
മലപ്പുറം വടക്കാങ്ങര സ്വദേശികളായ സഹോദരങ്ങള്‍ ഹന്ന യാസിറും ഹനാന്‍ യാസിറുമാണ് ഈ ഗാനത്തിനു പിന്നില്‍. സ്വന്തം വീട്ടില്‍ വെച്ച് ഷൂട്ട് ചെയ്ത് എഡിറ്റു ചെയ്ത ഈ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ ആയിരക്കണക്കിനാളുകളാണ് കേട്ടാസ്വദിച്ചത്. പാട്ടുണ്ടാക്കിയത് മുതല്‍ റെക്കോര്‍ഡിങും മിക്‌സിങുമൊക്കെ ഇവര്‍ തന്നെയാണ് ചെയ്തത്
സംഗീത വേദികളില്‍ മലയാളികള്‍ക്ക് ചിരപരിചിതമാണ് ഹന്നയുടെ സ്വരം. തിരുവനന്തപുരം ഗോകുലം മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി. സ്‌കൂള്‍, കോളേജ് തലങ്ങളില്‍ കലോത്സവ വേദികളില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടി. ഒട്ടനവധി ആല്‍ബങ്ങളിലും ഒരു സിനിമയിലും പാടി.

ഈ മുസ്‌ലിം പെണ്‍കുട്ടി കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനേകം ക്ഷേത്രങ്ങളില്‍ തട്ടമണിഞ്ഞ് കച്ചേരി അവതരിപ്പിക്കാറുണ്ട്. കോയമ്പത്തൂര്‍ ധന്വന്തരി ക്ഷേത്രം, കണ്ണൂര്‍ മഹാവിഷ്ണു ക്ഷേത്രം എന്നിങ്ങനെ നിരവധി ക്ഷേത്രങ്ങള്‍. ഒട്ടനേകം മുസ്ലിം, ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളും ആലപിച്ചിട്ടുണ്ട്. കലാപതി സംഗീതോത്സവം, ഞെരളത്ത് സംഗീതോത്സവം എന്നിവിടങ്ങളിലെ സജീവ സാന്നിദ്ധ്യമാണ്. ഇന്ത്യാ ജപ്പാന്‍ കള്‍ച്ചറല്‍ എക്‌ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ജപ്പാനില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇപ്പോള്‍ സംഗീത ലോകത്ത് പഴയത് പോലെ സജീവമാകാന്‍ കഴിയുന്നില്ലെങ്കിലും 2016 ലെ ആരോഗ്യ സര്‍വ്വകലാശാല കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു.

പ്ലസ് ടു വിദ്യാര്‍ത്ഥിയായ സഹോദരന്‍ ഹനാന്‍ യാസിറാണ് ഹന്നയ്‌ക്കൊപ്പം വീഡിയായില്‍. ജസ്റ്റിന്‍ ബീബറിന്റെ ഗാനം ആലപിച്ചത് ഹനാനാണ്. പാട്ടുകള്‍ സ്വന്തം ശൈലിയില്‍ മാറ്റിപ്പാടുന്നതാണ് മലപ്പുറം ആല്‍പൈന്‍ പബ്ലിക് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഹനാന്റെ മുഖ്യ വിനോദം.
ഇങ്ങനെ രൂപമാറ്റം വരുത്തി സൃഷ്ടിച്ച പാട്ടുകള്‍ ഹനാന്‍ തന്റെ യു ട്യൂബ് ചാനലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണയില്‍ ബിസിനസ് നടത്തുന്ന ഉപ്പ യാസിറും ഉമ്മ ഷാക്കിറയുമാണ് പാട്ടിന്റെ ലോകത്ത് ഇവരുടെ പ്രോത്സാഹനവും പിന്തുണയും.

സഹോദരങ്ങളായ ഹവ്വ യാസിര്‍ എട്ടാം ക്ലാസിലും അനിയന്‍ ഹംദാന്‍ യാസിര്‍ നാലാം ക്ലാസില്‍ പഠിക്കുന്നു. വല്ല്യുമ്മ ഹാജറയും കൂടിച്ചേര്‍ന്നതാണ് ഹന്നയുടെയും ഹനാന്റെയും കുടുംബം.
