തിരുവനന്തപുരം:  'സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയില്‍ ചെല്ലുന്നതിന് പൊലീസ് പരിശോധന വേണ്ടായെങ്കില്‍ നമ്മളെയൊക്കെ പെറ്റുവളര്‍ത്തിയ സ്ത്രീക്ക് ഏതോ ദോഷമാണെന്ന് കരുതുന്നവര്‍ക്ക് മനോരോഗമാണ്'-ശബരിമല വിവാദങ്ങള്‍ക്കും ആറു വര്‍ഷങ്ങള്‍ക്കപ്പുറം ഡിസി ബുക്‌സ് പുറത്തിറക്കിയ പുസ്തകത്തില്‍ ഈ അഭിപ്രായം പറയുന്നത് ഒരു സന്യാസിയാണ്. മലയാളികളുടെ പ്രിയപ്പെട്ട നിത്യ ചൈതന്യയതി.  

2012ല്‍ പുറത്തിറങ്ങിയ 'ദൈവത്തിന്റെ പൂന്തോട്ടം' എന്ന നിത്യചൈതന്യയതിയുടെ പുസ്തകത്തിലാണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെക്കുറിച്ചുള്ള നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. നേരത്തേ തന്നെ അദ്ദേഹം ശബരിമല വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. 

ജാതിയുടെ സ്പര്‍ശം ഇല്ലാതിരുന്ന ഒരേയൊരു സ്ഥലമായിരുന്നു ശബരിമലയെന്നും, ജാതി-മത വ്യത്യാസങ്ങളില്ലാതെ തമിഴരും മലയാളികളുമെല്ലാം ഒരുപോലെ ഒത്തുകൂടിയിരുന്ന ഒരിടമായിരുന്നു അതെന്നും നിത്യചൈതന്യയതി പറയുന്നു. ധര്‍മ്മശാസ്താവ് എന്നു പറയുന്നത് ബുദ്ധന്റെ പേരാണ് എന്നും ഓര്‍ക്കുക. ബുദ്ധനാണല്ലോ ഇവിടെ ജാതിമത വ്യത്യാസം ആദ്യം ഇല്ലാതാക്കിയത്. എന്നാല്‍, ഇപ്പോള്‍ ശബരിമലയെ എല്ലാ സ്പര്‍ധകളും ദുരാചാരാങ്ങളും വളര്‍ത്തിയെടുക്കാനുള്ള പുതിയ മൂശയാക്കി മാറ്റിയിരിക്കുന്നു എന്നും പുസ്തകത്തിലുണ്ട്. 

പുസ്തകത്തില്‍ നിന്ന്: 
അവിടെയിപ്പോള്‍ നാം കേള്‍ക്കുന്നത്, പത്തു വയസ്സിനും അമ്പതുവയസ്സിനും ഇടയിലുള്ള ഒരു സ്ത്രീ പോലും മല ചവിട്ടിക്കയറി സന്നിധാനത്ത് എത്തരുത് എന്നാണ്. സ്വപ്നസ്ഖലനം ഉണ്ടാകുന്ന പുരുഷന് ശബരിമലയില്‍ ചെല്ലുന്നതിന് പൊലീസ് പരിശോധന വേണ്ടായെങ്കില്‍ നമ്മളെയൊക്കെ പെറ്റുവളര്‍ത്തിയ സ്ത്രീക്ക് ഏതോ ദോഷമാണെന്ന് കരുതുന്നവര്‍ക്ക് മനോരോഗമാണ്.

വൈദികകാലം മുതലിങ്ങോട്ട് സ്ത്രീയോട് കാണിച്ചുപോരുന്ന കടുത്ത അനീതിയും ക്രൂരതയും എന്നെന്നേക്കുമായി നമ്മുടെ നാട്ടില്‍ നിന്നും തുടച്ചുമാറ്റേണ്ട കാലമായി. കോടതികളും പൊലീസുമൊക്കെ ഇടപെട്ട് ഭഗവത് ദര്‍ശനത്തിന് പോകുന്ന സ്ത്രീകളെ ശബരിമലയില്‍ നിന്ന് കണ്ടുപിടിച്ച് ഉന്മൂലനം ചെയ്യണമെന്ന് പത്രത്തിലെഴുതിക്കണ്ടു.

ഇതുകേട്ടിട്ട് ലജ്ജിക്കാത്ത പുരുഷന്മാര്‍ ഈ രാജ്യത്തുണ്ടല്ലോ എന്നതാണ് എന്നെ ലജ്ജിപ്പിക്കുന്നത്. അതുകൊണ്ട് ഞാനിവിടുത്തെ പ്രകൃതിദൃശ്യത്തെ സ്‌നേഹിക്കുന്ന സകല സ്ത്രീകളോടും അഭ്യര്‍ത്ഥിക്കുന്നു, നിങ്ങള്‍ ഒറ്റക്കെട്ടായി ശബരിമലയിലേക്ക് പോകുവിന്‍. ഒരു പൊലീസും നിങ്ങളെ ഒന്നും ചെയ്യില്ല.

ശബരിമല സ്ത്രീപ്രവേശനം: ഗുരു അന്നേ പ്രതികരിച്ചിരുന്നുവെന്ന് ശിഷ്യന്‍ വിനയ ചൈതന്യ
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ കുറിച്ച് ഗുരുനിത്യചൈതന്യയതി നേരത്തെ തന്നെ വ്യക്തമായി പ്രതികരിച്ചിരുന്നതാണ് എന്ന് ശിഷ്യന്‍ വിനയ ചൈതന്യ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പ്രതികരിച്ചു. പുരുഷാധിപത്യത്തിന്റെ വേറൊരു മുഖമാണ് ശബരിമലയില്‍ കാണുന്നത്. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന്റെ പേരില്‍ ഇങ്ങനെ അതിക്രമങ്ങളുണ്ടാകുന്നത് വേദനയുണ്ടാക്കുന്നതാണ്. സ്ത്രീകളെ കൂടി ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ട്. എന്നാല്‍, ശബരിമലയിലെ അയ്യപ്പന് ഒരുപക്ഷെ, സന്തോഷമാവുക ആരും ചെല്ലാതെ നിറയെ കാടും വൃക്ഷവുമൊക്കെ ആയിരിക്കുമ്പോഴായിരിക്കും. പിന്നെ, ശബരിമലയുമായി ബന്ധപ്പെട്ടുള്ള എല്ലാ പ്രശ്നവും അവസാനിക്കാന്‍ ഒറ്റ വാക്കിന്‍റെ അര്‍ത്ഥവും വ്യാപ്തിയും അറിഞ്ഞാല്‍ മതി. 'തത്വമസി'. അത് അറിയുന്നവര്‍ അവിടെ ആരേയും തടയില്ല എന്നും വിനയ ചൈതന്യ പറഞ്ഞു.