ഗ്രീക്ക് ദ്വീപായ ലെസ്ബോസിലെ ഒരു അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞയാഴ്ച ഒരു വൻ തീപ്പിടിത്തമുണ്ടായി. യൂറോപ്പിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ മോറിയയിൽ നടന്ന ആ തീപ്പിടിത്തത്തിൽ പതിമൂവായിരത്തോളം പേരുടെ കൂടാരങ്ങൾ കത്തി നശിച്ചു. അവർക്ക് ഇപ്പോൾ തലചായ്ക്കാൻ ഒരിടമില്ല. ഭക്ഷണമില്ല. വെള്ളമില്ല. ജീവിതം വല്ലാത്ത പ്രതിസന്ധിയിലായ അവരുടെ കൂട്ടത്തിൽ താലിബ്ഷാ ഹൊസൈനിയും അദ്ദേഹത്തിന്റെ കുടുംബവും ഉൾപ്പെടുന്നു. കൂടാരത്തിന് ചുറ്റും തീ പടർന്നുകയറിപ്പോൾ, മൂന്ന് പെൺമക്കളെയും, രോഗിയായ ഭാര്യയെയും കൊണ്ട് അദ്ദേഹം ഓടി രക്ഷപ്പെടുകയായിരുന്നു. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള 37 -കാരനായ ആ കലാകാരൻ സംഭവത്തെ കുറിച്ച് പറഞ്ഞത്‌ ഇങ്ങനെ: 'അത് വല്ലാതെ ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു. എന്റെ കൊച്ചുമകൾ കരഞ്ഞുകൊണ്ട് എന്നോട് ചോദിച്ചത് 'ഡാഡി, നമ്മൾ മരിക്കോ?' എന്നാണ്. 

ഹൊസൈനി, കുടുംബത്തെയും കൊണ്ട് കുറ്റിക്കാടുകളും, വള്ളിപ്പടര്‍പ്പുകളും കടന്ന് ഒരു സുരക്ഷിത സ്ഥാനത്തെത്തുന്നതുവരെ ഓടിക്കൊണ്ടിരുന്നു. ഏകദേശം 90 മിനിറ്റോളം അവർ ഓടിക്കൊണ്ടിരുന്നു. ഒടുവിൽ അദ്ദേഹവും കുടുംബവും വഴിയരികിൽ പാർക്ക് ചെയ്തിട്ടിരിക്കുന്ന കാറിലാണ് രാത്രി ചെലവഴിച്ചത്. 'ഈ തണുപ്പ് ഞങ്ങൾക്ക് സഹിക്കാൻ കഴിയുന്നില്ല. നമ്മൾ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇവിടെ ഇങ്ങനെ കഴിയുന്നത്. നമ്മൾ ഇവിടെ കിടന്ന് മരിക്കുമോ?' മക്കൾ ചോദിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, മക്കളുടെ ആ ചോദ്യങ്ങൾക്കൊന്നും അദ്ദേഹത്തിന് ഉത്തരമില്ലായിരുന്നു. താലിബാൻ തീവ്രവാദികളെ ഭയന്ന് 2019 -ൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ഓടിപ്പോന്നതാണ് അദ്ദേഹം. മരണം തന്നെത്തേടി എപ്പോൾ വേണമെങ്കിലും എത്താം എന്നദ്ദേഹം പറയുന്നു.  

ചിത്രങ്ങള്‍: ആശങ്കയോടെ യൂറോപ്പ് ; മോറിയ അഭയാര്‍ത്ഥി ക്യാമ്പ് കത്തി നശിച്ചു

മോറിയ ക്യാമ്പിൽ അവർ എത്തിയിട്ട് ഒൻപത് മാസവും അഞ്ച് ദിവസവും കഴിഞ്ഞു. മൂവായിരം കുടിയേറ്റക്കാരെ മാത്രം ഉൾക്കൊള്ളിക്കാൻ കഴിയുന്ന ക്യാമ്പിൽ 13,000 -ത്തിലധികം ആളുകളാണ് താമസിക്കുന്നത്. 70 രാജ്യങ്ങളിൽ നിന്നുള്ള ആളുകളിൽ ഭൂരിഭാഗവും അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരാണ്. നിരന്തരമായ സംഘർഷങ്ങൾ നടക്കുന്ന സ്ഥലമാണ് അഫ്ഗാനിസ്ഥാനെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ഫരിയാബ് നാഷണൽ തിയേറ്ററിലെ പ്രമുഖ അംഗമായിരുന്നു ഹൊസൈനി. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളെ ഉയർത്തിക്കാട്ടുന്ന ടിവി ഷോകൾ നടത്തിയിരുന്ന അദ്ദേഹം, ആ നാട്ടിലെ ഒരു സെലിബ്രിറ്റിയായിരുന്നു. 2009 -ലാണ് അദ്ദേഹം വിവാഹിതനായത്. ഭാര്യയോടൊപ്പം അവർക്ക് മൂന്ന് പെൺമക്കളുണ്ട്: ഫരിമ (9), പാരീസ (7), മർജൻ (4).

ഒരു ബ്യൂട്ടി പാർലറിലായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് ജോലി. ജീവിതം വളരെ സമാധാനപരമായി പോയ്ക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഒരിക്കൽ അദ്ദേഹം തന്റെ ഷോയിൽ താലിബാനെ വിമർശിക്കുകയും അഫ്ഗാൻ സൈന്യത്തെ പ്രശംസിക്കുകയും ചെയ്യുകയുണ്ടായി. അതോടെ അവരുടെ ജീവിതം ഇരുണ്ടു തുടങ്ങി. താലിബാനിൽ നിന്നും അദ്ദേഹത്തിന് ഭീഷണികൾ ലഭിക്കാൻ തുടങ്ങി. “ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു, റിപ്പബ്ലിക്കിനും സർക്കാരിനും വേണ്ടി നിലകൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, എന്റെ ജീവൻ അപകടത്തിലായപ്പോൾ സർക്കാർ എന്നെ സംരക്ഷിച്ചില്ല” അദ്ദേഹം പറയുന്നു.

അഫ്ഗാനിസ്ഥാനിലെ പതിറ്റാണ്ടുകളായുള്ള അക്രമത്തിൽ അദ്ദേഹത്തിന് അച്ഛനെയും, രണ്ട് സഹോദരന്മാരെയും, ഒരു മരുമകനെയും നഷ്ടപ്പെട്ടു. ഇനിയും ആ രാജ്യത്ത് തുടർന്നാൽ തന്റെ ജീവനും അപകടത്തിലാകുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അവിടെ നിന്ന് രക്ഷപ്പെടാൻ തീരുമാനിച്ചു. കുടുംബം പല രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അങ്ങനെ ഒടുവിൽ യൂറോപ്പിലെത്തി. എന്നാൽ, അപ്പോഴും അദ്ദേഹം മക്കളെ കുറിച്ചോർത്ത് വേവലാതിപ്പെട്ടു. മക്കളുടെ പഠിപ്പ് താൻ കാരണം മുടങ്ങിയല്ലോ എന്ന വേദനയാണ് ആ അച്ഛന്. 'എനിക്ക് ഡാഡിയെ ഇഷ്ടമല്ല, ഞാൻ സ്കൂളിൽ പോകുന്നത് ഡാഡിയാണ് മുടക്കിയത്. എനിക്ക് വല്ലാത്ത സങ്കടമുണ്ട്' എന്നൊക്കെ മക്കൾ പരാതി പറഞ്ഞു കരയും. ഒരു പിതാവിനും മക്കളുടെ ഈ അവസ്ഥ കണ്ടുനിൽക്കാൻ സാധിക്കില്ല. "ഇത് എത്രമാത്രം വേദനിപ്പിക്കുന്നുവെന്ന് എനിക്ക് പറയാൻ കഴിയില്ല" അദ്ദേഹം കണ്ണീരോടെ പറയുന്നു.

എന്നാൽ, അതിനൊക്കെ പുറമെ ഇവിടെയുള്ള ജീവിതം നരകതുല്യമാണ് എന്നദ്ദേഹം പറയുന്നു. ക്യാമ്പിൽ മോഷണവും പിടിച്ചുപറിയും വളരെ കൂടുതലാണെന്നും ഒരിക്കൽ ഒരു ഗർഭിണിയായ സ്ത്രീ വയറ്റിൽ കുത്തേറ്റു മരിച്ചത് നോക്കി നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. "രാത്രി ഞാൻ കണ്ണടക്കാറില്ല. ആളുകൾ എന്റെ കൂടാരത്തിൽ കയറുകയോ എന്നെ കൊല്ലുമോ, കുടുംബത്തെ ആക്രമിക്കുമോ എന്നൊക്കെ ഓർത്തു പേടിച്ച് ഞാൻ രാത്രി ഉറങ്ങാതെ കിടക്കും" അദ്ദേഹം പറയുന്നു. എന്നാൽ, ഇപ്പോൾ കിടക്കാൻ പോലും ഒരിടമില്ലാതായി. രാത്രി കൊടുംതണുപ്പാണെന്നും ഒന്ന് പുതക്കാൻ പോലും ഒന്നുമില്ലെന്നും അദ്ദേഹം പറയുന്നു. പകലാണെങ്കിൽ അതിശക്തമായ ചൂടും. കുട്ടികളെല്ലാം കരയുകയാണ്. ഇതിലും ഭേദം സ്വന്തം രാജ്യത്ത് കിടന്ന് മരിക്കുന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "വെള്ളമോ, ഭക്ഷണമോ, ടോയ്‌ലറ്റോ, ഡോക്ടർമാരോ ഇല്ല. ഞാൻ മാനസികമായി ആകെ തകർന്നിരിക്കയാണ്. എന്തുചെയ്യണമെന്ന് എനിക്കറിയില്ല. അവർക്ക് അഭയം നൽകാൻ കഴിയില്ലെങ്കിൽ ഞങ്ങളെ നാടുകടത്തുകയാണ് നല്ലത്. എനിക്ക് ഇത് സഹിക്കാൻ കഴിയുന്നില്ല" അദ്ദേഹം പറഞ്ഞു.