ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ സ്വകാര്യത ആഗ്രഹിക്കുന്നവരാണ്. എന്നാൽ, ചിലരെങ്കിലും മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ ആഗ്രഹിക്കുന്നവരുമാണ്. അതുകൊണ്ടാകാം തങ്ങളുടെ വീടിന്റെ ജനലുകൾക്ക് കട്ടിയുള്ള കർട്ടനുകൾ നൽകി പുറംലോകം കാണാതെ നമ്മൾ കാക്കുന്നതും. ചിലരാകട്ടെ, ഉയരമുള്ള മതിലുകൾ കെട്ടി വീടിനെ മൊത്തമായി തന്നെ മറക്കുന്നു. കാരണം സ്വകാര്യത അവർക്ക് പരമപ്രധാനമാണ്. അന്യർ അവരുടെ മുറികളിലേക്ക് എത്തിനോക്കുന്നത് അവർക്ക് ഇഷ്ടമല്ല. എന്നാൽ, നെതർലാൻഡിൽ ആളുകൾ അങ്ങനെയല്ല. അവിടെ പോയാൽ വല്ലാത്ത അതിശയം തോന്നിപ്പോകും നമുക്ക്. കാരണം അവിടത്തെ പല വീടുകളുടെയും ജനലുകൾക്ക് കർട്ടനുകൾ ഇല്ല. അവിടത്തെ തെരുവുകളിലൂടെ സഞ്ചരിക്കുമ്പോൾ പലപ്പോഴും ഇരുവശങ്ങളിലുമുള്ള വീടുകളുടെ അകം നമുക്ക് പൂർണ്ണമായും കാണാൻ സാധിക്കും. ഡച്ചുകാർ ഒരിക്കലും അവരുടെ ജനലുകൾ മറക്കാറില്ല. അവിടത്തെ വീടുകൾക്ക് തിരശ്ശീലകളോ, മറകളോ ഇല്ല.    

വീടിന്റെ അകം കാഴ്ചകളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്ന സംസ്കാരമാണ് ഡച്ചുകാർക്കുള്ളത്. നൂറ്റാണ്ടുകളായി പിന്തുടരുന്ന ഒരു ശീലമാണ് ഇത്. അതിൽ ഒരസ്വഭാവികതയും അവർക്ക് തോന്നാറില്ല. എന്തായിരിക്കും ഇതിന് പിന്നിലെ കാരണം? തങ്ങളുടെ വീടിനകത്തുള്ള ആഡംബര വസ്തുക്കൾ ആളുകളെ കാണിക്കാനുള്ള ആഗ്രഹമാണ് ഇതിന് പിന്നിലെന്നാണ് ചിലർ തമാശയായി പറയുന്നത്. അവിടെ ജീവിതനിലവാരം ഉയർന്നതായതിനാൽ, വസ്തുക്കളും ഇന്റീരിയറുകളും കൂടുതൽ ആഡംബരവും സമ്പന്നവുമാണ്. ഇപ്പോൾ പോലും ആളുകൾ അവരുടെ ഇഷ്ടാനുസൃതം നിർമ്മിച്ച ഓപ്പൺ അടുക്കളകളും, ഡിസൈനർ അലമാരകളും, പുതിയ മോഡൽ ഫ്ലാറ്റ് സ്ക്രീൻ ടിവികളും പ്രദർശിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.  

പണ്ട് കാലങ്ങളിൽ, ബിസിനസ്സ് നടത്താനുള്ള ഒരു മാർഗമായി ഇതിനെ കണ്ടിരുന്നു എന്നും കഥകൾ ഉണ്ട്. തങ്ങൾ വിശ്വസനീയരാണെന്ന് വ്യാപാരികളെ ബോധ്യപ്പെടുത്താനായിട്ടുള്ള ഒരു മാർഗമായി ആളുകൾ മികച്ച ഫർണിച്ചർ, അലങ്കാരങ്ങൾ എന്നിവ നിറഞ്ഞ ഒരു മുറി ജനലിലൂടെ തുറന്ന് കാണിച്ചിരുന്നു. എന്നാൽ ചിലർ പറയുന്നത് ഇത് 1950 -കളിൽ ആരംഭിച്ച ഒരു പാരമ്പര്യമാണെന്നും ഇപ്പോൾ ഇത് കുറെയൊക്കെ മാറാൻ തുടങ്ങിയിട്ടുണ്ടെന്നുമാണ്. ലോകത്തെ കാണാനുള്ള ഡച്ചുകാരുടെ ആഗ്രഹമാണ് ഇതിന് പിന്നിൽ എന്നും ഒരു സംസാരമുണ്ട്. ഡച്ചുകാർ സാധാരണയായി പുറംകാഴ്‌ചകൾ കാണാനും, ലൈറ്റുകൾ, തെരുവുകളിലെ തിരക്ക് തുടങ്ങിയവ കാണാനും  ഇഷ്ടപ്പെടുന്നവരാണ്. ഡച്ചുകാരുടെ ഈ ശീലം ഒരു തുറന്ന സംസ്കാരം വളർത്താൻ അവരെ സഹായിക്കുന്നു. ഇത് കൂടാതെ മറക്കാത്ത ജനലുകൾ മുറികളിൽ കൂടുതൽ സൂര്യപ്രകാശം കടന്നുവരാൻ കാരണമാകുന്നു. 

"ഞാൻ ഒരുപാട് വർഷമായി ഇവിടെ താമസിക്കുന്നു. എനിക്കൊരിക്കലും എന്റെ വീടിന്റെ ജനലുകൾ മറക്കണമെന്ന് തോന്നിയിട്ടില്ല. അയൽക്കാർ എന്റെ സ്വീകരണമുറിയിലേക്ക് നോക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല. ബൈനോക്കുലറുകളുള്ള ആരും എന്റെ വീടിന് പുറത്ത് ഒളിച്ചിരിക്കുന്നതായി ഞാൻ കണ്ടിട്ടുമില്ല. അതിനാൽ ഇതൊരു പ്രശ്നമായി എനിക്ക് തോന്നിയിട്ടുമില്ല” 41 -കാരനായ ജാൻ വില്ലെം വാൻ ഹോഫ്‌വെഗൻ പറഞ്ഞു.   തുറന്ന് കിടക്കുന്ന ജാലകങ്ങൾ പോലെയാണ് അവരുടെ മനസ്സും. ഒന്നും മറയില്ലാതെ തുറന്ന് പ്രകടിപ്പിക്കാൻ അവരുടെ സംസ്കാരം അവരെ പരിശീലിപ്പിക്കുന്നു. തുറന്നു കിടക്കുന്ന ജനലിലൂടെ അകത്ത് നടക്കുന്നത് ഒളിഞ്ഞുനോക്കുന്ന ആളുകൾ അവിടെ ഇല്ല എന്നതും ശ്രദ്ധേയമാണ്. മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുന്നവരാണ് അവർ. അതുകൊണ്ട് തന്നെയായിരിക്കാം അതൊരു പ്രശ്നമായി അവർക്ക് തോന്നാത്തതും.