ചൈനയിൽ ആഡംബര ജീവിതത്തിനായി വീട്ടിൽ നിന്ന് പണവും സ്വർണ്ണവും മോഷ്ടിച്ച കൊച്ചുമകൾക്കെതിരെ വയോധികരായ ദമ്പതികൾ പരാതി നൽകി. മോഷണത്തിന് യുവതിക്ക് കോടതി ആറുമാസത്തെ തടവുശിക്ഷ വിധിച്ചു. കൊച്ചുമകളെ തിരുത്താൻ നിയമപരമായ ശിക്ഷ ആവശ്യമാണെന്ന് കരുതിയാണ് പരാതി നൽകിയതെന്ന് ദമ്പതികൾ കോടതിയെ അറിയിച്ചു.

നുവാദമില്ലാതെ വീട്ടിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കൊച്ചുമകൾക്കെതിരെ പരാതി നൽകി വയോധികരായ ദമ്പതികൾ. വടക്ക് - പടിഞ്ഞാറൻ ചൈനയിലെ സിൻജിയാങ് ഉയിഗ്ഗുർ സ്വയംഭരണ മേഖലയിലാണ് സംഭവം. സംഭവത്തിൽ ചെൻ എന്ന് വിളിക്കുന്ന യുവതിക്ക് ആറുമാസത്തെ തടവുശിക്ഷയും 2,000 യുവാൻ (ഏകദേശം 28,000 രൂപ) പിഴയും വിധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മോഷണം ആഡംബര ജീവിതത്തിന്

മുത്തശ്ശൻ ഉറങ്ങിക്കിടന്ന സമയത്താണ് ചെൻ വീട്ടിൽ സൂക്ഷിച്ചിരുന്ന 20,000 യുവാനും (ഏകദേശം 2,85,000 രൂപ) ഒരു സ്വർണ്ണവളയും കവർന്നത്. തുടർന്ന് സ്വർണ്ണവള 27,000 -ത്തിലധികം യുവാന് (ഏകദേശം 3,85,000 രൂപ) മറിച്ചുവിറ്റ യുവതി, ഈ തുക മുഴുവൻ തന്‍റെ ആഡംബര ജീവിതത്തിനായി ധൂർത്തടിച്ചു തീർത്തെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. കേസിന്‍റെ വിചാരണ വേളയിലും തനിക്ക് തെറ്റുപറ്റിയിട്ടില്ലെന്ന നിലപാടിലായിരുന്നു യുവതി. "ഞാൻ എടുത്തത് സ്വന്തം മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും പണമാണ്. അവർ എന്നോട് ക്ഷമിക്കും, അവർ എനിക്കെതിരെ കേസിന് പോകില്ല. ഇത് ഞങ്ങളുടെ കുടുംബത്തിലെ ആഭ്യന്തര വിഷയമാണ്," എന്നായിരുന്നു കോടതിയിൽ യുവതിയുടെ വാദം.

കൊച്ചുമകൾക്ക് അധ്വാനിച്ച് ജീവിക്കാൻ മടിയെന്ന്

എന്നാൽ, കൊച്ചുമകൾക്ക് മാപ്പുനൽകാൻ വയോധികരായ ദമ്പതികൾ തയ്യാറായില്ല. മടിയും അധ്വാനിക്കാതെ ജീവിക്കാനുള്ള പ്രവണതയുമുള്ള കൊച്ചുമകളെ തങ്ങൾ അമിതമായി ലാളിച്ചുപോയതാണ് പ്രശ്നമായതെന്ന് അവർ കോടതിയെ അറിയിച്ചു. മുൻപും വീട്ടിൽ നിന്ന് ഇത്തരത്തിൽ വിലപിടിപ്പുള്ള സാധനങ്ങൾ കൊച്ചു മകൾ മോഷ്ടിച്ചിട്ടുണ്ടെന്നും, ഓരോ തവണയും കൂടുതൽ മൂല്യമുള്ള വസ്തുക്കളാണ് കവർന്നതെന്നും ദമ്പതികൾ കോടതിയെ അറിയിച്ചു. ഇനിയും ലാളിച്ചാൽ ശരിയാവില്ലെന്നും, നിയമപരമായ ശിക്ഷയിലൂടെ മാത്രമേ കൊച്ചു മകളെ തിരുത്താൻ സാധിക്കൂവെന്നും കരുതിയാണ് പോലീസിനെ സമീപിച്ചതെന്നും ദമ്പതികൾ കൂട്ടിച്ചേർത്തു.

സമ്മിശ്ര പ്രതികരണം

സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. വയോധികരുടെ തീരുമാനത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. "മുത്തശ്ശീമുത്തശ്ശന്മാർ ചെയ്തതാണ് ശരി. ഇത് പണത്തിന്‍റെ മാത്രം പ്രശ്നമല്ല, കൊച്ചുമകളുടെ ഭാവി നന്നാക്കാനുള്ള അവസരം കൂടിയാണ്," എന്ന് ഒരാൾ കുറിച്ചു. "പണം ചോദിച്ചാൽ തരാം, എന്നാൽ മോഷ്ടിക്കാൻ അനുവദിക്കില്ല," എന്ന നിലപാടാണ് ശരിയെന്നായിരുന്നു മറ്റൊരു കുറിപ്പ്. എന്നാൽ, വിഷയം കുടുംബത്തിനുള്ളിൽ തന്നെ ഒത്തുതീർപ്പാക്കാമായിരുന്നുവെന്നും, കേസിന് പോയി പെൺകുട്ടിയുടെ ഭാവി തകർത്തത് ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരും കുറവല്ല.