വെറും 505 രൂപയ്ക്ക് തിരുവനന്തപുരം – എറണാകുളം റൂട്ടിൽ വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കെഎസ്ആർടിസി വോൾവോ ബസ് സർവീസ് ആരംഭിച്ചു. ഹൈസ്പീഡ് വൈഫൈ, പാൻട്രി, ടോയ്‌ലറ്റ് എന്നിവയടക്കമുള്ള സൗകര്യങ്ങളുള്ള ബസ് വെറും നാല് മണിക്കൂർ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും.
വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്രയ്ക്ക് സമാനമായ സൗകര്യങ്ങളുമായി കേരളത്തിന്‍റെ കെഎസ്ആർടിസി വോൾവോ ബസ്. വെറും 505 രൂപ നിരക്കിൽ തിരുവനന്തപുരം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്‍റെ സൗകര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുകയാണ്. വെറും നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തെത്താമെന്നതാണ് മറ്റൊരു പ്രത്യേകത. വ്യവസായി ഹർഷ് ഗോയങ്ക സെപ്റ്റംബർ 11 -ന് കെഎസ്ആർടിസി വോൾവോ ബസിന്‍റെ വീഡിയോ പങ്കുവച്ചതോടെ ബസ് ദേശീയതലത്തിൽ തന്നെ വലിയ ശ്രദ്ധനേടി.
ഹൈസ്പീഡ് വൈഫൈ, പാൻട്രി പിന്നെ ടോയ്‌ലറ്റ് സൗകര്യവും
36 പുഷ് - ബാക്ക് സീറ്റുകളാണ് ബസിലുള്ളത്. യാത്രക്കാർക്ക് കൂടുതൽ ലെഗ്‌റൂം ലഭിക്കുന്നതിനൊപ്പം ഓരോ സീറ്റിലും വ്യക്തിഗത ടിവി സ്ക്രീനും യുഎസ്ബി ചാർജിങ് സൗകര്യവുമുണ്ട്. യാത്രയിലുടനീളം ഹൈസ്പീഡ് വൈഫൈയും ലഭ്യമാണ്. ഇതിന് പുറമെ ബസിലെ പാൻട്രിയാണ് മറ്റൊരു പ്രധാന ആകർഷണം. യാത്രക്കാർക്ക് ചായയും കാപ്പിയും ലഭിക്കുന്നതിനൊപ്പം മിനി ഫ്രിഡ്ജും ബസിൽ ഒരുക്കിയിട്ടുണ്ട്. ദീർഘദൂര യാത്ര കൂടുതൽ സൗകര്യപ്രദമാക്കാൻ ഓൺബോർഡ് ടോയ്‌ലറ്റ് സൗകര്യവും ബസിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ സൗകര്യങ്ങളാണ് ബസിന് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കൊടുത്തത്.
505 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക്
തിങ്കൾ മുതൽ വെള്ളി വരെയാണ് തിരുവനന്തപുരം – എറണാകുളം സർവീസ്. രാവിലെ 5.30 -ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ബസ് കൊല്ലം, ആലപ്പുഴ വഴി ഏകദേശം 9.30 -ന് എറണാകുളത്ത് എത്തും. വൈകിട്ട് 5.30 -ന് എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മടക്കയാത്ര. 505 രൂപയാണ് ഒരു യാത്രയ്ക്കായി ഈടാക്കുന്നത്. കെഎസ്ആർടിസി വെബ്സൈറ്റായ എന്‍റെ കെഎസ്ആർടിസ് നിയോ ഒപിആർഎസ് ആപ്പ് (Ente KSRTC Neo OPRS), ബുക്കിങ് കൗണ്ടറുകൾ, കെഎസ്ആർടിസിയുടെ അംഗീകൃത വാട്സ്ആപ്പ് നമ്പർ എന്നിവ വഴി ഈ വോൾവോ ബസിന്‍റെ ടിക്കറ്റ് ബുക്ക് ചെയ്യാം.


