Asianet News MalayalamAsianet News Malayalam

ഓരോ പച്ച വെളിച്ചത്തിനും  ഓരോ കഥയുണ്ട്

Green Light jilna jannath KV
Author
Thiruvananthapuram, First Published Nov 1, 2017, 4:56 PM IST

രാത്രികളില്‍ ഒറ്റയ്ക്ക് ഇറങ്ങിനടക്കാന്‍ കഴിയാത്ത ഒരു ദേശത്ത്, ഓണ്‍ലൈന്‍ ഇടത്തിലെ സ്ത്രീയുടെ അനുഭവങ്ങള്‍ എന്തൊക്കെയാണ്? നിങ്ങള്‍ക്ക് പറയാനുള്ളത് ഞങ്ങള്‍ക്കെഴുതൂ. കുറിപ്പുകള്‍ ഫോട്ടോ സഹിതം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ പച്ച ലൈറ്റ് എന്ന് എഴുതാന്‍ മറക്കരുത്. 

Green Light jilna jannath KV

മരിച്ചവരെ മറക്കാനും നാളത്തെ അപ്പത്തിനായും പെയ്ത മഴ, ഞങ്ങള്‍ മനുഷ്യര്‍ക്കും വിത്തുകള്‍ക്കുമുള്ള മഴ, ലോകത്തെ കഴുകി, അരിച്ചെടുത്ത്, പുതുക്കുന്ന മഴ, സ്വപ്നങ്ങളും വിത്തുകളും നിറഞ്ഞ മഴ... നെരൂദന്‍ ഭാഷയില്‍ അത് പച്ച മഴയായിരുന്നു. മാജിക്കല്‍ റിയലിസത്തിന്റെ വക്താവിന് പ്രകാശം ജലം പോലെയായിരുന്നുവല്ലോ

പ്രിയപ്പെട്ടവരേ, അത് പ്രളയമാകുന്നു, വെളിച്ചത്തിന്റെ പ്രളയം. വെളിച്ചം സ്വാതന്ത്രത്തിന്റെ തീക്കനലുമായി അസ്തിത്വത്തിന്റെ നട്ടെല്ലില്‍ വന്നു നക്കി നോക്കുന്നു. അത് കൗതുകത്തിന്റെ ചിറകു വിടര്‍ത്തി മോഹങ്ങള്‍ കൊണ്ട് പറപ്പിക്കുന്നു.അങ്ങനെ പറന്ന് പോയപ്പോഴാണ്, 'സ്വയംവര'ങ്ങളില്‍ 'നിന്നെയാണ് എനിക്കിഷ്ടം എന്ന്/നിരവധി ജന്മങ്ങളിലായി തന്നോട് പറഞ്ഞു കൊണ്ടിരിക്കുന്നവനെ വെടിഞ്ഞ്/എന്നെയാണ് എനിക്കിഷ്ടം/എന്ന് പറഞ്ഞവനെ അവള്‍ വരിക്കുന്നത്. അവനോടുള്ള അവന്റെ ഇഷ്ടം നോക്കി, തന്നോടുള്ള തന്റെ ഇഷ്ടം നോക്കി അവളും അവനുമൊക്കെ എല്ലാം ഉറപ്പിക്കുന്ന കാലം. അങ്ങനെയൊക്കെ ഉറപ്പിച്ചു കൂട്ടി പാറി വന്ന്,ഒരു ഫ്‌ലാഷ് ലൈറ്റിന്റെ പിന്നിലെ സ്വാര്‍ത്ഥതയുടെ രാഷ്ട്രീയം ചര്‍ച്ച ചെയ്ത് നമ്മള്‍ അധികദൃശ്യതയുടെയും ആത്മ പ്രദര്‍ശനത്തിന്റെയുമൊക്ക ഇറയത്തു നിന്ന് വെളിച്ചങ്ങളുടെ മഴ നനയുന്നു.

എന്റെ വര്‍ത്തമാനത്തില്‍,ചെറിയ ഭൂതകാലങ്ങളില്‍, അനുഭവത്തിന്റെയും ബോധ്യങ്ങളുടെയുമൊക്കെ ചില പച്ച പ്രകാശങ്ങള്‍ തെളിഞ്ഞു കത്തുന്നുണ്ട്. 'വിവേകമാണ് താക്കോല്‍' എന്ന് ഡിഗ്രി മൂന്നാം സെമസ്റ്റര്‍ ഇംഗ്ലീഷ് കോമണ്‍ കോഴ്‌സ് പാഠപുസ്തകം പഠിപ്പിക്കുന്നു. നിറങ്ങള്‍ കൊണ്ട് വൈവിദ്ധ്യം തീര്‍ത്ത്, നിഴലുകള്‍ ഒളിപ്പിച്ച് വെച്ച,കാലത്തിന്റെ മുഖപുസ്തക കോലായിലേക്ക്,ആവശ്യങ്ങളുടെ അര്‍ത്ഥക്കണക്കു കൊണ്ട്, ഒരു മഞ്ഞ വെയിലിന്റെയും ചുവന്ന ശീലയുടെയും മാര്‍ദവവും സന്ദേഹവും കലരുന്ന ഒരപ്പൂപ്പന്‍ താടിയായി പറന്നിറങ്ങിയ ഓര്‍മ. കോളേജില്‍ കഥയും കാര്യവും രാഷ്ട്രീയവുമൊക്കെയായി പറന്നു നടക്കുമ്പോള്‍ വാട്‌സ് ആപ്പിന്റെ പച്ച വിതാനങ്ങളിലേക്ക് നീല ശരിയടയാളങ്ങളെ തേടി വന്ന സന്ദേശങ്ങള്‍. ഫേസ്ബുക്ക് ചുമരില്‍ കോറിയിട്ട വരികളെ അതേപടി ഫോര്‍വേഡ് ചെയ്ത് അഭ്രപാളിയില്‍ നിന്ന് വെളിച്ചത്തിന്റെ മായാജാലം പഠിപ്പിച്ചു തന്നവര്‍. നിരന്തരമായി പിന്തുടര്‍ന്ന ചില നിഴലുകള്‍,ആണ്‍ ശബ്ദങ്ങളുടെ 'ഹലോ' അന്വേഷണത്തില്‍ നിശബ്ദമാവുന്ന വിലാസങ്ങള്‍. 'വെളിച്ചമേ നയിച്ചാലും'എന്ന് പറയാനാവുന്നില്ല. മെസഞ്ചറില്‍ പല ഉദ്ദേശങ്ങളുടെ കാണാചരടുകളായി സന്ദേശങ്ങള്‍ കെട്ടികിടക്കുന്നു. ഒരു മറുപടിയും തിരിച്ച് നല്‍കാതെ, കുറേ  കാലം കെട്ടിക്കിടക്കുമ്പോള്‍, പലതും ചീഞ്ഞളിഞ്ഞ കാലത്തിന്റെ പ്രതിഫലനങ്ങളായി മാറാറുണ്ട്.പ്രത്യേകിച്ച്, ഇത്തരം വിര്‍ച്വല്‍ സംഭാഷണങ്ങളില്‍ താല്‍പര്യമില്ലാത്ത ഒരാളെന്ന നിലക്ക് പല കോണ്ടാക്ടുകളും ബ്ലോക് ചെയ്യപ്പെട്ടു.

മെസഞ്ചറില്‍ പല ഉദ്ദേശങ്ങളുടെ കാണാചരടുകളായി സന്ദേശങ്ങള്‍ കെട്ടികിടക്കുന്നു.

തൃശൂരില്‍ ഡിഗ്രിക്ക് പഠിക്കുന്ന ഒരു പെണ്‍കുട്ടി മെസഞ്ചറില്‍ ഒരു മെസേജ് അയക്കുകയുണ്ടായി.ജീവിതത്തെ അഹങ്കാരത്തോടെ നോക്കികാണുന്നില്ലെങ്കില്‍ അവള്‍ക്ക് ഒരു സഹായം ചെയ്തു കൊടുക്കുമോ എന്നാരാഞ്ഞു. എന്താണ് വിഷയം എന്നന്വേഷിച്ചപ്പോള്‍, അവളും അവളുടെ അനിയനും തമ്മില്‍ എന്തോ ഒരു ബെറ്റ് ഉണ്ട് എന്ന മറുപടി ലഭിച്ചു.തുടര്‍ന്ന് ആ കുട്ടിയുടെ പ്രതികരണങ്ങള്‍ പരിശോധിച്ചു.അവരുടെ പേര്‍സണല്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായി ഒരു ചാലഞ്ച് ശരിയാക്കി കൊടുക്കണം എന്നൊക്കെയായി തുടര്‍ സന്ദേശങ്ങള്‍... നോക്കൂ.. നമ്മുടെ കുട്ടികളെ പോലും നമുക്ക് നഷ്ടപ്പെടുന്നു.. നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടേതല്ലെന്നും അവര്‍ ജീവിതത്തിന്റെ ജീവിതത്തോടുള്ള തുടര്‍ച്ചാ മോഹങ്ങളുടെ പ്രകാശങ്ങളാണെന്നുമൊക്കെ ജിബ്രാന്‍ എഴുതി. പക്ഷേ,നിങ്ങള്‍ വില്ലാണെങ്കില്‍ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന അമ്പുകളാണ് കുട്ടികള്‍ എന്നും വില്ലിന് ഉറപ്പുണ്ടെങ്കിലേ അമ്പുകള്‍ ലക്ഷ്യം കാണൂ എന്നുമുള്ള അദ്ദേഹത്തിന്റെ തന്നെ തുടര്‍ നിരീക്ഷണങ്ങളും ഇവിടെ ചേര്‍ത്ത് വായിക്കേണ്ടതായുണ്ട്. 

അച്ഛന്‍,അമ്മ,ചേച്ചി,മുത്തശ്ശി തുടങ്ങി തങ്ങളെ കേള്‍ക്കാനും കണ്ണു നിറയെ കാണാനും പ്രിയപ്പെട്ടവര്‍ ഇല്ല എന്ന തിരിച്ചറിവുകളാണ് പലപ്പോഴും ഇത്തരം സാഹസങ്ങളിലേക്കും പല  അനാവശ്യ ചിന്തകളിലേക്കും നമ്മുടെ കുട്ടികളെ നയിക്കുന്നത്.സ്‌നേഹമുള്ള വില്ലുകളാവാന്‍ ബന്ധങ്ങള്‍ക്ക് സാധിക്കണം.പ്രിയപ്പെട്ടവരുടെ സന്ദേഹങ്ങള്‍ക്കൊത്ത് വളയാനും,ലക്ഷ്യബോധങ്ങളുടെ കൃത്യതയിലേക്കുള്ള യാത്രയില്‍ കൈ പിടിച്ച് കൂടെ നില്‍ക്കാനും ബന്ധങ്ങള്‍ സന്നദ്ധമാവുമ്പോള്‍ മാത്രമേ,ജനാധിപത്യത്തിന്റെ പരമപ്രകാശനത്തിലേക്കുള്ള 'വ്യക്തികള്‍' എന്ന അടിസ്ഥാന തലം പൂര്‍ണമാവുകയുള്ളൂ. അലക്ഷ്യമായ ഒരുപാട് കൗമാരങ്ങളുടെ കഥ പറയാനുണ്ട് 'ആക്റ്റീവ്' തലക്കെട്ടിനു കീഴെ തെളിഞ്ഞു കത്തുന്ന ഓരോ പച്ചപ്രകാശത്തിനും.

'ചേച്ചീ,എനിക്ക് പ്രണയ സന്ദേശങ്ങള്‍ എഴുതി ഡിസൈന്‍ ചെയ്തു തരുമോ 'എന്നു ചോദിച്ച ഒരനിയന്‍ ഉപദേശങ്ങളുടെ പച്ച പ്രകാശത്തില്‍ നിന്നു ചിരിക്കുന്നുണ്ട്.ലഭിച്ച ഭൂരിഭാഗം സന്ദേശങ്ങളുടെയും ഉള്‍ക്കോണുകളില്‍ അരക്ഷിതത്വത്തിന്റെയും,ഉത്തരവാദിത്വമില്ലായ്മകളുടേയുമൊക്കെ വിളര്‍ത്ത നിലാവ് പടര്‍ന്നു കയറിയിരിക്കുന്നത് കാണാം.സുധാ മൂര്‍ത്തിയൊക്കെ നിരീക്ഷിച്ച പോലെ,ചുമടിറക്കി വെക്കാന്‍ നമുക്ക് മനുഷ്യത്വത്തിന്റെ അത്താണികള്‍ ഇല്ലാതെ പോവുന്നു എന്ന ഉള്‍ക്കിടിലത്തോടെ മാത്രം വായിച്ചു തീര്‍ത്ത ഒരുപാട് സന്ദേശങ്ങള്‍..തീര്‍ത്തും അപരിചിതയായ ഒരു സാധാരണ വിദ്യാര്‍ഥിനിയോട് ജീവിതത്തിന്റെ ഭാരങ്ങളെ ഇങ്ങനെ എഴുതി അയച്ച മനുഷ്യര്‍ തിരികെ പ്രതീക്ഷിച്ചത് എന്തായിരിക്കും?ഇത്തരം വിഹ്വലതകളെയൊക്കെ ഇറക്കി വെക്കാന്‍ ഒരു 'വീട്' ഉണ്ടായതാണ് എന്നെ വെളിച്ചങ്ങളിലെ സത്യങ്ങളെയും മിഥ്യകളെയുമൊക്കെ പുഞ്ചിരിയോടെ തിരിച്ചറിയാന്‍ പ്രാപ്തയാക്കിയത്.'വിഹ്വലതകളെ വീടൊഴിയൂ 'എന്നൊരുവന്‍ കുറിച്ചതിലുപരി,ഓരോ വീടും ജനാധിപത്യത്തിന്റെ തുറന്ന ഇടങ്ങളായി മാറുന്ന ഒരു കാലത്ത് മാത്രമേ 'വെളിച്ചത്തിനെന്തൊരു വെളിച്ചം' എന്ന് സ്‌നേഹപൂര്‍വ്വം പരസ്പരം മന്ത്രിക്കുവാന്‍ നമുക്ക് സാധിക്കുകയുള്ളൂ.

നീലയും ചുവപ്പുമൊക്കെ കലര്‍ന്ന കാലത്തിന്റെ രാശികളും ഓരോ പച്ചലൈറ്റിനു പിന്നിലും പതിയിരിക്കുന്നതായി അനുഭവങ്ങള്‍ പഠിപ്പിക്കുന്നു.ലൈംഗിക വൈകൃതത്തിന്റെ ഭാഷ്യങ്ങളിലേക്ക് വഴുതി വീഴുന്ന വിര്‍ച്വല്‍ സ്‌പേസ് എന്ന നവകുടിയേറ്റ ഭൂമികയിലെ സുഹൃദ് ബന്ധങ്ങളും നമുക്ക് പരിചിതമായ പരിസരങ്ങളാണല്ലോ.ചിറ കെട്ടി നിര്‍ത്തിയ ജലാശയത്തിലെ നാറുന്ന മലിനജലമല്ല സംസ്‌കാരം എന്ന് പ്രഖ്യാപിക്കുന്ന നാട്, കാടെന്നാല്‍ രണ്ടു മരങ്ങളല്ല എന്ന് ജെ.ദേവികയെപ്പോലുള്ളവര്‍ എഴുതുന്ന നാട്, സദാചാരത്തിന്റെ പുതിയ നിര്‍വ്വചനങ്ങള്‍ കുറിക്കുന്ന നാട്.ഇത്തരത്തില്‍,ലിംഗഭാഷ്യങ്ങള്‍ മൂന്നാം ലിംഗത്തിന്റെ സാധ്യതയിലേക്കു കൂടി വളര്‍ന്ന ഒരു ഘട്ടത്തില്‍ ഓരോ വ്യക്തിയുടെയും ഉള്‍പ്പിരിവുകളില്‍ ചുരുണ്ട് കിടക്കുന്ന ലിംഗ ബോധങ്ങളുടെ വെളിപ്പെടുത്തലുകളുടെ പുസ്തകം കൂടിയാവുന്നു പലപ്പോഴും ഓണ്‍ലൈന്‍ ഇടങ്ങള്‍. 

'ചേച്ചീ,എനിക്ക് പ്രണയ സന്ദേശങ്ങള്‍ എഴുതി ഡിസൈന്‍ ചെയ്തു തരുമോ 'എന്നു ചോദിച്ച ഒരനിയന്‍ ഉപദേശങ്ങളുടെ പച്ച പ്രകാശത്തില്‍ നിന്നു ചിരിക്കുന്നുണ്ട്.

ഏത് കാലത്തും പ്രസക്തമായ ആണഭിപ്രായം എന്ന നിലയില്‍ നോക്കിക്കാണാന്‍ സാധിക്കുന്ന ആര്‍.ജെ.ജോസഫ് എന്ന വ്യക്തിയുടെ ചില തുറന്നു പറച്ചിലുകള്‍ 'മി ടൂ'ക്യാമ്പയിനിങ്ങിന്റെ ഭാഗമായി നമ്മള്‍ കേട്ടതാണ്.ഓണ്‍ലൈന്‍ ഇടങ്ങളിലെ പെണ്ണനുഭവങ്ങളുടെ വേരുകള്‍ ആ കുറിപ്പില്‍ നമുക്ക് കണ്ടെത്താനാവും.'ഒരു പെണ്‍കുട്ടിയെ ആഗ്രഹങ്ങളുടെ വേലിയേറ്റത്തില്‍ കയറിപ്പിടിക്കുമ്പോള്‍,തോണ്ടുമ്പോള്‍ ഒരു പെണ്ണിന്റെ മാനവും പോകുന്നില്ല,നഷ്ടപ്പെടുന്നില്ല.നഷ്ടപ്പെടുന്നത് ആണുങ്ങളുടെ മാനമാണ്,പെണ്ണിന് നഷ്ടമാവുന്നത് അവളുടെ സ്വാതന്ത്ര്യം മാത്രമാണ്' എന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. 

ഇത്തരം അര്‍ത്ഥഗര്‍ഭമായ കുമ്പസാരങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ആവശ്യമായി മാറിയ നേരത്ത്, നേരം തെറ്റി മിന്നിയ ഓരോ വെളിച്ചവും, ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവാക്യത്തെ ഓര്‍മിപ്പിക്കുന്നു: 'വെളിച്ചം ദുഖമാണുണ്ണീ.. തമസ്സല്ലോ സുഖപ്രദം'. അങ്ങനെ തമസ്സിനെ വരിക്കുവാന്‍ നിര്‍ബന്ധിക്കുന്ന പ്രലോഭനങ്ങളുടെ വെളിച്ചമുള്ള വാനങ്ങളിലാണ് ആനന്ദിനെ പോലുള്ളവരൊക്കെ പലതുകള്‍ക്കായി ഓര്‍മിപ്പിച്ചവ പലതും പ്രതിധ്വനിക്കപ്പെടേണ്ടി വരുന്നത്.പിഴ പറ്റുന്ന പ്രയാണത്തിന്റെ സൈബര്‍ സ്പന്ദനങ്ങളെ വരിഞ്ഞ്  വെളിച്ചം അതിന്റെ ചിറകു വിടര്‍ത്തുകയാണ്... തല നിറയെ നിലാവെളിച്ചം നിറഞ്ഞ ജന്മത്തിന്റെ അസ്ഥികളെ പ്രകാശത്തിന്റെ ആഴ്ന്നിറങ്ങിയ ഉര്‍വ്വരത,ചുവന്നു കൂര്‍ത്ത രശ്മികളുമായി നോവിപ്പിക്കുന്നു. നോവുകടലില്‍ നിന്നും യുക്തികളുടെയും, ബോധത്തിന്റെയുമൊക്കെ ഫീനിക്‌സ് പക്ഷി അവള്‍ക്കു ചുറ്റും പാറിപ്പറക്കുന്നു. 

അതെ:'വെളിച്ചത്തിനോടാണ്,ഇരുട്ടിനോടല്ല പിഴ പറ്റിയാല്‍ മാപ്പ് ചോദിക്കുക.' (ആനന്ദ്)

സ്വാതി ശശിധരന്‍: ബ്ലോക്ക് ചെയ്യാം, പക്ഷേ, ഈ  സീക്രട്ട് മെസഞ്ചറിനെ എന്തുചെയ്യും?

രഞ്ജിനി സുനിത സുകുമാരന്‍: ആണുങ്ങള്‍ മാത്രമല്ല ശല്യക്കാര്‍, 'ഓണ്‍ലൈന്‍ പിടക്കോഴിക'ളുമുണ്ട്
 

Follow Us:
Download App:
  • android
  • ios