തൃശൂര്‍: ഗുരുവായൂരില്‍ താലികെട്ടും ശേഷം കാമുകനൊപ്പം പോയതും അടക്കമുള്ള സംഭവങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചത്. ഒരു പെണ്ണ് പറ്റിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെ പലരും പെണ്‍കുട്ടിക്കും കാമുകനുമെതിരെ രംഗത്ത് എത്തി. തന്നെ പറ്റിച്ചുവെന്ന് പറഞ്ഞ പെണ്ണിനെ ഓര്‍ത്ത് വരന്‍ നടത്തി ആഘോഷങ്ങളും വൈറല്‍ ആയിരുന്നു. വാര്‍ത്തകള്‍ പ്രതികൂലമായതോടെ പെണ്‍കുട്ടിയും, പിന്നീട് പെണ്‍കുട്ടിയുടെ കാമുകന്‍ രംഗത്ത് എത്തി.

തങ്ങള്‍ തമ്മിലുണ്ടായിരുന്ന പ്രണയം വരനടക്കം എല്ലാവര്‍ക്കും അറിയാമായിരുന്നു. എല്ലാവരുടേയും അറിവോടെയാണ് ഗുരുവായൂരില്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതെന്നുമാണ് പെണ്‍കുട്ടിയുടെ കാമുകന്‍ അഭിജിത്ത് ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോട് പറയുന്നത്. വരന് വേണ്ടിയിരുന്നത് പണമായിരുന്നുവെന്ന് ഇയാള്‍ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

താത്പര്യമില്ലെന്നു അറിഞ്ഞിട്ടും പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധബുദ്ധി കാണിച്ചതും പണമായിരുന്നുവെന്നും അഭിജിത് പറഞ്ഞു. പണത്തിന് പുറമെ വിവാഹത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയെ പരമാവധി നവമാധ്യമങ്ങളില്‍ താറടിച്ച് കാണിക്കുക എന്നത് മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും ഇയാള്‍കൂട്ടിച്ചേര്‍ത്തു. 

വിവാഹശേഷം താലി ഊരിക്കൊടുത്ത ഉടനെ തന്നെ ചെറുക്കന്റെ അമ്മാവന്‍ ചെരുപ്പൂരി അടിക്കുകയും പിന്നീട് കൈയ്യാങ്കളി ആകുകയുമായിരുന്നുവെന്നും അഭിജിത് പറഞ്ഞു. തനിക്ക് 20 വയസ്സാണ് പ്രായം. വിവാഹപ്രായമായിട്ടില്ലെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു. മൂന്നു വര്‍ഷമായുള്ള പ്രണയം എല്ലാവര്‍ക്കും അറിയാമായിരുന്നുവെന്നും ഇപ്പോഴുള്ള പഠനത്തിന് ശേഷം ഉടന്‍ വിവാഹം നടത്തുമെന്നുമാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അഭിജിത് പറഞ്ഞു.

തങ്ങള്‍ക്കെതിരായ സൈബര്‍ അവഹേളനങ്ങള്‍ക്കെതിരെ കേസ് കൊടുക്കാനും അഭിജിത്ത് ആലോചിക്കുന്നു എന്നാണ് അയാളുമായി അടുത്ത വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ടിവിയോട് പറഞ്ഞത്.