'ചില അവയവങ്ങള്‍ മാത്രം അശ്ലീലമാകുന്നത് എങ്ങനെ'; മുലയൂട്ടുന്ന ചിത്രത്തെ കുറിച്ച് മോഡലിന് പറയാനുള്ളത്!

First Published 28, Feb 2018, 9:46 PM IST
grihalakshmi breast feeding model gilu jodeph interview
Highlights
  • കേരളം ചര്‍ച്ച ചെയ്യുന്ന മുലയൂട്ടല്‍ ചിത്രം
  • മുലയൂട്ടല്‍ ചിത്രം കണ്ട് വിറകൊള്ളുന്നവരോട് ചിത്രത്തിലെ മോഡല്‍ ജിലു ജോസഫിന് പറയാനുള്ളത്!

സോഷ്യല്‍മീഡിയ മുഴുവന്‍ ആ ചിത്രമാണ്! വനിതാ മാഗസിനായ 'ഗൃഹലക്ഷ്മി'യിലെ മുലയൂട്ടുന്ന സ്ത്രീയുടെ കവര്‍ ചിത്രം. എഴുത്തുകാരിയും അഭിനേത്രിയുമായ ജിലു ജോസഫാണ് കൈക്കുഞ്ഞുമായുള്ള ഈ ചിത്രത്തിലുള്ളത്. 'തുറിച്ചുനോക്കരുത് ഞങ്ങള്‍ക്ക് മുലയൂട്ടണം' എന്ന അടിക്കുറിപ്പോടെയുള്ള ഈ ചിത്രം വ്യത്യസ്ത പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കുന്നത്. മലയാളികളുടെ ആണ്‍നോട്ടങ്ങള്‍ക്കും പൊതുബോധത്തിനും എതിരായ ഒരു ഷോക്ക് ട്രീറ്റ്മെന്‍റായിട്ടാണ് ഒരു വിഭാഗം ആളുകള്‍ ഈ ചിത്രത്തെ കാണുന്നത്. എന്നാല്‍, നിലവിലുള്ള സദാചാര സങ്കല്‍പ്പങ്ങള്‍ അതേപടി പാലിച്ച് നടത്തിയ സമര്‍ത്ഥമായ മര്‍ക്കറ്റിംഗ് തന്ത്രമായാണ് മറ്റ് ചിലര്‍ ഇതിനെ കാണുന്നത്.

സ്വന്തം ചിത്രത്തെ കുറിച്ച് മലയാളികള്‍ ഘോരഘോരം തര്‍ക്കിക്കുമ്പോള്‍ ജിലു ഇവിടെയുണ്ട്. മാസികയുടെ ഉദ്ദ്യേശം എന്തുതന്നെയായാലും കേരളത്തിലെ അമ്മമാര്‍ക്ക് വേണ്ടി താന്‍ നടത്തിയ ധീരമായ ഇടപെടലായാണ് ജിലു ഇതിനെ കാണുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി ജിലു സംസാരിക്കുന്നു...

മുലയൂട്ടുന്ന ആ ചിത്രത്തെക്കുറിച്ച് കേരളം ഒന്നടങ്കം സംസാരിക്കുമ്പോള്‍ എന്താണ് തോന്നുന്നത്?

ആ ചിത്രം ഇത്ര വലിയ ചര്‍ച്ചയാവും എന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇങ്ങനെയൊരു വിഷയത്തെ കുറിച്ച് പ്രോജക്ട്  ലഭിച്ചപ്പോള്‍ രണ്ടാമതൊന്നും ആലോചിക്കാതെ തന്നെ സമ്മതം മൂളുകയായിരുന്നു. പ്രതികരണങ്ങള്‍ മുഴുവന്‍ നെഗറ്റീവായിരിക്കും എന്നാണ് കരുതിയിരുന്നത്. എന്റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ ഒരു അമ്മയുടെ ജീവിതത്തില്‍ ഏറ്റവും സുന്ദരമായ നിമിഷത്തെ ഒരു ചിത്രമായി കാത്തുസൂക്ഷിക്കാന്‍ ചങ്കുറപ്പുള്ള അമ്മമാര്‍ക്കുവേണ്ടിയുള്ളതാണ് ഈ ഇടപെടല്‍. എനിക്ക് നേരിടേണ്ടിവന്ന എല്ലാ വിമര്‍ശനങ്ങളെയും സന്തോഷത്തോടെ ഞാന്‍ ഏറ്റുവാങ്ങുന്നു.

ഒരു മലയാളം മാഗസിന്റെ കവറായി മുലയൂട്ടുന്ന ഒരു സ്ത്രീ പ്രത്യക്ഷപ്പെടുന്നത് ആദ്യമായിട്ടാണല്ലോ. പേടിയുണ്ടായിരുന്നോ?

ഇല്ല പേടിയുണ്ടായിരുന്നില്ല. പേടിച്ചിട്ട് ഒരു കാര്യവുമില്ല എന്ന് അറിയാം.

വിവാഹിതയല്ലാത്ത, അമ്മയല്ലാത്ത ഒരു സ്ത്രീ സിന്ദൂരം അണിഞ്ഞ് മറ്റൊരു കുഞ്ഞിന് മുലയൂട്ടുന്ന ചിത്രത്തിന് പോസ് ചെയ്യുന്നതില്‍ അസ്വാഭാവികതയുണ്ടോ ?

സിന്ദൂരം, മാതൃത്വം എന്നൊക്കെ എടുത്തുപറഞ്ഞ് ചിത്രത്തിനെതിരെ കുറെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. പക്ഷേ അതില്‍ ഒരു അടിസ്ഥാനവുമില്ല. മുലയൂട്ടലിന് എന്തിനാണ് മറ എന്ന ചിന്ത എന്നില്‍ നേരത്തെ ഉണ്ടായിരുന്നതാണ്. അതിന് ഒരു അവസരം വന്നപ്പോള്‍ സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു.

ഞാന്‍ ഒരു അഭിനേത്രി കൂടിയാണ്. വിവാഹിതയായിട്ടും അമ്മയായിട്ടും എല്ലാം അഭിനയിക്കുന്ന എനിക്ക് എന്തുകൊണ്ട് ഒരു കവര്‍ ഫോട്ടോയില്‍ അങ്ങനെയായിക്കൂടാ.

അമ്മമാരെ മുന്നില്‍ കരുതിയുള്ള ഒരു ക്യാംപെയിനുവേണ്ടിയുള്ള ചിത്രമായിരുന്നു അത്. അതില്‍ അവര്‍ക്ക് വേണ്ട രീതിയിലാണ് ഞാന്‍ അഭിനയിക്കേണ്ടത്. അതിന് സിന്ദൂരവും താലിയുമെല്ലാം ആവശ്യമായതിനാലാണ് അണിഞ്ഞത്. തന്റെ കുഞ്ഞിനെ മാറോട് അടക്കിപ്പിടിച്ച് മറ്റൊന്നും പേടിക്കാതെ സ്വതന്ത്രയായി മുലയൂട്ടിക്കൊണ്ടിരിക്കുന്ന അമ്മമാര്‍ക്ക് വേണ്ടിയുള്ളതാണ്, ഈ ചിത്രവും ക്യാംപെയിനും.

വിമര്‍ശിക്കുന്നവര്‍ക്ക് എന്താണ് മറുപടി

ഞാന്‍ ചെയ്യുന്നത് ശരിയാണ് എന്ന് ബോധം എനിക്കുണ്ട്. എന്തിനാണ് എല്ലാവരും നെഗറ്റീവ് ആയി ചിന്തിക്കുന്നത്. വിവാഹിതയല്ല, മാതൃത്വം, കുട്ടിയുടെ അവകാശം എന്നൊക്കെ പറഞ്ഞു വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അത് മാറ്റത്തിനുവേണ്ടിയുള്ള നല്ലൊരു തുടക്കമായി എന്തുകൊണ്ട് കണ്ടുകൂടാ എന്നൊരു മറുചോദ്യമാണ് എനിക്ക് ചേദിക്കാനുള്ളത്. ഇത്തരം വിമര്‍ശനങ്ങളുടെ ആവശ്യം എന്താണ്. ഇത് ഒരു നല്ല ഉദ്ദ്യേശത്തിന്റെ ഭാഗമാണ് എന്ന് ചിന്തിച്ചാല്‍ തീരാവുന്നതെയുള്ളൂ ഈ വിമര്‍ശനങ്ങള്‍.

ഇത്തരം ഒരു പ്രോജക്ട് വന്നപ്പോള്‍ ആരോടെങ്കിലും അഭിപ്രായം ചോദിച്ചിരുന്നുന്നോ?

ഇല്ല. ആരോടും അഭിപ്രായം ചോദിച്ചിരുന്നില്ല. എന്നാല്‍, പ്രോജക്ട് ചെയ്യുന്നതിന് മുമ്പ് വളരെ വേണ്ടപ്പെട്ടവരോട് പറഞ്ഞിരുന്നു. അപ്പോള്‍ എതിര്‍പ്പുകളും ഉണ്ടായിട്ടുണ്ട്.

എന്തായിരുന്നു കുടുംബാംഗങ്ങളുടെയും സുഹൃത്തുകളുടെയും പ്രതികരണം ?

കുടുംബാംഗങ്ങള്‍ക്ക് ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമായിരുന്നു. പക്ഷെ അവരുടെ ആശങ്കകളും വിഷമവും എനിക്ക് മനസ്സിലാക്കാന്‍ കഴിയും. അതിനെ ഞാന്‍ ബഹുമാനിക്കുന്നു. എനിക്ക് ശരിയെന്നു തോന്നുന്ന കാര്യം ചെയ്യുന്നതില്‍ നിന്ന് എന്നെ പിന്തിരിപ്പിക്കാന്‍ ഇതുകൊണ്ടൊന്നും കഴിയില്ല. ഒരിക്കല്‍ ഈ കാര്യത്തെ എതിര്‍ത്ത വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഇതിന്റെ മഹത്വം മനസിലാവും എന്നുതന്നെയാണ് എന്റെ വിശ്വാസം. എന്റെ വ്യക്തി മൂല്യങ്ങളും ചിന്തകളും അറിയുന്നവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നു ഞാന്‍ ചെയ്തത്.

ഇതിന്റെ പേരില്‍ എന്ത് വിമര്‍ശനങ്ങള്‍ വന്നാലും കൂടെ ഉണ്ടാവും എന്ന് പറഞ്ഞ് സുഹൃത്തുകള്‍ ഉണ്ട്. അവരെ ഞാന്‍ നെഞ്ചോട് ചേര്‍ക്കുന്നു.

പക്ഷേ, ഞങ്ങള്‍ ഇതുവരെ പാലിച്ചുപോരുന്ന കാര്യങ്ങള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്ന് പറയുന്നവര്‍ക്ക് എന്നെ എത്രവേണമെങ്കിലും വിമര്‍ശിക്കാകയോ സൗഹൃദം ഉപേക്ഷിക്കുകയോ ചെയ്യാം. ഇത് എന്റെ വ്യക്തിപരമായ തീരുമാനമാണ്. ഇങ്ങനെ ഒരു ചിത്രത്തിന്റെ ഭാഗമായി എന്നതുകൊണ്ട് എനിക്ക് അഭിമാനം മാത്രമാണ് ഉള്ളത്. പ്രതീക്ഷിച്ചതിനേക്കാളേറെ പോസിറ്റീവായിട്ടുള്ള പ്രതികരണങ്ങളാണ് പൊതുവെ ഉണ്ടായിട്ടുള്ളത്. ഒപ്പം പല ചോദ്യങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അവയ്‌ക്കെല്ലാം എന്‍റെ കയ്യില്‍ വ്യക്തമായ മറുപടിയുണ്ട്.

അഭിനന്ദനങ്ങള്‍ ലഭിക്കുമ്പോഴും മാര്‍ക്കറ്റിംഗ് തന്ത്രം മാത്രമാണെന്നൊരു വിമര്‍ശനവും ഉയരുന്നുണ്ട്.

അത് ആ മാഗസിനിലെ ആളുകള്‍ ചിന്തിക്കേണ്ട കാര്യമാണ്. എന്റെ കാഴ്ചപ്പാടില്‍ ഈ ക്യാംപെയിനും ചിത്രവും എല്ലാം ഒരു മാറ്റത്തിന്റെ തുടക്കമായിട്ടാണ് കാണുന്നത്. അങ്ങനെ കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ​

സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇത്തരമൊരു ക്യാംപെയിന്‍ കൊണ്ട് മാറ്റം പ്രതീക്ഷിക്കുന്നുണ്ടോ?

ഒരിക്കലുമില്ല, കാലങ്ങളായി തുടര്‍ന്നുവരുന്ന കാര്യങ്ങളില്‍ ഒരു ചെറിയ മാറ്റം ഈ ഇടപെടല്‍ കൊണ്ട് ഉണ്ടായാല്‍ സന്തോഷം. ഒരു നല്ല തുടക്കമാണ് ഇതെന്ന് തോന്നുന്നു. ക്യാംപെയിനിന്റെ ഫലം എന്താവും എന്നല്ല ഞാന്‍ ചിന്തിക്കുന്നത്. എനിക്ക് ഇത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞല്ലോ എന്നതില്‍ സന്തോഷിക്കുകയാണ്. കുഞ്ഞിനെ മുലയൂട്ടുക എന്നത് ഒരു അമ്മയ്ക്കു മാത്രം കിട്ടുന്ന പ്രിവില്ലേജ് ആയാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. ഭ്രൂണാവസ്ഥമുതല്‍ ഒരു കുഞ്ഞിനെ ഗര്‍ഭത്തില്‍ ചുമന്ന്, ഒമ്പതുമാസത്തിനു ശേഷം ഒരുപാട് വേദനിച്ച് ആ കുഞ്ഞിന് ജന്മം കൊടുക്കുന്ന ഒരമ്മയ്ക്ക് തിരിച്ചു ലഭിക്കുന്ന ഒരു ഗിഫ്റ്റ്. അതിനെ സമൂഹം വള്‍ഗറായി ചിത്രീകരിക്കുമ്പോള്‍ മാത്രമാണ് അതില്‍ അസ്വഭാവികത ഉണ്ടാവുന്നത്. ഇതു വളരെ സ്വാഭാവികമായൊരു കാര്യമാണ് എന്ന് ആദ്യം സ്ത്രീകള്‍ മനസ്സിലാക്കണം. എന്തിനേയും ലൈംഗികത കലര്‍ത്തി കാണുന്നിടത്താണ് പ്രശ്‌നം. എന്‍റെ ചിന്തയിലെ മാറ്റം ഈ ചിത്രത്തിന്റെ ഭാഗമാകുന്നതിലൂടെ എനിക്ക് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ കഴിഞ്ഞു. അതില്‍ ആയിരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും മാറ്റം ഉണ്ടാവണം, ഇതാണ് ശരി എന്ന് ഒരാളെങ്കിലും ചിന്തിച്ചാല്‍ അത് തന്നെ ഒരു വലിയ വിജയമാണ്.

മാറിടത്തെ അല്ലെങ്കില്‍ മുലയൂട്ടലിനെ സമൂഹം എന്തിനാണ് ഭയക്കുന്നത്?

സമൂഹത്തില്‍ പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ തന്നെയാണ് ഇത്തരത്തില്‍ ഭയക്കുന്നത്.

ചിത്രത്തിലൂടെ നിന്റെ ശരീരം ആളുകള്‍ കണ്ടില്ലേ, എല്ലാം തീര്‍ന്നില്ലേ എന്നല്ലാം ചോദിക്കുന്നവരുണ്ട്. അത് ഞാനല്ലേ തീരുമാനിക്കേണ്ടത്. നമ്മുടെ ശരികള്‍ നാം തന്നെയാണ് തീരുമാനിക്കേണ്ടത്. സമൂഹത്തിലെ മാറ്റം സ്ത്രീകളില്‍ നിന്നുതന്നെ ആരംഭിക്കണം.

മാറിടം അശ്ലീലമാകുന്നത് എപ്പോഴാണ്?

സ്‌കൂളില്‍ പോകുമ്പോള്‍ മുതല്‍ ആണ്‍-പെണ്‍ വ്യത്യാസങ്ങള്‍ കേള്‍ക്കുന്നതാണ്. ഇതെല്ലാം മനുഷ്യന്‍ ഉണ്ടാക്കുന്നതാണ്. ഈ ചോദ്യം എല്ലാവരും സ്വയം ചേദിക്കേണ്ടതാണ്. നമ്മുടെ ചില ഭാഗങ്ങള്‍ മാത്രം  അശ്ലീലമാകുന്നത് എങ്ങനെയാണ്.

എല്ലാ ദിവസവും രാവിലെ എണീറ്റ് ബാത്ത്‌റൂമില്‍ കയറി കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം നഗ്‌നത കണ്ടാല്‍ തീരുന്ന പ്രശ്‌നമേ മലയാളിക്ക് ഉള്ളൂ. എന്‍റെ ശരീരത്തെക്കുറിച്ച് വളരെ അഭിമാനിക്കുന്ന ആളാണ് ഞാന്‍. എന്റെ ശരീരം എന്‍റെ മാത്രം അവകാശമാണ്.

ചിത്രങ്ങള്‍-ജിലു ജോസഫിന്റെ ഫേസ്ബുക്-ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ നിന്ന്

loader