മകന്റെ മൃതദേഹവും തോളിലേറ്റി നടക്കുന്ന വൃദ്ധനായ തൊഴിലാളിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. യു.പിയിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. ഒഡിഷയില്‍ സമാനമായ സാഹചര്യത്തില്‍ ഭാര്യയുടെ മൃതദേഹം തോളിലേറ്റി യുവാവ് 10 കിലോ മീറ്റര്‍ നടന്നതിനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് ഈ സംഭവം. 

കാലിന് വേദന ബാധിച്ച മകനുമായി ആശുപത്രിയില്‍ എത്തിയ ഉദയ്‌വീര്‍ എന്ന 45കാരനാണ് ഈ അനുഭവം. മരണം സ്ഥിരീകരിച്ചശേഷം ഏഴ് കിലോ മീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് മകന്റെ മൃതദേഹം എത്തിക്കാന്‍ ഉദയ്‌വീര്‍ ആശുപത്രി അധികൃതരെ സമീപിച്ചു. എന്നാല്‍, സ്‌ട്രെച്ചറോ ആംബുലന്‍സോ നല്‍കാന്‍ ഇറ്റാവയിലെ സര്‍ക്കാര്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. കടുത്ത ക്ഷയരോഗബാധിതനായ ഉദയ്‌വീര്‍ തുടര്‍ന്ന് മകന്റെ മൃതദേഹം തോളിലെടുത്ത് ആശുപത്രിക്ക് പുറത്തിറങ്ങി നടക്കുകയായിരുന്നു. വിതുമ്പിക്കൊണ്ട് മകന്റെ മൃതദേഹവുമായി നടക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ ആരോ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി പുറത്തുവിടുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിന്നീട് തന്റെ ബൈക്കില്‍ മൃതദേഹം ഉദയ്‌വീറിന്റെ നാട്ടിലെത്തിച്ചു. 

സംഭവം അപമാനകരമാണെന്ന് ഡിഎം.ഒ പറഞ്ഞു. ഇക്കാര്യത്തില്‍ നടപടി ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.