പണ്ട് ഒരു മലയാള സിനിമയിൽ ഊമകത്തെഴുതിയ ആളെ കണ്ടെത്താൻ സ്ഥലത്തെ സകലമാന ജനങ്ങളെകൊണ്ടും കത്തിലെ ഉള്ളടക്കം എഴുതിക്കുന്ന തമാശനിറഞ്ഞ ഒരു രംഗമുണ്ടായിരുന്നു. എന്നാൽ, ആ സിനിമയിലേത് പോലുള്ള ഒരു രംഗമാണ് കിം ജോങ് ഉന്നിന്‍റെ നാട്ടിൽ ഇപ്പോൾ അരങ്ങേറുന്നത്. സർക്കാർ വിരുദ്ധ ചുമരെഴുത്ത് നടത്തിയ ആളെ കണ്ടെത്താനായി ഉദ്യോഗസ്ഥർ അവിടത്തെ മുഴുവൻ ജനങ്ങളുടെയും കയ്യക്ഷരങ്ങൾ പരിശോധിക്കുകയാണ് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.   

രാജ്യത്തിന്റെ തലസ്ഥാനമായ പ്യോങ്‌ യാങ്ങിന്റെ വടക്ക് ഭാഗത്തുള്ള അൻസാനിലെ ഒരു ചന്തയിൽ ഈ മാസം ആദ്യമാണ് സർക്കാർ വിരുദ്ധ സന്ദേശം പ്രത്യക്ഷപ്പെട്ടത്. അതിങ്ങനെയായിരുന്നു: 'ജനങ്ങളെ ചൂഷണം ചെയ്ത് തിന്നുകൊഴുക്കുന്ന പാർട്ടി അധികാരികൾ തുലയട്ടെ.' 1945 ഒക്ടോബറിൽ ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്സ് പാർട്ടി സ്ഥാപിച്ചതിന്റെ 75 -ാം വാർഷികത്തോടടുത്ത് പ്രത്യക്ഷപ്പെട്ട സന്ദേശം ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ ഉദ്ദേശിച്ചാണ് എന്നാണ് അധികൃതർ വിശ്വസിക്കുന്നത്. എന്നാൽ, ഇതുകണ്ട് രോഷാകുലനായ ഉത്തര കൊറിയയുടെ നേതാവ് അവിടെയുള്ള എല്ലാവരുടെയും കൈയക്ഷരം പരിശോധിക്കാൻ ഉത്തരവിട്ടു. ഇത് ചെയ്തതാരാണെന്ന് കണ്ടെത്താൻ ഉദ്യോഗസ്ഥർ മുതിർന്നവരെക്കൊണ്ട് ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും ഒക്കെ എഴുതിച്ചു നോക്കി എന്നാണ് പറയുന്നത്. കുട്ടികളെ വരെ പിടിച്ചിരുത്തി എഴുതിക്കുകയായിരുന്നു.  

"ഈ ചുമരെഴുത്ത് പാർട്ടി അധികാരികളെ അട്ടിമറിക്കാനുള്ള ഒരു ശ്രമമാണെന്നും പാർട്ടിയുടെ കേന്ദ്രനേതൃത്വത്തെ നേരിട്ട് വിമർശിക്കുന്ന സർക്കാർ വിരുദ്ധ നടപടിയാണെന്നും സുരക്ഷാ ഉദ്യോഗസ്ഥർ അനുമാനിക്കുന്നു. അതിനാൽ, അവർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു" പേര് പറയാൻ ആഗ്രഹിക്കാത്ത അൻസാനിലെ ഒരു നിവാസി പറഞ്ഞു. സുരക്ഷാവകുപ്പിന്റെ നിർദേശപ്രകാരം, നേതാക്കൾ ഓരോ വീടും കയറിയിറങ്ങി മുതിർന്നവരെയും കുട്ടികളെയുംകൊണ്ട് എഴുതിച്ച്, ആ പേപ്പർ സുരക്ഷാ വകുപ്പിന് സമർപ്പിച്ചു. എഴുത്തും കൈയക്ഷരങ്ങളും സൂക്ഷമായി പരിശോധിച്ചിട്ടും, പക്ഷേ കുറ്റവാളിയെ ഇതുവരെ പിടികൂടാനായില്ല. അതേസമയം ഇതങ്ങനെ വെറുതെ വിടാൻ ഉദ്യോഗസ്ഥർ തീരുമാനിച്ചിട്ടില്ല. രണ്ടാമതൊരു കൈയക്ഷര അന്വേഷണം ഉടനെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇപ്രാവശ്യം, എഴുത്ത് പ്രത്യക്ഷപ്പെട്ട സമയത്ത് ഉണ്ടായിരുന്ന പുറത്തുനിന്ന് വന്നവരുടെയും കയ്യക്ഷങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും.  

ഉദ്യോഗസ്ഥർ കുറ്റവാളിയെ അന്വേഷിച്ച് പരക്കംപാഞ്ഞു നടക്കുമ്പോഴും, ചിലരെങ്കിലും ഉള്ളാലെ സന്തോഷിക്കുന്നുണ്ട്. 2019 -ൽ ബോസ്റ്റൺ ആസ്ഥാനമായുള്ള അനലിറ്റിക്സ് സ്ഥാപനമായ എൻ‌എസ്‌ഐ ഉത്തര കൊറിയയിലെ അസമത്വത്തെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. ഉത്തരകൊറിയയെക്കുറിച്ചുള്ള പ്രാഥമിക ഡാറ്റ ലഭ്യമല്ലെങ്കിലും, ഒരു ചെറിയ വരേണ്യവർഗത്തിന്റെ (10 ശതമാനത്തിൽ താഴെ) കൈയിലാണ് രാജ്യത്തെ സമ്പത്തു മുഴുവൻ എന്നാണ് അതിൽ പറയുന്നത്. ബാക്കി ജനങ്ങൾ ദാരിദ്ര്യത്തിലാണ് എന്നും ഇതില്‍ പറയുന്നു.