ടാറ്റൂ ഇന്ന് വളരെ സാധാരണമാണ്. ഇഷ്ടപ്പെട്ട വാക്കുകളോ, ആളുകളുടെ പേരോ, പൂവോ, പൂമ്പാറ്റയോ, പക്ഷിയോ എന്തും ടാറ്റൂ ചെയ്യാം. പക്ഷെ, തബാത്ത ആന്‍ഡ്രേ എന്ന പെണ്‍കുട്ടിയാണ് തന്‍റെ ചുണ്ടിനകത്ത് കെ എഫ് സി എന്ന് ടാറ്റൂ ചെയ്തിരിക്കുന്നത്. 

അവളെ സംബന്ധിച്ച് ഇത് തമാശയല്ല. വളരെ അര്‍ത്ഥവത്തായൊരു ടാറ്റൂവാണ്. കാരണം, ആളൊരു ഫ്രൈഡ് ചിക്കന്‍ പ്രേമിയാണ്. മാത്രവുമല്ല, ആളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇടം കെ എഫ് സിയുമാണ്. ടാറ്റൂ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ എന്തെങ്കിലും അര്‍ത്ഥവത്തായതോ അവളെ സംബന്ധിച്ച് പ്രിയപ്പെട്ടതോ മാത്രമേ ടാറ്റൂ ചെയ്യൂ എന്ന് അവള്‍ തീരുമാനിച്ചിരുന്നു. 

മെല്‍ബണില്‍ നിന്നുള്ള ഈ ഇരുപതുകാരി അങ്ങനെയാണ് കെ എഫ് സി എന്ന് ടാറ്റൂ ചെയ്യുന്നത്. വീട്ടുകാരോട് ടാറ്റൂ ചെയ്യുന്ന കാര്യം പറഞ്ഞപ്പോള്‍ പ്രിയപ്പെട്ടതെന്തെങ്കിലും ചെയ്തോളൂ എന്നാണ് പറഞ്ഞത്. അങ്ങനെ ക്വീന്‍സ് ലാന്‍ഡില്‍ അവധി ആഘോഷിക്കാന്‍ പോയപ്പോഴാണ് അവള്‍ ടാറ്റൂ ചെയ്യുന്നത്. ടാറ്റൂ ചെയ്ത് വീട്ടുകാരെ കാണിച്ചപ്പോള്‍ അവരത് തമാശയാണെന്നാണ് കരുതിയത്. എന്നാല്‍, പിന്നീട് യാഥാര്‍ത്ഥ്യമാണെന്ന് മനസിലായെന്നും അവരതിനോട് പൊരുത്തപ്പെട്ടുവെന്നും പെണ്‍കുട്ടി പറയുന്നു. 

ആഴ്ചയില്‍ ഒരു തവണയെങ്കിലും താന്‍ കെ എഫ് സി സന്ദര്‍ശിക്കാറുണ്ട്. കൂട്ടുകാര്‍ പോലും തന്നെ ചിക്കന്‍ വിദഗ്ധയായിട്ടാണ് കാണുന്നതെന്നും ആന്‍ഡ്രേ പറയുന്നു. ഇപ്പോള്‍ വാ തുറന്ന് ചുണ്ടിനകത്ത് ചെയ്ത ടാറ്റൂ കാണുമ്പോള്‍ എല്ലാവരും അമ്പരക്കാറുണ്ട് എന്നും അത് എല്ലാവര്‍ക്കും ചിരിക്കാനുള്ള വകയാകുന്നുവെന്നും ആന്‍ഡ്രേ പറയുന്നു. 

ഏതായാലും ടാറ്റൂ കണ്ട് തനിക്ക് കെ എഫ് സി തന്‍റെ പ്രിയപ്പെട്ട ഫ്രൈഡ് ചിക്കന്‍ സൌജന്യമായി തരുമെന്ന പ്രതീക്ഷയിലാണ് ആന്‍ഡ്രേ. അങ്ങനെയാണെങ്കില്‍ അത് തനിക്ക് വളരെ സന്തോഷം തരുമെന്നും അവള്‍ പറയുന്നു.