Asianet News MalayalamAsianet News Malayalam

ചൈനയില്‍ തെരുവില്‍ മൊട്ടയടിച്ച് നാല് സ്ത്രീകള്‍; ഇത് അവകാശലംഘനത്തോടുള്ള പ്രതിഷേധം

ഇക്കാര്യം പറഞ്ഞ് 31 തവണ താന്‍ സുപ്രീം കോടതിയെ സമീപിച്ചുവെന്ന് ലി വെന്‍സു പറയുന്നു. പക്ഷെ, താന്‍ കൊണ്ടുവന്ന ഡോക്യുമെന്‍റ് കൈമാറാന്‍ ഒരിക്കല്‍ പോലും കോടതിക്കകത്തേക്ക് തന്നെ പ്രവേശിപ്പിച്ചില്ല. 

four women in china shave their head in street as a part of protest
Author
Beijing, First Published Dec 18, 2018, 9:52 AM IST

ബെയ്ജിങ്ങ്: ബെയ്ജിങ്ങിലെ തെരുവില്‍ നാല് സ്ത്രീകള്‍ തല മൊട്ടയടിച്ചു. മൊട്ടയടിച്ച ശേഷം മാധ്യമങ്ങളെയും കണ്ടു. സര്‍ക്കാരിനോടും കോടതിയോടുമുള്ള പ്രതിഷേധമായിരുന്നു ഇത്. 

സ്ത്രീകളുടെ കൂട്ടത്തിലെ ലി വെന്‍സുവിന്‍റെ ഭര്‍ത്താവിനെ വിചാരണ ചെയ്യാതെ അനിശ്ചിതമായി തടവില്‍ വച്ചതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഇത്. മനുഷ്യാവകാശപ്രവര്‍ത്തകനും വക്കീലുമായ വാന്‍ കുസാങ്ങ് 2015 -ലാണ് തടവിലാക്കപ്പെടുന്നത്. ഇതുവരെ വിചാരണ ചെയ്യപ്പെട്ടിട്ടില്ല. ഇക്കാര്യം പറഞ്ഞ് 31 തവണ താന്‍ സുപ്രീം കോടതിയെ സമീപിച്ചുവെന്ന് ലി വെന്‍സു പറയുന്നു. പക്ഷെ, താന്‍ കൊണ്ടുവന്ന ഡോക്യുമെന്‍റ് കൈമാറാന്‍ ഒരിക്കല്‍ പോലും കോടതിക്കകത്തേക്ക് തന്നെ പ്രവേശിപ്പിച്ചില്ല. നിയമാനുസൃതമായി അദ്ദേഹം വിചാരണ ചെയ്യപ്പെടണമെന്നും കേസുകള്‍ തീര്‍പ്പാക്കണമെന്നുമാണ് ലി വെന്‍സുവിന്‍റെ ആവശ്യം. 

വീണ്ടും തടയപ്പെട്ടതിനെ തുടര്‍ന്നാണ് ലി വെന്‍സുവും മറ്റ് മൂന്നുപേരും തല മൊട്ടയടിക്കുകയും മാധ്യമങ്ങളെ കാണുകയും ചെയ്തത്. പൊലീസ് സംഭവസ്ഥലത്ത് എത്തുകയും പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് നാല് സ്ത്രീകള്‍ ചേര്‍ന്ന് നടത്തിയ പത്രസമ്മേളനം തടസപ്പെടുത്താനും കൂടിനിന്നവരെ പിരിച്ചുവിടാനും ശ്രമിച്ചു. 

വിചാരണ പോലും ചെയ്യാതെ വാങ്ങിനെ ഇങ്ങനെ തടവില്‍ പാര്‍പ്പിക്കുന്നത് തെറ്റാണ് എന്നും അദ്ദേഹത്തിന് നീതി ലഭ്യമാക്കണമെന്നും ലി വെന്‍സു ആവശ്യപ്പെട്ടു. ഇന്ന് അത് സാധിച്ചില്ലെങ്കില്‍ നിരന്തരം പ്രതിഷേധിക്കും, വലിയ പ്രതിഷേധ മാര്‍ഗങ്ങളിലേക്ക് തിരിയുമെന്നും ഇവര്‍ പറയുന്നു.

Follow Us:
Download App:
  • android
  • ios