Asianet News MalayalamAsianet News Malayalam

ഇന്നലെ ജിഷ്ണു, ഇന്ന് അബി, നാളെ ആരെന്നറിയില്ല; വ്യാജ ചികിത്സയ്‌ക്കെതിരെ ആഞ്ഞടിച്ച് ഡോക്ടര്‍

fake treatment cause life loss of Abi
Author
First Published Dec 2, 2017, 3:06 PM IST

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ച മിമിക്രി താരവും സിനിമാ നടനുമായിരുന്ന അബിയുടെ മരണം വ്യാജവൈദ്യന്മാരെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. മരിക്കുന്നതിന് തലേദിവസം അബി ചേര്‍ത്തലയിലുള്ള വൈദ്യന്‍റെ അടുത്ത് ചികിത്സയ്ക്ക് പോയിരുന്നുവെന്ന വാര്‍ത്തയാണ് ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തിയത്.

നേരത്തെ യുവനടനായിരുന്ന ജിഷ്ണു മരിച്ചപ്പോഴും ഈ ചര്‍ച്ചകള്‍ ഉയര്‍ന്ന് വന്നിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്നായിരുന്നു ജിഷ്ണുവും മരിച്ചത്. അദ്ദേഹവും വൈദ്യന്മാരില്‍നിന്ന് രോഗമുക്തിക്കായി പൊടിക്കൈകള്‍ സ്വീകരിച്ചിരുന്നുവെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് വ്യാജവൈദ്യന്മാരെ സമീപിക്കുമ്പോള്‍ അവര്‍ രോഗികളുടെ ജീവനിട്ട് പന്താടുകയാണെന്ന് യുവഡോക്ടറും ഇന്‍ഫോക്ലിനിക്ക് അംഗവുമായ ഷിംനാ അസീസ് പറയുന്നു. 

മോഹനന്‍ വൈദ്യനെ പോലെയുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ താങ്ങായിനില്‍ക്കുന്നതിനെയും ഡോക്ടര്‍ വിമര്‍ശിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഷിംന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

ഇന്നലെ ജിഷ്ണു, ഇന്ന് അബി, നാളെ ഇനി ആരെന്നറിയില്ല. പെട്ടുപോകുന്നത് പ്രശസ്തരാകുമ്പോള്‍ വിവരം പുറത്തറിയും, അല്ലാതെ വ്യാജവൈദ്യത്തിന് ഇരയാകുന്ന എണ്ണമറ്റ സാധാരണക്കാരുടെ കാര്യം ആരെങ്കിലും അറിയുന്നുണ്ടോ?
ജിഷ്ണുവിന് കാന്‍സറായിരുന്നു. അബിക്ക് രക്താര്‍ബുദം ആയിരുന്നെന്നും അതല്ല ITP എന്ന പ്ലേറ്റ്ലെറ്റ് കുറയുന്ന രോഗമായിരുന്നെന്നുമെല്ലാം കേള്‍ക്കുന്നുണ്ട്. യാഥാര്‍ത്ഥ്യം അറിയില്ല. ഫലത്തില്‍ ഷെയ്നിനും പെങ്ങന്‍മ്മാര്‍ക്കും ഉപ്പ ഇല്ലാതായെന്നറിയാം. അവരുടെ ദു:ഖത്തില്‍ പങ്ക് ചേരുന്നു.
സാരമായ രോഗമുള്ള ഒരാള്‍ക്ക് എങ്ങനെയാണ് ഇത്തരം പരീക്ഷണങ്ങള്‍ക്ക് അവസരം ലഭിക്കുന്നത്? രോഗി വേദന അനുഭവിക്കുന്ന വ്യക്തിയാണ്. ആശ്വാസം തേടി ഏത് വഴിക്കും പോയേക്കും. അവരെ കുറ്റം പറയാനൊക്കില്ല. അവര്‍ ആശ്വാസം തേടാനിടയുള്ള ഇടങ്ങള്‍ അവര്‍ക്ക് ജീവഹാനി വരാന്‍ സാധ്യതയുള്ള നിലയിലേക്ക് പോകുന്നതിന് തടയിടേണ്ടതല്ലേ? ഓരോ ജീവനും വിലമതിക്കാനാകാത്ത സ്വത്താണ്, പരീക്ഷണവസ്തുവല്ല.
ആര്‍ക്കും ‘പാരമ്പര്യവൈദ്യന്‍’ എന്ന തിലകം ചാര്‍ത്തിക്കൊടുക്കുന്ന സര്‍ക്കാരിന്റെ ഔദാര്യമാണ് ആദ്യം ഒഴിവാക്കേണ്ടത്. പഠിച്ച് ഡിഗ്രിയുള്ളവര്‍ പോലും അതിവിദഗ്ധര്‍ക്ക് കൈമാറുന്ന രോഗാവസ്ഥകള്‍ എങ്ങനെയാണ് ‘പൊടിയും ഇലയും’ കൊണ്ട് ചികിത്സിക്കുക? ഡിഗ്രിയുള്ള ആയുര്‍വേദ ഡോക്ടര്‍മാരാണ് ‘ആയുര്‍വേദം’ എന്ന ഭംഗിയുള്ള പേരില്‍ നടത്തുന്ന ഇത്തരം കിരാതപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നതില്‍ മുന്‍കൈ എടുക്കേണ്ടത്. മോഡേണ്‍ മെഡിസിന്‍ പഠിച്ചവര്‍ ഈ കാര്യം പറയുമ്പോള്‍ അതിന്റെ പേര് ‘പേഷ്യന്റിനെ കാന്‍വാസ് ചെയ്യല്‍’ എന്നായിത്തീരുമെന്നത് തീര്‍ച്ചയാണല്ലോ.
സാധാരണ ജനങ്ങളെ ചൂഷണം ചെയ്ത് അറിയാത്ത പണി ചെയ്ത് കൊലപാതകം നടത്തുന്നത് ആരായാലും അത്തരം കേന്ദ്രങ്ങള്‍ അടച്ചു പൂട്ടണം. അതിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. അതിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് ചുരുങ്ങിയത് അഞ്ചരവര്‍ഷം ചരകസംഹിതയും അഷ്ടാംഗഹൃദയവുമൊക്കെയായി മല്ലിട്ട് ബിരുദം നേടിയവരാണ്.
‘ഞാന്‍ ഉറപ്പായും ചികിത്സിച്ച് നന്നാക്കിയെടുക്കാം’ എന്ന് പ്രഖ്യാപിച്ച് മാരകരോഗിയെ വെച്ച് വിവരമുള്ള ഒരു ആയുര്‍വേദഡോക്ടറും ഇരുന്നതായി അറിവില്ല. മിക്കവരും തന്നെ രോഗിക്ക് സപ്പോര്‍ട്ടീവ് മെഡിസിന്‍ കൊടുത്ത് വിദഗ്ധകേന്ദ്രങ്ങളിലേക്ക് അര്‍ഹിക്കുന്ന ചികിത്സക്കായി റഫര്‍ ചെയ്ത് വരുന്നതാണ് കണ്ടിട്ടുള്ളത്. ഒരു ഡോക്ടറും രോഗിയുടെ ജീവന്‍ കൊണ്ട് കളിക്കില്ല. എന്നാല്‍ വ്യാജചികിത്സകര്‍ അങ്ങനെയല്ല. എന്തര്‍ത്ഥത്തിലാണ് മോഹനനും അബി സമീപിച്ച ആ വൈദ്യരുമൊക്കെ ‘ഇപ്പ ശരിയാക്കിത്തരാം’ എന്ന് പുലമ്പുന്നത് !
ആളെക്കൊല്ലികളെ ഒറ്റപ്പെടുത്തണം, സമൂഹം അതിനായി ഒറ്റക്കെട്ടാകണം. ഇനിയൊരു ജീവന്‍ കൂടി ഇത്തരത്തില്‍ ഇല്ലാതാകരുത്…
കുട്ടിക്കാലത്ത് ഏറെ ചിരിപ്പിച്ച ആമിനതാത്തയുടെ ശബ്ദത്തിനുടമയ്ക്ക് ആദരാഞ്ജലികള്‍…

Follow Us:
Download App:
  • android
  • ios