഇടവേളകളില്‍ അന്വേഷണ വിധേയമാക്കണം.
കൂടുതൽ വായനയ്ക്ക്
West, B. & B.-X. Zhou. 1988. Did chickens go north? New evidence for domestication. Journal of Archaeological Science 15: 515-33.
Chickens Do Not Receive Growth Hormones: So Why All the Confusion?
Gaucher, M. L., et al. "Impact of a drug-free program on broiler chicken growth performances, gut health, Clostridium perfringens and Campylobacter jejuni occurrences at the farm level." Poultry science 94.8 (2015): 1791-1801.
Chicken: Domestication: Encyclopedia of Global Archaeology; pp 1382-1384
Storey, A.A., J.M. Ramírez, D. Quiroz, D.V. Burley, D.J. Addison, R. Walter, A.J. Anderson, T.L. Hunt, J.S. Athens, L. Huynen & E.A. Matisoo-Smith. 2007. Radiocarbon and DNA evidence for a pre-Columbian introduction of Polynesian chickens to Chile. Proceedings of the National Academy of Sciences USA 104: 10335-9.
De Jong, I. C., et al. "Simplifying the Welfare Quality® assessment protocol for broiler chicken welfare." animal 10.1 (2016): 117-127.
Da Silva, Vamilson Prudêncio, et al. "Environmental impacts of French and Brazilian broiler chicken production scenarios: An LCA approach." Journal of environmental management 133 (2014): 222-231.
González-García, Sara, et al. "Life Cycle Assessment of broiler chicken production: a Portuguese case study." Journal of cleaner production 74 (2014): 125-134.
............................................................
ഡോ.സുരേഷ് സി പിള്ള
കോട്ടയം കറുകച്ചാൽ (ചമ്പക്കര) സ്വദേശി. അയർലണ്ടിലെ (ഡബ്ലിൻ) ട്രിനിറ്റി കോളേജിൽ നിന്ന് PhD. അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഗവേഷണം. ഇപ്പോള്‍, അയർലണ്ടിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ലൈഗോ യിലെ നാനോടെക്നോളജി ആൻഡ് ബയോ എഞ്ചിനീയറിംഗ് ഗവേഷണ വിഭാഗം മേധാവി.
നൂറിലധികം ജേർണൽ ആർട്ടിക്കിൾസ്/ ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.. രണ്ട് US പേറ്റന്റും, ഒരു UK പേറ്റന്റും അവാർഡ് ചെയ്തിട്ടുണ്ട്. മലയാളത്തിൽ, 'തന്മാത്രം" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.
