Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപ് ഭാഷയില്‍ ഒരു നോവല്‍

കേരളത്തിലെയല്ല, ലക്ഷദ്വീപിന്റെ ഭാഷയാണത്. മലയാളത്തിനും തമിഴിനുമിടയിൽ നിൽക്കുന്ന, ഈ രണ്ട് ഭാഷയോടും സാമ്യം തോന്നിക്കുന്ന ദ്വീപിന്‍റെ ഭാഷ. 

fadappurappadu by thakhiyudheen
Author
Thiruvananthapuram, First Published Jul 29, 2018, 6:14 PM IST

''ഹാദിയ എന്നായിരുന്നു അവളുടെ പേര്... വീട്ടിലെ വെളുപ്പും കറുപ്പും നിറമുള്ള മുയൽക്കുട്ടികളോട് സംസാരിക്കുമായിരുന്നു അവള്‍. അവർക്കുമാത്രം മനസ്സിലാകുന്ന ഭാഷയിലായിരുന്നു അത്. കൊടുത്ത ഭക്ഷണം മുഴുവൻ കഴിച്ചില്ലെങ്കിൽ, അല്ലെങ്കിൽ കൂടിനടുത്ത് വെറുതെ പോയി നിന്നായിരുന്നു സംസാരം. ഞങ്ങൾക്കാർക്കും അവരുടെ സംഭാഷണം മനസ്സിലാകില്ല. മുയലുകളോട് മാത്രമല്ല, വീട്ടിലെ കോഴിയോടും പൂച്ചയോടും വർത്തമാനം പറയുമായിരുന്നു അവൾ.''

തഖിയുദ്ധീന്‍ അലി, അഞ്ചാം വയസ്സിൽ കുളത്തിൽ വീണ് മരിച്ചുപോയ തന്റെ കുഞ്ഞുപെങ്ങളെക്കുറിച്ച് പറയുകയാണ്. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണവള്‍ മരിച്ചത്. കണ്ണീരോടെ മാത്രമേ അവന് തന്‍റെ കുഞ്ഞുപെങ്ങളെ ഓര്‍ക്കാനാകുമായിരുന്നുള്ളൂ. അവളെ കുറിച്ച് ഇവിടെ പറയാൻ ഒരു കാരണമുണ്ട്. 'ഫടപ്പുറപ്പാട്' എന്ന നോവലെഴുതാൻ തീരുമാനിച്ചപ്പോൾ ഇങ്ങനെ വിവിധ ജന്തുജാലങ്ങള്‍ സംസാരിക്കുന്ന ശൈലി പിന്തുടരാനാണ് തഖിയുദ്ധീന്‍ തീരുമാനിച്ചത്. ലക്ഷദ്വീപ് കവരത്തി സ്വദേശിയാണ് തഖിയുദ്ധീന്‍.

ഫടപ്പുറപ്പാട് എന്ന പേരിൽ തന്നെ നോവലിന്റെ വ്യത്യസ്തത അനുഭവപ്പെടുന്നുണ്ടാകാം. കേരളത്തിലെയല്ല, ലക്ഷദ്വീപിന്റെ ഭാഷയാണത്. മലയാളത്തിനും തമിഴിനുമിടയിൽ നിൽക്കുന്ന, ഈ രണ്ട് ഭാഷയോടും സാമ്യം തോന്നിക്കുന്ന ദ്വീപിന്‍റെ ഭാഷ. തഖിയുദ്ധീന്‍റെ ഈ നോവലിൽ കഥ പറയുന്നത് മനുഷ്യരല്ല, കരയിലും കടലിലും ജീവിക്കുന്ന ജന്തുജാലങ്ങളാണ്. കരയിൽ നിന്ന് കോഴിയും ഉറുമ്പും പൂച്ചയും മുയലും വിശേഷം ചോദിക്കുമ്പോൾ കടലിൽ നിന്ന് മീനും സ്രാവും ആമയും മറുപടി പറയും. മലയാളത്തിൽ ഇത്തരമൊരു ശ്രമം ആദ്യമായിട്ടായിരിക്കാം. 

മലപ്പുറം ഗവൺമെന്റ് കോളെജിൽ നിന്ന് ബിരുദവും, കൊച്ചി മഹാരാജാസ് കോളേജിൽ നിന്ന് ഇസ്ലാമിക് ചരിത്രത്തിൽ ബിരുദാനന്തരബിരുദവും നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അധ്യാപനത്തിലും ബിരുദം നേടി. ഇവിടയെല്ലാം പഠിക്കുമ്പോൾ മലയാളത്തിൽ സംസാരിക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു എന്ന് തഖിയുദ്ധീന്‍ പറയുന്നു. സ്വന്തം ഭാഷ ഉപയോഗിക്കാൻ പറ്റാത്ത സങ്കടമുണ്ടായിരുന്നു അപ്പോഴൊക്കെ ഈ ചെറുപ്പക്കാരന്. ഒരിടത്തും രേഖപ്പെടുത്താത്ത, വാമൊഴി ഭാഷയാണത്. പറഞ്ഞ്, പറഞ്ഞ് കൈമാറി വന്നൊരു ഭാഷ തലമുറകൾ മാറി വരുമ്പോൾ വെറും ഓർമ്മ മാത്രമായി മാറുന്ന കാര്യം തഖിയുദ്ധീന് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല.

വാമൊഴിഭാഷ നോവലിലേക്ക് 

അങ്ങനെയാണ് ഫേസ്ബുക്കിൽ എഴുതിത്തുടങ്ങിയത്. സ്വന്തം ദ്വീപ് ഭാഷയിൽ തഖിയുദ്ധീന്‍ എഴുതുന്നതൊക്കെ സാവധാനം എല്ലാവരും സ്വീകരിക്കാൻ തുടങ്ങി. എഴുത്തുകളെല്ലാം ഒന്നിച്ച് ചേർത്ത് ഒരു പുസ്തകമാക്കണമെന്ന ആശയം മുന്നോട്ട് വച്ചത് സുഹൃത്തുക്കളായിരുന്നു. പിന്നീടത് നോവലായി എഴുതാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് ഫടപ്പുറപ്പാട് എന്ന നോവലിന്റെ തുടക്കം. പ്രധാനമായും ലക്ഷദ്വീപ് നിവാസികളെ ഉദ്ദേശിച്ചാണ് തഖിയുദ്ധീന്‍റെ ഫടപ്പുറപ്പാട്. എന്നാൽ കേരളത്തിൽ നിന്നുള്ള സുഹൃത്തുക്കളും പുസ്തകം വേണമെന്ന് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. 

ആവാസ വ്യവസ്ഥിതിയെ നശിപ്പിക്കുന്ന മനുഷ്യർക്കെതിരെ ഭൂമിയിലെയും ജലത്തിലെയും ജന്തുജാലങ്ങൾ ഒന്നിച്ച് നിന്ന് പോരാടുന്നതാണ് നോവലിന്റെ ഇതിവൃത്തം. ഭൂമിയെ രക്ഷിക്കാൻ ഒന്നിച്ചു നിന്നാണ് ഇവർ പോരാടുന്നത്. ''എനിക്ക് ചുറ്റും നിൽക്കുന്നവരിൽ നിന്നാണ് ഞാൻ എന്റെ നോവലിന്റെ അന്തരീക്ഷത്തെയും കഥാപാത്രങ്ങളെയും സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഒപ്പം എന്റെ ഭാഷയെയും ചേർത്തു നിർത്തുന്നു.'' നോവലിനെക്കുറിച്ച് തഖിയുദ്ധീന്‍ അലിയുടെ വാക്കുകൾ.

ലക്ഷദ്വീപിലെ പ്രാദേശിക ഭാഷ അത്ര പെട്ടെന്ന് ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. അതിനാൽ ഭാഷ അറിയാത്തവർക്കായി നോവലിൽ വാക്കുകളുടെ അർത്ഥം കൂട്ടിച്ചേർത്തിട്ടുണ്ട്. അടുത്ത മാസം മൂന്നാം തീയതിയാണ് പുസ്തകത്തിന്റെ പ്രകാശനം. കവരത്തിയിലെ കിൽത്താനിലുള്ള അൽ ഖാസ്മി ചാരിറ്റബിൾ ട്രസ്റ്റാണ് പ്രസാധകർ. വാമൊഴിയായി പറഞ്ഞു തീരേണ്ടിയിരുന്നു ഒരു ഭാഷയെ സ്നേഹത്തോടെ ചേർത്ത് സംരക്ഷിക്കുകയാണ് തഖിയുദ്ധീന്‍ അലി എന്ന എഴുത്തുകാരൻ. 

അല്ലെങ്കിലും അവനവന്‍റെ ഭാഷയേയും വേരുകളേയും അറുത്തുമാറ്റാന്‍ ആര്‍ക്കാണ് കഴിയുക!
 

Follow Us:
Download App:
  • android
  • ios